2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

ആമുഖം

കേരളം പൊതുവിദ്യാലയങ്ങളുടെ നാട്. നാം ഈ കാണുന്ന കേരളമായതിൻ്റെ പിന്നിൽ പൊതുവിദ്യാലയങ്ങളുടെ പങ്ക് വളരെ വലുതാണ്.മനുഷ്യന് വഴി നടക്കാൻ അവകാശമില്ലാത്ത കാലത്ത് നിന്ന് ഇന്നിൻ്റെ മോഹിപ്പിക്കുന്ന ജീവിത നിലവാരത്തിലേക്കും ലോക മാതൃകയിലേക്കും കേരളം മുന്നേ നടന്നതിൻ്റെ ആണിക്കല്ല് നവോത്ഥാന നായകരുടെ കാഴ്ചപ്പാടും പോരാട്ടവും അതിൻ്റെ തുടർച്ചയായി ഗ്രാമങ്ങൾ തോറും വന്ന പൊതുവിദ്യാലയങ്ങളുമാണ്ശ്രീനാരയണ ഗുരുവും , അയ്യങ്കാളിയും, വക്കം മൗലവിയും മുന്നോട്ടുവച്ച സമത്വത്തിൻ്റെ സ്വപ്നങ്ങൾ മുന്നോട്ട് കൊണ്ട് പോണ്ട് പോവേണ്ടത് പുതുതലമുറയിലെ അധ്യാപകരും വിദ്യാർത്ഥികളും ആണെന്ന കാര്യത്തിൽ  യാതൊരു സംശയവുമില്ലകാലവും കഥയും മാറിയ നാട്ടിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ വെല്ലുവിളി നേരിടുന്നുണ്ടോ എന്ന് നാംആഴത്തിൽപരിശോധിക്കേണ്ടതുണ്ട്.അവനവനിലേക്ക് ഒതുങ്ങുന്ന കാലത്ത് തൻ്റെ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, വിദ്യാഭ്യാസം എന്നാൽ തൊഴിൽ നേടാനുള്ള വഴി എന്ന് മാത്രം ചിന്തിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ' അത് കൊണ്ട് തന്നെ നാം ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത്

1923 ൽ സ്ഥാപിതമായഎ എം എൽ പി സ്കൂൾ വില്ലൂർ നൂറുവർഷം പിന്നിടുമ്പോൾ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇടയിൽ പുരോഗതി വളർത്താൻ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കഴിഞ്ഞവർഷം സ്കൂളിൻറെ സമഗ്ര വളർച്ചയ്ക്ക് അനിവാര്യമായ പങ്കുവഹിച്ചിട്ടുണ്ട് മുൻസിപ്പൽ ഉപജില്ല കലാമേളകളും വിദ്യാരംഗം അവാർഡുകളും നൂതനാശയങ്ങൾക്കുള്ള അവാർഡും നമുക്ക് എടുത്തു പറയേണ്ട മികവുകളാണ് ഈ കഴിഞ്ഞ വർഷം അവസാനം നമ്മുടെ 9 വിദ്യാർഥികൾ എൽഎസ്എസ് സ്കോളർഷിപ്പിൽ ഉന്നത വിജയം നേടിയതും നമ്മളുടെ മികവിന്റെ തെളിവുകളാണ് മികച്ച വിദ്യാഭ്യാസം അവസാന കുട്ടിക്കും എന്ന ലക്ഷ്യത്തോടെ ഈ അധ്യാന വർഷം നടത്തുന്ന സ്കൂൾ പ്രവർത്തനങ്ങളാണ് താഴെ നൽകുന്നത്

പ്രവേശനോത്സവം

വേനലവധി കഴിഞ്ഞ് പുത്തൻകുടയും ബാഗുമായി കുരുന്നുകൾ വീണ്ടും വിദ്യാലയ മുറ്റത്തെത്തി. വ്യത്യസ്ത നിറങ്ങളാർന്ന തോരണങ്ങളും വർണ്ണാഭമായ ബലൂണുകളും സെൽഫി കോർണറുമൊരുക്കി വിദ്യാലയം അലങ്കരിച്ചാണ് കുരുന്നുകളെ വരവേറ്റത്. നവാഗതരെ വ്യത്യസ്ത നിറങ്ങളിലുള്ള ടീഷർട്ടുകൾ അണിയിച്ച് വർണ്ണ കുടകളുമേന്തിയാണ് വിദ്യാലയ മുറ്റത്തേക്ക് വരവേറ്റത്. പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റുകൂട്ടി.

              കോട്ടക്കൽ നഗരസഭ തല പ്രവേശനോത്സവം ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ ആയിരുന്നു. പ്രവേശനോത്സവം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ കെ ഹനീഷ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാ റൊളി റംല ടീച്ചർ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു സംസാരിച്ചു.

പുതിയ വിദ്യാർത്ഥികളെ വരവേൽക്കാൻ വാർഡ് കൗൺസിലർ ടി പി സെറീന നേതൃത്വം നൽകി. ബി ആർ സി കോഡിനേറ്റർ സിജി അജിത് വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതി നൽകി. കുഞ്ഞുഹൃദയങ്ങളിൽ ആ സമ്മാനപ്പൊതികൾ സന്തോഷകണങ്ങളായി മാറിയിരുന്നു. ശേഷം കുരുന്നുകൾ പാട്ടുപാടിയും നൃത്തം ചെയ്തും പരിപാടി കൂടുതൽ കളറാക്കി. രക്ഷിതാക്കൾക്കുള്ള മത്സരവും വേദിയിൽ നടന്നു സമ്മാനങ്ങൾ നൽകി. പി.ടി എ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് ഷീനാ വിപുൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി സി സിദിൻ മാസ്റ്റർ സ്വാഗതവും, പി ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.അങ്കണമുറ്റത്തെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി .പായസം മധുരവുമായി ആദ്യനാളിന്റെ മറക്കാനാവാത്ത മധുര ഓർമ്മകളുമായാണ് ഓരോ കുരുന്നും പ്രവേശനോത്സവം കഴിഞ്ഞുപോയത്.

 
പ്രവേശനോത്സവം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ കെ ഹനീഷ ഉദ്ഘാടനം ചെയ്തു.
 
പ്രവേശനോത്സവം



പരിസ്ഥിതി ദിനം

പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ്എല്ലാവർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം നാം ആഘോഷിക്കുന്നത്. മനുഷ്യൻ്റെ പ്രവർത്തനങ്ങൾ വഴി പരിസ്ഥിതിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ തടയുകയും ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. പരിസ്ഥിതിയെ നശിപ്പിക്കുന്ന എല്ലാത്തരം ചൂഷണ പ്രവർത്തനങ്ങളും നാം അവസാനിപ്പിക്കണം. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.

    5/ 6/25 ന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. ഈ വർഷം വേറിട്ട ഒരു പ്രവർത്തനമാണ് സ്കൂളിൽ നടത്തിയത്. നാട്ടുമാവിൽ വിത്തുകൾ ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ ശേഖരിച്ചുവന്നു. അവയിൽ കുറച്ച് പുത്തൂർ ബൈപ്പാസിലും ബാക്കി വന്നവ വിവിധ സ്ഥലങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്തു. നാട്ടുമാവിന്റെ അതിജീവനത്തിനുള്ള വ്യത്യസ്ത പ്രവർത്തനമായിരുന്നു നടത്തിയത്. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തി. ഒന്നാം സ്ഥാനം ദുൽക്കർ ഷ , രണ്ടാം സ്ഥാനം വജിഹ, മൂന്നാം സ്ഥാനം ഫർദാൻ എന്നിവർ കരസ്ഥമാക്കി.ഓരോ ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണവും നടന്നു.

 
പരിസ്ഥിതി ദിനം
 
പരിസ്ഥിതി ദിനം

വായന വാരം

ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19 .അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു.

     19/6/25 ന് സ്കൂളിൽ വായനവാരത്തിന്റെ ഭാഗമായി മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ മുതൽ അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ പുസ്തകമായ രാത്രി 12ന് ശേഷം വരെ കുട്ടികളെ പരിചയപ്പെടുത്തി. വളരെ മനോഹരമായി തന്നെ കുട്ടികളെ ഇതിന് തയ്യാറാക്കി. ഒന്നു മുതൽ നാലു വരെ ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ഓരോ പുസ്തകവുമായി അണിനിരന്നു.പ്രഥമാധ്യാപകൻ ടി സി സിദിൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫസീല പി അശ്വിൻ സുരേഷ്, ഷെറിൻ, ഉമ്മു ഹബീബ , അനുഷ എന്നിവർ സംസാരിച്ചു.

ഞാനും വായനയിലേക്ക്

ലോകത്തിൻ്റെ വെളിച്ചമാണ് പുസ്തകങ്ങൾ. കണ്ണുകൾ തുറന്ന് സ്വപ്നം കാണാൻ പഠിപ്പിച്ച അത്ഭുത ലോകമാണ് വായന. വായന വളരണമെങ്കിൽ പുസ്തകങ്ങളോട് ചങ്ങാത്ത കൂടണം. വായനവാരത്തിന്റെ ഭാഗമായി ഒന്നു മുതൽ നാലു വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകി. ഞാനും വായനയിലേക്ക് എന്ന സെൽഫി കോർണർ ഒരുക്കുകയും ഓരോ വിദ്യാർത്ഥിയും അവർക്ക് കിട്ടിയ പുസ്തകവുമായി ഫോട്ടോ എടുക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം

  കുരുന്നുകളുടെ സൃഷ്ടികൾക്ക് വേദിയാകുന്ന ഒരു വാതിൽ പടിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഇവിടെ വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വളർത്തുവാനും, പരിപോഷിപ്പിക്കാനും, ഭയരഹിതമായി ആടാനും, പാടാനും, കഥയെഴുതാനും, കവിതയെഴുതാനും, അഭിനയിക്കാനും പ്രാപ്തരാക്കുന്നു.

     20/6/25 വെള്ളിയാഴ്ച അധ്യാപകനും എഴുത്തുകാരനുമായ പി ടി മണികണ്ഠൻ മാഷ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾക്ക് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾക്ക് മനസ്സിൽ സന്തോഷം പകരുന്ന അതിമനോഹരമായ ശിശിരത്തിലെ ഓക്കുമരം എന്ന കഥ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ കുട്ടികൾക്ക് പാടാനും ആടാനും അവസരം ഒരുക്കി കൊടുത്തു. ശേഷം ഒരു പാട്ടു പാടുകയും അതിൻ്റെ കൂടുതൽ വരികൾ കുട്ടികൾ കണ്ടെത്തി മാഷിനോടൊപ്പം പാടുകയും ചെയ്തു .കുട്ടികളോട് ഒരു തീം അടിസ്ഥാനമാക്കി കവിത സ്വയം രചിക്കാനും പറയുകയുണ്ടായി. ഈ ചടങ്ങിന് പി ടി എ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു . പ്രധാന അധ്യാപകൻ ടി സി സിദിൻ മാഷ് സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹം എഴുതിയ ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു.

ഓർമ്മയിലെ എൻ്റെ വിദ്യാലയം

അംന ഫാത്തിമ . പി

എൻറെ വിദ്യാലയം എ എം എൽ പി സ്കൂൾ വില്ലൂർ.. ഒരു സ്നേഹത്തിൻ്റെ ലോകമായിരുന്നു.ജീവിതത്തിലെ പല അനുഭവങ്ങളും നമ്മൾ മറന്നു പോകാറുണ്ട് , പക്ഷേ... ബാല്യകാല സ്കൂൾ ജീവിതം നമ്മുടെ ഹൃദയത്തിൽ എന്നും മായാത്ത ഒരോർമ്മയായിട്ടാണ് നിലനിൽക്കുന്നത്. ഞാൻ എന്നും ഓർക്കുന്നു എന്റെ അധ്യാപകരുടെ സ്നേഹവും പ്രോത്സാഹനവും. എളിമയും സ്നേഹവും നിറഞ്ഞ ഈ വിദ്യാലയമാണ് എനിക്ക് നല്ല ജീവിതത്തിന് വഴികാട്ടിയത്.

                ഞാൻ ജനിച്ചു വളർന്ന നാടായ ചെറുകുന്ന് നിന്നും താമസം മാറിയാണ് ഞങ്ങൾ ഉദരാണിയിൽ എത്തിയത്. അതൊരു ഏപ്രിൽ മാസം ആയിരുന്നു. അങ്ങനെ ജൂൺ കടന്നുവന്നു, മനസ്സിൽ വല്ലാത്ത ഒരു പേടി ,പുതിയ സ്കൂൾ ... ഇനി പുതിയ കൂട്ടുകാർ... പുതിയ അധ്യാപകർ... ഓർക്കും തോറും മനസ്സിന് വല്ലാത്ത പേടി തോന്നിയിരുന്നു.

      അങ്ങനെ ജൂൺ 1 , മഴയുള്ള ദിവസമായിരുന്നു. പുത്തൻകുടയും ബാഗുമായി എൻ്റെ ഉപ്പയുടെ കൂടെ വില്ലൂർ സ്കൂളിൻ്റെ മുറ്റത്തെത്തി.സ്കൂൾ മുറ്റത്തെത്തിയപ്പോൾ മനസ്സിൽ വല്ലാത്തൊരു ആദിയായിരുന്നു. നാലാം ക്ലാസിലേക്ക് ആണ് ഞാൻ  വന്നത്. സ്കൂളിൽ പ്രവേശനോത്സവം ആയിരുന്നു. ചില കുട്ടികൾ എന്നെ പരിചയപ്പെട്ടു. മൂന്നുവർഷം ഒന്നിച്ച് കളിച്ചും രസിച്ചും നടന്നിരുന്ന കൂട്ടുകാരെ എനിക്ക് നഷ്ടമായ പോലെ..., അതൊരു വേദനയായി തോന്നി.ഇനി പുതിയ തുടക്കം, പുതിയ കൂട്ടുകാർ''ഞാൻ മനസ്സിൽ മന്ത്രിച്ചു. പിന്നീടുള്ള ദിവസങ്ങൾ നാലാം ക്ലാസിൽ... കുട്ടികളെല്ലാം നല്ല കൂട്ടായി, കളിയിലും ചിരിയിലും ,പഠനത്തിലും എല്ലാം ഒന്നിച്ച് ..ക്ലാസ് അധ്യാപകനായി ഞങ്ങളുടെ പ്രിയപ്പെട്ട സിദിൻ മാഷും.

           ചില അനുഭവങ്ങൾ നമുക്ക് മറക്കാനാവാത്ത ഒന്നായിരിക്കും. അത് ജീവിതത്തിൽ നല്ലൊരു പാഠവും ആയിരിക്കും. എനിക്കുണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ കുറിക്കുന്നു... ഞാൻ വന്ന രണ്ടാം ദിവസം ഞങ്ങളുടെ ക്ലാസ് അധ്യാപകനായ സിദിൻ മാഷ് കവിത എഴുതാൻ പറഞ്ഞു ..ഞാൻ അത് എഴുതുകയായിരുന്നു. എഴുതുന്നതിനിടയിൽ 'ക' എന്ന അക്ഷരം തെറ്റിയപ്പോൾ ഞാനത് വെട്ടിക്കറുപ്പിച്ചു. അത് കണ്ട സിദിൻ മാഷ് അത്യാവശം നല്ലൊരു അടി തന്നു .നല്ല വേദനയുണ്ടായിരുന്നു. എന്നിട്ട് മാഷ് പറഞ്ഞു തെറ്റിയാൽ ഒരു വര മാത്രം വരക്കുക ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിക്കുകയും ചെയ്തു . ഇത് പിന്നീട് എനിക്കൊരു നല്ല പാഠമായാണ് തോന്നിയത്. ഇന്നും തെറ്റ് വരുമ്പോൾ അതു മായ്ക്കുന്നതിന് മുമ്പ് ആ സംഭവം ഞാൻ ഓർക്കാറുണ്ട് . അന്ന് വേദനിച്ചപ്പോൾ കരച്ചിൽ വന്നെങ്കിലും ഇന്ന് അത് മുമ്പോട്ടുള്ള ജീവിതത്തിലെ നല്ലൊരു പാഠം കൂടിയാണെന്ന് മനസ്സിലായി. എഴുത്തിലെ തെറ്റിൽ മാത്രമല്ല ജീവിതത്തിലെ പല തെറ്റുകളിലും അതൊരു നല്ല പാഠമായിട്ട് എനിക്ക് തോന്നി. അധ്യാപകൻ ഒരു പിതാവ് ആവുകയും അധ്യാപിക ഒരു മാതാവ് ആവുകയും ചെയ്യുന്ന കാലഘട്ടമാണിത്. ഓരോ  ക്ലാസ് മുറിയും പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കുന്നതല്ല ...ഓരോ കുട്ടികളെയും അനുസരണയും അച്ചടക്കവും പഠിപ്പിക്കുന്ന ഒരു വീട് തന്നെയാണ് നല്ല വിദ്യാലയങ്ങൾ .എൻ്റെ വിദ്യാലയവും നല്ലൊരു വീടു തന്നെയായിരുന്നു.

      സ്കൂളിലെ ഓരോ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടവരായി മാറി. അന്ന് ഹെഡ്മാസ്റ്ററും മാനേജരുമായ അഷ്റഫ് മാഷ് ഞങ്ങളുടെ നാട്ടുകാരനും എൻ്റെ ഉപ്പയെ കൂടുതൽ അറിയുന്ന ആളുമായിരുന്നു .അങ്ങനെ മാഷും നല്ല കൂട്ടായി ... പിന്നെ അറബിക്  സുമയ്യ ടീച്ചറും ഇംഗ്ലീഷിന് സൽവ ടീച്ചറും ഒരുപാട് പ്രിയപ്പെട്ടവരായിരുന്നു.

ഇംഗ്ലീഷും കൂടുതൽ മെച്ചപ്പെട്ടത് ഇവിടെ വന്നതിന് ശേഷമാണ്. ആഴ്ച്ചയിൽ നടത്തുന്ന Todays words അതിന് ഒരുപാട് സഹായകമായി.

     മെഗാ ക്വിസ്  തുടങ്ങിയത് ഞാൻ വന്ന വർഷമായിരുന്നു ..അത് വളരെ മനോഹരമായി കണ്ടക്റ്റ്  ചെയ്തിരുന്നത് ഏലിയാമ്മ ടീച്ചർ ആയിരുന്നു എല്ലാ വെള്ളിയാഴ്ചയും മെഗാ ക്വിസിന് പോകുന്നത് വളരെ സന്തോഷമുള്ള ഒന്നായിരുന്നു . കാരണം തികച്ചും വ്യത്യസ്തമായ ഇത്തരം പ്രവർത്തനങ്ങൾ ഒക്കെ എനിക്ക് ലഭിച്ചത് ഈ വില്ലൂർ സ്കൂളിൽ വന്നതിനുശേഷം മാത്രമാണ്. റിഥം റേഡിയോ... റിഥം വിഷൻ...

എൽ പി സ്കൂളിൽ ഒരു യൂട്യൂബ് ചാനൽ.. ഇതൊക്കെ എനിക്ക് വളരെ കൗതുകമായിരുന്നു. എനിക്കും അതിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.

കലാകായിക മേളകളിലും പ്രവർത്തി പരിചയമേളകളിലും വില്ലൂർ സ്കൂൾ വളരെ മുൻപന്തിയിൽ ആയിരുന്നു. എനിക്കും അതിലൊക്കെ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അത് വലിയ ക്ലാസുകളിലും എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.

           എല്ലാ കുട്ടികൾക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കും അവർക്ക് ലഭിക്കുന്ന ഉച്ചഭക്ഷണം . എനിക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു എൻ്റെ സ്കൂളിൽ ഹഫ്സാത്ത തയ്യാറാക്കുന്ന ഉച്ചഭക്ഷണം . അന്ന് അത് എത്ര ആസ്വദിച്ചിട്ടാണ് കഴിച്ചിരുന്നത് .ഞാനും കൂട്ടുകാരും ഒറ്റക്കെട്ടായി ഇരുന്നു ഭക്ഷണം പങ്കുവെക്കുന്ന ആ സമയം സന്തോഷം നിറഞ്ഞതായിരുന്നു. ഇന്നും ആ ഉച്ചഭക്ഷണത്തിന്റെ രുചി ഞാൻ അറിയുന്നുണ്ട്.ഇന്നും വില്ലൂർ സ്കൂളിൻ്റെ പാചകക്കാരിയായി ഹഫ്‌സാത്ത ഉണ്ട്. ഇനിയും കുറെ തലമുറയ്ക്ക് അഫ്സത്തയുടെ  ഭക്ഷണം രുചിച്ചറിയാൻ കഴിയട്ടെ.

      ഞാൻ ഇന്ന് പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ്. നാലാം ക്ലാസ് കഴിഞ്ഞപ്പോയെ എനിക്ക് സയൻസിനോട് വളരെ താല്പര്യമായിരുന്നു. ഞങ്ങളുടെ സിദിൻ മാഷിൻ്റെ പരിസര പഠന ക്ലാസ് അന്നെനിക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. പരിസര പഠനം എടുക്കുമ്പോൾ പാഠപുസ്തകത്തിന് പുറത്തുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു . ആ താൽപര്യം പിന്നെ യുപിതലത്തിലും ഹൈസ്കൂൾ തലത്തിലും എനിക്ക് സയൻസിൽ നല്ല മാർക്ക് ലഭിക്കാൻ സഹായകമായി. പിന്നീട് എൻ്റെ ലക്ഷ്യം സയൻസ് പഠിക്കണം എന്നതായിരുന്നു .അതിന് തുടക്കം എൻ്റെ ഈ വിദ്യാലയവും എൻ്റെ നാലാം ക്ലാസ്സും എൻ്റെ പ്രിയ അധ്യാപകനുമാണ്.

         ഞാൻ പഠിച്ച 2017 ൽ നിന്നും ഇന്ന് ഈ വിദ്യാലയം ഹെഡ്മാസ്റ്റർ സിദിൻ മാഷിൻ്റെ നേതൃത്വത്തിൽ വ്യത്യസ്തമായ തനതായ പ്രവർത്തനങ്ങളിലൂടെയും, അക്കാദമിക മുന്നേറ്റത്തിലൂടെയും  ജില്ലയിൽ ഏറ്റവും മികച്ച തിളക്കമാർന്ന വിദ്യാലയമായി മുമ്പോട്ട് കുതിക്കുന്നു....

        എൻ്റെ ബാല്യത്തിന്റെ സ്വർണ്ണത്താളുകളിൽ വിലയിരുത്താവുന്ന അവസ്മരണീയമായ അനുഭവങ്ങളാണ് എൻ്റെ എൽ പി വിദ്യാലയത്തിൽ ഞാൻ അനുഭവിച്ചത്. അധ്യാപകരുടെ സ്നേഹവും സഹപാഠികളുടെ കൂട്ടായ്മയും കളികൾ, ഉത്സവങ്ങൾ തുടങ്ങിയവയെല്ലാം എൻറെ മനസ്സിൽ മായാതെ നിൽക്കുന്നു. ഈ ഓർമ്മകളിൽ ഇന്നും എനിക്ക് ഉല്ലാസവും ആത്മവിശ്വാസവും നൽകുന്നു. വിദ്യാലയത്തിന്റെ ആ തുടക്കം എന്നും ഹൃദയത്തിൽ തിരയായി നിലനിൽക്കും

 
ബഷീർ ദിന പരിപാടി