ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


നമ്മുടെ നാട്ടിൽ നിലവിലുണ്ടായിരുന്ന പ്രാദേശിക കൃഷി സമ്പ്രദായങ്ങൾ

നെല്ല് : വിരിപ്പു കൃഷി

മേടം 1ന് ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയോടെ വിരിപ്പുകൃഷിക്കുള്ള പണികൾ തുടങ്ങുകയായി. വിരിപ്പിന് പൊടിവിത, നുരിയിടൽ, ചേറ്റിൽ വിത, ഞാറുപറിച്ചു നടീൽ എന്നീ രീതികളെല്ലാം പ്രാദേശികമായ പ്രത്യേകതകൾ കണക്കിലെടുത്ത് നടത്തി വരുന്നുണ്ടെങ്കിലും 75-80 ശതമാനത്തോളം പൊടിവിത തന്നെയാണ്. പൊടിയിൽ വിത്ത് വിതയ്ക്കുന്നതിനുപകരം ചാണകപ്പൊടിയും ചാരവും ചേർത്ത് ഉഴവുചാലിൽ നുരിയിടുന്ന സമ്പ്രദായവുമുണ്ട്. ഒരുപ്പൂ നിലങ്ങൾക്കും ഇരുപ്പൂനിലങ്ങൾക്കും പുറമേ പറമ്പുകളിലും ഒന്നാം വിളക്കാലത്ത് നെൽകൃഷി ചെയ്തുവരുന്നുണ്ട്. പറമ്പിലെ കൃഷിക്ക് മോടൻ നെൽകൃഷി എന്നാണു പറയുന്നത്. തക്കസമയത്ത് മഴകിട്ടി വിതയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മോടൻ കൃഷി ഇറക്കാനാവില്ല. മേടം തെറ്റിയാൽ മോടൻ തെറ്റി എന്നാണു ചൊല്ല്.

നെല്ല് : മുണ്ടകൻ കൃഷി

മുണ്ടകൻ എന്ന രണ്ടാം വിളകൃഷി ചെയ്യുന്നത് സെപ്റ്റംബർ-ഒക്ടോബർ മുതൽ ഡിസംബർ-ജനുവരിവരെയുള്ള കാലയളവിലാണ്. കൃഷിയുടെ പ്രാരംഭ നടപടികൾ ആഗസ്റ്റ് മാസത്തിൽ തന്നെ തുടങ്ങുന്നു.രണ്ടാം വിളയിൽ ഭൂരിപക്ഷവും നടീലാണ്. മുളപ്പിച്ച വിത്ത് നേരിട്ട് പാകി കൃഷിചെയ്യുന്നവരുമുണ്ട്. മഴയെമാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവരിൽ ഭൂരിപക്ഷവും വിതച്ചുപണിയെടുക്കുകയോ മൂപ്പ് കുറഞ്ഞവ നടുകയോ ചെയ്യുന്നു. പദ്ധതിപ്രദേശങ്ങളിൽ അധികവും നടീലാണ് സ്വീകരിച്ചിരിക്കുന്നത്മുണ്ടകൻ കൃഷിയിലെ ഏറ്റവും പ്രധാന പ്രശ്നം പറ്റിയ വിത്ത് ആവശ്യത്തിനു കിട്ടാത്തതാണ്. നാടൻ വിത്തുകൾ കൃഷിചെയ്തിരുന്ന പഴയകാലത്ത് അതിനു മുമ്പുള്ള മുണ്ടകനിൽ കൊയ്തെടുത്ത വിത്തുകളാണുപയോഗിച്ചിരുന്നത്. എന്നാൽ ഇവയുടെ കൃഷി കുറഞ്ഞതോടെ പുതിയ വിത്തുകളിൽ മൂപ്പുകുറഞ്ഞവയുടെ മുളയ്ക്കാനുള്ള കഴിവ് വേഗത്തിൽ നഷ്ടമാകുന്നതുകൊണ്ട് മുൻ കൊല്ലത്തെ മുണ്ടകൻറെ വിത്തുകൾ പറ്റാതെ വരുന്നു.മുണ്ടകൻ കൃഷിയുടെ വിജയം യഥാസമയം വെള്ളം കിട്ടുന്നതിനാലാണ്. വയലിൽനിന്നും വെള്ളം ഊർന്നും ചോർന്നും പോകാതിരിക്കാൻ നിലം പൂട്ടി നല്ലവണ്ണം ചെളിയാക്കുകയും വരമ്പ് ചേറുകൊണ്ട് പൊതിയേണ്ടതുമാണ്. തുടർച്ചയായി അധികം വെള്ളം കെട്ടിനിർത്തേണ്ട ആവശ്യമില്ല. നടുമ്പോൾ അര ഇഞ്ചിലധികം വെള്ളം വേണ്ട. ഇതു ക്രമേണ കൂട്ടി ചിനപ്പു പൊട്ടുന്ന പ്രായത്തിൽ 2 ഇഞ്ച് വരെയാക്കി നിർത്തിയാൽ മതി. കൊയ്യുന്നതിന് ഒരാഴ്ച മുമ്പ് വെള്ളം വറ്റിച്ചു കളയുകയും വേണം.

നെല്ല് : പുഞ്ചകൃഷി

വിരിപ്പും മുണ്ടകനും കഴിഞ്ഞതിനുശേഷമുള്ള ഒരു മൂന്നാം വിളയായിട്ടാണ് അധിക സ്ഥലത്തും വേനൽ പുഞ്ച കൃഷി ചെയ്യുന്നത്. ഡിസംബർ-ജനുവരി മുതൽ മാർച്ച്-ഏപ്രിൽ വരെയുള്ള കാലയളവാണിത്. കുട്ടനാടൻ-കോൾ പുഞ്ചയുമായി പേരിൽ മാത്രമേ ഈ വേനൽ പുഞ്ചകൃഷിക്ക് സാമ്യമുള്ളൂ. കൃഷിരീതികളിലല്ല മറ്റു രണ്ടുവിളകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുഞ്ചകൃഷിയെടുക്കുന്ന സ്ഥലം കേരളത്തിൽ കുറവാണ്.നനയ്ക്കാൻ വെള്ളമുണ്ടെങ്കിൽ പുഞ്ചകൃഷിക്കാലം നെൽകൃഷിക്കു വളരെ അനുകൂലമാണ്. വേനൽക്കാലമായതിനാൽ മഴയുടെ ശല്യമില്ലാത്തതുകൊണ്ട് വളം ചേർക്കാനും വേണ്ടിവന്നാൽ മരുന്നു തളിക്കാനും സൗകര്യമേറും. രണ്ടാം വിളയുടെ നെല്ല് മുഴുവൻ കൊയ്തുകേറാതെ പുഞ്ചയിറക്കിയാൽ ആ വിളയിൽനിന്നുള്ള രോഗ-കീട സംക്രമണം പ്രതീക്ഷിക്കാം. ജനുവരി 15നുശേഷം കൃഷി ഇറക്കുന്നതാണ് പുഞ്ചകൃഷിക്കുത്തമം.

നെല്ല് : ഒറ്റഞാർ കൃഷി

നെൽകൃഷിയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ വിളവുണ്ടാക്കാൻ സഹായിക്കുന്ന നൂതനകൃഷിരീതിയാണ് ഒറ്റഞാർ കൃഷി.. വിത്തിൻറെ അളവ്, ഞാറിൻറെ പ്രായം, എണ്ണം, നടീൽ അകലം, ജലനിയന്ത്രണം എന്നീ കാര്യങ്ങളിൽ പരമ്പരാഗത സമ്പ്രദായത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഈ രീതി.

നെല്ല് : കരനെൽകൃഷി

സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന ഏതു കരഭൂമിയും കരനെൽകൃഷിക്ക് അനുയോജ്യമാണ്. 20-25 വർഷത്തിനു മുകളിൽ പ്രായമുള്ള തെങ്ങിൻതോപ്പുകളോ തുറസായ സ്ഥലങ്ങളോ തരിശായിക്കിടക്കുന്ന കരപ്രദേശങ്ങളോ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.സാധാരണയായി മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് കരനെൽകൃഷി. ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന വേനൽമഴയോടെ കൃഷി ആരംഭിക്കാം. ജനസേചനസൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ വർഷം മുഴുവൻ കരനെൽകൃഷി ചെയ്യാവുന്നതാണ്.കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം കിളച്ചോ യന്ത്രങ്ങൾ ഉപയോഗിച്ച് ഉഴുതോ, കളകൾ നീക്കം ചെയ്തു നന്നായി നിരപ്പാക്കി മണ്ണ് പാകപ്പെടുത്തിയെടുക്കുക. ജൈവവളം, അഴുകിയ ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഏക്കറിനു രണ്ടു ടൺ (സെൻറിന് 20 കിലോ) നിർബന്ധമായും ചേർത്തുകൊടുക്കണം. അടിവളമായി ഭാവകവളം, രാജ്ഫോസ്, മസൂറിഫോസ് എന്നിവ ഏക്കറിന് 60 കിലോ എന്ന കണക്കിൽ ചേർത്ത് സ്ഥലം ഒരുക്കാം.

നാടൻ ശൈലികൾ

അ, അം വരെ -ആദ്യാവസാനം

അ, ഇ അറിയുക-ആദ്യ പാഠം അറിയുക

അകം കൊള്ളുക-വധു ആദ്യമായി വരന്റെ വീട്ടിൽ ചെല്ലുക

അകം കൈയിലിട്ടു പുറം കൈ നക്കുക-ഒരിടത്തു വച്ചിട്ട് മറ്റൊരിടത്ത് തപ്പുക

അകം കൈയും പുറം കയ്യും നക്കുക-ദാരിദ്ര്യം അനുഭവിക്കുക

അകം തുറക്കുക-മനസ്സിലുള്ളത് വെളിപ്പെടുത്തുക

അകട വികട സാമർത്ഥ്യം-കൗശലം

അകത്തടുപ്പിക്കുക-ആലോചനക്ക് വിധേയമാക്കുക

അകത്താക്കുക-ഭക്ഷണം കഴിക്കുക.

വിശന്നു പൊരിയുന്നു- എന്തെങ്കിലും അകത്താക്കാതെ യാത്ര തുടരുന്ന പ്രശ്നമേയില്ല.

അകത്തു കത്തിയും പുറത്തു പത്തിയും-മനസ്സിൽ വെറുപ്പും പുറമേ സ്നേഹവും

അകത്തുള്ളതു മുഖത്തുവിളങ്ങും-ഉള്ളിലുള്ളത് മുഖത്ത് പ്രതിഫലിക്കും

ആത്തോൾ-അന്തർജ്ജനം

അകത്തേപ്പല്ലുകൊണ്ട് ഇറുമ്മുക-മനസ്സുകൊണ്ട് ദേഷ്യപ്പെടുക

അകത്തേയ്ക്കു വെള്ളവും പുറത്തേക്കു വാക്കും കുറക്കണം-സംസാരം കുറക്കണം

അകത്തൊതുക്കുക-ഉള്ളിൽ അടക്കുക, ജയിലിലടക്കുക.

അകനാഴിക-ഗർഭഗൃഹം

അകന്ന പെരുമാറ്റം-അടുപ്പമില്ലായ്ക

അകന്നവരും അടുത്തവരും-ശതുക്കളും മിത്രങ്ങളും

അകന്നു സംസാരിക്കുക-ഇണക്കമില്ലാതെ സംസാരിക്കുക

അകപ്പാടു പറ്റുക-അപകടം സംഭവിക്കുക

അകപ്പെടുക-ആപത്തിലോ അബദ്ധത്തിലോ പെടുക

അകപ്പെട്ടാൽ പന്നി ചുരക്കയും തിന്നും-ഗത്യന്തരമില്ലാതായാൽ ബലവാനും അടിയറവു പറയും

അകപ്പെട്ടാൽ പുലി പൂന-അപകടത്തിൽപെട്ടാൽ വമ്പനും നിസ്സാരനാവും

അകമടങ്ങുക-മാനം മര്യാദയോടെ അടങ്ങിയിരിക്കുക , ഉൾവലിയുക , മറഞ്ഞിരിക്കുക

അകമഴിയുക-ആത്മാർത്ഥമായി പ്രവർത്തിക്കുക

അകമെല്ലാം പൊള്ള-ഉള്ളിലൊന്നുമില്ലായ്ക

അകംപടി കൂടുക-ഉപചാരപൂർവ്വം കൂടെ നടക്കുക, ശിങ്കിടി കൂടുക

അകമ്പടിച്ചോറ്റുകാർ-ഭൃത്യന്മാർ

അകമ്പടി സേവിക്കുക-അംഗരക്ഷ ചെയ്യുക

അകംപുറം അറിയുക-തിരിച്ചറിയുക

അകം പുറമില്ലാതെ-ഒരു വ്യവസ്ഥയുമില്ലാതെ

അകമ്പുറം ചെയ്യുക-ചതിക്കുക

അകം പൂകുക-ഉള്ളിൽ പ്രവേശിക്കുക

അകലേ ഉഴുതു പകലേ പോകുക-കള്ളവേല വേഗത്തിൽ തീർക്കുക

അകവും പുറവും ഒരുപോലെ-ഉള്ളിലും പുറത്തും നന്മയും തിന്മയും ഒരു പോലെ

അകവും പുറവും നക്കുക-കഷ്ടിച്ചു ജീവിക്കുക

ഇങ്ങോട്ടുണ്ടങ്കിലേ, അങ്ങോട്ടുള്ളു.-പരസ്പരം സഹായിക്കുക.

ആകപ്പാടെ-എല്ലാംകൂടി, മൊത്തത്തിൽ

ആകമാനം-മുഴുവനായും, പരക്കെ