സൈലന്റ് വാലി
ഏതാണ്ട് അഞ്ച് കോടിയിലേറെ വര്‍ഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാന്‍ഡ് പൊട്ടിപ്പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകള്‍ രൂപപ്പെടുന്നത്. എന്നുവെച്ചാല്‍, അത്ര ദീര്‍ഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് ഈ മഴക്കാട് അതിന്റെ ചിറകിന്നടിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത്രയേറെ ചരിത്രമുള്ള ഈ വനമേഖലയിലേക്ക് പക്ഷേ, ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത് 1970-കളില്‍ മാത്രമാണ്. സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം. എന്നാല്‍ അതിന് മുമ്പ് പല ഗവേഷകരും ഈ അപൂര്‍വ വനമേഖലയുടെ ജൈവസമ്പത്തിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നീലഗിരിക്ക് തെക്കുപടിഞ്ഞാറന്‍ കോണില്‍ സ്ഥിതിചെയ്യുന്ന 8952 ഹെക്ടര്‍ വരുന്ന ഈ വനമേഖലയില്‍ നടന്ന ഗവേഷണങ്ങളുടെയും, സൈലന്റ് വാലിയെ രക്ഷിക്കാന്‍ നടന്ന ചെറുത്തുനില്‍പ്പിന്റെയും ചരിത്രത്തിന്റെ നാള്‍വഴിയിലൂടെ...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയില്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യസ്പര്ശമേറ്റതിന് തെളിവേ രേഖയോ ഇല്ല.
1840-1853 : പ്രശസ്ത ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റ്, സൈലന്റ് വാലി ഉള്‍പ്പെട്ട നീലഗിരി മേഖലയിലെ സസ്യയിനങ്ങളെക്കുറിച്ചു നടത്തിയ പഠനം ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. Icones plantarum Indiae orientalis എന്ന പേരിലുള്ള ആ ഗ്രന്ഥപരമ്പരയില്‍ 2101 സസ്യവര്‍ഗങ്ങളുടെ രേഖാചിത്രങ്ങള്‍ അടക്കമുള്ള വിശദവിവരങ്ങളുണ്ട്. ഏഴ് പുതിയ സസ്യയിനങ്ങളെ അദ്ദേഹം സൈലന്റ് വാലിയിലെ സിസ്പാറയില് നിന്നു മാത്രം തിരിച്ചറിഞ്ഞു. 1845 : റിച്ചാര്‍ഡ് ഹെന്‍ട്രി ബെഡ്ഡോം സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് പഠനം തുടങ്ങി. അദ്ദേഹം സൈലന്റ് വാലിയില്‍ നിന്ന് പതിറ്റാണ്ടുകളോളം സംപിളുകള്‍ ശേഖരിച്ചു. ബെഡ്ഡോം ശേഖരിച്ച സാംപിളുകള്‍ കോയമ്പത്തൂരിലെ ബി.എസ്.ഐ.ഹെര്‍ബേറിയത്തിനാണ് നല്‍കിയത്. സൈലന്റ് വാലിയില്‍ പഠനം നടത്തിയ ആദ്യ പ്രൊഫഷണല്‍ സസ്യശാസ്ത്രജ്ഞന്‍ ജെയിംസ് സൈക്കെസ് ഗാമ്പിള്‍ ആണ്. സിസ്പാറയിലും വളപ്പാറയിലും അദ്ദേഹം വിശദമായ പഠനങ്ങള്‍ നടത്തി. 'ഫ്‌ളോറ ഓഫ് ദി പ്രസിഡന്‍സ് ഓഫ് മദ്രാസ്സ്' തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സൈലന്റ് വാലിയിലും പഠനം നടത്തിയത്.