ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മനുഷ്യൻ സംഘംചേർന്ന് ജീവിക്കാൻ തുടങ്ങുന്നതോടെയാണ് അവന് സംസ്കാരം രൂപപ്പെടാൻ തുടങ്ങുന്നത്. കൃഷിയുമായി ബന്ധപ്പെട്ടാണ് കേരളസംസ്കാരം വളർന്നു വരുന്നത്. കേരള സംസ്കാരം സങ്കലിതവും സാർവ്വജനീവുമാണ്. അതിന്റെ രൂപീകരണത്തിന് വ്യത്യസ്ത ജനങ്ങളും ജനവർഗ്ഗങ്ങളും സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്കാരിക സമന്വയത്തിന്റേയും സാമൂഹ്യലയനത്തിന്റേയും വിസ്മയകരമായ ഒരു പ്രക്രിയ കേരള സംസ്കാരത്തിന്റെ വികാസ ചരിത്രത്തിൽ ആദ്യന്തം പ്രകടമാണ്. പ്രാദേശികപരമായി വൈവിധ്യങ്ങളുണ്ടങ്കിൽപോലും കേരളത്തിന്റെ പൊതുവായസവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ ഒരു സംസ്കാരമല്ല ഈ പ്രദേശത്തിനുള്ളത്.

കൃഷിരീതികൾ

നെൽകൃഷിയായിരുന്നു പഞ്ചായത്തിൽ ഏറ്റവും പ്രാധ്യാനമുണ്ടായിരുന്നത്. കേരളത്തിലെ സവിശേഷമായ കാലാവസ്തക്കനുസരിച്ചായിരുന്നു കൃഷിചെയ്തിരുന്നത്. പുഞ്ച, വിരിപ്പ്, മുണ്ടകൻ, കാട്ടുമുണ്ടകൻ, മോടൻ തുടങ്ങിയ കൃഷിരീതികൾ പഞ്ചായത്തിൽ ഉണ്ടായിരുന്നു.
പുഞ്ച
വെള്ളം കെട്ടിനിൽക്കുന്നതും ഉറവുള്ളതുമായ നിലമാണ് പുഞ്ചനിലം. മഴക്കാലത്ത് ധാരാളം ചെളി അടിഞ്ഞുകൂടിയ ഈ പ്രദേശത്ത് കൂടുതൽ തോടുകൾ കാണപ്പെടുന്നു. ജലസാന്ദ്രത ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പുഞ്ചകൃഷിക്ക് കുംഭമാസം അവസാനവും മീനം ആദ്യവുമായി വിത്തിറക്കുന്നു. ഈ മാസങ്ങളിൽ മഴയില്ലാത്തതിനാൽ കൃഷിക്ക് ആവശ്യമായ വെള്ളം പുഞ്ചക്കഴത്തിൽ നിന്നോ, കൊക്കർണികളിൽ നിന്നോ തേക്കുക്കോട്ടകൊണ്ട് തേവി ചാലുകളിലൂടെ കൃഷിയിടത്തിൽ എത്തിക്കുന്നു. കുറച്ച് കാലമായി മകരം കുംഭം മാസങ്ങളിൽ വെള്ളത്തിന്റെ അളവിൽ കുറവു വരുന്നതിനാൽ കൃഷി നശിച്ചു.

വിരിപ്പ്

മിഥുനം കർക്കിടകം മാസത്തിൽ വിത്തിറക്കി കന്നിമാസത്തിൽ കൊയ്തെടുക്കുന്ന കൃഷിരീതിയാണ് വിരിപ്പ്. ആറുമാസത്തെ മൂപ്പുള്ള വിത്തുകൾ കൃഷിക്ക് ഉപയോഗിച്ചിരുന്നു. അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് വിത്തിറക്കിയിരുന്നത് ഈ കാലങ്ങളിൽ മാത്രം മുളയ്ക്കുന്ന വിത്തുകളാണ് വിരിപ്പ് കൃഷിയുടെ പ്രത്യേകത.

മുണ്ടകൻ

തുലാമാസത്തിൽ വിത്തിറക്കി മകരമാസത്തിൽ മുണ്ടകൻ വിളവെടുക്കുന്നു. ഇതിന് ഉപയോഗിക്കുന്ന വിത്തിന് മൂപ്പ് കുറവാണ്. ഏകദേശം അഞ്ചുമാസംകൊണ്ട് വിളവെടുക്കാം. ചിറ്റ്യേനി, വള്ളോന, എന്നിവ ഇറക്കുന്നത് തുലാമാസത്തിലാണ്. മറ്റു മുണ്ടകൻ വിത്തുകൾ ഇറക്കുന്നത് ആയില്യം മകം ഞാറ്റുവേലകളിലാണ്. മുണ്ടകൻ നെല്ലിന്റെ വൈക്കോൽ ഒരാൾ പൊക്കത്തിൽ വളരും.

കൂട്ടുമുണ്ടകൻ

പണ്ടത്തെ ഒരു പ്രത്യേക കൃഷിരീതിയാണ് കൂട്ടുമുണ്ടകൻ. മിഥുനമാസത്തിൽ വിരുപ്പുവിത്തും മുണ്ടകൻ വിത്തും ഒരുമിച്ച് ഇറക്കുന്നു. കന്നിയിലും മകരത്തിലമായി വിളവെടുക്കുന്നു. കന്നിയിൽ വിളയുന്ന നെല്ലിന് കടചേർത്ത് അരിഞ്ഞെടുക്കുന്നു. മകരത്തിൽ വിരിയുന്നത് വീണ്ടും അരിയും.

മോടൻ
മേടത്തിൽ നടത്തുന്ന മോടൻ കൃഷി പറമ്പുകളിലാണ് ചെയ്തിരുന്നത്. പറമ്പ് ചുട്ട് മണ്ണിളക്കി വെറുതെ വിതച്ചെടുത്താൽ മതി. ഇത്തരം പ്രാദേശിക കൃഷിരീതികൾ വള്ളുവനാട്ടിൽ സമ്പന്നമായിരുന്നുവെന്ന് കൃഷിഗീത എന്ന കൃഷിപ്പാട്ടിൽ പറയുന്നുണ്ട്.
ഞാറ്റുവേലയെ അടിസ്ഥാനമാക്കിയാണ് നാം കൃഷിചെയ്തിരുന്നത്. ഏകദേശം 13.5 ദിവസമാണ് ഞാറ്റുവേല. ഏതാണ്ട് മാസത്തിൽ രണ്ടേക്കാൽ ഞാറ്റുവേല കഴിയുന്നു.
അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് ഒന്നാം വിളക്കുള്ള വിത്തിടുന്നത്. രോഹിണിയിൽ പട്ടുപോലെ ധാരാളം മഴയുണ്ടാകുന്നു. മകയിരത്തിൽ മതിമറന്നപോലെ പറിച്ചുനടലും മാന്തികുഴിച്ചിടലും നടത്തുന്നു. തിരുവാതിര തിരുമുറിയാതെ പെയ്യുന്നു. പൂയം ഞാറു സമയമാണ്. മൂപ്പ് കുറഞ്ഞ വിത്തുകൾ ഇടുന്നു. മകം എള്ള് വിതയ്ക്കിക്കുന്ന സമയമാണ്. ഉത്തം അത്തം രണ്ടാവിള നടത്തുന്ന സമയമാണ്. മൂലത്തിന് മഴമൂടി നിൽക്കുമ്പോൾ ചാഴിയുടെ ഉപദ്രവം കുറയുന്നു. രേവതി, അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് വിരുപ്പുകൃഷിക്ക് വിത്തിടുന്നത്.ഭരണിയിലിട്ട വിത്ത് എന്ന് പറയാറുണ്ട്. ആയില്യം മകം ഞാറ്റുവേലകളിലാണ് മുണ്ടകൻ കൃഷിക്ക് വിത്തിടുന്നത്.
കൃഷി തുടങ്ങാനും വിത്തു വിതക്കാനുമുള്ള നാളുകൾ നാട്ടുകാർക്കറിയാം.രോഹിണി,പുണർതം,അത്തം,ഉത്രം,ഉത്രാടം എന്നിവ പൊതുവെ നല്ലതാണെന്നാണ് പറയുക.വെളുത്ത പക്ഷത്തിൽ സസ്യലതാദികൾ പെട്ടെന്ന് വളരുന്നു.പയർവർഗങ്ങൾ കൃഷി ചെയ്യാൻ രോഹിണി ഞാറ്റുവേലയും വാഴയ്ക്ക് അത്തം ഞാറ്റുവേലയും കുരുമുളകിന് തിരുവാതിരയും ശ്രേഷ്ഠമാണ്.അത്തത്തിന്റെ മുഖത്ത് മുതിര വിതയ്ക്കണം.തിരുവാതിരയ്ക്ക് പയറു കുത്തണം.രോഹിണിയാണ് പയറിന് ഉത്തമം.കായ നല്ലവണ്ണം ഉണ്ടാകും.കുംഭമാസത്തിലെ വെളുത്ത വാവിന് ചേന നടണം.രോഹിണി ഞാറ്റുവേലകളിലാണ് ഉഴുന്നും ചെറുപയറും വിതയ്ക്കേണ്ടത്.പുതുമഴ പെയ്യുമ്പോഴാണ് ചേമ്പിനങ്ങൾ പറിക്കേണ്ടത്.
കാർഷിക പണിയായുധങ്ങൾ നാട്ടുനൈപുണ്യങ്ങളുടെ ഭാഗമാണ്.ഉഴുന്നതിനും കിളയ്ക്കുന്നതിനും കൊത്തുന്നതിനും വെട്ടുന്നതിനും അരിയുന്നതിനും വിവിധ പണിയായുധങ്ങൾ ഉണ്ടായിരുന്നു.കട്ട പൊട്ടിക്കാൻ മരം,കുറുവടി എന്നിവ വേണം.കരിനുകം,കൈക്കോട്ട്,മടാള്,അരിവാള് തുടങ്ങി വിവിധ കാർഷിക ഉപകരണങ്ങൾ കൃഷിസംസ്കാരത്തിന്റെ ഭാഗമാണ്.ഇവയെ ചുറ്റിപറ്റിയുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും നഷ്ടപ്പെട്ടിട്ടില്ല.
നാടൻ ജലസേചന രീതികൾ
സംയോജിത ജലവിനിയോഗത്തിന് ഉചിതമായ കൊട്ടത്തേക്ക് ,ഏത്തം തേവൽ എന്നീ ജലസേചനരീതികൾ നിലനിന്നിരുന്നു.രണ്ടാൾ നിന്ന് കൈക്കോട്ട് കൊണ്ടോ കൊട്ട കൊണ്ടോ വെള്ളം തേവുന്നതാണ് കൊട്ടത്തേക്ക്.കുഴിയിൽ നിന്ന് ഏത്തക്കൊട്ടയിൽ വെള്ളം മുക്കിയെടുക്കുന്നതിനാണ് ഏത്തം തേവുക എന്നു പറഞ്ഞിരുന്നത്.ആഴമുള്ള കിണറിൽ നിന്ന് ഏത്തം തേവി വെള്ളം എടുത്തിരുന്നു.താഴത്തേക്ക് ചാല് വഴി വെള്ളമെത്തിക്കും.കുളത്തിൽ നിന്ന് തോട്ടിലും വെള്ളം തിരിച്ച് കൃഷിയ്ക്ക് ഉപയോഗിച്ചിരുന്നു.മഴയെ ആശ്രയിച്ച് കൃഷി നടത്തിയിരുന്നതിനാൽ ജലത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിച്ചിരുന്നു. വെള്ളം നിറയുന്നത് പക്ഷികളുടെ ചലനത്തെ ആശ്രയിച്ചാണ് മനസിലാക്കിയിരുന്നത്.ചെളിയിൽ ഒന്ന് രണ്ട് ഇഞ്ച് പൊക്കത്തിലാണ് വരമ്പ് വെയ്ക്കുന്നത്.ഇതിന് പിള്ളവരമ്പ് എന്നാണ് പറയുന്നത്.തള്ള വരമ്പിൽ നിന്നാണ് പിള്ളവരമ്പ് ഉണ്ടാക്കുന്നത്.വലിയ വരമ്പാണ് തള്ളവരമ്പ്.അത് ഏകദേശം രണ്ട് കോൽ വീതി കാണും.കണ്ടത്തിലെ വരമ്പ് ഓരോ കൃഷിയ്ക്കും വെയ്ക്കും.വിത്തിടുന്നതിന് മുൻപ് കണ്ടത്തിലെ ചേറ് കോരി വരമ്പ് പിടിപ്പിക്കുന്നു.ഇതിന് ചോട്ടിലുള്ള കണ്ടങ്ങളിൽ നിന്നും ചേറ് എടുക്കുന്നു.താണ പ്രദേശത്ത് കൂടുതൽ വീതിയുള്ള വരമ്പ് വെയ്ക്കുന്നു.വലിയ മഴ പെയ്താലും ഈ വരമ്പുകൾ കൃഷിയെ സംരക്ഷിക്കുന്നു.
വിത്തുണ്ടാക്കുന്ന രീതി
വിത്തിനെടുക്കുന്ന നെല്ല് കൊയ്ത്ത് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ മെതിച്ചെടുത്തിരിക്കണം.അല്ലെങ്കിൽ ഈർന്ന് പുഴുകി കണ്ണിന് കേടു വന്ന് മുളയ്ക്കാനുള്ള സാധ്യത കുറയുന്നു.നെല്ല് മെതിച്ചെടുത്തതിന് ശേഷം മഞ്ഞത്തിടും.പിറ്റേ ദിവസം എല്ലാ നെല്ലും ഉണങ്ങത്തക്കവിധത്തിൽ വെയിലത്തിട്ട് ഇടയ്ക്കിടയ്ക്ക് ചിക്കി കൊടുക്കണം.പരമ്പിലാണ് നെല്ല് ഉണക്കിയിരുന്നത്.ഒരു നെന്മണിയെടുത്ത് രണ്ടായി പൊട്ടിച്ചാൽ അതിൽ കാണുന്ന വെളുത്ത നിറം ഒരു സൂചിമുനയുടെ അത്രയും വലിപ്പത്തിലായി കാണുന്നു.ഇത് വിത്തിന്റെ ഉണക്കം സൂചിപ്പിക്കുന്നു.ഉണക്കം പൂർത്തിയായ വിത്ത് പ്ടാവിലോ പത്തായത്തിലോ സൂക്ഷിച്ച് വെയ്ക്കുന്നു.
ജൈവവളങ്ങൾ
വൃക്ഷത്തോല്,ചാണകം, ചാരം എന്നിവയാണ് വളമായി ഉപയോഗിച്ചിരുന്നത്.നിലം ഉഴുതുമറിയ്ക്കുന്ന സമയത്ത് പച്ചിലവളവും ചാണകവും ചേർക്കും.ഇത്തരം നാടൻ വളങ്ങൾ എളുപ്പത്തിൽ മണ്ണോട് ചേരുന്നു.മാവിന്റെ തോലാണ് ഏറ്റവും നല്ലത്.മണ്ണറിഞ്ഞ് തോലിടാനും വളമിറക്കാനും കർഷകർ ശ്രദ്ധിച്ചിരുന്നു.വളമിട്ട് ഉഴുതു മറിച്ച് പതിനഞ്ച് ദിവസത്തോളം വിതയ്ക്കാതെ ഇടുന്നു. ഇതിന് പഴക്കം കൊടുക്കൽ എന്നാണ് പറയുക.ഞാറുനടീൽ കൃഷിയ്ക്കാണ് ഇതെല്ലാം ചെയ്യുന്നത്.വിത്ത് വിതയ്ക്കൽ രീതിയ്ക്ക് ഇത് ആവശ്യമില്ല. നെല്ല് നന്നായി വളരുന്നതിനും കേട് തീർക്കുന്നതിനും വേണ്ടി വൈക്കോൽ കൂട്ടി കണ്ടത്തിൽ തീയിട്ടിരുന്നു.വിതച്ചാൽ പിന്നെ വിളവെടുപ്പു വരെ വളം വേണ്ട.ചാണകവും വെണ്ണീറും ചേർത്ത വളം കാലേക്കൂട്ടി തയ്യാറാക്കി വെച്ചിരുന്നു.
വിത്തിറക്കലും വിത്തിടലും
വിത്ത് മുളപ്പിയ്ക്കാൻ ചെമ്പിൽ വെള്ളം നിറച്ച് വിത്തിടുന്നു.പൊന്തിക്കിടക്കുന്ന പതിര് വാരിക്കളഞ്ഞ് ബാക്കി ചാക്കിൽ കെട്ടി വെയ്ക്കുന്നു.ഇതോടൊപ്പം കുവ, കാഞ്ഞിരം,തേക്ക് എന്നിവയുടെ ഇലകൾ വയ്ക്കാറുണ്ട്.വിത്ത് ശരിക്കും മുളയ്ക്കുന്നതിനു വേണ്ടിയാണിത്.രണ്ട് നേരവും വെള്ളം വാർക്കണം.വിത്ത് മുളയ്ക്കാതെ വന്നാൽ ചാണകവെള്ളം തളിക്കാറുണ്ട്.വിത്ത് ചേറിലും മുളപ്പിച്ച് പാവാം.മുളപൊട്ടുമ്പോൾ കൊണ്ടുപോയി ചെളിയിൽ പാവുന്നു.ഉഴുത കണ്ടത്തിന്റെ കിഴക്കു ദിക്കിലെ വലത്തെ മൂലയിൽ വിത്തിടുന്നു.കരിയും നുകവും ഉപയോഗിച്ച് കണ്ടത്തിന് നടുക്ക് ഉഴുതതിന് ശേഷം അവിടെ കരിക്ക് വെട്ടി ഒഴിക്കുന്നു.അതിരാവിലെയാണ് ഈ ചടങ്ങ് നടത്തുന്നത്.മേടമാസത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്