ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്ചരിത്രംസൗകര്യങ്ങൾപ്രവർത്തനങ്ങൾഅംഗീകാരങ്ങൾചിത്രശാലപുറം കണ്ണികൾ

ചരിത്രം

പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കൊല്ലം ഗവ:ബോയ്സ് ഹൈസ്കൂൾ . 19-ാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ഏതാണ്ട് 1834 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് പ്രൈമറി സ്കൂൾ മാത്രമായിരുന്നു. തുടർന്ന് അധികം താമസിയാതെ മെട്രിക്കുലേഷൻ കോഴ്സും ആരംഭിക്കുകയുണ്ടായി. പരിസരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രവാഹം കൂടിയപ്പോൾ, 1887-ൽ ഇപ്പോഴത്തെ പ്രധാന രണ്ടുനിലക്കെട്ടിടം സ്ഥാപിതമായി . അന്ന് പ്രധാന കെട്ടിടത്തിന്റെ നാലുഭാഗത്തും ,മേല്പോട്ടു കയറുന്നതിന് ചുരുൾപടികൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പിൽക്കാലത്ത് ഈ കെട്ടിടത്തിൽ പല പരിഷ്ക്കാരങ്ങളും, കൂടതൽ സ്ഥലസൗകര്യങ്ങളും ഉണ്ടായി.

1911-ൽ സംസ്ഥാനത്ത് വിദ്യാഭ്യാസ പരിഷ്ക്കാരം നടപ്പിൽ വന്നപ്പോൾ നിലവിലിരുന്ന മെട്രിക്കുലേഷൻ പദ്ധതി ഇല്ലാതാക്കുകയും, ആ സ്ഥാനത്ത് ഐശ്ചിക വിഷയങ്ങളോടുകൂടിയ സ്കൂൾ ഫൈനൽ പദ്ധതി ഉടലെടുക്കുകയും ചെയ്തു. 1917 വരെ ഈ സ്കൂൾ, ആൺകുട്ടികൾക്കു മാത്രമോയുള്ള ഒരു ഹൈസ്കൂളായിരുന്നു. എന്നാൽ ആ വർഷം മുതൽ പെൺകുട്ടികളേയും ചേർത്തു തുടങ്ങി. തുടക്കത്തിൽ ഒന്നോ രണ്ടോ ബാലികമാരേ ഉണ്ടായിരുന്നുള്ളു. ക്രമേണ അവരുടെ എണ്ണം വർദ്ധിക്കുവാൻ തുടങ്ങി. 1942 ആയപ്പോൾ ആദ്യമായി രണ്ട് അദ്ധ്യാപികമാരേയും നിയമിച്ചു. 1950 ആയപ്പോഴേക്കും പെൺകുട്ടികളുടെ എണ്ണം 450 ആയി ഉയർന്നു. അതിനെ തുടർന്ന് സ്കൂൾ രണ്ടായി വിഭജിച്ചു. തൊട്ടു തെക്കുവശത്ത് അന്നുവരെ ഒരു മലയാളം ഹൈസ്കൂളായി പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടം ,പെൺകുട്ടികൾക്കായുള്ള ഒരു ഹൈസ്കൂളായി മാറി. മലയാളം ഹൈസ്കൂളുകൾ നിർത്തലാക്കിയതോടു കൂടി ഇംഗ്ലീഷ് ഹൈസ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വളരെ വർദ്ധിച്ചു. 1960-ാ മാണ്ടോടുകൂടി ഈ ഡിസ്ട്രിക്ടിലെ ഏറ്റവും വലിയ ഒരു ഹൈസ്കൂളായി, കൊല്ലം ബോയിസ് ഹൈസ്കൂൾ ഉയർന്നു. അന്ന് ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഏതാണ്ട് 2500-ന് അടുത്തായി. തുടർന്ന് പുതിയ പുതിയ സ്കൂളുകൾ ഉദയം ചെയ്തതോടു കൂടി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വന്നു.

പ്രഗത്ഭന്മാരായ പല മഹാന്മാരുടെയും സേവനം സമ്പാദിക്കുവാൻ ഈ വിദ്യാലയത്തിനു ഭാഗ്യമുണ്ടായിട്ടുണ്ട്. മെസ്സേഴ്സ് കെ. പരമുപ്പിള്ള , ഹരിപ്പാട് സുബ്രഹ്മണ്യ അയ്യർ, ഐ.ഇട്ടി, എസ്.ശിവരാമകൃഷ്ണയ്യർ, ജെ.റ്റി.യേശുദാസൻ, ഏ. ചെറിയാൻ , ജി.ശങ്കരപ്പിള്ള , മുതലായവർ അക്കൂട്ടത്തിൽ ചിലരാണ്. അവരിൽ എം .ഏ. പരമു പിള്ള എന്ന വിദ്യാഭ്യാസ വിചക്ഷണൻ മുൻപന്തിയിൽ നില്ക്കുന്നു.

ഭാരത്തിലെ അതിപ്രഗത്ഭന്മാരായ പല ഭരണാധികാരികളും രാഷ്ട്രീയ നേതാക്കന്മാരും ഈ വിദ്യാലയത്തിലെ സന്തതികളായിരുന്നിട്ടുണ്ട്. അവരിൽ ചുരുക്കം ചിലരാണ് കെ.പി.എസ്.മേനോൻ ,സർ.എൻ.ആർ പിള്ള, മേജർ ഡാ: പണ്ടാല തുടങ്ങിയവർ.

വിദ്യാഭ്യാസനിലവാരത്തിലെന്നതു പോലെ പാഠ്യേതര പ്രവത്തനങ്ങളിലും ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്ട് സ്, ഗയിംസ്, ആർട്സ് എന്നീ മണ്ഡലങ്ങളിൽ പ്രശസ്തമായ മാനദണ്ഡം പുലത്തുവാൻ അന്നും ഇന്നും ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിഭിന്നങ്ങളായ പ്രദർശനങ്ങളും ഈ സ്കൂൾ കേന്ദ്രമാക്കി നടത്തിയിട്ടുണ്ട്. ജില്ലാ തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന പല പൊതു പരിപാടികളുടെയും ആസ്ഥാനം ഇപ്പോഴും കൊല്ലം ബോയ്സ് ഹൈസ്കൂളാണ്. പ്രഗത്ഭന്മാരായ പല മഹത് വ്യക്തികളും അവരുടെ "മാതൃവിദ്യാലയ"ത്തെ അഭിമാനത്തോടും ഭക്തിയോടും ഇപ്പോഴും സ്മരിക്കുന്നുണ്ട്.

1990-ൽ വി എച്ച് എസ് ഇ വിഭാഗവ‌ും 1997 -ൽ ഹയർ സെക്കൻഡറി വിഭാഗവ‌ും ആരംഭിച്ചു.

ചിത്രശാല