സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ഭയം, പോരാട്ടം, അതിജീവനം
ഭയം, പോരാട്ടം, അതിജീവനം
(കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ വൈറസ് സിനിമയെക്കുറിച്ചുള്ള ചലച്ചിത്രാസ്വാദനക്കുറിപ്പ്) സിനിമ, സമൂഹത്തിന്റെ ഭാഗമാണ്. ഓരോ സമൂഹത്തിന്റെയും സാംസ്കാരികയും വൈകാരികവുമായ പ്രതിഫലനമാണ് ആ പ്രദേശത്ത് സൃഷ്ടിക്കപ്പെടുന്ന സിനിമകൾ. സ്വാഭാവികമായും സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളും ദുരിതങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടവും അതിജീവനവുമെല്ലാം തന്നെ സിനിമയുടെ ഭാഗമായിത്തീരും. 2018 – ൽ കേരളം അഭിമുഖീകരിച്ച പ്രധാന സാമൂഹ്യപ്രശ്നങ്ങളിലൊന്നായിരുന്നു നിപാ വൈറസ് ബാധ. എന്നാൽ സമൂഹത്തിന്റെ ഒത്തൊരുമയോടും കരുതലോടും കൂടിയുള്ള പ്രവർത്തനങ്ങളും സർക്കാരിന്റെ ഇടപെടലുകളും ഈ രോഗബാധയെ തടഞ്ഞുനിർത്താനും അതിജീവിക്കാനും കേരളത്തിന് കരുത്തു പകർന്നു. 2020 – ൽ കോവിഡ് - 19 എന്ന മറ്റൊരു വൈറസ് ബാധയെ പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നിപാ വൈറസ് ബാധയെ കേരളം അതിജീവിച്ച വിധം തന്നെയാണ് ഏറ്റവും വലിയ പ്രചോദനവും ഉദാഹരണവും. പകരുന്ന വിധത്തിലും സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളിലുമൊക്കെ കൊറോണ, നിപാ വൈറസിൽ നിന്ന് വ്യത്യസ്തമാണെങ്കിൽക്കൂടി കൊവിഡ് - 19 നെ തടയാൻ അടിയന്തരമായി സ്വീകരിക്കേണ്ട മുൻകരുതലും പ്രവർത്തനങ്ങളും ഒക്കെ സ്വീകരിക്കാൻ ഒരു പാഠപുസ്തകമായി തുടക്കത്തിൽ തന്നെ നിലകൊണ്ടത് നിപാ വൈറസ് ബാധയുണ്ടായ സമയത്ത് കേരളം പഠിച്ച പാഠങ്ങളായിരുന്നു. ഈ സാഹചര്യത്തിലാണ് നിപാ വൈറസ് പോലൊരു രോഗബാധയെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചതിന്റെ ദൃശ്യാവിഷ്കാരത്തിന് പ്രസക്തിയേറുന്നത്. 2019 – ൽ ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വൈറസ് എന്ന മലയാള ചലച്ചിത്രം ശ്രദ്ധേയമാകുന്നതും ഇക്കാരണത്താലാണ്. കേവലം ഡോക്യുഫിക്ഷൻ എന്ന തലത്തിൽ നിന്നും വ്യത്യസ്തമായി 'സർവൈവൽ ത്രില്ലർ' തരത്തിലാണ് വൈറസ് സിനിമ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എല്ലാവർക്കും പരിചിതമായ വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും എങ്ങനെ ഒരു സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാവും എന്ന ചോദ്യം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രങ്ങൾക്കുനേർ സ്ഥിരം ഉന്നയിക്കപ്പെടാറുള്ളതാണ്. എന്നാൽ 'വൈറസ്’ ഇവിടെ യഥാർത്ഥ സംഭവങ്ങളോട് പൂർണമായ നീതി പുലർത്തിക്കൊണ്ടാണ് അതിജീവനത്തിന്റെ കഥ അവതരിപ്പിക്കുന്നത്. സംഭവങ്ങളെ ഡോക്യുമെന്റേഷൻ രൂപത്തിൽ ചിത്രീകരിക്കാതെ സിനിമയിൽ ആകാംക്ഷ ജനിപ്പിക്കാനാവശ്യമായ വസ്തുതകളും ഒപ്പം ചേർത്തിട്ടുണ്ട്. പക്ഷേ ഇത്തരം അധികവിഭവങ്ങൾ സിനിമയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുമില്ല. ഓരോരുത്തരുടെയും വികാരങ്ങളുടെ കൂടി ആവിഷ്കാരമാണ് വൈറസ്. ടൈറ്റിൽ എഴുതിക്കാണിക്കുന്ന രംഗം മുതൽ അവസാനം വരെ ആ വികാരങ്ങൾ കാണുന്നവരിലേക്ക് കൂടി ഒഴുകിയെത്തുന്നു. 'സർവൈവൽ ത്രില്ലർ' എന്ന പേരിനോട് വൈറസ് പൂർണമായും നീതിപുലർത്തുന്നുണ്ട്. ആദ്യം രോഗത്തെക്കുറിച്ചുള്ള ഭീതി, പിന്നീട് അതിനെതിരെയുള്ള പോരാട്ടം, ഒടുവിൽ രോഗത്തെ അതിജീവിക്കൽ..... ചിത്രത്തിന്റെ ടാഗ്‍ലൈനായ Fear, Fight, Survival... അതുതന്നെയാണ് സിനിമയും. രോഗികൾ അനുഭവിക്കുന്ന വേദനയും, ഡോക്ടർമാരും സാധാരണക്കാരും അനുഭവിക്കുന്ന ഭീതിയും ആകാംക്ഷയുമൊക്കെ നമ്മിലേക്കും എത്തുന്നു. അനാവശ്യമായി ഒരു കഥാപാത്രത്തിനും അധികമായി സ്ക്രീനിൽ ഇടം നൽകാത്തതും സാധാരണ ക്ലീഷേ സിനിമകളിലെപ്പോലെ കാര്യം പറഞ്ഞ് അതിനെ വീണ്ടും ആദ്യാവസാനം വിശദീകരിക്കുന്ന സംഭാഷണശകലങ്ങൾ ഒഴിവാക്കിയതും ബോറടിക്കാതെ സിനിമ കാണാൻ സഹായിച്ചു, ഒപ്പം സംഭാഷണത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും. 2018 – ൽ ഉണ്ടായ വൈറസ് ബാധയും അതിജീവനവുമൊക്കെ ദൃശ്യമാധ്യമങ്ങളുടെ അറിഞ്ഞവർക്ക്, ആ അതിജീവനത്തിന്റെ നേർചിത്രം കൂടിയായി മാറുകയാണ്, വൈറസ്. സമൂഹത്തിന് മുഴുവൻ ആപത്തായിത്തീർന്നേക്കുമായിരുന്ന ഒരു രോഗബാധയെ എങ്ങനെ ഒരു സമൂഹവും സർക്കാരും ഒരുമിച്ചു നിന്നുകൊണ്ട് കരുതലോടെ അതിജീവിച്ചുവെന്ന് ഓരോരുത്തരെയും ഓർമ്മിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുകയാണ് ഈ ചലച്ചിത്രം. സമൂഹവ്യാപനം പോലെയുള്ള ഭീകരസാഹചര്യങ്ങളിൽ അക്ഷരാർഥത്തിൽ സമൂഹത്തിന്റെ മുഴുവൻ മാലാഖമാർ തന്നെയാണ് ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവൻ പോലും പണയം വച്ച് മറ്റുള്ളവർക്കുവേണ്ടി, സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് എല്ലാ ആരോഗ്യപ്രവർത്തകരും. ലോകമെമ്പാടും സഹജീവികൾക്കുവേണ്ടി പ്രയത്നിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തക്കും വേണ്ടിയുള്ള ആദരവ് കൂടിയാണ് വൈറസ്. സിനിമയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾക്കാർക്കും യഥാർത്ഥ സംഭവത്തിലെ അവരുടെ പേരുകൾ നൽകിയിട്ടില്ലെന്നതും കൗതുകകരമായ കാര്യമാണ്. പക്ഷേ, ആ രംഗങ്ങൾ സ്ക്രീനിൽ കാണുമ്പോൾ ഉറപ്പായും എല്ലാവർക്കും നേർജീവിതത്തിലെ മനുഷ്യരെ ഓർമ്മവരുക തന്നെ ചെയ്യും. 'വൈറസി'ൽ എല്ലാവരും നായകരും നായികമാരുമാണ്. എല്ലാവർക്കും സിനിമയിൽ അവരവരുടേതായ സ്ഥാനമുണ്ട്. വൈറസ് ബാധിച്ച് രോഗികളായ ഓരോരുത്തരുടെയും ജീവിതപശ്ചാത്തലങ്ങൾ അവതരിപ്പിച്ച ശൈലി ഏറെ ഹൃദ്യമായി. രാജീവ് രവിയുടെയും ഷൈജു ഖാലിദിന്റെയും ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. എവിടെയൊക്കെ കഥയിൽനിന്നും നമ്മുടെ ശ്രദ്ധ വ്യതിചലിക്കുന്നുവോ, അവിടെയെല്ലാം ഫ്രെയിമുകളുടെ സൗന്ദര്യം നമ്മെ വീണ്ടും കഥയിലേക്ക് അടുപ്പിക്കുന്നു. നിപാ വൈറസ് ബാധയെത്തുടർന്ന് ഉണ്ടാകുന്ന ഭീതിയെയും ഉറവിടം അന്വേഷിക്കുമ്പോഴുള്ള ആകാംക്ഷയെയും ഒടുവിലുള്ള സന്തോഷത്തെയുമൊക്കെ പശ്ചാത്തലസംഗീതം കൂടുതൽ മികച്ചതാക്കുന്നു. വെറും താരങ്ങളല്ല മികച്ച അഭിനേതാക്കളാണ് ഒരു നല്ല സിനിമയ്ക്കാവശ്യം എന്ന് സംവിധായകൻ ഒരിക്കൽക്കൂടി തെളിയിക്കുന്നു. ഒരു ജനത ഒറ്റക്കെട്ടായി ഒരു രോഗത്തെ അതിജീവിച്ചതിന്റെ നേർചിത്രമാണ് വൈറസ്. എല്ലാവർക്കും കാണാവുന്ന ഒരു സിനിമ... എല്ലാവർക്കും ഇഷ്ടപ്പെടാവുന്ന ഒരു സിനിമ... ലോകം മുഴുവൻ കൊറോണ വൈറസിനെ അതിജീവിക്കാനുള്ള ശ്രമം തുടരുന്ന ഇക്കാലത്ത് പല കാരണങ്ങളാൽ ഒരു പാഠപുസ്തകമായി മാറുകയാണ് വൈറസ്, ഒപ്പം തന്നെ നമ്മുടെ ഒത്തൊരുമയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. നിപാ വൈറസിനെക്കുറിച്ചുള്ള ഭീതി ഒരു വർഷത്തിനപ്പുറം വീണ്ടും ഉയർന്ന ഒരു സാഹചര്യത്തിലാണ് വൈറസ് ചലച്ചിത്രം പുറത്തിറങ്ങിയത്. ആവശ്യത്തിന് മുൻകരുതലും ഒറ്റക്കെട്ടായി പൊരുതാനുള്ള ആത്മവിശ്വാസവുമാണ് എല്ലാവർക്കും കൈമുതലാവേണ്ടത് എന്ന് ഒരിക്കൽക്കൂടി ഈ അവസരത്തിൽ വൈറസ് ഓർമ്മിപ്പിച്ചു. അതിജീവനത്തിനു ശേഷമുള്ള പുതിയ നാളെയുടെ പ്രത്യാശയാണ് വൈറസ് സിനിമ നമ്മിലേക്ക് പകരുന്നത്. ലോകമെമ്പാടും കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള പ്രയത്നം നടത്തുകയാണ് ഇപ്പോൾ. സാമൂഹിക അകലം പാലിക്കാൻ പോലും മടിക്കുന്നത് എത്രമാത്രം അപകടകരമാണ് നാമെല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ, രോഗപ്രതിരോധത്തിന് മുൻകരുതലുകൾ എത്രമാത്രം അത്യാവശ്യമാണെന്നും സിനിമ പ്രേക്ഷകരോട് സംവദിക്കുന്നു. കാണുന്നവരിൽ ഭീതി ജനിപ്പിക്കുകയല്ല, മറിച്ച് ഒറ്റക്കെട്ടായി നിന്നാൽ ഒന്നും അസാധ്യമല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് വൈറസ് എന്ന ചലച്ചിത്രം. Spread love like a virus...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ