കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്

പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിത്, സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളെയും വിശ്വാസികളെയും കൊടുങ്ങല്ലൂരിലേക്കാകർഷിക്കുന്ന ചരിത്രപ്രസിദ്ധമായ ഭരണി, താലപ്പൊലി മഹോത്സവങ്ങൾ കൊണ്ടാടുന്നത് ഈ വിദ്യാലയത്തിന് പരിസരത്ത് തന്നെയായതിനാൽ ഇവിടുത്തെ കുട്ടികൾ പുരാതന കൊടുങ്ങല്ലൂരിലെ ചരിത്രപരമായ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് നല്ല അറിവുള്ളവരാണ്

ക്രാങ്കന്നൂർ എലമെന്ററി സ്കൂൾ എന്ന പേരിൽ 1896 ൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ 'സത്രം ഹാൾ ' എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ കൊച്ചി മഹാരാജാവ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ സവർണ്ണ വിഭാഗത്തിലെ കുട്ടികൾക്കായി സ്ഥാപിച്ച വിദ്യാലയമാണിത്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളാണ് സത്രം ഹാളിലെ ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിയിരുന്നു. അതിനാൽ തന്നെ ആ വിഭാഗത്തിൽ സവർണ്ണ വിഭാഗത്തിലെ സമ്പന്ന വർഗ്ഗത്തിലെ കുട്ടികളാണ് പഠിച്ചിരുന്നത്. മലയാളം മീഡിയത്തിലെ കുട്ടികൾക്ക് ഫീസ് ഇളവ് അനുവദിച്ചിരുന്നു. പക്ഷേ കുട്ടികൾക്ക് മീഡിയം വ്യത്യാസമില്ലാതെ എല്ലാ വിഷയങ്ങളും പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, കണക്ക്, സംഗീതം, ചിത്രരചന, കരകൗശലം ഇങ്ങനെ വ്യത്യസ്ത മേഖലയിൽ കുട്ടികൾക്ക് പഠനം നടന്നിരുന്നു. അധ്യാപകർ പലരും സമൂഹത്തിന് ഉന്നതകുല കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പിന്നീട് ഉണ്ടായ സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് സത്രം നാളിലെ ഈ വിദ്യാലയത്തിലേക്ക് പ്രവേശനം നൽകി. കൂടുതൽ കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശനം വന്നപ്പോൾ സത്രം ഹാളിലെ സ്ഥലം മതിയാകാതെ വന്നതിനെ തുടർന്ന് 1925ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂളിനെ മാറ്റി സ്ഥാപിച്ചു. ആ വർഷം തന്നെ എലമെന്ററി സ്കൂൾ എന്നത് ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1988-89 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്റ് വിഭാഗം കൂടി അനുവദിച്ചു.