ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തച്ചങ്ങാട്: മിത്ത്,ചരിത്രം

തയ്യാറാക്കിയത്: വർഷ പി, ഒമ്പതാംതരം എ

ആമുഖം

ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദർശനമാണ്. നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാൻ 'ഫോക്ലോർ' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറിൽ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.(കടപ്പാട്-സർവ്വവിജ്ഞാനകോശം വെബ്എഡിഷൻ) ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.

കാസറഗോഡ്‌ ജില്ല (കാസർകോട് ജില്ല )

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ്‌ ജില്ല. 1956 നവമ്പർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാങ്കൂർ-കൊച്ചിയിലേക്ക് മലബാർ ജില്ലയും ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു.

സംസ്കൃത പാരമ്പര്യം

സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.

സ്ഥലനാമ ചരിത്രം

അരവത്ത് മട്ടൈ _ യാദവ സമുദായങ്ങളുടെ കഴകം തച്ചങ്ങാട് - തച്ചന്മാർ താമസിച്ചതുകൊണ്ട് തച്ചങ്ങാട്. നരിമാടിക്കാൽ - പഴയ കാലത്ത് നരികളുടെ സങ്കേതമാണ്. കുന്നുമ്പാറ- കുന്നും പ്രദേശങ്ങൾ ആയതു കൊണ്ട്. വള്ളിയാലിങ്കാൽ- വള്ളി വയലുകൾ ഉള്ളതു കൊണ്ട്.( വീതി കുറഞ്ഞതും നീളമുള്ളതുമായ വയൽ)

കലാപാരമ്പര്യം

വേറിട്ടു നിൽക്കുന്ന കലാപാരമ്പര്യം തച്ചങ്ങാടിനുണ്ട്. അനുഷ്ഠാന കലകളായാലും മറ്റുള്ള കലകളായാലും തച്ചങ്ങാട് സജീവമായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കഥകളി, കോൽക്കളി, തെയ്യം, പൂരക്കളി, നാടകം ,തിടമ്പുനൃത്തം എന്നീ കലകളും കലാ രൂപങ്ങളും ഇവിടെ നിലനിന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കഥകളി.അരവത്ത് ഇടമന ഇല്ലത്ത് വിശേഷ ദിവസങ്ങളിലും ശ്രാദ്ധം, ജന്മദിനം മറ്റ് അടിയന്തര ദിവസങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധരായ കഥകളി ആചാര്യന്മാരെ ക്ഷണിച്ചു വരുത്തി കഥകളി അവതരിപ്പിച്ചിരുന്നു. നൂറു വർഷത്തോളം പഴക്കമുള്ള കഥകളി ചമയങ്ങൾ കഴിഞ്ഞ തലമുറയിലെ വാഴുന്നോർ മൈസൂർ, കോഴിക്കോട് സർവ്വകലാശാലകൾക്ക് കൈമാറുകയുണ്ടായി. പൂരക്കളിയെ അതിരറ്റ് സ്നേഹിക്കുന്നവരാണ് തച്ചങ്ങാട്ടുകാർ. പണ്ടു മുതൽക്കേ ഇവിടെ പൂരക്കളി അഭ്യസിപ്പിച്ചിരുന്നു. മഹിതമായ ഗ്രാമീണ നാടക പാരമ്പര്യം തച്ചങ്ങാട് പ്രദേശത്തിനുണ്ട്. അഭിനയത്തിന്റെ തികവാർന്ന വ്യക്തിത്വങ്ങൾ പുതിയ കാലത്തും ഊർജ്ജസ്വലരാണെന്നത് ഈ ദേശത്തെ വേറിട്ട താക്കുന്നു. തച്ചങ്ങാടുകാർ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച നാടകമാണ് 'സന്താനഗോപാലം'.

പഴയ കാല വിദ്യാഭ്യാസം

പഴയ കാലത്ത് വിദ്യാഭ്യാസ രംഗത്ത് ശോചനീയമായ അവസ്ഥയിലായിരുന്നു തച്ചങ്ങാട് പ്രദേശം.അക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും ചെയ്യാൻ പ്രാപ്തിയുള്ള ജന്മി കുടുംബത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം.അക്കാലത്താണ് തച്ചങ്ങാടുള്ള വൈദ്യശാലയിൽ സംസ്കൃത പണ്ഡിതനായിരുന്ന ഗോവിന്ദ വാര്യർ എത്തുന്നത്. വൈദ്യശാലയോടനുബന്ധിച്ച് തന്നെ ഗോവിന്ദ വാര്യർ സംസ്കൃത പഠനം ആരംഭിച്ചു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പoന ശാല പിൽക്കാലത്ത് പഠിതാക്കളുടെ അഭാവം മൂലം മന്ദീഭവിച്ച് നിലച്ചു. വൈദ്യശാലയിൽ പ്രവർത്തനം നിലച്ച ശേഷം തച്ചങ്ങാട് അരയാൽ തറയ്ക്ക് സമീപം ഗോവിന്ദൻ വൈദ്യരും നാട്ടുകാരും ചേർന്ന് പണിതുയർത്തിയ പഠനശാലയാണ് എഴുത്ത് കൂട് പള്ളിക്കൂടം. ഇന്ന് നാട്ടിൽ ജീവിച്ചിരിപ്പുള്ള 75 നു മേൽ പ്രായമുള്ളവർ അവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

പഴയ കാല ചികിത്സ

ചികിത്സാ രംഗത്തും തച്ചങ്ങാട് പ്രദേശം കഴിവ് തെളിയിച്ചിട്ടുണ്ട്. തച്ചങ്ങാട് സ്വന്തമായി വൈദ്യശാല സ്ഥാപിച്ച് എല്ലാത്തരം രോഗത്തിനും ചികിത്സിച്ച് പ്രസിദ്ധനായിരുന്നു ഗോവിന്ദൻ വൈദ്യർ. വിഷചികിത്സയിലും ചർമരോഗ ചികിത്സയിലും പ്രാഗത്ഭ്യം തെളിയിച്ച വൈദ്യരായിരുന്നു കൃഷ്ണൻ വൈദ്യർ . വിഷചികിത്സയ്ക്ക് അന്യദേശത്തു നിന്നു പോലും തച്ചങ്ങാടേക്ക് ആളുകൾ വന്നിരുന്നു.ബാലചിത്സയിൽ പേരുകേട്ട വൈദ്യനായിരുന്നു രാമൻ വൈദ്യർ . കുട്ടികളിലുണ്ടാവുന്ന അപസ്മാരം രാമൻ വൈദ്യരുടെ ചികിത്സയിൽ പരിപൂർണമായി ഭേദമായിരുന്നു. തച്ചങ്ങാട് ഗോവിന്ദൻ വൈദ്യരിൽ നിന്നും വൈദ്യത്തിൽ പ്രാവീണ്യം നേടിയ കുഞ്ഞിരാമൻ വൈദ്യരുടെ 101 ആവർത്തി ക്ഷീരബല പേരുകേട്ട ഔഷധമായിരുന്നു.