വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നാം കണ്ടുവല്ലോ. ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാകാൻ നമ്മെ സഹായിക്കുന്നു. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു ആവശ്യമായ വിഭവങ്ങൾ നൽകിവരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യൻറെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിനു കാരണം. മനുഷ്യൻറെ പ്രവർത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു. പ്രകൃതിയുടെ മേലുള്ള മനുഷ്യൻറെ കടന്നാക്രമണങ്ങൾ ഇന്ന് ലോകമെങ്ങും വ്യാപകമായിവരുന്നു…ശാസ്ത്ര സാങ്കേതികവിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതിസമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽനിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. വ്യവസായങ്ങൾ ത്വരിതപ്പെടുന്നതിൻറെ ഫലമായി നദികളും മറ്റ് ജലാശയങ്ങളും മലീമസമായിത്തീരുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവർഗ്ഗത്തിൻറെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. നാം ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിനാവശ്യമാണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിൻറെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്ന് പ്രചാരത്തിലുണ്ട്. ഇതിനു പുറമേ മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ സഹായത്തോടെയുള്ള പരിസ്ഥിതി നയങ്ങളുടെ ഏകോപനവും നടപ്പിൽ വരുത്തലും വർധിച്ചുവരുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകമാകുന്നു. വ്യവസായശാലകൾ മാലിന്യങ്ങളിൽ നിന്ന് വിഷാംശമുള്ള രാസവസ്തുക്കൾ നീക്കം ചെയ്ത ശേഷം അവപുറത്തുവിട്ടാൽ ജലമലിനീകരണം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. കൂടാതെ നീക്കം ചെയ്യുന്ന ഈ രാസവസ്തുക്കൾ പുന:ചംക്രമണം ചെയ്ത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. നാം കുടിക്കുന്ന വെള്ളം മലിനമാകാതെ സൂക്ഷിക്കേണ്ടതും നമ്മുടെ ആവശ്യമാണ്. മലിനീകരണ നിയന്ത്രണ ബോർഡിൻറെ പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ചും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയും മലിനീകരണ വിപത്തുകൾക്ക് ഒരു പ്രതിരോധം തീർക്കാൻ കഴിയും എന്നതും ഓർമ്മിക്കേണ്ട വസ്തുതയാണ്. മലകൾ ഇടിച്ചു നിരത്തുന്നതും വയലുകളും ചതുപ്പുകളും നികത്തി പരിസ്ഥിതി നാശം വരുത്തുന്നതും മറ്റും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി അവ ചെയ്യുന്നവർക്കെതിരേ നിയമത്തിൻറെ സഹായം തേടുക എന്നതും പരിസ്ഥിതി സംരക്ഷണത്തിനായി ഗവണ്മെൻറ് തലത്തിൽ നിന്നും ചെയ്യാവുന്ന കാര്യമാണ്. ജലനിധി പോലുള്ള പ്രോജക്ടുകൾ നടപ്പാക്കുക, മഴവെള്ള സംഭരണം ജീവിതശൈലിയായി മാറ്റുക എന്നിങ്ങനെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളും പരിസ്ഥിതി സംരക്ഷണത്തിൽ സ്വീകരിക്കേണ്ടത് തന്നെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ