സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം

അങ്കത്തിനായി കച്ചമുറുക്കി വിദ്യാര്‍ഥിനികള്‍
കണ്ണൂര്‍ : ഈ പ്രാവശ്യത്തെ നോര്‍ത്ത് സബ്‍ജില്ല കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനര്‍ഹരായ സെന്‍റ്. തെരേസാസ് എ. ഐ. എച്ച്. എസ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ജില്ലാ കലോത്സവത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഭഗീരഥ പ്രയത്നത്തിലാണ്. എന്തിന് ഇറങ്ങിയാലും കൈനിറയെ സമ്മാനങ്ങള്‍ വാങ്ങുന്ന കണ്ണൂര്‍ സെന്‍റ്. തെരേസാസ് സ്കൂളിലെ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.,വിഭാഗങ്ങളിലായി മുപ്പതോളം മത്സരങ്ങളിലായി 96വിദ്യാര്‍ഥിനികളാണ് സമ്മാനവേട്ടയ്ക്കൊരുങ്ങുന്നത്. നിരന്തരമായ പരിശീലനവും അധ്യാപകരുടെ പ്രോത്സാഹനവുമാണ് തങ്ങളുടെ വിജയരഹസ്യം എന്ന് സംഘത്തിലെ വിദ്യാര്‍ഥിനികള്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, ജില്ലയിലും സംസ്ഥാനതലത്തിലും തങ്ങള്‍ ഉന്നത വിജയം കൊയ്യും എന്നും അവര്‍ പത്രലേഖകരോട് പറഞ്ഞു. എന്തായാലും ജില്ലയിലും സബ്‍ജില്ലയിലെ പോലെ ചരിത്ര നേട്ടം കൊയ്യാനാണ് അവരുടെ ശ്രമം.
ലേഖിക :അഹിന അനില്‍
ക്വിസ്സ് മത്സര വിജയികള്‍
കണ്ണൂര്‍ : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൃഗസംരക്ഷണമേളയില്‍ ദര്‍ശനം 2009 മലബാര്‍ മേഖല ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തില്‍ സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാര്‍ഥിനികളായ അനഘ എം. ടി, അപര്‍ണ്ണ പ്രദീപ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്റീറ്റ ഇരുവര്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി.
ലേഖിക : നിവ.പി.
ഡി.സി.എല്‍ കലോത്സവം
കണ്ണൂര്‍ : ദീപിക ചില്‍ഡ്രന്‍സ് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കണ്ണൂര്‍ പ്രവിശ്യ DCL ടാലന്റ് ഫെസ്റ്റില്‍ സെന്റ്. തെരേസാസ് സ്കൂളിലെ എല്‍. പി.,യു.പി, എച്ച്.എസ്, തലങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സംഘഗാനം, ലളിതഗാനം, കവിതാരചന, കഥാരചന, ഉപന്യാസരചന, പ്രസംഗം എന്നീ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ പ്രവിശ്യ കമ്മിറ്റിയംഗമായി വിദ്യാര്‍ഥിനി പ്രിയങ്ക ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. ഡിസംബര്‍ 21ന് പയ്യന്നൂരില്‍ വെച്ചു നടക്കുന്ന മത്സരത്തില്‍ വിദ്യാര്‍ഥിനികളെ ഒരുക്കിക്കൊണ്ടിരിക്കുകയാണ് അധ്യാപകരായ മിസ്സ് ലിംസിയും, സിസ്റ്റര്‍ തെരേസയും.
ലേഖിക :നിവ.പി
സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പ്
കണ്ണൂര്‍ : ജില്ലാ സൈക്കിളിങ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച ജില്ലാതല സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിക്കൊണ്ട് സെന്‍റ്. തെരേസാസ് വിദ്യാര്‍ഥിനികള്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവിധ മേഖലയില്‍ ഒന്നാം സ്ഥാനം നേടിയ അപര്‍ണ എസ്.ടി,സ്നേഹ ജയദേവന്‍, എന്നിവര്‍ സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ലേഖിക : ആതിര രവീണ്‍
കുട്ടിഭാവനകളുമായി സ്കൂള്‍മാസിക പണിപ്പുരയില്‍
കണ്ണൂര്‍ : വിദ്യാഥിനികളുടെ ഭാവനാപരമായ ലോകത്തിലെ ഏടുകള്‍ പണിപ്പുരയില്‍ വികസിച്ചു കൊണ്ടിരിക്കുന്നു. എഴുത്തിലൂടെയും വരകളിലൂടെയും മികവ് കാട്ടിയ നിരവധി രചനകള്‍ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി തവണയാണ് സെന്‍റ്. തെരേസാസ് ഈ പ്രയത്നം പ്രാവര്‍ത്തികമാക്കുന്നത്. വിദ്യാലയത്തെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും പഠനത്തിലുപരി പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ച വിദ്യാര്‍ഥിനികളും മാസികയുടെ താളുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒരു സംഘം അദ്ധ്യാപികമാരുടെ നേതൃത്വത്തിലാണ് സ്കൂള്‍മാസിക ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ലേഖിക : നിവ.പി.
സാന്ത്വനസ്പര്‍ശവുമായി വിദ്യാര്‍ത്ഥിനികള്‍ അമലാഭവനില്‍ ബര്‍ണ്ണശ്ശേരി : കരുണയുടെ കൈകള്‍ നീട്ടി സെന്റ് തെരേസാസ് വിദ്യാര്‍ഥിനികള്‍ അമലാഭവനിലെത്തി. അനാഥത്വത്തിന്റെ ഏകാന്തതയില്‍ നിന്ന് അമലാഭവനിലെ ഓമനകളെ സൗഹൃദത്തിന്റെ വഞ്ചിയിലൂടെ കരകയറ്റിയ സെന്റ്. തെരേസാസ് വിദ്യാര്‍ത്ഥിനികളുടെ നന്മ നിറഞ്ഞ പ്രവര്‍ത്തി കേരളീയരുടെ മനസ്സില്‍ ഇടംപിടിച്ചു. അനാഥര്‍ക്കായുള്ള സംഭാവനയില്‍ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച് മുന്നിട്ട് നിന്ന 10 B യിലെ കുട്ടികളോടൊപ്പം മറ്റു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികളും അധ്യാപികമാരുടെ നേതൃത്വത്തില്‍ അവിടം സന്ദര്‍ശിച്ചു. 17 വ്യാഴാഴ്ച രാവിലെ 11:30മുതല്‍ 2.00 വരെ അവര്‍ അവിടെ ചിലവഴിച്ചു. സ്കൂള്‍ പ്രധാനാധ്യാപികയുടെയും മറ്റ് അദ്ധ്യാപികമാരുടെയും രക്ഷിതാക്കളുടെയും സഹായഹസ്തങ്ങള്‍ ഇതിനുപിന്നിലുണ്ട്. അവര്‍ക്കുള്ള ക്രിസ്തുമസ്സ് സമ്മാനമായി കിറ്റുകളും നല്കുകയുണ്ടായി. സ്നേഹവും സാന്ത്വനവും ആഗ്രഹിക്കുന്നവരോടൊപ്പം ചിലവഴിച്ച ആ ദിവസം ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ റോസ്റീറ്റയും വിദ്യാര്‍ഥിനികളും അഭിപ്രായപ്പെട്ടു.
ലേഖിക :അഞ്ചു പ്രദീപ്
വിദ്യാര്‍ഥിനികളിലെ കഴിവുകളുണര്‍ത്തി എഴുത്തുകൂട്ടം
ബര്‍ണ്ണശ്ശേരി : വിദ്യാര്‍ഥിനികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണര്‍ത്തിയെടുത്തുകൊണ്ട് എഴുത്തുകൂട്ടം ശില്‍പശാല വിദ്യാലയത്തില്‍ അരങ്ങേറി. ഡിസംബര്‍ ഏഴിന് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ വിദ്യാരംഗം കണ്‍വീനര്‍ ശ്രീ ഉല്ലാസന്‍ മാഷിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാല പി.ടി എ. എക്സിക്യൂട്ടീവ് മെമ്പര്‍ ശ്രീ പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു.10 മണി മുതല്‍ 4 മണി വരെ നീണ്ടു നിന്ന ശില്പശാലയിലൂടെ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകളെ ഉണര്‍ത്തുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഉത്തമ വേദി തന്നെയായിരുന്നു ഈ ശില്പശാല. മൂന്ന് മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികള്‍ ഈ ശില്പശാലയില്‍ പങ്കെടുത്തു.
ലേഖിക : അനുശ്രീ. കെ
ക്രിസ്തുമസ് വിശുദ്ധിയില്‍
സെന്റ് തെരേസാസ്
കണ്ണൂര്‍ : ബര്‍ണ്ണശ്ശേരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ശാന്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ ക്രിസ്തുമസ് ആഘോഷം സ്കൂളില്‍ താരപ്പൊലിമ തന്നെസൃഷ്ടിച്ചു.പുതുമയാര്‍ന്ന ക്രിസ്തുമസ് ആഘോഷം കൈറോസ് ഡയറക്ടര്‍ ഫാദര്‍ ബെന്നി മണപ്പാട്ട് നിറച്ചാര്‍ത്തോടെ തിരിതെളിയിച്ചു. യു.പി, എച്ച്.എസ്, വിഭാഗങ്ങളില്‍ കരോള്‍ ഗാനം മത്സരങ്ങളില്‍ കരോള്‍ ഗാനം മത്സരങ്ങള്‍ വളരെ ആവേശപൂര്‍വ്വം നടന്നു.സ്നേഹത്തിന്റെ മാധുര്യം പങ്കുവയ്ക്കുന്ന ക്രിസ്തുമസിന്റെ ഭാഗമായുള്ള ക്രിസ്തുമസ്സ് കേക്കുകള്‍ ഓരോ ക്ലാസ്സുകളിലും പങ്കു വയ്ക്കപ്പെട്ടത് ഏറെ പുതുമ സൃഷ്ടിച്ചു. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ മുന്നോടിയായി വ്യാഴാഴ്ച വിദ്യാര്‍ഥിനികള്‍ക്കായി നക്ഷത്ര നിര്‍മ്മാണ മത്സരവും കരോള്‍ ഗാന മത്സരവും സംഘടിപ്പിക്കപ്പെട്ടു. വിജയികള്‍ക്ക് ഫാ. ബെന്നി മണപ്പാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ലേഖിക :സ്നേഹ കെ വി വീണ്ടും ഒരു കോപ്പന്‍ഹേഗന്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധന നിയമം വിദ്യാലയത്തില്‍ കണ്ണൂര്‍ : പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങള്‍ ലോകത്ത് മഹാവിപത്തുകള്‍ക്ക് കാരണമാകുമ്പോള്‍ അതിനെ തടുക്കാന്‍ കൈകോര്‍ത്ത് പൊരുതുകയാണ് സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളും അദ്ധ്യാപികമാരും.പ്ലാസ്റ്റിക്ക് വസ്തുക്കള്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഇപ്പോള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരമായി തുണിസഞ്ചികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ലേഖിക :ശ്രുതി സുജിത്ത്
പുതുമയുടെ ശാസ്ത്രലോകത്ത് കുരുന്നുകള്‍
കണ്ണൂര്‍ : ശാസ്ത്രലോകത്ത് പുതുമയുടെ പുത്തന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കുരുന്നുപ്രതിഭകള്‍ രംഗത്തെത്തിയിരിക്കുന്നു. ഗലീലിയോ ലിറ്റില്‍ സൈന്റിസ്റ്റിന്റെ ഭാഗമായി ശാസ്ത്ര കൗതുകം ഉണര്‍ത്തുന്ന പ്രദര്‍ശന വസ്തുക്കള്‍ നിര്‍മ്മിക്കുന്ന തെരക്കിലാണ് ഇവിടുത്തെ കൊച്ചുകുട്ടികള്‍.
അനുശോചനം
കണ്ണൂര്‍ : പ്രശസ്ത സാഹിത്യകാരിയും പ്രശസ്ത നിരൂപകന്‍ പ്രൊഫ.എം.പി പോളിന്റെ മകളും വിഖ്യാത നാടകകൃത്ത് സി.ജെ. തോമസിന്റെ ഭാര്യയുമായ ശ്രീമതി റോസി തോമസിന്റെ നിര്യാണത്തില്‍ സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അനുശോചനം രേഖപ്പെടുത്തി.