റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/Alumni
ലിറ്റിൽ കൈറ്റ്‌സ് പകർന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ പൂർവ വിദ്യർത്ഥികൾ
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അറിയാ വാതിലുകൾ വിദ്യാർത്ഥികൾക്ക് തുറന്നു നൽകുക മാത്രമല്ല ലിറ്റിൽ കൈറ്റ്‌സ്. പുത്തൻ അറിവിന്റെ വെളിച്ചത്തിൽ ഭാവിയിലേക്കുള്ള സാധ്യതകളെക്കൂടി അവർക്ക് പരിചയപ്പെടുത്തുകയാണ്. ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾ തങ്ങൾക്ക് പരിചയപ്പെടുത്തി തന്നത് ലിറ്റിൽ കൈറ്റ്‌സ് ആണെന്ന് പൂർവ വിദ്യാർത്ഥികൾ പങ്കുവയ്ക്കുമ്പോൾ ഇരട്ടിമധുരം.
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുമ്പോൾ മുതൽ് ഐടി അനുബന്ധമായ നിരവധി പരിശീലനങ്ങളാണ് നൽകി വരുന്നത്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ-കൊമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങിയവയിൽ മികച്ച പരിശീലനമാണ് ലഭിക്കുന്നത്. കൈറ്റിൽ നിന്നും പഠിച്ചിറങ്ങുന്ന നിരവധി വിദ്യർത്ഥികൾക്ക് ഈ പരിലീനനം അവരുടെ തുടർ പഠനകാലത്തും പ്രയോജനപ്രദമായി മാറുന്നു എന്നത് അവർ തന്നെ പങ്കുവയ്ക്കുകയാണ് ഇവിടെ.
അനുഭവങ്ങളുടെ കരുത്തു പകർന്ന ലിറ്റിൽ കൈറ്റ്‌സ്

ശ്രീപതി : ലിറ്റിൽ കൈറ്റ്‌സ് അംഗം (2019-2020)
എന്റെ സ്‌കൂൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണ് ലിറ്റിൽ കൈറ്റ്‌സ് അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത്. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിരവധി മേഖലകളെക്കുറിച്ച് പുതിയ അറിവുകൾ നേടാൻ ഇത് സഹായിച്ചു. ഉപജില്ലാ ജില്ലാതല ക്യാമ്പുകൾ ഒരിക്കലും മറക്കാൻ കഴിയില്ല. ടെക്‌നോളജി സംബന്ധമായ പുത്തനറിവുകൾ നേടാനും എന്നെപ്പോലെയുള്ള നിരവധി കൂട്ടുകാരെ പരിചയപ്പെടാനും ഇത് അവസരം ഒരുക്കി. എന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് സ്‌ക്രാച്ച്, ടുപി ട്യൂബ് ഡെസ്‌ക്, മലയാളം ടൈപ്പിംഗ് എന്നിവ പഠിക്കാൻ കഴിഞ്ഞതാണ്.
കൈറ്റ്‌സിന്റെ ഡിജിറ്റൽ മാഗസിൻ ഫ്രെയിംസിന്റെ എഡിറ്ററായി പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനത്തോടെ ഓർക്കുന്നു. പിന്നീട് കോളേജ് മാഗസിൻ എഡിറ്ററായി തിരഞ്ഞെടുക്കപ്പോൾ ഈ മുൻപരിചയത്തിന്റെ ബലത്തിൽ എനിക്ക് കാര്യങ്ങൾ ഏറ്റടുത്ത് നടത്താൻ സഹായമായി. ലിറ്റിൽ കൈറ്റ്‌സിന്റെ എല്ലാ ക്ലാസ്സുകളും ആകർഷകവും പ്രായോഗികവും ആയിരുന്നു. അക്കാദമിക് മേഖലയിൽ മാത്രമല്ല ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ എനിക്ക് ആത്മവിശ്വാസം ലഭിച്ചു. ടീം വർക്കിന്റെ പ്രാധാന്യം, നവീകരണം, ഡിജിറ്റൽ ഉത്തരവാദിത്വം എന്നിവയുടെ പ്രാധാന്യം ലിറ്റിൽ കൈറ്റ്‌സ് എന്നെ പഠിപ്പിച്ചു.
അന്നത്തെ അധ്യാപകരുടെ പിന്തുണ എന്നെ വളരെയധികം സഹായിച്ചു. ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബിന്റെ ഭാഗമായത് സാങ്കേതിക വിദ്യയോട് ഉള്ള എന്റെ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ലോകത്ത് പഠനം തുടരുന്നതിനും എന്നെ പ്രചോദിപ്പിച്ചു. ഞാനിപ്പോൾ ഫുഡ് ടെക്‌നോളജിയിൽ ബിരുദ വിദ്യാർത്ഥിയാണ്. ലിറ്റിൽ കൈറ്റ്‌സ് എനിക്ക് നൽകിയ അറിവുകൾ എന്റെ മേഖലയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നു എന്നതാണ് അഭിമാനം. അതുകൊണ്ടുതന്നെ ലിറ്റിൽ കൈറ്റ്‌സ് എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവാണെന്ന് നിസംശയം പറയാം.
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ പകർന്ന ലിറ്റിൽ കൈറ്റ്‌സ്
അഭിജിത്ത്
(എയ്‌റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി)

സാങ്കേതിക വിദ്യ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ പുതിയ കാലത്താണ് നാം ജീവിക്കുന്നത്. അത്തരമൊരു തിരിച്ചറിവിൽ നിന്നാകാം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്‌സ് പദ്ധതി നടപ്പിക്കിയത്. ഞാനടക്കമുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ പകർന്നത് ലിറ്റിൽ കൈറ്റ്‌സ് ആണെന്ന് സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ. സ്‌കൂൾ പഠനകാലത്ത് ഞാൻ ലിറ്റിൽ കൈറ്റ്‌സിലെ സജീവ പ്രവർത്തകനായിരുന്നു. ആ കൂട്ടായ്മയും അതിലെ പ്രവർത്തനങ്ങളും എനിക്ക് ജീവിതത്തിലും മുന്നോട്ടുള്ള പഠനകാലയളവിലും വലിയ സഹായമായി മാറി. പ്ലസ്ടുവിന് ഞാൻ കമ്പ്യൂട്ടർ സയൻസ് വിദ്യർത്ഥിയായിരുന്നു. ലിറ്റിൽ കൈറ്റ്‌സ് ക്ലാസുകളിലൂടെ ലഭിച്ച ഐടി പരിശീലനമാണ് കമ്പ്യൂട്ടർ സയൻസ് തിരഞ്ഞെടുക്കാൻ എനിക്ക് ആത്മവിശ്വാസം നൽകിയത്. ഇപ്പോൾ ഞാൻ കടമ്മനിട്ട മൗണ്ട് സീയോൺ കോളജ് ഓഫ് എഞ്ചിനീയറിംഗ് കോളജിലെ എയ്‌റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ്. എന്റെ പഠനത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ടു നയിക്കുന്നതിൽ ലിറ്റിൽ കൈറ്റ്‌സിന് വലിയ പങ്കുണ്ടെന്ന് അനുഭവത്തിൽ നിന്ന് നിസംശയം പറയാം.
എന്റെ കോഴ്‌സിൽ ഇപ്പോൾ Python എന്ന വിഷയവും ഉൾപ്പെട്ടിരിക്കുന്നു. ഞാൻ ലിറ്റിൽ കൈറ്റ്‌സ് വഴിയാണ് അതിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും മനസ്സിലാക്കുന്നതും. ഇതിന്റെ അടിസ്ഥാന കാര്യങ്ങളും പഠന രീതികളും നേരത്തെ മനസ്സിലാക്കാൻ വഴിയൊരുക്കിയത് ലിറ്റിൽ കൈറ്റ്‌സ് ആണ്. സാങ്കേതികവിദ്യാഭ്യാസത്തെ സ്വപ്‌നമായി കാണുന്ന വിദ്യാർത്ഥികൾക്ക് വലിയ അനുഭവമായി ലിറ്റിൽ കൈറ്റ്‌സ് മാറുമെന്നതിൽ സംശയമില്ല.