S.H.E.M.H.S.S MOOLAMATTOM/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ-സാംസ്കാരിക ചരിത്രം

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള മാനവസംസ്കാരങ്ങൾ നിലനിന്നിരുന്ന നിരവധി പ്രദേശങ്ങൾ ഇടുക്കി ജില്ലയിലുണ്ട്. ജില്ലയിലെ കുരങ്ങു പട്ടട, വലിയാർവീട്, കുറുമ്പൻകോട്ട, മുനിയറ, നന്നങ്ങാടി, പാണ്ടുകുഴി, പഞ്ചപാണ്ഡവർ മഠങ്ങൾ എന്നീ കേന്ദ്രങ്ങളിൽ നിന്നും ഇരുപതാംനൂറ്റാണ്ടിലാണ് ശിലായുഗ സംസ്കാരാവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായത്. തൊപ്പിക്കല്ല്, കുടക്കല്ല്, നാട്ടുകല്ല്, ഒറ്റക്കല്ല്, സംസ്ക്കാര പേടകം, ചുട്ടെടുത്ത പേടകങ്ങൾ, മൺപാത്രങ്ങൾ തുടങ്ങി നവീനശിലായുഗത്തിനു ശേഷമുള്ള ലോഹയുഗസംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പുരാവസ്തുശാസ്ത്രജ്ഞരുടെ നിഗമനങ്ങൾ പ്രകാരം ബി.സി 10000-നു മേൽ പഴക്കവും പഴമയും കൽപ്പിക്കപ്പെടുന്നതും ഗുഹാചിത്രങ്ങൾ ഉള്ളതുമായ മറയൂർ ഗുഹകൾ, വെള്ളപ്പാറ ശിലായുഗ അറകൾ, മംഗളാദേവിക്ഷേത്രസമുച്ഛയം, അറക്കുളം പൊട്ടൻമുടി മലനിരകളിലെ വിശാലമായ ഗുഹാചിത്രങ്ങൾ എന്നിവയുൾപ്പെടുന്നു. പ്രാചീനമായ ചേരസാമ്രാജ്യത്തിൽ ഉൾപ്പെടുന്നതാണ് ഇന്നത്തെ കേരള സംസ്ഥാനം. ചേരരാജ്യത്തെ വേണാട്, കൂർക്കനാട്, കുട്ടനാട്, കുടനാട്, പുഴിനാട് എന്നിങ്ങനെ അഞ്ചു നാടുകളായി അക്കാലത്ത് വിഭജിച്ചിരുന്നു. ഇന്നത്തെ ഇടുക്കി ജില്ലയുടെ ബഹുഭൂരിഭാഗം പ്രദേശങ്ങളും അന്നത്തെ കൂർക്കനാട്ടിൽ ഉൾപ്പെട്ടിരുന്നു. ചേരസാമ്രാട്ടിന്റെ കാലത്ത് ചേരരാജ്യത്തെ 14 നാട്ടുരാജ്യങ്ങളായി വിഭജിച്ചിരുന്നതിൽ “കീഴ്വൈ മലൈനാട്” എന്ന നാട്ടുരാജ്യം ഇന്നത്തെ തൊടുപുഴ താലൂക്കാണ്. കാരിക്കോട് കോട്ടക്കകത്ത് രണ്ട് പൌരാണിക ക്ഷേത്രങ്ങളും ഒരു മുസ്ളീം ദേവാലയവും സ്ഥിതി ചെയ്യുന്നു. അണ്ണാമലൈക്ഷേത്രം തമിഴ് വാസ്തുശിൽപകലകളുടെ ഉത്തമോദാഹരണമാണ്. ഈ ക്ഷേത്രത്തിലെ പൂജാ സാമഗ്രികളായ വിളക്ക്, മണി തുടങ്ങിയവ ഏറെ പഴക്കം കൽപിക്കപ്പെടുന്നവയാണ്. സംഘകാലത്ത് നിർമ്മിക്കപ്പെട്ടതും രാജപരമ്പരകളുടെ “ഭരദേവത” ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതുമാണ് മംഗളാദേവി ക്ഷേത്രം. കണ്ണകി ആണിവിടുത്തെ പ്രതിഷ്ഠ. തിരുവിതാംകൂറിൽ സ്വാതന്ത്ര്യസമരം ശക്തമായതോടെ ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഒട്ടനവധിയാളുകൾ ഈ ജില്ലയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്നും മുന്നോട്ടു വരികയുണ്ടായി. നിയമനിഷേധ സമരത്തിൽ തൊടുപുഴ മേഖലയിൽ ആദ്യം അറസ്റ്റുവരിച്ചത് രാമനത്താളി കുഞ്ഞിരാമൻ വൈദ്യരായിരുന്നു. ജില്ലയിൽ നിന്നും വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം 40 നാൾ നീണ്ടു നിന്ന നിരാഹാരവ്രതം അനുഷ്ഠിച്ച “ശങ്കർജി” ഇടുക്കി ജില്ലയിലെ അരിക്കുഴ നിവാസിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് തിരുവിതാംകൂർ മേഖലയിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനം വളർത്തുവാൻ നേതൃത്വപരമായ പങ്കുവഹിച്ചവരിൽ പ്രമുഖരായിരുന്നു ഈ ജില്ലയിൽ നിന്നുള്ള അഡ്വ.അഗസ്റ്റ്യൻ വഴതനപ്പിള്ളി, കെ.എം.ജോർജ്ജ്, യു.ഐ.വർക്കി, പി.വാവച്ചൻ തുടങ്ങിയവർ. സമരമുഖത്ത് അറസ്റ്റ് വരിച്ച് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നരായിരുന്നു മേൽപ്പറഞ്ഞവരെല്ലാം. അക്കാലത്ത് ട്രേഡ് യൂണിയനുകളും ദേശീയ പ്രസ്ഥാനത്തോടൊപ്പം ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന മാത്യു.ജി.വലിയകാല 1940-കളുടെ മധ്യത്തിൽ കോളിയാർ എസ്റ്റേറ്റിലെ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് തൊടുപുഴ മേഖലയിൽ തൊഴിലാളിസംഘടനയുടെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. പീരുമേടു ഭാഗത്തെ തേയിലത്തോട്ടം തൊഴിലാളികൾക്കിടയിൽ പൊട്ടംകുളം കെ.വി.മത്തായിയുടെ നേതൃത്വത്തിലായിരുന്നു ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും ഇവിടെ സജീവമായി നടന്നിരുന്നു. ആതുര ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ രംഗത്തും മിഷനറിപ്രസ്ഥാനങ്ങൾ തന്നെയായിരുന്നു ആദ്യകാലം മുതൽ മുൻപന്തിയിലുള്ളത്. 19-ാം നൂറ്റാണ്ടിൽ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഇംഗ്ളീഷ് മീഡിയം സ്ക്കൂളും, ഒരു എൽ.പി.സ്ക്കൂളും ഇവിടെ നിലവിൽ വന്നിരുന്നു. ജില്ലയിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനം തൊടുപുഴ ന്യൂമാൻ കോളേജാണ്. തൊടുപുഴയിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിഗ് കോളേജ്, ടെക്നിക്കൽ ഹയർസെക്കന്ററി സ്ക്കൂൾ, ഇടുക്കിയിലെ മോഡൽ പോളിടെക്നിക്, പീരുമേട് പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കന്ററി സ്ക്കൂൾ എന്നിവയാണ് ഇന്നു സാങ്കേതിക വിദ്യാഭ്യാസരംഗത്തുള്ള പ്രമുഖ സ്ഥാപനങ്ങൾ. 1917-ലാണ് ജില്ലയിലെ ആദ്യ ഗ്രന്ഥശാല നിലവിൽ വന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ശുഭാനന്ദസ്വാമികൾ കരുന്തരുവി മലയിൽ സ്ഥാപിച്ച “ആത്മബോധന സംഘം” ഇവിടുത്തെ സാംസ്കാരികമണ്ഡലത്തെ ധന്യമാക്കി. ജില്ലയിലൂടെ ദേശീയപാത-49 കടന്നുപോകുന്നു. പുനലൂർ-മൂവാറ്റുപുഴ റോഡ്, കോട്ടയം-കുമിളി റോഡ് എന്നിവയാണ് പ്രധാന സംസ്ഥാന ഹൈവേകൾ. ചെറുകിട-ഇടത്തര വ്യവസായരംഗങ്ങളിൽ മുൻകാല സ്ഥിതിവിശേഷങ്ങളിൽ നിന്നും കാതലായ മാറ്റങ്ങൾ ഇന്നുണ്ടായിട്ടുണ്ട്. ജില്ലയിൽ പട്ടുനൂൽ വളർത്തലിനും, മൾബറികൃഷിക്കും വമ്പിച്ച സാധ്യതകളുണ്ട്. ഏറ്റവും കൂടുതൽ മലഞ്ചരക്കു വ്യാപാരം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇടുക്കി. ജില്ലയിൽ 7-ൽ പരം ജലവൈദ്യുത പദ്ധതികളുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 80% ഉൽപാദിപ്പിക്കുന്നതും ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളിൽ നിന്നാണ്. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രം, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം, ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി എന്നിവ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഇടുക്കി അണക്കെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ആണ്.


"https://schoolwiki.in/index.php?title=S.H.E.M.H.S.S_MOOLAMATTOM/എന്റെ_ഗ്രാമം&oldid=404057" എന്ന താളിൽനിന്ന് ശേഖരിച്ചത്