Schoolwiki സംരംഭത്തിൽ നിന്ന്
അകൽച്ച
ഏകാന്തതയിലും
ഒരൊളിവിടം തേടുന്നു.
' പാഴ് 'ജന്മങ്ങൾക്ക് ഒതുങ്ങാൻ
എവിടമാണുള്ളത്?
ഏതോ വെളുത്ത പുകയിൽ
തെളിയുന്ന
സാത്താൻ കോട്ട
അതേ കാർപേത്യൻമല?
ഒളിവിടമല്ല,
ഇരുളിടമാണനിവാര്യം.
വിപ്ലവങ്ങൾ
നക്കിയ ബാല്യത്തിന്
വടികളാകും മുമ്പേ
അവിടം ശാന്തം.
മുന്നിലിരുന്ന്
മോണ കാട്ടുന്ന,
സ്വയം മൂങ്ങകളാകാൻ
വെമ്പുന്ന
സഞ്ചാരം.
നിദ്രകളോരോന്നും
സാന്ദ്രമാകുന്ന
നനുത്ത ഇഴകൾ
ബന്ധിച്ച കൈകൾ,
വലിഞ്ഞ്
രണ്ടറ്റങ്ങളാകുന്നു.
കണ്ണിറക്കി വയ്ക്കുമ്പോൾ
എത്തണം,വീണ്ടും.
അവസാനത്തെ
മണൽകുന്നും താണ്ടി.
II
ചോർച്ചകളെ വിളിക്കുന്നേരം,
വിടവിലൂടെ
നിദ്രകളെ പിൻവലിച്ചുകൊണ്ട്
പുലമ്പുന്നേരം.
ഒരു പിൻവാങ്ങലിനായി
പരതിയപ്പോഴോ
വിജനമായ ഇടങ്ങൾ,
പാതിവഴികൾ,
പാഴ് വാക്കുകൾ.
ഇനി ഉൾവലിയലാണ്,
അതേ ചുവരിലേക്ക്,
മുറിയിലേക്ക്,
സർവാണി നിരപ്പിലേക്ക്.
അവസാനത്തെ മരത്തിലെ,
ഇത്തിരി 'കൊന്നപ്പൂക്കൾക്കു'
വേട്ടേറ്റിരിക്കിലും,
നിന്നെ ബന്ധിക്കാൻ
ഒടുവിൽ
കുറ്റിയും മുട്ടിയുമായി
വരുന്നെന്ന വാക്കോടെ...
നിന്റെ നിഴൽ
എന്നിൽ മരിക്കുന്ന നാളിൽ
ആകാശത്ത്
ആയിരം
മാലാഖക്കണ്ണുകൾ
പുഞ്ചിരിക്കട്ടെ.
|