ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


നാടോടി വിജ്ഞാനകോശം

നമ്മുടെ നാട്ടിൽ നിലവിലുണ്ടായിരുന്ന പ്രാദേശിക കൃഷി സമ്പ്രദായങ്ങൾ

നെല്ല് : വിരിപ്പു കൃഷി

മേടം 1ന് ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയോടെ വിരിപ്പുകൃഷിക്കുള്ള പണികൾ തുടങ്ങുകയായി. വിരിപ്പിന് പൊടിവിത, നുരിയിടൽ, ചേറ്റിൽ വിത, ഞാറുപറിച്ചു നടീൽ എന്നീ രീതികളെല്ലാം പ്രാദേശികമായ പ്രത്യേകതകൾ കണക്കിലെടുത്ത് നടത്തി വരുന്നുണ്ടെങ്കിലും 75-80 ശതമാനത്തോളം പൊടിവിത തന്നെയാണ്. പൊടിയിൽ വിത്ത് വിതയ്ക്കുന്നതിനുപകരം ചാണകപ്പൊടിയും ചാരവും ചേർത്ത് ഉഴവുചാലിൽ നുരിയിടുന്ന സമ്പ്രദായവുമുണ്ട്. ഒരുപ്പൂ നിലങ്ങൾക്കും ഇരുപ്പൂനിലങ്ങൾക്കും പുറമേ പറമ്പുകളിലും ഒന്നാം വിളക്കാലത്ത് നെൽകൃഷി ചെയ്തുവരുന്നുണ്ട്. പറമ്പിലെ കൃഷിക്ക് മോടൻ നെൽകൃഷി എന്നാണു പറയുന്നത്. തക്കസമയത്ത് മഴകിട്ടി വിതയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മോടൻ കൃഷി ഇറക്കാനാവില്ല. മേടം തെറ്റിയാൽ മോടൻ തെറ്റി എന്നാണു ചൊല്ല്.

നെല്ല് : മുണ്ടകൻ കൃഷി

മുണ്ടകൻ എന്ന രണ്ടാം വിളകൃഷി ചെയ്യുന്നത് സെപ്റ്റംബർ-ഒക്ടോബർ മുതൽ ഡിസംബർ-ജനുവരിവരെയുള്ള കാലയളവിലാണ്. കൃഷിയുടെ പ്രാരംഭ നടപടികൾ ആഗസ്റ്റ് മാസത്തിൽ തന്നെ തുടങ്ങുന്നു.രണ്ടാം വിളയിൽ ഭൂരിപക്ഷവും നടീലാണ്. മുളപ്പിച്ച വിത്ത് നേരിട്ട് പാകി കൃഷിചെയ്യുന്നവരുമുണ്ട്. മഴയെമാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവരിൽ ഭൂരിപക്ഷവും വിതച്ചുപണിയെടുക്കുകയോ മൂപ്പ് കുറഞ്ഞവ നടുകയോ ചെയ്യുന്നു. പദ്ധതിപ്രദേശങ്ങളിൽ അധികവും നടീലാണ് സ്വീകരിച്ചിരിക്കുന്നത്മുണ്ടകൻ കൃഷിയിലെ ഏറ്റവും പ്രധാന പ്രശ്നം പറ്റിയ വിത്ത് ആവശ്യത്തിനു കിട്ടാത്തതാണ്. നാടൻ വിത്തുകൾ കൃഷിചെയ്തിരുന്ന പഴയകാലത്ത് അതിനു മുമ്പുള്ള മുണ്ടകനിൽ കൊയ്തെടുത്ത വിത്തുകളാണുപയോഗിച്ചിരുന്നത്. എന്നാൽ ഇവയുടെ കൃഷി കുറഞ്ഞതോടെ പുതിയ വിത്തുകളിൽ മൂപ്പുകുറഞ്ഞവയുടെ മുളയ്ക്കാനുള്ള കഴിവ് വേഗത്തിൽ നഷ്ടമാകുന്നതുകൊണ്ട് മുൻ കൊല്ലത്തെ മുണ്ടകൻറെ വിത്തുകൾ പറ്റാതെ വരുന്നു.മുണ്ടകൻ കൃഷിയുടെ വിജയം യഥാസമയം വെള്ളം കിട്ടുന്നതിനാലാണ്. വയലിൽനിന്നും വെള്ളം ഊർന്നും ചോർന്നും പോകാതിരിക്കാൻ നിലം പൂട്ടി നല്ലവണ്ണം ചെളിയാക്കുകയും വരമ്പ് ചേറുകൊണ്ട് പൊതിയേണ്ടതുമാണ്. തുടർച്ചയായി അധികം വെള്ളം കെട്ടിനിർത്തേണ്ട ആവശ്യമില്ല. നടുമ്പോൾ അര ഇഞ്ചിലധികം വെള്ളം വേണ്ട. ഇതു ക്രമേണ കൂട്ടി ചിനപ്പു പൊട്ടുന്ന പ്രായത്തിൽ 2 ഇഞ്ച് വരെയാക്കി നിർത്തിയാൽ മതി. കൊയ്യുന്നതിന് ഒരാഴ്ച മുമ്പ് വെള്ളം വറ്റിച്ചു കളയുകയും വേണം.

നെല്ല് : പുഞ്ചകൃഷി

വിരിപ്പും മുണ്ടകനും കഴിഞ്ഞതിനുശേഷമുള്ള ഒരു മൂന്നാം വിളയായിട്ടാണ് അധിക സ്ഥലത്തും വേനൽ പുഞ്ച കൃഷി ചെയ്യുന്നത്. ഡിസംബർ-ജനുവരി മുതൽ മാർച്ച്-ഏപ്രിൽ വരെയുള്ള കാലയളവാണിത്. കുട്ടനാടൻ-കോൾ പുഞ്ചയുമായി പേരിൽ മാത്രമേ ഈ വേനൽ പുഞ്ചകൃഷിക്ക് സാമ്യമുള്ളൂ. കൃഷിരീതികളിലല്ല മറ്റു രണ്ടുവിളകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുഞ്ചകൃഷിയെടുക്കുന്ന സ്ഥലം കേരളത്തിൽ കുറവാണ്.നനയ്ക്കാൻ വെള്ളമുണ്ടെങ്കിൽ പുഞ്ചകൃഷിക്കാലം നെൽകൃഷിക്കു വളരെ അനുകൂലമാണ്. വേനൽക്കാലമായതിനാൽ മഴയുടെ ശല്യമില്ലാത്തതുകൊണ്ട് വളം ചേർക്കാനും വേണ്ടിവന്നാൽ മരുന്നു തളിക്കാനും സൗകര്യമേറും. രണ്ടാം വിളയുടെ നെല്ല് മുഴുവൻ കൊയ്തുകേറാതെ പുഞ്ചയിറക്കിയാൽ ആ വിളയിൽനിന്നുള്ള രോഗ-കീട സംക്രമണം പ്രതീക്ഷിക്കാം. ജനുവരി 15നുശേഷം കൃഷി ഇറക്കുന്നതാണ് പുഞ്ചകൃഷിക്കുത്തമം.

നെല്ല് : ഒറ്റഞാർ കൃഷി

നെൽകൃഷിയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ വിളവുണ്ടാക്കാൻ സഹായിക്കുന്ന നൂതനകൃഷിരീതിയാണ് ഒറ്റഞാർ കൃഷി.. വിത്തിൻറെ അളവ്, ഞാറിൻറെ പ്രായം, എണ്ണം, നടീൽ അകലം, ജലനിയന്ത്രണം എന്നീ കാര്യങ്ങളിൽ പരമ്പരാഗത സമ്പ്രദായത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഈ രീതി.

നെല്ല് : കരനെൽകൃഷി

സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന ഏതു കരഭൂമിയും കരനെൽകൃഷിക്ക് അനുയോജ്യമാണ്. 20-25 വർഷത്തിനു മുകളിൽ പ്രായമുള്ള തെങ്ങിൻതോപ്പുകളോ തുറസായ സ്ഥലങ്ങളോ തരിശായിക്കിടക്കുന്ന കരപ്രദേശങ്ങളോ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.സാധാരണയായി മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് കരനെൽകൃഷി. ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന വേനൽമഴയോടെ കൃഷി ആരംഭിക്കാം. ജനസേചനസൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ വർഷം മുഴുവൻ കരനെൽകൃഷി ചെയ്യാവുന്നതാണ്.കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം കിളച്ചോ യന്ത്രങ്ങൾ ഉപയോഗിച്ച് ഉഴുതോ, കളകൾ നീക്കം ചെയ്തു നന്നായി നിരപ്പാക്കി മണ്ണ് പാകപ്പെടുത്തിയെടുക്കുക. ജൈവവളം, അഴുകിയ ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഏക്കറിനു രണ്ടു ടൺ (സെൻറിന് 20 കിലോ) നിർബന്ധമായും ചേർത്തുകൊടുക്കണം. അടിവളമായി ഭാവകവളം, രാജ്ഫോസ്, മസൂറിഫോസ് എന്നിവ ഏക്കറിന് 60 കിലോ എന്ന കണക്കിൽ ചേർത്ത് സ്ഥലം ഒരുക്കാം.

നെല്ല് : കൃഷിരീതികൾ

പൊടിവിത

പൊടിവിതയ്ക്കാനുള്ള നിലം നല്ലവണ്ണം ഉഴുത് കട്ടയുടഞ്ഞ് പാകപ്പെട്ടതായിരിക്കണം. വേനൽമഴയോടെയോ ഇടമഴയോടെയോ ഇതിനുള്ള പ്രാരംഭനടപടികൾ സ്വീകരിക്കാം. മുൻവിളയുടെ കച്ചിക്കുറ്റികളും മറ്റവശിഷ്ടങ്ങളും അടിച്ചുകൂട്ടി തീയിട്ടുകത്തിച്ച് പാടം ശുദ്ധീകരിക്കാം. മണ്ണിൽ ആവശ്യത്തിനു നനവുണ്ടെങ്കിലേ പൊടിവിത ഫലപ്രദമാകൂ. മണ്ണിൽ നനവുണ്ടെന്നുറപ്പുവരുത്തി വിതയ്ക്കാൻ പറ്റിയത് ഭരണിഞാറ്റുവേല (ഏപ്രിൽ 27-മേയ് 10)യിലാണ്. പൊടിവിതയ്ക്കാനുള്ള പാടങ്ങളിൽ വേനൽപൂട്ട് നിർബന്ധമാണ്.

ചേറ്റുവിത

ചേറ്റുവിതയ്ക്കും പാകിപ്പറിച്ചു നടാനും നിലമൊരുക്കൽ ഒരുപോലെതന്നെയാണ്. നിലം നല്ലവണ്ണമുഴുത് പാകമാക്കി നിരപ്പാക്കണം. വരമ്പുകൾ അരിഞ്ഞ് ചേറുകൊണ്ട് പൊതിഞ്ഞു ബലപ്പെടുത്തണം. കളകൾ വളരാതിരിക്കാനും ഞണ്ടിൻറെ ഉപദ്രവം തടയാനും വെള്ളം ചോർന്നു പോകാതിരിക്കാനുമിതു സഹായകമാണ്.ഞാർ പാകിപ്പറിച്ചു നടുന്ന രീതി ഇല്ലാത്ത സ്ഥലങ്ങളിൽ മുളപ്പിച്ച വിത്ത് ചേറ്റിൽ നേരിട്ടു വിതയ്ക്കുകയാണ് ചെയ്യുന്നത്. ഞാറ്റടി തയാറാക്കുന്നതിനുള്ള സ്ഥലപരിമിതി, കൂലിച്ചെലവ്, തൊഴിലാളികളുടെ ദൗർലഭ്യം, പ്രാദേശികരീതി എന്നിവയാണ് ചേറ്റുവിതയ്ക്കു പല കർഷകരെയും പ്രേരിപ്പിക്കുന്നത്.മുളപ്പിച്ച വിത്തു പാകുമ്പോൾ ചെളിയിൽ അധികം താഴ്ന്നുപോകാതിരിക്കാൻ ശ്രദ്ധിക്കണം. പാടം രാവിലെ പൂട്ടി ഒരുക്കി നിരപ്പാക്കിയാൽ വൈകുന്നേരമാകുമ്പോഴേക്കും ചെളി താഴെ അടിയും. മുകളിൽ അവശേഷിക്കുന്ന തെളിഞ്ഞ പാളിവെള്ളത്തിൽ വീഴത്തയ്ക്കവണ്ണം വിത്ത് വിതറിയാൽ ഒരുപോലെ വിത നടക്കും. വിതച്ച് അഞ്ചാമത്തെ ദിവസം മുതൽ പാടത്ത് ചെറിയ തോതിൽ വെള്ളം കെട്ടി നിർത്തേണ്ടതാണ്. വിരിപ്പുകൃഷികാലത്ത് ചേറ്റുവിതയ്ക്ക് അനുകൂലമായ സമയം മകീരം ഞാറ്റുവേല (ജൂൺ 7-21)യാണെന്നാണ് പഴമക്കാരുടെ പക്ഷം. പൊടിവിതയെ അപേക്ഷിച്ച് ചേറ്റുവിതയിലും പറിച്ചു നടീലിലും കളശല്യം കുറഞ്ഞിരിക്കും.

ഞാർ പറിച്ചുനടീൽ

വിരിപ്പുകൃഷിയിൽ പൊടിവിതയും ചേറ്റുവിതയുമല്ലാതെ സൗകര്യപ്പെടുന്ന സ്ഥലങ്ങളിൽ ഞാർ പറിച്ചു നട്ട് കൃഷി ചെയ്യുന്ന രീതിയുമുണ്ട്. ഇതിനു ഞാർ ആദ്യമേ തയാറാക്കണം. ഞാറുണ്ടാക്കാൻ പൊടിഞാറ്റടിയോ ചേറ്റുഞാറ്റടിയോ സൗകര്യംപോലെ ഉപയോഗപ്പെടുത്താം. പൊടി ഞാറ്റടി പറമ്പുകളിലും ചേറ്റുഞാറ്റടി പാടത്തുമാണ് സാധാരണ തയാറാക്കുക.

പൊടിഞാറ്റടി തയാറാക്കുന്ന വിധം

ജലദൗർലഭ്യമുള്ള സ്ഥലങ്ങളിലേക്കും മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളിലേക്കും ഏറ്റവും യോജിച്ചതാണ് പൊടിഞാറ്റടി സമ്പ്രദായം. ഞാറിന് നിയന്ത്രണവളർച്ചയേ ലഭിക്കൂ എന്നതിനാൽ ഇത്തരം പ്രദേശങ്ങളിൽ പൊടിഞാറ്റടി കൂടുതൽ സുരക്ഷിതമാണ്. സുലഭമായി വെള്ളം കിട്ടുന്ന സ്ഥലങ്ങളിൽ ചേറ്റുഞാറ്റടി തയാറാക്കുന്നതാണ് പതിവ്. മേടം അവസാനത്തോടുകൂടി പൊടിഞാറ്റടിയും മിഥുനമാസത്തിൽ ചേറ്റുഞാറ്റടിയും തയാറാക്കും

ഞാറ്റുവേല

കാലാവസ്ഥ പ്രവചനം വികസിക്കുന്നതിന് മുമ്പ് കൃഷിക്കാലം ഗണിക്കുന്നതിന് നമ്മുടെ നാട്ടിൽ ഒരു ഞാറ്റുവേല കലണ്ടർ നിലനിന്നിരുന്നു. നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കലണ്ടർ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷത്തെ 12 രാശിയും 2.25 നക്ഷത്രക്കാലവുമായിട്ടാണ് വിഭജിച്ചിരിക്കുന്നത്. രാശികൾ എണ്ണിത്തുടങ്ങുന്നത് മേടം 1 (വിഷു) മുതലാണ്. ചന്ദ്രൻ ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുന്നതിനിടയിലുള്ള 27 നക്ഷത്ര ഗണങ്ങളെ അടയാളപ്പെടുത്തി ചന്ദ്രപഥത്തെ 27 ഭാഗമായി തിരിച്ചിട്ടുണ്ട്. ഓരോ നക്ഷത്രഗണത്തിലും അസംഖ്യം നക്ഷത്രങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രകാശമുള്ള നക്ഷത്രത്തിൻറെ പേരാണ് ഓരോ ഗണത്തിനും നൽകിയിട്ടുള്ളത്. ഒരു നക്ഷത്രത്തിൻറെ പേരാണ് യോഗതാരം. ക്ലോക്കിലെ അക്കങ്ങൾ പോലെ 27 യോഗതാരങ്ങളും ചന്ദ്രപഥത്തിൽ തെളിഞ്ഞു കാണാം. ഘടികാരത്തിൻറെ സൂചികൾ ഓരോ അക്കവും കടന്നു പോകുന്നതുപോലെ സൂര്യൻ യോഗതാരങ്ങളെ ക്രമമായി കടന്നു പൊയ്ക്കൊണ്ടിരിക്കും. ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കാൻ സൂര്യനെടുക്കുന്ന സമയമാണ് ഒരു ഞാറ്റുവേല ഇത് ഉദ്ദേശം 13.5 ദിവസമാണ്. ഓരോ ഞാറ്റുവേലയ്ക്കും നക്ഷത്രത്തിൻറെ പേരാണ് കൊടുത്തിരിക്കുന്നത്. വിഷു മുതൽ അശ്വതി ഞാറ്റുവേല തുടങ്ങും. അവസാനത്തെ ഞാറ്റുവേല രേവതിയും.

നാടൻ ശൈലികൾ

അ, അം വരെ -ആദ്യാവസാനം

അ, ഇ അറിയുക-ആദ്യ പാഠം അറിയുക

അകം കൊള്ളുക-വധു ആദ്യമായി വരന്റെ വീട്ടിൽ ചെല്ലുക

അകം കൈയിലിട്ടു പുറം കൈ നക്കുക-ഒരിടത്തു വച്ചിട്ട് മറ്റൊരിടത്ത് തപ്പുക

അകം കൈയും പുറം കയ്യും നക്കുക-ദാരിദ്ര്യം അനുഭവിക്കുക

അകം തുറക്കുക-മനസ്സിലുള്ളത് വെളിപ്പെടുത്തുക

അകട വികട സാമർത്ഥ്യം-കൗശലം

അകത്തടുപ്പിക്കുക-ആലോചനക്ക് വിധേയമാക്കുക

അകത്താക്കുക-ഭക്ഷണം കഴിക്കുക.

വിശന്നു പൊരിയുന്നു- എന്തെങ്കിലും അകത്താക്കാതെ യാത്ര തുടരുന്ന പ്രശ്നമേയില്ല.

അകത്തു കത്തിയും പുറത്തു പത്തിയും-മനസ്സിൽ വെറുപ്പും പുറമേ സ്നേഹവും

അകത്തുള്ളതു മുഖത്തുവിളങ്ങും-ഉള്ളിലുള്ളത് മുഖത്ത് പ്രതിഫലിക്കും

ആത്തോൾ-അന്തർജ്ജനം

അകത്തേപ്പല്ലുകൊണ്ട് ഇറുമ്മുക-മനസ്സുകൊണ്ട് ദേഷ്യപ്പെടുക

അകത്തേയ്ക്കു വെള്ളവും പുറത്തേക്കു വാക്കും കുറക്കണം-സംസാരം കുറക്കണം

അകത്തൊതുക്കുക-ഉള്ളിൽ അടക്കുക, ജയിലിലടക്കുക.

അകനാഴിക-ഗർഭഗൃഹം

അകന്ന പെരുമാറ്റം-അടുപ്പമില്ലായ്ക

അകന്നവരും അടുത്തവരും-ശതുക്കളും മിത്രങ്ങളും

അകന്നു സംസാരിക്കുക-ഇണക്കമില്ലാതെ സംസാരിക്കുക

അകപ്പാടു പറ്റുക-അപകടം സംഭവിക്കുക

അകപ്പെടുക-ആപത്തിലോ അബദ്ധത്തിലോ പെടുക

അകപ്പെട്ടാൽ പന്നി ചുരക്കയും തിന്നും-ഗത്യന്തരമില്ലാതായാൽ ബലവാനും അടിയറവു പറയും

അകപ്പെട്ടാൽ പുലി പൂന-അപകടത്തിൽപെട്ടാൽ വമ്പനും നിസ്സാരനാവും

അകമടങ്ങുക-മാനം മര്യാദയോടെ അടങ്ങിയിരിക്കുക , ഉൾവലിയുക , മറഞ്ഞിരിക്കുക

അകമഴിയുക-ആത്മാർത്ഥമായി പ്രവർത്തിക്കുക

അകമെല്ലാം പൊള്ള-ഉള്ളിലൊന്നുമില്ലായ്ക

അകംപടി കൂടുക-ഉപചാരപൂർവ്വം കൂടെ നടക്കുക, ശിങ്കിടി കൂടുക

അകമ്പടിച്ചോറ്റുകാർ-ഭൃത്യന്മാർ

അകമ്പടി സേവിക്കുക-അംഗരക്ഷ ചെയ്യുക

അകംപുറം അറിയുക-തിരിച്ചറിയുക

അകം പുറമില്ലാതെ-ഒരു വ്യവസ്ഥയുമില്ലാതെ

അകമ്പുറം ചെയ്യുക-ചതിക്കുക

അകം പൂകുക-ഉള്ളിൽ പ്രവേശിക്കുക

അകലേ ഉഴുതു പകലേ പോകുക-കള്ളവേല വേഗത്തിൽ തീർക്കുക

അകവും പുറവും ഒരുപോലെ-ഉള്ളിലും പുറത്തും നന്മയും തിന്മയും ഒരു പോലെ

അകവും പുറവും നക്കുക-കഷ്ടിച്ചു ജീവിക്കുക

ഇങ്ങോട്ടുണ്ടങ്കിലേ, അങ്ങോട്ടുള്ളു.-പരസ്പരം സഹായിക്കുക.

ആകപ്പാടെ-എല്ലാംകൂടി, മൊത്തത്തിൽ

ആകമാനം-മുഴുവനായും, പരക്കെ

രാജസാന്നിധ്യം നാടൻപാട്ടുകളിൽ

ആറ്റിങ്ങൽ തമ്പുരാനേ!

ഊരിലുള്ള പാണ്ടികളു-

മൊത്തുചേർന്നങ്ങലോ ചിത്തു്

നമ്മക്കിപ്പപോകണമേ

ആറ്റിങ്ങകൊട്ടാരത്തിൽ

തിരുമുമ്പിപോകണമെ

തങ്കടത്തപ്പാറയിണമേ

വീരപ്പനരയമകന്

എഴുപത്തിരണ്ടുകാണിപ്പേരും

നാളറുമുകമടക്കി

കള്ളനമുക മടക്കികൊണ്ട്

നമ്മക്കുള്ള ആടുമാട്

വെള്ളം കുടിയ ചത്തു പോയി

നകാളബട കരയളമ്പട

വെള്ളം കുടിയ ചത്തുപോയി

കേക്കയെങ്കി കേക്കയെന്റെ

ആറ്റിങ്ങത്തമ്പുരാനെ

വീരപ്പനരയമകന്

എഴുപത്തിരണ്ടുകാണിപ്പേരും

ഞങ്ങക്കിപ്പോത്തന്നെയല്ലോ

കല്ലണയിടിച്ചു തരികവേണം

ആടുമാടു കന്നുകാലി

വെള്ളം കുടിയ ചത്തുപോയി

തമ്പ്രാന്റെ പാലം

ഇപ്പാലം കെട്ടിച്ചതാറ്റുങ്ങ തമ്പ്രാൻ

ഇപ്പാലം കെട്ടിച്ചതാരേ കണക്ക്

ഇപ്പാലം കെട്ടിച്ചത് തമ്പ്രാൻ കണക്ക്

ഇപ്പാലം കേറിയാൽ തീണ്ടലുണ്ടമോ ?

ഇപ്പാലം കേറിയാലീറയുണ്ടാമോ ?

ഇപ്പാലം കെട്ടിച്ചതാറ്റുങ്ങ തമ്പ്രാൻ

നമ്മുടെ തമ്പ്രാനേയാറ്റങ്ങ തമ്പ്രാൻ

ഇപ്പാലം കെട്ടിച്ചതാരേ ചെറുക്കാ

ഇപ്പാലം കെട്ടിച്ചതാറ്റുങ്ങ തമ്പ്രാൻ

ആയിരം തൈരോടും പാലമിതയ്യാ

ആയിരം പൈതയുരുളുന്ന പാലം

ഇപ്പാലം കെട്ടിച്ചതാരേ ചെറുക്കാ

ഇപ്പാലം കെട്ടിച്ചതാറ്റുങ്ങ തമ്പ്രാൻ

ഇപ്പാലം കെട്ടിച്ചതാരേ കണക്ക്

ഇപ്പാലം കെട്ടിച്ചത് തമ്പ്രാൻ കണക്ക്