ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ വിദ്യയുമായി ചാരമംഗലം സ്കൂളിൽ 'ലിറ്റിൽ കൈറ്റ്‌സ്' ഏകദിന ക്യാമ്പ്

ചേർത്തല: ആധുനിക സാങ്കേതികവിദ്യയുടെ പുത്തൻ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂളിൽ ലിറ്റിൽ കൈറ്റ്‌സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ എച്ച്.എം ഇൻ ചാർജ്ജ് ശ്രീമതി നിഷ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാറുന്ന കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഏറെ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ ഓർമ്മിപ്പിച്ചു. കൈറ്റ് മെൻ്റർ ശ്രീ ഷാജി പി.ജെ സ്വാഗതം കൈറ്റ് മെൻ്റർ ശ്രീമതി. വിജു പ്രിയ വി എസ് നന്ദിയും പറഞ്ഞു.പ്രധാന ആകർഷണങ്ങൾ:റീൽസ് നിർമ്മാണവും പ്രസക്തിയും: സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചാരമുള്ള 'റീൽസുകളുടെ' ക്രിയാത്മകമായ ഉപയോഗത്തെക്കുറിച്ച് ക്ലാസുകൾ നടന്നു.വീഡിയോ എഡിറ്റിംഗ്: പ്രൊഫഷണൽ രീതിയിൽ വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.മുഹമ്മ ഏ.ബി വിലാസം സ്കൂളിലെ റിസോഴ്‌സ് പേഴ്‌സൺ ആതിര ഭദ്രൻ ക്യാമ്പിന് നേതൃത്വം നൽകി. ലളിതമായ രീതിയിൽ ഫ്രീ സോഫ്റ്റ്വെവയെർ ആയ കെഡൻ ലൈവിൽ വീഡിയോ എഡിറ്റിംഗിലെ സാങ്കേതിക വശങ്ങൾ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. നിരവധി ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കുട്ടികൾക്ക് പുതിയൊരു ഡിജിറ്റൽ അനുഭവമായി മാറി.

സ്‌കൂൾ പ്രവേശനോത്സവം മധുരതരമായി

പുതുവർഷത്തിൻ്റെ ആവേശവുമായി 2026-27 അധ്യയന വർഷത്തെ ആലപ്പുഴ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. ജൂൺ 1-ാം തീയതി ഗവ. ഡി വി എച്ച് എസ് എസ് ചാരമംഗലം സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മനോഹരമായ ഒരു ഉത്സവമായി മാറി. ജില്ലാതല പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ. പി. പ്രസാദ് നിർവ്വഹിച്ചു. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ പങ്കിനെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി. മഹേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചടങ്ങിൽ സന്നിഹിതരായവർക്ക് സ്വാഗതം ആശംസിച്ചു. ശ്രീമതി. വിജയശ്രീ സുനിൽ (ജില്ലാ പഞ്ചായത്ത് അംഗം ),അഡ്വ. എം സന്തോഷ് കുമാർ (പ്രസിഡൻ്റ് .കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ മേഖലകളിലെ വിശിഷ്ഠ വ്യക്തികൾ ചടങ്ങിന് ആശംസകൾ നേർന്നു .കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമിക - അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കുകയും മികവ് തെളിയിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് പ്രത്യേക ഉപഹാരങ്ങൾ സമർപ്പിച്ചു. പുതിയതായി എത്തിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായി സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. സ്‌കൂളിൻ്റെ ഐ.ടി രംഗത്തെ മുന്നേറ്റവും മറ്റ് മികവുകളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രൊജക്ടറിൻ്റെ സഹായത്തോടെ വേദിയിൽ പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പുതിയ ക്ലാസുകളിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ നൽകി. തുടർന്ന് പ്രവേശനോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും മധുരമൂറുന്ന പായസവും വിതരണം ചെയ്തു.ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും, പരിപാടി വൻ വിജയമാക്കാൻ സഹകരിച്ചവർക്കും സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി. രശ്‌മി ടീച്ചർ നന്ദി രേഖപ്പെടുത്തിയതോടെ ഈ വർഷത്തെ പ്രവേശനോത്സവ ചടങ്ങുകൾക്ക് സമാപനമായി.