ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

ആമുഖം

കേരളം പൊതുവിദ്യാലയങ്ങളുടെ നാട്. നാം ഈ കാണുന്ന കേരളമായതിൻ്റെ പിന്നിൽ പൊതുവിദ്യാലയങ്ങളുടെ പങ്ക് വളരെ വലുതാണ്.മനുഷ്യന് വഴി നടക്കാൻ അവകാശമില്ലാത്ത കാലത്ത് നിന്ന് ഇന്നിൻ്റെ മോഹിപ്പിക്കുന്ന ജീവിത നിലവാരത്തിലേക്കും ലോക മാതൃകയിലേക്കും കേരളം മുന്നേ നടന്നതിൻ്റെ ആണിക്കല്ല് നവോത്ഥാന നായകരുടെ കാഴ്ചപ്പാടും പോരാട്ടവും അതിൻ്റെ തുടർച്ചയായി ഗ്രാമങ്ങൾ തോറും വന്ന പൊതുവിദ്യാലയങ്ങളുമാണ്ശ്രീനാരയണ ഗുരുവും , അയ്യങ്കാളിയും, വക്കം മൗലവിയും മുന്നോട്ടുവച്ച സമത്വത്തിൻ്റെ സ്വപ്നങ്ങൾ മുന്നോട്ട് കൊണ്ട് പോണ്ട് പോവേണ്ടത് പുതുതലമുറയിലെ അധ്യാപകരും വിദ്യാർത്ഥികളും ആണെന്ന കാര്യത്തിൽ  യാതൊരു സംശയവുമില്ലകാലവും കഥയും മാറിയ നാട്ടിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ വെല്ലുവിളി നേരിടുന്നുണ്ടോ എന്ന് നാംആഴത്തിൽപരിശോധിക്കേണ്ടതുണ്ട്.അവനവനിലേക്ക് ഒതുങ്ങുന്ന കാലത്ത് തൻ്റെ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, വിദ്യാഭ്യാസം എന്നാൽ തൊഴിൽ നേടാനുള്ള വഴി എന്ന് മാത്രം ചിന്തിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ' അത് കൊണ്ട് തന്നെ നാം ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത്

1923 ൽ സ്ഥാപിതമായഎ എം എൽ പി സ്കൂൾ വില്ലൂർ നൂറുവർഷം പിന്നിടുമ്പോൾ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇടയിൽ പുരോഗതി വളർത്താൻ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കഴിഞ്ഞവർഷം സ്കൂളിൻറെ സമഗ്ര വളർച്ചയ്ക്ക് അനിവാര്യമായ പങ്കുവഹിച്ചിട്ടുണ്ട് മുൻസിപ്പൽ ഉപജില്ല കലാമേളകളും വിദ്യാരംഗം അവാർഡുകളും നൂതനാശയങ്ങൾക്കുള്ള അവാർഡും നമുക്ക് എടുത്തു പറയേണ്ട മികവുകളാണ് ഈ കഴിഞ്ഞ വർഷം അവസാനം നമ്മുടെ 9 വിദ്യാർഥികൾ എൽഎസ്എസ് സ്കോളർഷിപ്പിൽ ഉന്നത വിജയം നേടിയതും നമ്മളുടെ മികവിന്റെ തെളിവുകളാണ് മികച്ച വിദ്യാഭ്യാസം അവസാന കുട്ടിക്കും എന്ന ലക്ഷ്യത്തോടെ ഈ അധ്യാന വർഷം നടത്തുന്ന സ്കൂൾ പ്രവർത്തനങ്ങളാണ് താഴെ നൽകുന്നത്

പ്രവേശനോത്സവം

വേനലവധി കഴിഞ്ഞ് പുത്തൻകുടയും ബാഗുമായി കുരുന്നുകൾ വീണ്ടും വിദ്യാലയ മുറ്റത്തെത്തി. വ്യത്യസ്ത നിറങ്ങളാർന്ന തോരണങ്ങളും വർണ്ണാഭമായ ബലൂണുകളും സെൽഫി കോർണറുമൊരുക്കി വിദ്യാലയം അലങ്കരിച്ചാണ് കുരുന്നുകളെ വരവേറ്റത്. നവാഗതരെ വ്യത്യസ്ത നിറങ്ങളിലുള്ള ടീഷർട്ടുകൾ അണിയിച്ച് വർണ്ണ കുടകളുമേന്തിയാണ് വിദ്യാലയ മുറ്റത്തേക്ക് വരവേറ്റത്. പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റുകൂട്ടി.

              കോട്ടക്കൽ നഗരസഭ തല പ്രവേശനോത്സവം ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ ആയിരുന്നു. പ്രവേശനോത്സവം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ കെ ഹനീഷ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാ റൊളി റംല ടീച്ചർ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു സംസാരിച്ചു.

പുതിയ വിദ്യാർത്ഥികളെ വരവേൽക്കാൻ വാർഡ് കൗൺസിലർ ടി പി സെറീന നേതൃത്വം നൽകി. ബി ആർ സി കോഡിനേറ്റർ സിജി അജിത് വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതി നൽകി. കുഞ്ഞുഹൃദയങ്ങളിൽ ആ സമ്മാനപ്പൊതികൾ സന്തോഷകണങ്ങളായി മാറിയിരുന്നു. ശേഷം കുരുന്നുകൾ പാട്ടുപാടിയും നൃത്തം ചെയ്തും പരിപാടി കൂടുതൽ കളറാക്കി. രക്ഷിതാക്കൾക്കുള്ള മത്സരവും വേദിയിൽ നടന്നു സമ്മാനങ്ങൾ നൽകി. പി.ടി എ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് ഷീനാ വിപുൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി സി സിദിൻ മാസ്റ്റർ സ്വാഗതവും, പി ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.അങ്കണമുറ്റത്തെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി .പായസം മധുരവുമായി ആദ്യനാളിന്റെ മറക്കാനാവാത്ത മധുര ഓർമ്മകളുമായാണ് ഓരോ കുരുന്നും പ്രവേശനോത്സവം കഴിഞ്ഞുപോയത്.

പ്രവേശനോത്സവം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ കെ ഹനീഷ ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം



പരിസ്ഥിതി ദിനം

പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ്എല്ലാവർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം നാം ആഘോഷിക്കുന്നത്. മനുഷ്യൻ്റെ പ്രവർത്തനങ്ങൾ വഴി പരിസ്ഥിതിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ തടയുകയും ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. പരിസ്ഥിതിയെ നശിപ്പിക്കുന്ന എല്ലാത്തരം ചൂഷണ പ്രവർത്തനങ്ങളും നാം അവസാനിപ്പിക്കണം. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.

    5/ 6/25 ന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. ഈ വർഷം വേറിട്ട ഒരു പ്രവർത്തനമാണ് സ്കൂളിൽ നടത്തിയത്. നാട്ടുമാവിൽ വിത്തുകൾ ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ ശേഖരിച്ചുവന്നു. അവയിൽ കുറച്ച് പുത്തൂർ ബൈപ്പാസിലും ബാക്കി വന്നവ വിവിധ സ്ഥലങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്തു. നാട്ടുമാവിന്റെ അതിജീവനത്തിനുള്ള വ്യത്യസ്ത പ്രവർത്തനമായിരുന്നു നടത്തിയത്. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തി. ഒന്നാം സ്ഥാനം ദുൽക്കർ ഷ , രണ്ടാം സ്ഥാനം വജിഹ, മൂന്നാം സ്ഥാനം ഫർദാൻ എന്നിവർ കരസ്ഥമാക്കി.ഓരോ ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണവും നടന്നു.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

വായന വാരം

ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19 .അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു.

     ഇന്ദുലേഖ മുതൽ രാത്രി 12ന് ശേഷം

എ എം എൽ പി സ്കൂൾ വില്ലൂരിൽ വായനയുടെ പൂക്കാലത്തിന് തുടക്കമായി.വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ്  സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്.മലയാള നോവൽസാഹിത്യത്തിലെ നാഴിക കല്ലായ ഒ .ചന്തുമേനോൻ്റെ ഇന്ദുലേഖയിൽനിന്ന് ആരംഭിച്ച ആധുനിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ രചനയായ കെ.ആർ.  മീരയുടെ ആരാച്ചാർ പോലുള്ള പുസ്തകങ്ങളിലൂടെയും സമകാലിക എഴുത്തുകാരുടെ രാത്രി 12ന് ശേഷം എന്ന  സോഷ്യൽ മീഡിയ രചനകളിലൂടെയും വരെ കടന്നുപോയ ഒരു വായനയാത്രയെ ആധാരമാക്കിയായിരുന്നു ഈ പരിപാടി.പഴയകാല ക്ലാസ്സിക്കുകൾ മുതൽ ആധുനിക രചനകൾ വരെയുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി ഈ പരിപാടി.ഇതിലൂടെ വായനയുടെ വിശാലമായ ലോകത്തേക്ക് ഒരു വാതിൽ തുറന്നിടുകയായിരുന്നു.

വിവിധ കാലഘട്ടങ്ങളിലെ മലയാളസാഹിത്യത്തെ പ്രതിനിധീകരിക്കുന്ന 10  കൃതികളുടെ കവർ ചിത്രങ്ങൾ ഒരു ബോക്സിൽ മനോഹരമായി ഒട്ടിച്ച് അവ അണിഞ്ഞ് പത്ത്കുട്ടികൾ സ്കൂൾ മൈതാനത്തിൽ അണിനിരന്നത് പരിപാടിക്ക് ആകർഷണീയത നൽകി.

പരിപാടി20/6/25 വെള്ളിയാഴ്ച സ്കൂൾ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്ത കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സുമയ്യ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സൽവ ടീച്ചർ ഫസീല ടീച്ചർ എന്നിവർ  കുട്ടികൾക്ക് വായനദിനാശംസകൾ  നേർന്നു. ചടങ്ങിന് അശ്വിൻ മാസ്റ്റർ നന്ദി പറഞ്ഞു

മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ മുതൽ അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ പുസ്തകമായ രാത്രി 12ന് ശേഷം വരെ കുട്ടികളെ പരിചയപ്പെടുത്തി

ഞാനും വായനയിലേക്ക്

ലോകത്തിൻ്റെ വെളിച്ചമാണ് പുസ്തകങ്ങൾ. കണ്ണുകൾ തുറന്ന് സ്വപ്നം കാണാൻ പഠിപ്പിച്ച അത്ഭുത ലോകമാണ് വായന. വായന വളരണമെങ്കിൽ പുസ്തകങ്ങളോട് ചങ്ങാത്ത കൂടണം. വായനവാരത്തിന്റെ ഭാഗമായി ഒന്നു മുതൽ നാലു വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകി. ഞാനും വായനയിലേക്ക് എന്ന സെൽഫി കോർണർ ഒരുക്കുകയും ഓരോ വിദ്യാർത്ഥിയും അവർക്ക് കിട്ടിയ പുസ്തകവുമായി ഫോട്ടോ എടുക്കുകയും ചെയ്തു.

ഞാനും വായനയിലേക്ക്


വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം

  കുരുന്നുകളുടെ സൃഷ്ടികൾക്ക് വേദിയാകുന്ന ഒരു വാതിൽ പടിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഇവിടെ വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വളർത്തുവാനും, പരിപോഷിപ്പിക്കാനും, ഭയരഹിതമായി ആടാനും, പാടാനും, കഥയെഴുതാനും, കവിതയെഴുതാനും, അഭിനയിക്കാനും പ്രാപ്തരാക്കുന്നു.

     20/6/25 വെള്ളിയാഴ്ച അധ്യാപകനും എഴുത്തുകാരനുമായ പി ടി മണികണ്ഠൻ മാഷ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾക്ക് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾക്ക് മനസ്സിൽ സന്തോഷം പകരുന്ന അതിമനോഹരമായ ശിശിരത്തിലെ ഓക്കുമരം എന്ന കഥ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ കുട്ടികൾക്ക് പാടാനും ആടാനും അവസരം ഒരുക്കി കൊടുത്തു. ശേഷം ഒരു പാട്ടു പാടുകയും അതിൻ്റെ കൂടുതൽ വരികൾ കുട്ടികൾ കണ്ടെത്തി മാഷിനോടൊപ്പം പാടുകയും ചെയ്തു .കുട്ടികളോട് ഒരു തീം അടിസ്ഥാനമാക്കി കവിത സ്വയം രചിക്കാനും പറയുകയുണ്ടായി. ഈ ചടങ്ങിന് പി ടി എ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു . പ്രധാന അധ്യാപകൻ ടി സി സിദിൻ മാഷ് സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹം എഴുതിയ ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു

വിദ്യാരംഗം കലാസാഹിത്യവേദിപി ടി മണികണ്ഠൻ മാഷ് ഉദ്ഘാടനം ചെയ്തു

.

ഞാനറിഞ്ഞ സാഹിത്യകാരൻ

കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ പുസ്തകങ്ങൾ നിർണായക പങ്കുവഹിക്കുന്നത് പോലെ അവ എഴുതുന്ന സാഹിത്യകാരന്മാരെ കുറിച്ചുള്ള അറിവും ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനായി മലയാളഭാഷക്കും സാഹിത്യത്തിനും അതുല്യമായ സംഭാവനകൾ നൽകിയ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി ഞാനറിഞ്ഞ 'സാഹിത്യകാരൻ എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.

       20 /6 /25 വെള്ളിയാഴ്ച്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാലസഖി, എം ടി വാസുദേവൻ നായരുടെ മഞ്ഞ്,തകഴിയുടെ തോട്ടിയുടെ മകൻ, മാധവിക്കുട്ടിയുടെ നിർമ്മാതളം പൂത്തകാലം , ഒ വി വിജയൻ്റെ ഖസാക്കിന്റെ ഇതിഹാസം എന്നീ പുസ്തകങ്ങളാണ് പരിചയപ്പെടുത്തിയത്.

ഈ പരിപാടി വിദ്യാരംഗം കോഡിനേറ്റർ പി ഫസീല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിന് മുഹമ്മദലി മാസ്റ്റർ അധ്യക്ഷം വഹിച്ചു .സനില ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

വീട്ടുകാരും നാട്ടുകാരും വായനയിലേക്ക്

വായനാദിനത്തോടനുബന്ധിച്ച്, വായനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'വീട്ടുകാരും നാട്ടുകാരും വായനയിലേക്ക്' എന്ന പേരിൽ ഒരുവായനാദിന പ്രവർത്തനം നടത്തുകയുണ്ടായി. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ സമീപത്തെ വീടുകളിൽ എത്തിച്ച് നൽകിക്കൊണ്ട് പൊതുജനങ്ങളിൽ വായനാശീലം വളർത്തുക, സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുക, വായനയുടെ സാമൂഹിക പ്രാധാന്യം ഉയർത്തിക്കാട്ടുക സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. സ്കൂളിലെ ലൈബ്രറിയിൽ നിന്ന് വിവിധതരം പുസ്തകങ്ങൾ തിരഞ്ഞെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ താൽപ്പര്യമുള്ള കഥകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ, ശാസ്ത്ര സംബന്ധമായ പുസ്തകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു. 23/6/25 തിങ്കളാഴ്ച വൈകുന്നേരം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നുള്ള ഒരു സംഘം സ്കൂളിൻ്റെ സമീപത്തുള്ള കബീറിൻ്റെ വീട്ടിൽ പുസ്തകം കൈമാറിക്കൊണ്ട് ശരീഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽസ്കൂൾ അധ്യാപകരായ അശ്വിൻമാസ്റ്റർ, സനിലടീച്ചർ എന്നിവരും പങ്കെടുത്തു . ഓരോ വീട്ടിലും പുസ്തകങ്ങൾ കൈമാറുമ്പോൾ, വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. പുസ്തകങ്ങൾ വായിച്ചതിന് ശേഷം തിരികെ സ്കൂൾ ലൈബ്രറിയിൽ എത്തിക്കാനുള്ള സൗകര്യവും അറിയിച്ചു. വായനയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാനുമുള്ള ഒരു വേദിയായും ഈ സന്ദർശനങ്ങൾ മാറി. കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും വായനയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനത്തിന് സാധിച്ചു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

പ്രിയപ്പെട്ട സാഹിത്യകാരന്മാരേ-സാഹിത്യകാരന്മാർക്ക് ഒരു കത്തെഴുതൽ

വായനയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനും,വായനാശീലംവളർത്താനും അതുവഴി അറിവുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും എല്ലാ | വർഷവും ജൂൺ 19 നമ്മൾ വായനാദിനമായി ആചരിക്കുന്നു. ഡിജിറ്റൽ ലോകം വായനയുടെ പരമ്പരാഗത രീതികളെ വെല്ലുവിളിക്കുമ്പോൾ, പുസ്തകങ്ങളിലേക്കും അക്ഷരങ്ങളിലേക്കും തിരികെ വരാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും. ഈ പശ്ചാത്തലത്തിലാണ്, മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ പ്രശസ്തരായ സാഹിത്യകാരന്മാർക്കും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ചില വ്യക്തികൾക്കും വായനാദിനാശംസകൾ നേർന്നുകൊണ്ടും അവരുടെ കയ്യൊപ്പിലുള്ള ഒരു പുസ്തകം തങ്ങളുടെ സ്കൂൾ ലൈബ്രറിയിലേക്ക് അയച്ച്തരുമോ എന്നാ വശ്യപ്പെട്ട് കൊണ്ട് കത്ത് തയ്യാറാക്കി അയക്കുന്ന പ്രവർത്തനം നടത്തുകയുണ്ടായി.മുഖ്യമന്ത്രി പിണറായി വിജയൻ ,വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി സാഹിത്യകാരന്മാരായ ബെന്യാമിൻ ,പവിത്രൻ തീകുനി,മുകുന്ദൻ, കുരീപ്പുഴ ശ്രീകുമാർ ,ഖദീജ മുംതാസ്, അശോകൻചരുവിൽ, ഇ .എൻ. ഷീജ ടീച്ചർ , പാപ്പുട്ടി മാഷ്,കദീജ മുംതാസ് തുടങ്ങിയവർക്കാണ് കത്തയച്ചത് .

വായനാദിനത്തിന്റെ ഒരാഴ്ച മുമ്പ് തന്നെ കത്തയക്കേണ്ട രീതിയെ കുറിച്ച് അധ്യാപകർ വേണ്ട രീതിയിലുള്ള നിർദ്ദേശങ്ങൾ നൽകി. അങ്ങനെ മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്.ബെന്യാമിൻ ,മധുപാൽ , ശിവൻ കുട്ടി എന്നിവർ ഐഷാസിമാർ റോസ്, ഫാത്തിമ സിസ, നിരഞ്ചൻ എന്നിവർക്ക് അവരുടെ കത്തിനുള്ള മറുപടി അയക്കുകയും ബെന്യാമിൻ, തനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടു പുസ്തകവും ശിവൻകുട്ടി സാർ അഞ്ച് പുസ്തകവും സ്വന്തം കയ്യൊപ്പോടു കൂടി സ്കൂളിലേക്ക് അയച്ചുതരികയും ചെയ്തു.

മലർവാടി ആട്സ് ക്ലബ്ബ് ഉദ്ഘാടനം

കുട്ടികളിലെ സ്വാഭാവികമായ കലാപ്രതിഭകൾക്ക് പ്രോത്സാഹനം നൽകാനും, അവരുടെ ആത്മവിശ്വാസം വളർത്താനും സഹായിക്കുന്ന ഒരു വേദി എന്നും കുട്ടികൾക്ക് ആവശ്യമാണ്.അവിടെ കുട്ടികൾക്ക് പാട്ടുപാടാനും, കഥ പറയാനും, പ്രസംഗിക്കാനും, നൃത്തം ചെയ്യാനും, കൊട്ടാനും, അവസരമൊരുക്കുന്നു. ഇത്തരം പ്രതിഭകൾക്ക് പൊതുവേദിയിൽ അവസരം നൽകുന്നത് അവരുടെ ഭാവി വികസനത്തിന് കരുത്തും ആത്മവിശ്വാസവും പകരുന്നു . ഈ അവസരങ്ങൾ അവരുടെ ഭയത്തെ മറികടക്കാനും സഹായിക്കുന്നു. അതിനുള്ള ഒരു തനത് പരിപാടിയാണ് മലർവാടി ആർട്സ് ക്ലബ് . എല്ലാ ദിവസവും 12 മണി മുതൽ 12 :10 വരെയുള്ള ഇടവേള സമയത്ത് കുട്ടികൾക്ക് അവരുടെ പരിപാടികൾ ഇവിടെ അവതരിപ്പിക്കാം.ഇത് കുട്ടികളുടെ ഇടമാണ് ...

          വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 23/6/25 ന് ഈ വർഷത്തെ മലർവാടി ആട്സ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം നിമിഷ ടീച്ചർ നിർവഹിച്ചു.ടീച്ചർ വളരെ മനോഹരമായി നാടൻ പാട്ട് പാടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശേഷം കുട്ടികളുടെ പ്രസംഗം,കവിത, കഥ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.നിസാമുദീൻ അധ്യക്ഷം വഹിച്ചപരിപാടിക്ക് സിദിൻ മാഷ് സ്വാഗതവുംബദരിയ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

മലർവാടി ആട്സ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം നിമിഷ ടീച്ചർ നിർവഹിച്ചു.

മാധ്യമ ലോകത്തെ വിശേഷങ്ങൾ

  ഇന്ന് ഏറ്റവും പ്രധാനപ്പെട്ട മാധ്യമ രൂപമായി വാർത്തകൾ സാമൂഹിക ജീവിതത്തിൽ വലിയ പങ്കുവഹിക്കുന്നു. സംഭവങ്ങളെ അത്യന്തം വസ്തുനിഷ്ഠമായി വ്യക്തതയോടെ ലോകത്തേക്ക് എത്തിക്കുന്നതിലാണ് ന്യൂസ് റിപ്പോർട്ടിൻ്റെ പ്രാധാന്യം.

വിദ്യാർത്ഥികളെ സമകാലിക വിഷയങ്ങളെക്കുറിച്ചും, ലേഖന ,രചന ശൈലിയെ കുറിച്ചും ബോധവാന്മാരാക്കുന്നതിന് ഇത്തരം ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. വസ്തുക്കളെ എങ്ങനെ ശേഖരിക്കാം, ശ്രോതാക്കളുമായി എങ്ങനെ സംവദിക്കാം ഒടുവിൽ അത് ഒരു മനോഹരമായ റിപ്പോർട്ട് ആയി എങ്ങനെ രൂപപ്പെടുത്താം എന്ന് ഇത്തരം ക്ലാസുകൾ മനസ്സിലാക്കി കൊടുക്കുന്നു.

      വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 24/ 6 /25 ന് വിദ്യാർത്ഥികൾക്ക് മാധ്യമലോകത്തെ വിശേഷങ്ങൾ എന്ന ക്ലാസ് സംഘടിപ്പിച്ചു.40 വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്. മാതൃഭൂമി റിപ്പോർട്ടർ ആയ കബീർ ചാവശ്ശേരി ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

അദ്ദേഹം ഒരു ന്യൂസ് റിപ്പോർട്ട് എങ്ങനെയാണ് തയ്യാറാക്കുക എന്നുള്ളത് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.ഒരു പ്രോഗ്രാം കഴിഞ്ഞാൽ എങ്ങനെ അത് റിപ്പോർട്ട് ആക്കും എന്നതിനെക്കുറിച്ച് അഞ്ചു സ്റ്റെപ്പുകളിലൂടെയാണ് അവതരിപ്പിച്ചത്. കുട്ടികൾ വളരെ കൗതുകത്തോടെയാണ് ക്ലാസ് ശ്രവിച്ചത്.കുട്ടികളോട് സ്കൂളിലെ വാർത്തകൾ ന്യൂസ് റിപ്പോർട്ട് ആക്കി തയ്യാറാക്കാനും പറയുകയുണ്ടായി

മാതൃഭൂമി റിപ്പോർട്ടർ കബീർ ചാവശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്ത

ഒരു ദിനം ഒരു വായനാ കാർഡ്

കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിനും സർഗ്ഗാത്മക ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വിദ്യാലയത്തിൽ "ഒരു ദിനം ഒരു വായനാ കാർഡ്" എന്ന പദ്ധതി വായനാദിനത്തിന്റെ ഭാഗമായി ആരംഭിക്കുകയുണ്ടായി. കഴിഞ്ഞവർഷം തയ്യാറാക്കിയ "ആയിരം വായന കാർഡ്" എന്ന പ്രവർത്തനത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് കൊണ്ടായിരുന്നു ഈ പ്രവർത്തനം നടപ്പിലാക്കാൻ തീരുമാനിച്ചത്.ഓരോ ദിവസവും ക്ലാസ്സിൽ രൂപപ്പെടുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി വായനാ കാർഡുകൾ തയ്യാറാക്കി, അവ അച്ചടിച്ച് വായനാ കോർണറിൽ

കുട്ടികൾക്ക് വായിക്കാനായി നൽകുക. എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ കാതൽ. പരിപാടിയുടെ ഉദ്ഘാടനം 24/6/25 ന് 3 A ക്ലാസ്സിലെ വായനാ കാർഡ് പ്രകാശനം ചെയ്ത് കൊണ്ട് ഹെഡ് മാസ്റ്റർ സിദിൻ മാസ്റ്റർ നിർവഹിച്ചു.ഓരോ ക്ലാസിൽ നിന്നും രൂപപ്പെടുന്ന വായനക്കാർഡുകൾ പരസ്പരം കൈമാറി വായിക്കാനുള്ള അവസരവും നൽകി.ഇത് കൂടുതൽ വായന സാമഗ്രികൾ ക്ലാസ്സ് വായന കോർണറിൽ ഒരുക്കാൻ സഹായകമായി.ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ദിവസവും ക്ലാസിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ പുതുതായി പഠിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ അവരുടെ മനസ്സിൽ തോന്നുന്ന ഏതെങ്കിലും ആശയങ്ങൾ എന്നിവ വായനാക്കാർഡിനായ തെരഞ്ഞെടുക്കാൻ അവസരം നൽകി. ഇവയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് കാർഡുകൾ കൂടുതൽ മനോഹരമാക്കി.ഓരോ ദിവസവും പുതിയ പുതിയ ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വായനക്കാർഡുകൾ ക്ലാസുകളിൽ നിന്ന് രൂപപ്പെട്ടു.വിദ്യാർത്ഥികൾക്ക് അവരുടെ ചിന്തകളും ആശയങ്ങളും രേഖപ്പെടുത്താനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും ഇതൊരു മികച്ച വേദിയായി മാറി.

പ്രാദേശിക ലൈബ്രറി സന്ദർശനം

വായനാദിനത്തിന്റെ ഭാഗമായി,വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അറിവിന്റെയും വായനയുടെയും ലോകം അടുത്തറിയുന്നതിനായി അരിച്ചോളിലെ സൂപ്പർ കിംഗ് ലൈബ്രറി സന്ദർശികയുണ്ടായി.

അറിവ് നേടുന്നതിനും മാനസിക ഉല്ലാസത്തിനും വായന എത്രത്തോളം പ്രധാനമാണെന്ന് ഇത് ഓർമ്മിപ്പിച്ചു. പ്രദേശവാസികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലും ഒരു സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്നതിലും ഈ ലൈബ്രറി വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം ലൈബ്രറികളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ പൊതുവായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

25/6/25 ബുധനാഴ്ച വൈകുന്നേൽ സ്കൂൾ അധ്യാപകരായ സനില ടീച്ചർ, ശരീഫ് മാസ്റ്റർ , അശ്വിൻമാസ്റ്ററും നാലാം ക്ലാസിലെ വിദ്യാർത്ഥികളും ചേർന്നാണ് ലൈബ്രറി സന്ദർശനം നടത്തിയത്.വിവിധ വിഷയങ്ങളിലുള്ള ധാരാളം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. കഥകൾ, നോവലുകൾ, കവിതകൾ, ചരിത്രം തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിഭാഗം ശ്രദ്ധേയമായിരുന്നു.വായനക്കാർക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യപ്രദമായി ഇരിപ്പിടങ്ങൾ ലഭ്യമായിരുന്നു കൂടാതെ പത്രങ്ങളും ആനുകാലികങ്ങളും വിവിധ മാസികകളും ലൈബ്രറിയും ലഭ്യമായിരുന്നു.

റിഥം റേഡിയോ ഉദ്ഘാടനം

   

കുട്ടികളുടെ ശബ്ദങ്ങൾ സജീവമാകുമ്പോൾ അവരുടെ ആശയങ്ങളും സ്വപ്നങ്ങളും ലോകത്ത് പുതുവഴികൾ തുറക്കുന്നു. കുട്ടികളുടെ റേഡിയോ പരിപാടികൾ ആവിഷ്കാരത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു വലിയ വാതിലാണ്. വായന, ഗാനം,കഥപറയൽ, ചോദ്യോത്തരങ്ങൾ, എന്നിവയിൽ കുട്ടികൾ അവരുടെ കഴിവുകൾ ആത്മാർത്ഥമായി പ്രകടിപ്പിക്കുന്നു. അവരുടെ ചിന്താശൈലി, അവതരണശേഷി എന്നിവ വളരാൻ ഈ റേഡിയോ വേദി സഹായകമാകുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ റേഡിയോ പരിപാടികൾ അവർക്കുള്ള സ്വതന്ത്രമായ പ്രകടനത്തിനുള്ള ഇടമാണ് .

        വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 25/ 6/ 25 ന് സ്കൂളിൽ ഈ വർഷത്തെ റിഥം റേഡിയോ ഉദ്ഘാടനം എം പി ടി എ പ്രസിഡൻറ് ഷീന വിപുൽ നിർവഹിച്ചു.

അവർ കുട്ടികൾക്ക് പാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുപാടുകയും ചെയ്തു.ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ട് പാടി കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്.സജ ടീച്ചർ പരിപാടിക്ക് നന്ദിയും രേഖപ്പെടുത്തി.

ഓർമ്മകളിലെ മുത്തശ്ശിമാർ

     മുത്തശ്ശിമാർ നമ്മുടെ ബാല്യകാല ഓർമ്മകളിലെ അതുല്യ സാനിധ്യങ്ങളാണ്. കുട്ടികളുടെ ജീവിതത്തിൽ സ്നേഹത്തിൻ്റെ, കരുതലിന്റെ, , പ്രതീകങ്ങളാണ് അവർ. അവരുടെ വായിൽ നിന്ന് കേട്ട കഥകൾ നന്മയും മൂല്യങ്ങളും നിറഞ്ഞ അനുഭവങ്ങളാണ്. അവരുടെ ജീവിതാനുഭവങ്ങൾ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമായി മാറുന്നു. സ്നേഹത്തിൻ്റെ നിറകുടമായ ഈ ബന്ധം കുട്ടികളെ മാനസിക, മാനവിക മൂല്യങ്ങൾ കൈവരിക്കാൻ പ്രേരിപ്പിക്കുന്നു.

    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരത്തിന്റെ ഭാഗമായി 27/ 6/ 25 ന് ഓർമ്മകളിലെ മുത്തശ്ശിമാർ എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.വലിയപറമ്പ് നിന്നും രാധ, കാർത്ത്യായനിയമ്മ, ഷൈജ എന്നിവരും വില്ലൂരിൽ നിന്ന് രാധ എന്നീ നാല് മുത്തശ്ശിമാർ ആണ് പരിപാടിയിൽ പങ്കെടുത്തത്.ഇവർ കുട്ടികൾക്ക് ഗുണപാഠകഥകളും അതുപോലെ അവരുടെ പഴയകാല ജീവിതാനുഭവങ്ങളും പറഞ്ഞു കൊടുക്കുകയുണ്ടായി. കുട്ടികൾ വളരെ കൗതുകപൂർവ്വം അവരെ ശ്രവിക്കുകയും അവരോട് ഓരോ കുസൃതിത്തരങ്ങൾ ചോദിക്കുകയും ചെയ്തു.അതിനെല്ലാം അവർ വളരെ സന്തോഷത്തോടെ കുട്ടികൾക്ക് മറുപടി പറഞ്ഞു കൊടുത്തു. പരിപാടിയിൽ മൂന്നാം ക്ലാസിലെ ഫാത്തിമ റസ അവർക്ക് വേണ്ടി നല്ലൊരു പാട്ട് പാടി കൊടുത്തു.അങ്ങനെ കുറച്ച് സമയം കുട്ടികളും മുത്തശ്ശിമാരും കഥകളും പാട്ടുകളുമായി സമയം ചെലവയിച്ചു.അനുഷ ടീച്ചർഅധ്യക്ഷം വഹിച്ച ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും ഹബീബ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

ഓർമ്മകളിലെ മുത്തശ്ശിമാർ എന്ന പരിപാടി

വായനാദിന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു

       സ്നേഹത്തിന്റെയും അറിവിന്റെയും ആഴമുള്ള ബന്ധമാണ് അമ്മയും കുഞ്ഞും പുസ്തക വായനയിലും പങ്കിടുന്നത്. ഈ സ്നേഹ ഭാവം ക്യാമറയിൽ പകർത്തുന്ന മനോഹരമായ ഫോട്ടോഗ്രാഫി മത്സരമാണ് ഞങ്ങൾ സംഘടിപ്പിച്ചത്.

    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാര പ്രവർത്തനത്തിന്റെ ഭാഗമായി എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വായനാദിന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. ഏറ്റവും മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടത് എൽ കെ ജി എ ക്ലാസിലെ ഭദ്രയുടെയും മുത്തശ്ശിയുടെയും ഫോട്ടോയാണ്.

ഉണ്ണികളെ ഒരു കഥ പറയാം

   കുട്ടികളിലെ ഭാഷാജ്ഞാനവും ഭാവന ശക്തിയും വളർത്തുന്നതിൽ കഥ പറയൽ വലിയ പങ്കു വഹിക്കുന്നു. കഥകൾ മുഖേന കുട്ടികൾ അനുഭവങ്ങളും അറിവുകളും പങ്കുവെക്കുകയും ചിന്താശേഷിയും ആത്മവിശ്വാസവും വളർത്തുകയും ചെയ്യുന്നു. ഇതിലൂടെ അവരിൽ ആശയ വിനിമയശേഷിയും മെച്ചപ്പെടുന്നു.

    വായനാവാര പ്രവർത്തനത്തിന്റെ ഭാഗമായി 27 /6 /25 ന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പേരിൽ എൽ കെ ജി , യു കെ ജി ,ഒന്ന് ,രണ്ട് ക്ലാസിലെ വിദ്യാർത്ഥികൾക്ക് കഥ പറയൽ മത്സരം നടത്തുകയുണ്ടായി. ഓരോ കുരുന്നുകളും വളരെ മനോഹരമായി തന്നെ കഥ പറയുകയുണ്ടായി. അതിൽ എൽ കെ ജി , യു കെ ജി ക്ലാസ്സിൽ നിന്ന് ഫാത്തിമ കെൻസ UKG A ഒന്നാം സ്ഥാനവും , ഷെസ അസ്ലം UkG B രണ്ടാം സ്ഥാനവും,UKG B മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

       ഒന്ന് രണ്ട് ക്ലാസ്സിൽ നിന്ന് മുഹമ്മദ് ഷമ്മാസ് ഒന്ന് സി ഒന്നാം സ്ഥാനവും, ഷെസ മെഹർ 1 A രണ്ടാം സ്ഥാനവും, സൈബ 1A മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉണ്ണികളെ ഒരു കഥ പറയാം പരിപാടിയിൽ നിന്ന്

ലോക ലഹരി വിരുദ്ധ ദിനം

വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആധുനിക സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ലഹരി ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്ന ദിനമാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. ജീവിതത്തെ തന്നെ നശിപ്പിക്കുന്ന ലഹരി വസ്തുക്കളെക്കുറിച്ച് കുട്ടികൾക്ക് അറിവില്ലാത്തതിനാൽ ഇന്ന് പലപ്പോഴും കുട്ടികൾ തന്നെയാണ് ലഹരി എന്ന കെണിയിൽ അകപ്പെടുന്നത്.

     26/ 6/25 ന് സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിച്ചു. ലഹരിയെ കുറിച്ചും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന മാരകരോഗങ്ങളെ കുറിച്ചും പ്രധാനാധ്യാപകൻ സിദിൻ മാഷ് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

    30/6/ 25 തിങ്കളാഴ്ച 3A ക്ലാസിലെ വിദ്യാർത്ഥികളുടെ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തെക്കുറിച്ച് ഷഹ്സാദ് പ്രസംഗിച്ചു. റസ ഫാത്തിമ ലഹരിക്കെതിരെയുള്ള ഗാനമാലപിക്കുകയും ചെയ്തു.ക്ലാസിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.

ഡോക്ടേഴ്സ് ഡേ

മനുഷ്യരാശിയുടെ നിലനിൽപ്പിനും ആരോഗ്യ പരിപാലനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച ഡോക്ടേഴ്സിനോടുള്ള ആദരസൂചകമായാണ് ജൂലൈ ഒന്നിന് ഈ ദിനം ആചരിക്കുന്നത്. ഡോ ബി ധാൻ ചന്ദ്ര റോയിയുടെ ജന്മദിനമാണ് നാഷണൽ ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്.

       ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോക്ടർ സുധീര വിദ്യാലയത്തിൽ സീഡ് ക്ലബ് അംഗങ്ങളുമായി സംസാരിച്ചു. അതിഥിക്കൊരു പുസ്തകം പരിപാടിയും ഇതോടൊപ്പം വിദ്യാലയത്തിൽ ആരംഭിച്ചു. നാലാം ക്ലാസിലെ ആയിഷ ശിമറോസ് ആണ് പുസ്തകം ഡോക്ടർക്ക് കൈമാറിയത്.

ഡോക്ടർസ് ദിനത്തിൽ ഡോ . സുധീരയെ ബുക്ക് നൽകി ആദരിക്കുന്നു

അമ്മ വായനക്ക് തുടക്കം

    കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും ഭാഷാ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ച് ആവിഷ്കരിച്ച പദ്ധതിയാണ് അമ്മ വായന പദ്ധതി. മാതാവിൻ്റെ പുസ്തക വായന കുട്ടികളിൽ വായനക്ക് അനുഗ്രഹമായ അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ അറിവിൻ്റെ ലോകത്തേക്ക് കൈപിടിച്ച് നയിക്കുകയും ചെയ്യുന്നു.

           വായന വാര പ്രവർത്തനത്തിന്റെ ഭാഗമായി 1 / 7 /25 ന് അമ്മ വായന പദ്ധതിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് മുഖേനയാണ് പ്രവർത്തനം. ആവശ്യമുള്ള പുസ്തകം വാട്സാപ്പ് വഴി അറിയിച്ചാൽ കുട്ടികൾ പുസ്തകം വീട്ടിലെത്തിക്കും. രക്ഷിതാക്കൾക്ക് നേരിട്ടും പുസ്തകം എടുക്കാം.നാലാം ക്ലാസ് വിദ്യാർത്ഥി വജിഹയുടെ വീട്ടിൽ പോയി അവളുടെ രക്ഷിതാവിന് പുസ്തകം നൽകി പദ്ധതി വിദ്യാരംഗം കോർഡിനേറ്റർ പി ഫസീല ടീച്ചർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശെരീഫ് അധ്യക്ഷനായി . സുമയ്യാബി തയ്യിൽ സംസാരിച്ചു . ഉമ്മുഗബീബ സ്വാഗതവും പി അനുഷ നന്ദിയും രേഖപ്പെടുത്തി.

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്

   അറബിക് ഭാഷാ കഴിവ് പരിശോധിക്കാനായി നടത്തിവരുന്ന ഒരു ടെസ്റ്റ് ആണ് അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്' OMR അടിസ്ഥാനത്തിലാണ് ഈ പരീക്ഷ നടത്തുന്നത്.15 ചോദ്യങ്ങളാണ് LP തലത്തിൽ ഉണ്ടായിരുന്നത്.

  3 /7/ 25ന് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് നടത്തുകയുണ്ടായി .30 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. അതിൽ ഫർദാൻ ഒന്നാം സ്ഥാനവും ഫർഹ രണ്ടാം സ്ഥാനവും ഫാത്തിമ ഫൈഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബഷീർ ദിനം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമാണ് ജൂലൈ 5. നമ്മുടെയെല്ലാം മനസ്സിൽ മായാതെ നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച എഴുത്തുകാരനാണ് അദ്ദേഹം. ഒരു സാധാരണ മനുഷ്യൻ്റെ ജീവിതത്തെ തമാശയും സ്നേഹവും സത്യസന്ധതയും ചേർത്ത് അദ്ദേഹം മനോഹരമാക്കി. അദ്ദേഹത്തിൻ്റെ രചനകൾ വായനക്കാരനെ ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു.

   4/ 7/ 25 വെള്ളിയാഴ്ച്ച ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബഷീറിൻ്റെ പ്രശസ്ത കൃതികളിലെ അവസ്മരണീയ കഥാപാത്രങ്ങളായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി.റയാ ഫത്തിൻ, ഫൈഹ ഫാത്തിമ, ജസ, ശ്രാവണി വാരിയർ, ആയിഷ ശിമറോസ് , സമാഹ് , വജിഹ, വിത ബാബു ,ഷെസ എന്നിവരാണ് കഥാപാത്രങ്ങളായി വേഷമിട്ടത്.

ശേഷം ബഷീറിൻ്റെ 15 നോവലുകൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനുമുള്ള അവസരം ഒരുക്കുകയും ചെയ്തു .ബഷീർ ദിനത്തെ കുറിച്ച് വളരെ വ്യക്തമായി ഹെഡ്മാസ്റ്റർ സിദിൻ മാഷ് കുട്ടികളോട് സംസാരിച്ചു.

ബഷീർ ദിനം


വില്ലൂർ ലിറ്ററേറ്റർ ഫെസ്റ്റിവൽ ( വി. എൽ.എഫ്)

കേരളത്തിൻ്റെ സാംസ്കാരിക തനിമയേയും, ചരിത്രത്തെയും വർത്തമാനത്തെയും വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ടതുണ്ട്. നാം ഈ കാണുന്ന കേരള മാവുന്നതിൽ സാഹിത്യം വഹിച്ച പങ്ക് എന്താണ്, വായനയുടെ പങ്ക് എന്താണ് എന്നൊക്കെ ഓരോ കേരളീയനും ചെറുപ്രായത്തിലെ മനസിലാക്കിയാൽ മാത്രമേ മതേതരം കേരളം നിലനിൽക്കുള്ളൂ. അതിനായി കുട്ടികൾ വായിക്കണം.... വായിക്കണം....

പിന്നെയും വായിക്കണം. ആ ചിന്തയിൽ നിന്നാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വില്ലൂർ ലിറ്ററേറ്റർ ഫെസ്റ്റിവൽ ( വി. എൽ.എഫ്) എന്ന ഒരു പരിപാടിക്ക് തുടക്കം കുറിച്ചത്. ഈ വർഷം മുതൽ എല്ലാം വർഷവും പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.ജൂലൈ 10 മുതൽ 16 വരെയാണ് ക്ലാസ് പഠനത്തെ ബാധിക്കാതെയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്

നാടൻ പാട്ട് ശിൽപശാല, പഴഞ്ചൊല്ലാട്ടം, പുസ്തക പരിചയങ്ങൾ, പുസ്തക പ്രദർശനം, കൂട്ടപ്പാട്ട്, ഉച്ച വർത്തമാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. വി. എൽ.എഫ് നായി പ്രത്യേകം തയ്യാറാക്കിയ ഒരു വേദി തന്നെ ഉണ്ടായിരുന്നു. സ്കൂളും പരിസരവും വലിയ രീതിയിൽ അലങ്കരിച്ച് ഒരുസാംസ്കാരിക സാഹിത്യ അന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരനും തുടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ഉടമയുമായ രജീഷ് കക്കറമുക്ക് നാടൻ പാട്ട് ശിൽപശാല നടത്തി കൊണ്ട് നിർവ്വഹിച്ചു. 10.7.2025 ന് നടന്ന പരിപാടിയിൽ ടി.സി സിദിൻ സ്വാഗതം പറഞ്ഞു. ശെരീഫ് മാഷ് അധ്യക്ഷം വഹിച്ചു. സെൽവ എം നന്ദി രേഖപ്പെടുത്തി

വി എൽ എഫ് ലോഗോ ഹെഡ്മാസ്റ്റർ ടി സി സിദിൻ പ്രകാശനം ചെയ്യുന്നു
വി. എൽ.എഫ് ഉദ്ഘാടനം നാടൻപാട്ട് കലാകാരനും തുടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ഉടമയുമായ രജീഷ് കക്കറമുക്ക്  നിർവ്വഹിച്ചു.
വി. എൽ.എഫ് ഉദ്ഘാടനം നാടൻപാട്ട് കലാകാരനും തുടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ഉടമയുമായ രജീഷ് കക്കറമുക്ക്  നിർവ്വഹിച്ചു.

കവിതകൾ പൂക്കുന്നിടം

  വി എൽ എഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ‘കവിതകൾ പൂക്കുന്നിടം’ എന്ന പേരിൽ വ്യത്യസ്ഥമായ ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ കവിതാസ്വാദനശേഷിയും രചനാപരമായ കഴിവുകളും വളർത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

നിമിഷ ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. കവിതയുടെ സ്വഭാവം, ഭാഷയിലെ സൗന്ദര്യം, ഭാവങ്ങളും ചിത്രങ്ങളും കവിതയിൽ എങ്ങനെ വരുന്നു, കുട്ടികവിതകൾ എന്നീ വിഷയങ്ങളിൽ ടീച്ചർ ലളിതമായും ആകർഷകമായും ക്ലാസ് എടുത്തു. കുട്ടികൾക്ക് പാടാൻ അവസരവും നൽകി

വായന വർത്തമാനങ്ങൾ

‘വായന വർത്തമാനങ്ങൾ’ എന്ന പേരിൽ കുട്ടികൾക്ക് വായനയോടുള്ള ആകർഷണം വളർത്തുന്ന ഒരു പരിപാടി 14 /7/25 ന് സംഘടിപ്പിച്ചു. ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായാണ് നടന്നത്.പരിപാടിക്ക് നേതൃത്വം നൽകിയ ഏലീയാമ്മ ടീച്ചർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളുമായി ചർച്ച നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതി ‘പാത്തുമ്മയുടെ ആട്’ വായനയ്ക്ക് പരിചയപ്പെടുത്തി, തുടർന്ന് അതിലെ കഥാപാത്രങ്ങളെയും കഥയിലെ രസകരമായ മുഹൂർത്തങ്ങളെയും ടീച്ചർ അവതരിപ്പിച്ചു.അതിനു പുറമേ മലയാള സാഹിത്യത്തിലെ പ്രമുഖ കൃതികളും എഴുത്തുകാരെയും പരിചയപ്പെടുത്തി. കുട്ടികൾ ആവേശത്തോടെ ചോദ്യങ്ങൾ ചോദിക്കുകയും പുസ്തകങ്ങളെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.പരിപാടി കുട്ടികളിൽ വായനാശീലവും സാഹിത്യത്തോടുള്ള സ്‌നേഹവും വളർത്തുന്നതിന് ഏറെ സഹായകമായി.

കടങ്കഥ കൂട്ടം വി.എൽ.എഫ് പരിപാടികളുടെ ഭാഗമായി ‘കടങ്കഥ കൂട്ടം’ എന്ന പേരിൽ ആകർഷകമായൊരു പ്രവർത്തനം സംഘടിപ്പിച്ചു. 15.7.2025 ന് 3 .30 ന് സനില ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. കടങ്കഥകളുടെ പ്രാധാന്യം, മലയാളത്തിലെ പഴയ കടങ്കഥകൾ, അവയിലെ ഭാഷാ സൗന്ദര്യം തുടങ്ങിയ വിഷയങ്ങളിൽ ടീച്ചർ രസകരമായി ക്ലാസ് എടുത്തു. ക്ലാസ് ചർച്ച രീതിയിലായിരുന്നതിനാൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

കുട്ടികൾക്ക് പലതരം കടങ്കഥകൾ പരിചയപ്പെടുത്തി അവരെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചു. പല കുട്ടികളും സ്വയം അറിയാവുന്ന കടങ്കഥകൾ പങ്കുവെച്ചു, രസകരമായ ചർച്ചകളും നടന്നു.പരിപാടി കുട്ടികൾക്ക് അറിവും വിനോദവും ഒരുമിച്ചുനൽകിയ ഒരു മികച്ച അനുഭവമായി മാറി

ചാന്ദ്ര ദിനം

ജൂലൈ 21 നാണ് നമ്മൾ ചാന്ദ്രദിനമായി ആചരിക്കുന്നത്. 1969 ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മഹത്തായ ദിനത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം . നാസയുടെ അപ്പോളോ 11 ദൗത്യത്തിലൂടെ നീലാം സ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങി. "ഇത് ഒരു മനുഷ്യൻ്റെ ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും "

ഈ ദിനം ശാസ്ത്രത്തോടുള്ള നമ്മുടെ ആസക്തിയും, ബഹിരാകാശ ഗവേഷണത്തിലേക്കുള്ള വിജ്ഞാനയാത്രയും, ഭാവിയിലെ ഗവേഷണ സാധ്യതകളും , കുട്ടികൾക്കിടയിൽ പ്രചോദനം നൽകാൻ സഹായിക്കുന്നു .ചാന്ദ്രദിനം ആഘോഷിക്കുമ്പോൾ നമ്മൾ വിജ്ഞാനത്തിന്റെയുംഗവേഷണത്തിന്റെയുംഅതിരുകൾ മറികടന്നവരുടെ കഥകൾ പഠിക്കുകയും വിജ്ഞാനാന്വേഷണത്തിലെ ഉത്സാഹം വളർത്തുകയും ചെയ്യുന്നു.

         21 / 7 /25 ന് സൗരയൂഥവും ചാന്ദ്രയാത്രികരും സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ് കൂടി കുട്ടികൾ തയ്യാറാക്കി.കൂടാതെ ചിത്രരചന മത്സരം , പതിപ്പ് നിർമ്മിക്കൽ, ചാന്ദ്രദിന ക്വിസ് തുടങ്ങിയ പരിപാടികളും നടന്നു. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ദുൽഖർഷ ഒന്നാംസ്ഥാനവും , ഫർദാൻ രണ്ടാം സ്ഥാനവും, വജിഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സൗരയൂഥവും ചാന്ദ്രയാത്രികരും സ്കൂൾ ഗ്രൗണ്ടിൽ

സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ

     

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ജൂലൈ 14 ന് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആയി പ്രവർത്തിച്ചത് അശ്വിൻ മാസ്റ്ററും ഷെറിൻ ടീച്ചറും ആയിരുന്നു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഏഴ് വിദ്യാർഥികളാണ് മത്സരിച്ചത്. 4A ക്ലാസിലെ ദുൽഖർ ഷാ,ദിയാൻ ഫസ്ലി, റയ ഫത്തിൻ , 4B ക്ലാസിലെ നിന്നും ഷെസ,ആയില്ല ഷിമ റോസ്, ആഗ്നേഷ് , മിദ്ഹ, എന്നിവരാണ് മത്സരിച്ചത്.തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ 78 വോട്ടോടെ ദിയാൻ ഫസ്ലി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തികച്ചും ജനാധിപത്യരീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന ഇലക്ഷൻ കുട്ടികൾക്ക് നല്ല ഒരു അനുഭവമായി.

ഹിരോഷിമ ദിനം

  ലോക മനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം.ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6.ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്.നിഷ്കളങ്കരായ ജനതക്കുമേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത.

    6/8/25 ന് ഹിരോഷിമ ദിനാചരണം സ്കൂളിൽ നടത്തി .ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധത്തിന്റെ ഭീകരത എന്താണെന്ന് അത് കുട്ടികളിൽ എങ്ങനെ ബാധിക്കും എന്ന് മനസ്സിലാക്കാൻ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ഒരു രംഗം നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികൾ പത്രങ്ങളിലെ ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന സന്ദേശം എത്തിക്കാനായി No war എന്ന് എഴുതി കൊളാഷ് നിർമിച്ച് പ്രദർശിപ്പിച്ചു.പരിപാടി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അശ്വിൻ മാസ്റ്റർ സ്വാഗതം ചെയ്തു.പി അനുഷ, നിമിഷ ടീച്ചർ, ഹബീബ ടീച്ചർ, ഫസീല പി ടീച്ചർ, സനില ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഹിരോഷിമ ദിനത്തിൽ യുദ്ധം മൂലം കുട്ടികൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിപാടിയിൽ നിന്ന്

ഉച്ചഭക്ഷണ മെനു പ്രകാശനം ചെയ്തു

നമ്മുടെ വിദ്യാലയത്തിലെ ഉച്ച ഭക്ഷണമെനു സമഗ്രമായി പരിഷ്ക്കരിക്കരിച്ചു.

സന്തോഷ വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിയാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്...

വിദ്യാർത്ഥികൾക്ക് നൽകേണ്ട ഭക്ഷണ മെനു കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു. അതിൻ്റെ കൂടെ ജനകീയമായി മികച്ച ഭക്ഷണം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

സന്തോഷ വിദ്യാലയം...

വൃത്തിയുള്ള ഭക്ഷണം...

എന്നും വ്യത്യസ്ഥതയോടെ...

രുചിയോടെ

എന്നതാണ് ലക്ഷ്യം...

8/ 8/ 25 ന് 1 മണിക്ക് കോട്ടക്കൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജു കുമാർ കെ, വാർഡ് കൗൺസിലർ ടി.പി സെറീന എന്നിവർ ചേർന്ന് മെനു പ്രകാശനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി അടുക്കള മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്...ഈ ദിവസം വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ വക മന്തി റൈസും ഉച്ചഭക്ഷണ കമ്മിറ്റി വക ചിക്കനും ചേർന്ന് ചിക്കൻ മന്തിയായി നൽകി .

പ്രസംഗ മത്സരം

പ്രസംഗികരേ ഇതിലേ

  14/8/25 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മലർവാടി ആർട്ട്സ് ക്ലബ്ബിൽ പ്രസംഗ മത്സരം നടക്കുകയുണ്ടായി.സ്കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷൻ പ്രസംഗകരേ... ഇതിലേ ... എന്ന പരിപാടിയാണ് നടന്നത്.മത്സരത്തിൽ 26 പേർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ വിദ്യാലയം കൊടുക്കുന്ന അനുഭവങ്ങളാണ് ഇത്. 16 വിദ്യാർത്ഥികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു . ഇതിൽ ഒന്നാം സ്ഥാനം വജിഹയും രണ്ടാം സ്ഥാനം റയ ഫത്തിനും മൂന്നാം സ്ഥാനം ശ്രാവണിയും ഫൈഹയും കരസ്ഥമാക്കി.

പ്രസംഗ മത്സരം

സ്വാതന്ത്ര്യ ദിനം

ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് നമ്മുടെ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 1947 ഓഗസ്റ്റ് 15ന് ആയിരുന്നു.ആ ദിവസത്തിൻ്റെ ഓർമ്മക്കായിട്ടാണ് എല്ലാവർഷവും ഓഗസ്റ്റ് 15ന് നമ്മൾ സ്വാതന്ത്രദിനം ആഘോഷിക്കുന്നത്.സമാനതകൾ ഇല്ലാത്ത ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും അനന്തരഫലമായിരുന്നു നാം നേടിയെടുത്ത സ്വാതന്ത്ര്യം.

      ഇന്ത്യയുടെ 79 മത് സ്വാതന്ത്രദിനാഘോഷ പരിപാടികൾ 15/8/25 ന് വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അങ്കണം കുരുത്തോല കൊണ്ടും, ബലൂണുകൾ കൊണ്ടും അലങ്കരിച്ചു.9 മണിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ പതാക ഗാനത്തോട് കൂടി പതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് പ്രധാനാധ്യാപകൻ സംസാരിച്ചു. ശേഷം 4 A ക്ലാസിലെ വജിഹ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ സിദിൻ മാഷ് കേക്ക് മുറിച്ച് എല്ലാ കുട്ടികൾക്കും നൽകി.തുടർന്ന് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ സംഗീത ശിൽപവും അരങ്ങേറി.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം മത്സരം അരങ്ങേറി.എൽ കെ ജി യു കെ ജി വിദ്യാർത്ഥികളുടെ മത്സരത്തിൽ നിന്നും എൽ കെ ജി A ക്ലാസിന് ഫെസ്റ്റ് പ്രൈസും യു കെ ജി B ക്ലാസിന് സെക്കൻഡ് പ്രൈസും ലഭിച്ചു. ഒന്ന്, രണ്ട് ക്ലാസ് മത്സരത്തിൽ നിന്ന് IB ക്ലാസിന് ഫസ്റ്റ് പ്രൈസും 2 A ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു. മൂന്ന് , നാല് ക്ലാസ് മത്സരത്തിൽ നിന്ന് 4A ക്ലാസിന് ഫസ്റ്റ് പ്രൈസും 3 A ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു.ശേഷം പായസാവിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് വിരാമം കുറിച്ചു.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന്

ഓണാഘോഷം

   കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ജാതിമതഭേദമന്യേ ലോകമെമ്പാടും കേരളീയർ ആഘോഷിക്കുന്നു.ഓണം മലയാളി മനസ്സിൽ ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമാണ്. ഓണക്കോടിയും, ഓണസദ്യയും, ഓണപ്പൂക്കളവും, ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമാണ്.

29/ 8/ 25 വെള്ളിയാഴ്ച സ്കൂളിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു.  

സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ടും,പൂക്കൾ കൊണ്ടും അലങ്കരിച്ചു.വെള്ളിയാഴ്ച രാവിലെ പൂക്കളമൊരുക്കി.ശേഷം കുട്ടികൾക്കായുള്ള ഓണക്കളികൾ സ്കൂളിൽ നടന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് എല്ലാ വിഭവങ്ങളോടും കൂടിയ ഓണസദ്യ സ്കൂളിൽ തയ്യാറാക്കി. സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങൾ,എം പി ടി എ ,അധ്യാപകർ ,കുട്ടികൾ ഉൾപ്പെടെ ഓണാഘോഷം വിപുലമായി കൊണ്ടാടി.

സ്കൂളിന് വീണ്ടും പുരസ്കാരം

2025- 26 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാമസാചരണത്തിൽ വ്യത്യസ്തമായ നൂറിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു. ജില്ലാതലത്തിലേക്ക് മൂന്ന് വിദ്യാലയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ ഒന്നായിരുന്നു നമ്മുടെ വിദ്യാലയം. പുരസ്കാരം വിദ്യാരംഗം കൺവീനർ ഫസീല ടീച്ചർ ഏറ്റുവാങ്ങി

മികച്ച വായന മാസാചരണ പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം കോട്ടക്കൽ മുരളിയിൽ നിന്ന് പി ഫസീല ടീച്ചർ ഏറ്റുവാങ്ങുന്നു.

ജില്ലാതലത്തിലും വിജയത്തിളക്കം

2025 26 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാമാസാചരണത്തിൽ വ്യത്യസ്തമായ നൂറിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന് ജില്ലാ തലത്തിലും അംഗീകാരം ലഭിച്ചു.പുരസ്കാരം വിദ്യാരംഗം കൺവീനർ പി ഫസീല ടീച്ചറും അശ്വിൻ മാഷും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി

വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ പുരസ്ക്കാരം നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു.

ഹരിതമുകുളം പുരസ്കാരം

പരിസ്ഥിതി രംഗത്തെ ഇടപെടലിന് മാതൃഭൂമി ദിനപത്രത്തിൻ്റെ ഹരിത മുകുളം പുരസ്കാരം

പരിസ്ഥിതി രംഗത്തെ ഇടപെടലിന് മാതൃഭൂമി ദിനപത്രത്തിൻ്റെ ഹരിത മുകുളം പുരസ്കാം ലഭിച്ചു.

പുരസ്കാരം സുമയ്യ ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ഏറ്റു വാങ്ങി.

മുൻസിപ്പൽ കലാമേള പേര് പ്രഖ്യാപനം

2025- 26 അധ്യയന വർഷത്തെ കോട്ടക്കൽ മുൻസിപ്പൽ കലാമേളയുടെ നെയിം ലോഞ്ചിങ്ങിൻ്റെ ഉദഘാടനം വാർഡ് കൗൺസിലർ ശ്രീമതി ഷെറീന സുബൈർ 10 /10 / 25 ന് നിർവഹിച്ചു

മുൻസിപ്പൽ കലാമേള ലോഗോ പ്രകാശനം

  11 / 10 /25 ന് മുൻസിപ്പൽ കലാമേള ലോഗോ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചർ വാഡ് കൗൺസിലർ ടി പി സെറീനക്ക് കൈമാറി പ്രകാശനം ചെയ്തു

മുൻസിപ്പൽ കലാമേള ലോഗോ പ്രകാശന ചടങ്ങ്

കലാമേള വെബ്സൈറ്റ് ഉദ്ഘാടനം

14 /10 / 25 ന് മുൻസിപ്പൽ കലാമേള ഗുൽമോഹറിന്റെ വെബ്സൈറ്റ് സ്കൂളിലെ അധ്യാപകനായ അശ്വിൻ മാസ്റ്റർ തയ്യാറാക്കി. ഇതിൻറെ ഉദ്ഘാടനം കോട്ടക്കൽ മുരളി പ്രകാശനം ചെയ്തു.

മുൻസിപ്പൽ തല കലാമേള - ഗുൽമോഹർ

2025 26 അധ്യയന വർഷത്തെ മുൻസിപ്പൽ കലാ മേള -ഗുൽമോഹർ 15 ,16 തിയതികളിൽ ഞങ്ങളുടെ സ്കൂളിൽ പ്രൗഢഗംഭീരമായി നടന്നു.ഗുൽമോഹറിന്റെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ ഹനീഷ ഉദ്ഘാടനം ചെയ്തു.

17 സ്കൂളുകളിലെ വിദ്യാർത്ഥികൾ രണ്ടുദിവസം കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു.രണ്ടുദിവസത്തെ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 85 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കലയിലെ ഈ ഉത്സവം ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾക്ക് പുതുച്ചിറകുകൾ നൽകി.

മുൻസിപ്പൽ കലാമേളയിൽ നിന്ന്
മുൻസിപ്പൽ കലാമേളയിൽ നിന്ന്
മുൻസിപ്പൽ കലാമേളയിൽ നിന്ന്

സബ്ജില്ലാതല ശാസ്ത്രമേള

2025 - 26 അധ്യയന വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേള 22 ,23 തിയതികളിലായി പി കെ എം യു പി എസ് ആൽപറ്റകുളമ്പ് , പി എം എസ് എ എം എ എച്ച് എസ് എസ് ചെമ്മങ്കടവ്, ജി എം യു പി എസ് ചെമ്മങ്കടവ് എന്നീ സ്കൂളുകളിൽ വച്ച് നടക്കുകയുണ്ടായി.ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും വിവിധ മത്സരയിനത്തിൽ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.

പ്രവർത്തിപരിചയമേളയിൽ 10 ഇനങ്ങളിലാണ് മത്സരിച്ചത്.മരപ്പണി നിർമ്മാണത്തിൽ ഹരിനന്ദന് രണ്ടാം സ്ഥാനവും,ചിത്രത്തുന്നലിൽ ശ്രീബാലക്ക് മൂന്നാം സ്ഥാനവും, ഫാബ്രിക് പെയിൻ്റിൽ മിദ്ഹ എ ഗ്രേഡും വെജിറ്റബിൾ പ്രിൻ്റിംഗ് ഷിസ എ ഗ്രേഡും, മെറ്റൽ എൻഗ്രാവിങ്ങ് റംസാൻ എ ഗ്രേഡും , കളിമണ്ണ് കൊണ്ടുള്ള ഉൽപ്പന്നം ശബരിഗിരി എ ഗ്രേഡും ,ബീഡ്സ് വർക്കിൽ ഫൈഹ ഫാത്തിമ എ ഗ്രേഡും , മെറ്റൽ ഷീറ്റ് വർക്കിൽ ഷാമിൽ എ ഗ്രേഡും, ഒറിഗാമി നിർമ്മാണത്തിൽ ഷാൻ എ ഗ്രേഡും പോട്ടറി പെയിൻറിംഗിൽ അംന ഫാത്തിമ എ ഗ്രേഡും കരസ്ഥ മാക്കി.

    സയൻസ് മത്സരങ്ങളിൽ കലക്ഷൻ ( വാഴ കൊണ്ടുള്ള വിഭവം ) റുമാന ,വജ്ഹ എ ഗ്രേഡും, ലഘു പരീക്ഷണം ഫർദാൻ, നിസാമുദ്ധീൻ C ഗ്രേഡും , ചാർട്ട് ദുൽഖർ, റയ എ ഗ്രേഡും , പ്രകൃതി നിരീക്ഷണം നിരഞ്ജൻ ശ്രാവണി എ ഗ്രേഡും കരസ്ഥമാക്കി.ഗണിത മത്സരയിനങ്ങളിൽ ജോമട്രിക്കൽ ചാർട്ട് ഹാദിഖ് C ഗ്രേഡും,നമ്പർ ചാർട്ട് ഷിഫിൻ എ ഗ്രേഡും , സ്റ്റിൽ മോഡൽ മെസിൻ C ഗ്രേഡും , പസിൽ ജാസി B ഗ്രേഡും കരസ്ഥമാക്കി സോഷ്യൽ മത്സരയിനങ്ങളിൽ ആൽബം തയ്യാറാക്കുന്നതിൽ ഷിമറോസ് ദിയാൻ ഫസ്ലി, എ ഗ്രേഡും , ചാർട്ട് ഫൈഹ , ഫർഹ എ ഗ്രേഡും കരസ്ഥമാക്കി. മൊത്തം 94 പോയിൻ്റ് നേടി മുൻസിപ്പൽ തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാമതായി .

കേരളപ്പിറവി ദിനം

11/ 11 / 25 കേരളപ്പിറവി ദിനത്തിൽ വിദ്യാലയത്തിൽ വ്യത്യസ്തമായ പരിപാടിയാണ് ഈ വർഷം നടത്തിയത്. "ലൈബ്രറി വളരുന്നു വായനയും" നിലവിലുള്ള ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നിറയ്ക്കുന്ന ഒരു പദ്ധതിയാണിത് .ഇതിനായി സ്കൂളിലെ ഓരോ കുട്ടികൾക്കും തൊണ്ട് നൽകി. ഈ പരിപാടി പി ടി എ വൈസ് പ്രസിഡണ്ട് ഇല്യാസ് ഉദ്ഘാടനം ചെയ്തു.

ലൈബ്രറി വളരുന്നു... വായാനയും... പദ്ധതി പി.ടി.എ വൈസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു

മധുര വിതരണം

കലാമേള ശാസ്ത്രമേളകളിലെ അഭിമാനകരമായ വിജയത്തിൽ മാനേജർ അഷ്റഫ് മാഷിൻ്റെ വക 29 / 10 /25 ന് എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു

'പുസ്തകനിധി (ലൈബ്രറി വളരുന്നു വായനയും)

വിദ്യാലയത്തിൽ ലൈബ്രറി നിറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ലൈബ്രറി വളരുന്നു വായനയും എന്നത് .ഇതിനായി സ്കൂളിലെ ഓരോ കുട്ടികൾക്കും തൊണ്ട് നൽകി. രക്ഷിതാക്കളും വിദ്യാർത്ഥികളും ചെറിയൊരു തുക ഓരോ ദിവസവും മാറ്റിവെച്ചാൽ വരും തലമുറകൾക്കുള്ള പുസ്തകം വാങ്ങുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 1/ 11 / 25 ന് ഈ പരിപാടി പി ടി എ വൈസ് പ്രസിഡണ്ട് ഇല്യാസ് ഉദ്ഘാടനം ചെയ്തു. ഷെരീഫ് മാഷ് അധ്യക്ഷം വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും ഫസീല കെ ടീച്ചർ നന്ദിയും രേഖപ്പെടുത്തി

ഒപ്പം ക്ലാസ്

പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന പരിപാടി ഒപ്പം സ്കൂളിൽ ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടി. സ്കൂളിലെ അവസാന കുട്ടിയെയും മികവിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പി ടി എ പ്രസിഡണ്ട് മധുസൂദനൻ 15 /11/25 ന് ഉദ്ഘാടനം ചെയ്തു. സെൽവ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സിദിൻ മാഷ് സ്വാഗതവും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി

ഒപ്പം പദ്ധതി പി.ടി.എ പ്രസിഡണ്ട് ശ്രീ എൻ.സി മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു

ശിശുദിനം

കുരുന്നുകളെ അത്രമേൽ സ്നേഹിച്ച ചാച്ചാജിയുടെ ഓർമ്മകളുമായി വീണ്ടും ഒരു ശിശുദിനം.

ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് നമ്മൾ നവംബർ 14 ശിശുദിനമായി ആചരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുരുന്നുകൾക്കായി പ്രത്യേകം സമയം കണ്ടെത്തിയിരുന്ന ചാച്ചാജിയുടെ ഓർമ്മകൾ ഓരോ ശിശുദിനത്തിലും അലയടിക്കുന്നു.

14 /11 /25 ന് സ്കൂളിൽ ശിശുദിനം ആചരിച്ചു. കുരുന്നുകളെ ജീവനുതുല്യം സ്നേഹിച്ച നെഹ്റുവിൻ്റെ തൊപ്പിയും വെള്ള കുർത്തയും ഉടുപ്പും പനിനീർ പൂവും ധരിച്ച് ഓരോ കുരുന്നുകളും ചാച്ചാജിയായ സുദിനം കുട്ടികൾ ആഘോഷിക്കുകയുണ്ടായി

രാവിലെ 11 മണിക്ക് ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ സ്കൂളിൽ നിന്നും കല്ലട ഭാഗത്തേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു. വഴിയിൽ വെച്ച് സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ കേക്കും ലൈം ജ്യൂസും കുട്ടികൾക്ക് നൽകി. സ്കൂളിൽ തിരിച്ചെത്തി കുട്ടികൾക്ക് ഐസ്ക്രീം നൽകുകയും ചെയ്തു

ശിശുദിന റാലയിൽ നിന്ന്

നാളേക്കായ് ഒരു തൈ

പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കേണ്ടതല്ല എല്ലാ ദിവസവും പരിസര ദിനം ആയിരിക്കണം ഈ ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിൽ നാളേക്കായ് ഒരു തൈ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയ മൂന്നു വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ തൈ നട്ടുവളർത്തിയ സഹോദരങ്ങളായ രണ്ടാം ക്ലാസിലെ ശുഹ ഷെറിനും മൂന്നാം ക്ലാസിലെ മുഹമ്മദ് സാഹിമിനും ഒന്നാം സമ്മാന തുകയായ ആയിരം രൂപ 13/11/25 ന്.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ നൽകി

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി നടത്തിയ മത്സരത്തിൽ വിജയിക്ക് സമ്മാനം കൈമാറുന്നു

പക്ഷി നിരീക്ഷണ ദിനം ആചരിച്ചു

എല്ലാവർഷവും നവംബർ 12ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു .പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ഡോ സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കാനും വംശനാശം സംഭവിക്കുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണ സന്ദേശം നൽകാനും പക്ഷി നിരീക്ഷണം പ്രയോജനപ്പെടുന്നു.

12/11/25 വിദ്യാലയത്തിൽ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് വിവിധ പക്ഷികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു പ്രദർശനം സംഘടിപ്പിച്ചു. കേരളത്തിൽ സാധാരണ കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും അപൂർവമായി കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും ഉണ്ടായിരുന്നു. ഓരോ പക്ഷിയെയും തിരിച്ചറിയുന്നതിന് അവയുടെ പേര് നൽകിയിരുന്നു . ഇവ കുട്ടികൾ വലിയ കൗതുകത്തോടെ നിരീക്ഷിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനത്തെ കുറിച്ച് നിമിഷ ടീച്ചർ സംസാരിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ വജിഹ സ്കൂളിലെ യൂട്യൂബ് ചാനലിൽ പക്ഷി നിരീക്ഷണ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള  വീഡിയോ ചെയ്യുകയും ചെയ്തു.

സ്കൂളിൽ ബാൻഡ് സെറ്റ്  ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

നാളുകളായി സ്കൂളിന്റെ ഒരു വലിയ സ്വപ്നമായിരുന്നു വിദ്യാർത്ഥികൾക്ക് സ്വന്തമായി ഒരു ബാൻഡ് സെറ്റ് ഒരുക്കുക എന്നത്. ഈ വർഷമാണ് ആ സ്വപ്‌നം യാഥാർത്ഥ്യമായത്. സ്കൂളിൽ  കായികഘോഷങ്ങൾക്കും കലോത്സവത്തിനും മറ്റു ആഘോഷങ്ങൾക്കും കൂടുതൽ ചാരുത പകരുന്നതിനായി ഒരു സമ്പൂർണ ബാൻഡ് സെറ്റ് ഔദ്യോഗികമായി രൂപീകരിച്ചു.

ബാൻഡ് സെറ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടിയാണ് പരിശീലനം ആരംഭിച്ചത്.

വൃത്തിയുള്ള ക്ലാസിന് പുരസ്കാരം

സ്കൂളിൽ ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വബോധവും ഉത്തരവാദിത്തവും വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് “വൃത്തിയുള്ള ക്ലാസ് പുരസ്കാര പദ്ധതി”. ഓരോ ദിവസവും ഓരോ ക്ലാസ്‌റൂമിലെ വൃത്തി പരിശോധിക്കുകയും  ഒരാഴ്ച്ച നടത്തിയ വിലയിരുത്തലിന് ശേഷം ഏറ്റവും വൃത്തിയുള്ള ക്ലാസ് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്യുന്നു.

ആദ്യമായി പുരസ്കാരം നേടിയത് 2 സി ക്ലാസിലെ വിദ്യാർത്ഥികളാണ്.  വിദ്യാർത്ഥികളും ടീച്ചറും ചേർന്ന് പുരസ്കാരം മാനേജർ അഷ്റഫ് മാഷിൽ നിന്നും ഏറ്റുവാങ്ങി.

ഈ പദ്ധതി കുട്ടികളിൽ ശുചിത്വം, കൂട്ടായ്മ, ഉത്തരവാദിത്വബോധം, പരിസ്ഥിതി സൗഹൃദ ശീലങ്ങൾ എന്നിവ വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഒരു ക്ലാസ്സിന്റെ വിജയം എല്ലാവരും ചേർന്നുള്ള കൂട്ടായ പരിശ്രമത്തിലാണെന്ന് കുട്ടികൾ മനസ്സിലാക്കുകയും  ചെയ്യുന്നു.

വികലാംഗ ദിനം ആചരിച്ചു

എല്ലാവർഷവും ഡിസംബർ 3 ന് വികലാംഗ ദിനമായി നാം ആചരിക്കുന്നു. സമൂഹത്തിൽ കഴിയുന്ന എല്ലാ വികലാംഗ സഹോദരങ്ങളുടെ അവകാശങ്ങളെയും തുല്യ അവസരങ്ങളെയും കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇത്. ഓരോ കുട്ടിക്കും ഓരോ വ്യക്തിക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശരിയായ അവസരം ലഭിക്കണമെന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്.

    3/12/25 വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിക്കുകയുണ്ടായി. നമ്മുടെ വിദ്യാർഥികൾ അവർക്ക് വേണ്ടി അവിടെ കലാപരിപാടികൾ അവതരിപ്പിച്ചു. ശേഷം മധുര വിതരണവും നൽകി. അവിടത്തെ ഓരോ കുട്ടികൾക്കും അത് ഏറെ സന്തോഷകരമായ നിമിഷമായിരുന്നു.

വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിച്ചു.

I LOVE ENGLISH ശില്പശാല സംഘടിപ്പിച്ചു

ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ ഐ ലവ് ഇംഗ്ലീഷ് ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. വായന ,എഴുത്ത്, സംസാര ക്ഷമത എന്നിവ കൂടുതൽ ശക്തിപ്പെടുത്തുക, ഇംഗ്ലീഷിനോടുള്ള ആത്മവിശ്വാസവും താൽപര്യവും വളർത്തുകയും ചെയ്യുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം

    3/12/ 25 ബുധനാഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നടന്ന ഐ ലവ് ഇംഗ്ലീഷ് ശില്പശാലക്ക് ഷുക്കൂർ മാഷ് നേതൃത്വം നൽകി. ആലപ്പുഴ സ്വദേശിയായ അദ്ദേഹം എസ് എസ് കെ മുൻ ജില്ലാ പ്രോഗ്രാം ഓഫീസർ ആയിരുന്നു . രാവിലെ 10 മണി മുതൽ ഒരു മണി വരെ കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തു. ശേഷം രണ്ടു മണി മുതൽ 6 മണി വരെ അധ്യാപകർക്കും നല്ലൊരു ക്ലാസ് നൽകി. ഇംഗ്ലീഷ് പഠനം രസകരവും സൃഷ്ടിപരവുമായതാക്കാൻ വിവിധ ആക്ടിവിറ്റികളും പഠന രീതികളും കുട്ടികൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുകയുണ്ടായി. ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും സനില ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

ഇംഗ്ലീഷ് ശില്പശാലക്ക് ഷുക്കൂർ മാഷ് നേതൃത്വം നൽകി


നമ്മുടെ വിദ്യാർത്ഥികൾ പൂക്കുടയിലേക്ക്

     9/12/ 25 ന് ഞങ്ങളുടെ വിദ്യാർത്ഥികൾ ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടിയിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു.

  സ്കൂളിൻറെ സാംസ്കാരിക മികവിനെയും, വിദ്യാർത്ഥികളുടെ കഴിവുകളെയും സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത് .കവിത, മോണോ ആക്ട്, സംഘഗാനം, കഥാകഥനം , ലളിതഗാനം, ഇംഗ്ലീഷ് പോയം റെസിറ്റേഷൻ, നാടൻപാട്ട് എന്നീ ഇനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.ശ്രാവണി വാരിയർ ,ആൻസി ജോസ്, ചഞ്ചൽ, റയ ഫത്തിൻ, ദേവ്ന , സിയ ഫാത്തിമ, റൈഫ, ഷെസ,സമാഹ് ദിയാ മെഹ്റിൻ എന്നീ വിദ്യാർത്ഥികളാണ് പൂക്കുടയിൽ പങ്കെടുത്തത്.

ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടി

സ്കൂൾ ദിനം

നമ്മുടെ വിദ്യാലയം കേവലം 20 സെന്റ് സ്ഥലത്ത് തുടങ്ങിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കാലം, കുട്ടികൾക്ക് കളിക്കാനോ സ്വതന്ത്രമായി ഇടപെടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. നമുക്ക് എട്ട് ഡിവിഷനുകൾ ഉണ്ടായപ്പോൾ രണ്ട് അധ്യാപകർക്ക് നിയമനം ലഭിക്കാതിരുന്നത് ഒരേക്കർ സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ മാനേജർ ഒരേക്കർ സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഏറെ ത്യാഗം അനുഭവിച്ച്  എത്തിയ ദിനമാണ് നവംബർ 24. അതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സ്കൂൾ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വർഷവും സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് നൽകി.മാനേജർ അഷറഫ് മാഷും ,സിദിൻ മാഷും ,സുമയ്യ ടീച്ചറും, ഹഫ്സ താത്തയും ചേർന്നാണ് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകിയത്. അധ്യാപകരും കുട്ടികളും സന്തോഷം പങ്കിട്ടു

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 മത്സരത്തിലേക്ക് ഹയർസെക്കൻഡറി, ഹൈസ്കൂൾ ,യുപി,എൽപി തലങ്ങൾ ഉൾപ്പെടെ 825 വിദ്യാലയങ്ങൾ അപേക്ഷിച്ചതിൽ 85 വിദ്യാലയങ്ങളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിൽ മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഉപജില്ലയിലെ ഏക എൽ പി വിദ്യാലയം ഞങ്ങളുടേതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മത്സരത്തിന്റെ രണ്ടാംഘട്ടം തിരുവനന്തപുരത്തെ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെച്ച് നടക്കും. വിദ്യാലയം അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വീടുകളിലേക്ക് മധുരം വിതരണം ചെയ്തു

അറബി ഭാഷാ ദിനം ആചരിച്ചു

ലോകത്തിലെ സമ്പന്നമായ ഭാഷകളിൽ ഒന്നായ അറബി ഭാഷയുടെ മഹത്വവും പ്രാധാന്യവും ഓർമിപ്പിക്കുന്ന ദിനമാണ് അറബി ഭാഷാ ദിനം. ശാസ്ത്രം, ഗണിതം, തത്വചിന്ത, സാഹിത്യം എന്നീ മേഖലകളിൽ ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷ കൂടിയാണ് അറബി

  18 /12/ 25 ന് അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ റാലി സംഘടിപ്പിച്ചു. ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. ശേഷം സ്കൂളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സുമയ്യ ടീച്ചറിന്റെയും മുബശ്ശിറ ടീച്ചറിന്റെയും വക അവിൽ മിൽക്കും നൽകി. ക്ലാസുകളിൽ ഭാഷാദിനാ ക്വിസ് മത്സരവും നടത്തി

അറബി ഭാഷ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ഘോഷയാത്ര

ക്രിസ്തുമസ് ആഘോഷം

യേശു ജനിച്ച ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്യം....

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം" ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും.

വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 25 /12 /25 ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി സിദിൻ മാഷ് ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഹെഡ്മാസ്റ്റർ സിദിൻ മാഷും കുട്ടികളും ചേർന്ന് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു.

സ്‌കൂളിൽ സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷ പരിപാടി

ഇതൾ 25 രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു

വിദ്യാലയം പഠനത്തിന്റെ മാത്രം കേന്ദ്രമല്ല,മറിച്ച് കലയും സംസ്കാരവും മാനവിക മൂല്യങ്ങളും വളരുന്ന ഒരു സജീവ വേദിയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. അവരുടെ കഴിവുകൾ പങ്കുവെക്കുന്നതിനുള്ള അവസരമാണ് ഈ രക്ഷിതാക്കളുടെ കലാമേള.

പാട്ടും, വരയും , രചനയും ഉൾപ്പെടുത്തി രക്ഷിതാക്കളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും അവരെ കുട്ടികൾക്ക് മാതൃകയാക്കുകയും ചെയ്യുന്നതാണ് ഈ കലാമേളയുടെ ലക്ഷ്യം.

    23/12/25 ന്സ്കൂളിൽ രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു.മാപ്പിളപ്പാട്ട്, കവിതാലാപനം, ലളിതഗാനം, ഉപന്യാസം, കഥയെഴുത്ത്, ചിത്രരചന, കവിതാ രചന

എന്നീ ഇനങ്ങളിൽ  രക്ഷിതാക്കൾ പങ്കെടുത്തു. അതിൽ കഥാരചന സഫൂറ ഫസ്റ്റ്, ഉമ്മുൽ ഹറാം സെക്കൻ്റ്, വിഷ്ണുപ്രിയ മൂന്നാം സ്ഥാനം . മാപ്പിളപ്പാട്ട് അസ്കർ ഫസ്റ്റ്, ഷംലീല സെക്കൻഡ് ,ലളിതഗാനം ഷീന വിപുൽ ഫസ്റ്റ് ,മലയാള പദ്യം ചൊല്ലൽ മഞ്ജുഷ ഫസ്റ്റ്, ഉപന്യാസം വിഷ്ണുപ്രിയ ഫസ്റ്റ് ,റാഷിദ സെക്കൻഡ്, കവിതാരചന റാഷിദ ഫസ്റ്റ്, വിഷ്ണുപ്രിയ സെക്കൻഡ്, ചിത്രരചന സഫൂറ ഫസ്റ്റ് സെൽമ സെക്കൻഡ് എന്നിങ്ങനെയാണ് കരസ്ഥമാക്കിയത്.

ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ഈ ചടങ്ങിന്  മാനേജർ അഷ്റഫ് മാഷ് ഉദ്ഘാടനം ചെയ്തു. ഫസീല ടീച്ചർ സ്വാഗതവും സിൽവ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

രക്ഷിതാക്കളുടെ കലാമേള മലയാള പദ്യം ഇനത്തിൽ നിന്ന്

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ഇക്കുറി ഞങ്ങളും

സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ പരിപാടിയിലേക്ക് ഇക്കുറി 6 /1 /26 ന് ഞങ്ങളുടെ സ്കൂളിൽ നിന്നും 10 കുട്ടികൾ തിരുവനന്തപുരം കൈറ്റ് വിറ്റ് ചാനലിലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു. കൂടെ ഹെഡ്മാസ്റ്റർ സിദിൻ മാഷും ,ഫസീല ടീച്ചർ അനുഷ ടീച്ചർ, സെൽവ ടീച്ചർ, പിടിഎ പ്രസിഡൻറ് മധുസൂദനൻ എന്നിവരും പങ്കെടുത്തു.സ്കൂളിൻ്റെ മികവിന് ഇത് വലിയൊരു അഭിമാനകമായ വിജയമായിരുന്നു.സ്കൂളിലെ കഴിഞ്ഞ രണ്ടു വർഷത്തെ മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ ആണ് അവിടെ വിലയിരുത്തിയത്.കുട്ടികളും അധ്യാപകരും വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ തിരിച്ചെത്തിയത്.ഇത് സ്കൂളിനും കുട്ടികൾക്കും പുതിയൊരു അനുഭവമായി മാറി

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ വിക്‌ടേഴ്‌സ് സ്റ്റുഡിയോയിൽ

ആശംസകൾ അർപ്പിക്കാൻ വാർഡ് മെമ്പർമാർ

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോവുന്ന വിദ്യാർത്ഥികൾക്ക് ആശംസയർപ്പിക്കാനായി വാർഡ് കൗൺസിലർമാരായ ടി.പി ഇബ്രാഹിം, സി.കെ മുഹമ്മദ് ഇർഷാദ് എന്നിവർ സ്കൂളിൽ എത്തി

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർമാർ ആശംസയർപ്പിക്കുന്നു

AMIGOS FEST 26

കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ  കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു.

അമിഗോസ് ഫെസ്റ്റ് ഉദ്‌ഘാടനം പി.ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു

പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി

16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ

പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം ചെയ്യുന്നു