S.H.E.M.H.S.S MOOLAMATTOM/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 23 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S.H.E.M.H.S.S MOOLAMATTOM (സംവാദം | സംഭാവനകൾ) ('== സാമൂഹ്യ-സാംസ്കാരിക ചരിത്രം == <gallery> 29013-entenadu1.jpg|Caption1 29...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ-സാംസ്കാരിക ചരിത്രം

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മാനവസംസ്കാരങ്ങള്‍ നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്‍ ഇടുക്കി ജില്ലയിലുണ്ട്. ജില്ലയിലെ കുരങ്ങു പട്ടട, വലിയാര്‍വീട്, കുറുമ്പന്‍കോട്ട, മുനിയറ, നന്നങ്ങാടി, പാണ്ടുകുഴി, പഞ്ചപാണ്ഡവര്‍ മഠങ്ങള്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഇരുപതാംനൂറ്റാണ്ടിലാണ് ശിലായുഗ സംസ്കാരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായത്. തൊപ്പിക്കല്ല്, കുടക്കല്ല്, നാട്ടുകല്ല്, ഒറ്റക്കല്ല്, സംസ്ക്കാര പേടകം, ചുട്ടെടുത്ത പേടകങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി നവീനശിലായുഗത്തിനു ശേഷമുള്ള ലോഹയുഗസംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പുരാവസ്തുശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍ പ്രകാരം ബി.സി 10000-നു മേല്‍ പഴക്കവും പഴമയും കല്‍പ്പിക്കപ്പെടുന്നതും ഗുഹാചിത്രങ്ങള്‍ ഉള്ളതുമായ മറയൂര്‍ ഗുഹകള്‍, വെള്ളപ്പാറ ശിലായുഗ അറകള്‍, മംഗളാദേവിക്ഷേത്രസമുച്ഛയം, അറക്കുളം പൊട്ടന്‍മുടി മലനിരകളിലെ വിശാലമായ ഗുഹാചിത്രങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. പ്രാചീനമായ ചേരസാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നതാണ് ഇന്നത്തെ കേരള സംസ്ഥാനം. ചേരരാജ്യത്തെ വേണാട്, കൂര്‍ക്കനാട്, കുട്ടനാട്, കുടനാട്, പുഴിനാട് എന്നിങ്ങനെ അഞ്ചു നാടുകളായി അക്കാലത്ത് വിഭജിച്ചിരുന്നു. ഇന്നത്തെ ഇടുക്കി ജില്ലയുടെ ബഹുഭൂരിഭാഗം പ്രദേശങ്ങളും അന്നത്തെ കൂര്‍ക്കനാട്ടില്‍ ഉള്‍പ്പെട്ടിരുന്നു. ചേരസാമ്രാട്ടിന്റെ കാലത്ത് ചേരരാജ്യത്തെ 14 നാട്ടുരാജ്യങ്ങളായി വിഭജിച്ചിരുന്നതില്‍ “കീഴ്വൈ മലൈനാട്” എന്ന നാട്ടുരാജ്യം ഇന്നത്തെ തൊടുപുഴ താലൂക്കാണ്. കാരിക്കോട് കോട്ടക്കകത്ത് രണ്ട് പൌരാണിക ക്ഷേത്രങ്ങളും ഒരു മുസ്ളീം ദേവാലയവും സ്ഥിതി ചെയ്യുന്നു. അണ്ണാമലൈക്ഷേത്രം തമിഴ് വാസ്തുശില്‍പകലകളുടെ ഉത്തമോദാഹരണമാണ്. ഈ ക്ഷേത്രത്തിലെ പൂജാ സാമഗ്രികളായ വിളക്ക്, മണി തുടങ്ങിയവ ഏറെ പഴക്കം കല്‍പിക്കപ്പെടുന്നവയാണ്. സംഘകാലത്ത് നിര്‍മ്മിക്കപ്പെട്ടതും രാജപരമ്പരകളുടെ “ഭരദേവത” ക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളതുമാണ് മംഗളാദേവി ക്ഷേത്രം. കണ്ണകി ആണിവിടുത്തെ പ്രതിഷ്ഠ. തിരുവിതാംകൂറില്‍ സ്വാതന്ത്ര്യസമരം ശക്തമായതോടെ ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ഒട്ടനവധിയാളുകള്‍ ഈ ജില്ലയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും മുന്നോട്ടു വരികയുണ്ടായി. നിയമനിഷേധ സമരത്തില്‍ തൊടുപുഴ മേഖലയില്‍ ആദ്യം അറസ്റ്റുവരിച്ചത് രാമനത്താളി കുഞ്ഞിരാമന്‍ വൈദ്യരായിരുന്നു. ജില്ലയില്‍ നിന്നും വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജിയോടൊപ്പം 40 നാള്‍ നീണ്ടു നിന്ന നിരാഹാരവ്രതം അനുഷ്ഠിച്ച “ശങ്കര്‍ജി” ഇടുക്കി ജില്ലയിലെ അരിക്കുഴ നിവാസിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് തിരുവിതാംകൂര്‍ മേഖലയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ പ്രസ്ഥാനം വളര്‍ത്തുവാന്‍ നേതൃത്വപരമായ പങ്കുവഹിച്ചവരില്‍ പ്രമുഖരായിരുന്നു ഈ ജില്ലയില്‍ നിന്നുള്ള അഡ്വ.അഗസ്റ്റ്യന്‍ വഴതനപ്പിള്ളി, കെ.എം.ജോര്‍ജ്ജ്, യു.ഐ.വര്‍ക്കി, പി.വാവച്ചന്‍ തുടങ്ങിയവര്‍. സമരമുഖത്ത് അറസ്റ്റ് വരിച്ച് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നരായിരുന്നു മേല്‍പ്പറഞ്ഞവരെല്ലാം. അക്കാലത്ത് ട്രേഡ് യൂണിയനുകളും ദേശീയ പ്രസ്ഥാനത്തോടൊപ്പം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന മാത്യു.ജി.വലിയകാല 1940-കളുടെ മധ്യത്തില്‍ കോളിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് തൊടുപുഴ മേഖലയില്‍ തൊഴിലാളിസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. പീരുമേടു ഭാഗത്തെ തേയിലത്തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പൊട്ടംകുളം കെ.വി.മത്തായിയുടെ നേതൃത്വത്തിലായിരുന്നു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഇവിടെ സജീവമായി നടന്നിരുന്നു. ആതുര ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ രംഗത്തും മിഷനറിപ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു ആദ്യകാലം മുതല്‍ മുന്‍പന്തിയിലുള്ളത്. 19-ാം നൂറ്റാണ്ടില്‍ തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ഇംഗ്ളീഷ് മീഡിയം സ്ക്കൂളും, ഒരു എല്‍.പി.സ്ക്കൂളും ഇവിടെ നിലവില്‍ വന്നിരുന്നു. ജില്ലയിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനം തൊടുപുഴ ന്യൂമാന്‍ കോളേജാണ്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിഗ് കോളേജ്, ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍, ഇടുക്കിയിലെ മോഡല്‍ പോളിടെക്നിക്, പീരുമേട് പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്നിവയാണ് ഇന്നു സാങ്കേതിക വിദ്യാഭ്യാസരംഗത്തുള്ള പ്രമുഖ സ്ഥാപനങ്ങള്‍. 1917-ലാണ് ജില്ലയിലെ ആദ്യ ഗ്രന്ഥശാല നിലവില്‍ വന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ശുഭാനന്ദസ്വാമികള്‍ കരുന്തരുവി മലയില്‍ സ്ഥാപിച്ച “ആത്മബോധന സംഘം” ഇവിടുത്തെ സാംസ്കാരികമണ്ഡലത്തെ ധന്യമാക്കി. ജില്ലയിലൂടെ ദേശീയപാത-49 കടന്നുപോകുന്നു. പുനലൂര്‍-മൂവാറ്റുപുഴ റോഡ്, കോട്ടയം-കുമിളി റോഡ് എന്നിവയാണ് പ്രധാന സംസ്ഥാന ഹൈവേകള്‍. ചെറുകിട-ഇടത്തര വ്യവസായരംഗങ്ങളില്‍ മുന്‍കാല സ്ഥിതിവിശേഷങ്ങളില്‍ നിന്നും കാതലായ മാറ്റങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്. ജില്ലയില്‍ പട്ടുനൂല്‍ വളര്‍ത്തലിനും, മള്‍ബറികൃഷിക്കും വമ്പിച്ച സാധ്യതകളുണ്ട്. ഏറ്റവും കൂടുതല്‍ മലഞ്ചരക്കു വ്യാപാരം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇടുക്കി. ജില്ലയില്‍ 7-ല്‍ പരം ജലവൈദ്യുത പദ്ധതികളുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 80% ഉല്‍പാദിപ്പിക്കുന്നതും ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളില്‍ നിന്നാണ്. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രം, ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടി എന്നിവ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഇടുക്കി അണക്കെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ആണ്.

"https://schoolwiki.in/index.php?title=S.H.E.M.H.S.S_MOOLAMATTOM/എന്റെ_ഗ്രാമം&oldid=362258" എന്ന താളിൽനിന്ന് ശേഖരിച്ചത്