കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/റിപ്പബ്ളിക്ദിന ചിന്തകൾ - ലേഖനം - ആർ.പ്രസന്നകുമാർ

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


റിപ്പബ്ളിക് ദിന ചിന്തകൾ - ആർ.പ്രസന്നകുമാർ.
1950 ജനുവരി 26 - ഇന്ത്യയുടെ റിപ്പബ്ളിക്ദിന പ്രഖ്യാപനം അന്നായിരുന്നു. ഇന്ന് 2010 ജനുവരി 26 - നമ്മുടെ പരമാധികാരത്തിന് 60 തികഞ്ഞിരിക്കുന്നു. ന്യൂ ഡൽഹിയിലെ മരം കോച്ചുന്ന പ്രഭാതം മിഴി തുറന്നത് ഒരു പുതിയ ഇന്ത്യയെ വരവേൽക്കാനാണ്. ഇന്ത്യ ഒരു സോഷ്യലിസ്റ്റ്, മതേതര, പരമാധികാര, ജനാധിപത്യ റിപ്പബ്ളിക്കായിരിക്കണമെന്ന മോഹം അണുവിട തകരാതെ നാം കാത്തു സൂക്ഷിക്കുന്നത് ദിശാബോധമുള്ള നവ പൗരന്മാർക്കായിട്ടാണ്. കടന്നു പോയ വീഥികളിൽ നിരവധി മഹാരഥന്മാരുടെ കാല്പാടുകൾ, വിയർപ്പിന്റെ ധവളലവണരേണുക്കുറിമാനങ്ങൾ, അവരുടെ കയ്യൊപ്പുകൾ കാണാം. ആകാശകുസുമങ്ങളായി സൃഷ്ടിക്കപ്പെടുന്ന ഭരണഘടനകൾ കാലാർക്കരശ്മിയിൽ ഇതൾ വാടി, നിറം മങ്ങി ചവിട്ടിക്കുഴയവെ ഇന്ത്യൻ ഭരണഘടന നാൾക്കു നാൾ പ്രശോഭിതമാവുന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ സമർപ്പിതമായതിനാലാണ്.... ജനങ്ങളുടെ ചൂരും ചൂടും ഉൾകൊണ്ടതിനാലാണ്.
1947 ആഗസ്റ്റ് 15 - ഇന്ത്യയുടെ സ്വാതന്ത്രദിനം അന്നാണ്. മതലഹളകളും ജാതിത്തിറയാട്ടങ്ങളും കൂടെ വിഭജനമെന്ന വിഷസർപ്പാപഹാരവും ഒരുമിച്ച് ഭാരതത്തെ വേട്ടയാടിയ ദിനങ്ങൾ. ലോകത്തിനു മുന്നിൽ ഒരു നവാഗത ശിശുവിനെപ്പോലെ പകച്ചു നിന്ന നാളുകൾ. ഇന്ത്യയുടെ സർവനാശം ജീവിതവ്രതമാക്കിയ കാപാലികരുടെ വേതാള നൃത്തങ്ങൾ വേറെ. പക്ഷേ ഫിനിക്സ് പക്ഷിയെപ്പോലെ നാം ഉയർതെഴുന്നേറ്റു. നിരവധി ഭഗീരഥന്മാർ കടന്നു വന്നു, ഇന്ത്യയെ കൈപിടിച്ചു നടത്തുവാൻ, ....ഔന്നത്യത്തിന്റെ ഗോപുരത്തിലേക്ക്, ...പുരോഗമനത്തിന്റെ ഹിമവത്ശൃംഗങ്ങളിലേക്ക്.
ഇന്ത്യൻ റിപ്പബ്ളിക്കിന്റെ ചില സവിശേഷ മുഖമുദ്രകൾ :-
ഭരണഘടന
1939 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകസമിതിയിലാണ് ഇന്ത്യ്ക്ക് ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യമായി ഉയർന്നത്. ആദ്യം ഈ നിർദേശത്തെ ബ്രിട്ടീഷ് ഗവൺമെന്റ് അവഗണിച്ചുവെങ്കിലും 1946 ൽ ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരം ഒരു ഭരണഘടനാ നിർമാണ സഭ രൂപീകരിക്കുവാൻ അവർ നിർബന്ധിതരായി. സ്വതന്ത്രഭാരതം ഈ പഴയ ആവശ്യം ഊർജസ്വലമാക്കി. ഡോ.ബി.ആർ.അംബേദ്കർ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കി. കരട് രേഖ പൊതുജനസമഷം ചർച്ച, ഭേദഗതി എന്നീ പ്രക്രിയകളിലൂടെ 1948 നവംബർ, 1949 ഒക്ടോബർ, 1949 നവംബർ എന്നീ മൂന്നു ഘട്ടങ്ങളിൽ അസംബ്ളിയിൽ അവതരിപ്പിച്ചു. 1949 നവംബർ 26 ന് സമ്പൂർണ ഭരണഘടന സഭ അംഗീകരിച്ചു.
പക്ഷേ നാം റിപ്പബ്ളിക് ദിനം ആചരിക്കുന്നത് ജനവരി 26 നാണ്. കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തീരുമാനപ്രകാരം 1929 ഡിസംബർ 31 ന് അർദ്ധരാത്രി, ബ്രിട്ടീഷ് ചെകുത്താന്മാർ കൂർക്കം വലിച്ചുറങ്ങവെ, ഇങ്ങ് നിലാവിൽ മുങ്ങിയ രവി നദിയുടെ മനോഹര തീരത്ത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ഇന്ത്യൻ ദേശീയ പതാക ഉയർത്തി. 1930 ജനവരി 26 ഒന്നാം സ്വാതന്ത്രദിനമായി രാജ്യത്താകമാനം കൊണ്ടാടാനും തീരുമാനിച്ചു. ആ ഉജ്വല സ്മരണയുടെ അയവിറക്കലാണ് 1949 നവംബർ 26 എന്നത് 1950 ജനവരി 26 ലേക്ക് റിപ്പബ്ളിക് ദിന പ്രഖ്യാപനം മാറ്റിയതിനു പിന്നിൽ.
ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വലിയ, എഴുതി തയ്യാറാക്കിയ ഭരണഘടനയാണ്. ആകെ 22 ഭാഗങ്ങളും 9 പട്ടികകളും 395 അനുച്ഛേദങ്ങളും ഇതിലുണ്ട്. ഇതിന്റെ ഒന്നാം ഭാഗം ഇന്ത്യയുടെ ഭൂപരമായ അതിർത്തി, ഭൂപ്രദേശ വിവരണം എന്നിവയാണ്. തുടർന്ന് പൗരത്വത്തിന്റെ അടിസ്ഥാനങ്ങൾ, മൗലികാവകാശങ്ങൾ, ചുമതലകൾ, നിർദേശക തത്വങ്ങൾ, ഭരണ സംവിധാനത്തിന്റെ ഘടന എന്നിങ്ങനെ ക്രമമായി വിവരിക്കുന്നു.
നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാം, നമ്മേ പോലെ, നമ്മൾക്കായി, വരും തലമുറയ്ക്കായി. മത, ജാതി, വർഗ, വർണ വ്യത്യാസങ്ങൾ തകർതെറിഞ്ഞ് നാം ഭാരതാംബയുടെ പ്രിയമക്കളായി ഉയരാം. ഒരു പുതിയ ഇന്ത്യയെ നമുക്കു തീർക്കാം, സ്വപ്നമല്ല, യഥാർത്ഥമായി തന്നെ....!
ദേശീയം .... ദേശീയം..... ദേശീയം.
1.ദേശീയ പതാക :- ഭരണഘടനാ നിർമാണ സമിതിയുടെ അംഗീകാരത്തോടെ 1947 ജൂലായ് 22 ന് ത്രിവർണ പതാക നിലവിൽ വന്നു. ദേശീയ പതാകയിലെ വർണങ്ങൾ ഇപ്രകാരമാണ്.- ഏറ്റവും മുകളിലായി ധീരതയേയും ത്യാഗത്തേയും സൂചിപ്പിക്കുന്ന കുങ്കുമ നിറം, സമാധാനത്തിന്റേയും സത്യത്തിന്റേയും ദ്യോതകമായി വെള്ള മദ്ധ്യത്ത്, ഫലഭൂയിഷ്ഠത - സമൃദ്ധി കാണിക്കുന്ന പച്ച ഏറ്റവും താഴെയായും ക്രമീകരിച്ചിരിക്കുന്നു. സാരനാഥിലെ അശോക സ്തംഭത്തിൽ നിന്നും അശോക ചക്രം മാതൃകയാക്കി പതാകയുടെ ഒത്ത നടുക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു.
2.ദേശഭക്തിഗാനം :- 1904 ആഗസ്റ്റ് 16 ന് ഉറുദു ഭാഷയിൽ പ്രസിദ്ധീകൃതമായ ഈ ഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇക്ബാലാണ്. മനോഹരമായി ഈണം നല്കി ജനഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിച്ചത് പണ്ഡിറ്റ് രവിശങ്കറാണ്.
"സാരെ ജഹാംസെ അച്ഛാ
ഹിന്ദുസ്ഥാൻ ഹമാര, ഹമാര...."
തർജമ :- [By ആർ.പ്രസന്നകുമാർ.]
"സർവരാജ്യങ്ങളേക്കാൾ ശ്റേഷ്ഠം
സ്വന്തം സ്വന്തം ഹിന്ദുസ്ഥാൻ..."

3.ദേശീയഗീതം :- 1882 ൽ പ്രസിദ്ധീകൃതമായ, ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന കൃതിയിലെ സമരഭടന്മാരുടെ മാർച്ചിങ് ഗീതമാണിത്. 1896 ൽ കോൺഗ്രസിന്റെ കൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനം ആലപിച്ചതോടെ ദേശീയഗീതമായി വളർന്നു. 1950 ജനവരി 24 ന് ഇന്ത്യയുടെ ഔപചാരികമായ ദേശീയഗീതമായിത്തീർന്നു.
4.ദേശീയഗാനം :- 1911 ഡിസംബർ 27 ലെ കോൺഗ്രസിന്റെ കൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. ഭരണഘടനാസമിതി 1950 ജനവരി 24 ന് ദേശീയഗാനമായി അംഗീകരിച്ചു. ഇതിന്റെ ഔപചാരികമായ ആലാപനദൈർഘ്യം 52 സെക്കന്റായി നിജപ്പെടുത്തിയിരിക്കുന്നു.
5.ദേശീയ ചിഹ്നം :- നാലു സിംഹങ്ങൾ പരസ്പരം ഒന്നിനോടൊന്ന് പുറംതിരിഞ്ഞു നിൽകുന്ന ധർമചക്രാങ്കിതമായ തല്പമാണ് ഇത്. ഒറ്റനോട്ടത്തിൽ ഗോചരമാകുന്നത് മൂന്ന് സിംഹങ്ങൾ മാത്രം. അവ മുന്നും യഥാക്രമം അധികാരം, ധൈര്യം, ആത്മവിശ്വാസം എന്നിവയെ സൂചിപ്പിക്കുന്നു. ദേശ പ്രതീകമായ സിംഹമുദ്രയുടെ പാദത്തിലായി ദേവനാഗരി ലിപിയിൽ അങ്കനം ചെയ്തിരിക്കുന്നത് ഉപനിഷദ് മന്ത്രമായ "സത്യമേവ ജയതേ" ആണ്. [സത്യം മാത്രം എപ്പോഴും വിജയിക്കുന്നു]
ചില റിപ്പബ്ളിക് ചിത്രങ്ങൾ


NB:-ചിത്രങ്ങൾക്ക് കടപ്പാട് - മാതൃഭൂമി / മലയാള മനോരമ 26/01/2010