Ssk17:Homepage/മലയാളം ഉപന്യാസം (എച്ച്.എസ്)/മൂന്നാം സ്ഥാനം

20:55, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം ഉപന്യാസം (എച്ച്.എസ്) മൂന്നാം സ്ഥാനം എന്ന താൾ [[Ssk17:Homepage/മലയാളം ഉപന്യ...)
വിഷയം:മാധ്യമങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും.
മാധ്യമങ്ങള്‍ : ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍.
            തെരുവില്‍ അക്ഷരങ്ങള്‍ വേട്ടയാടപ്പെടുന്ന,വരകള്‍ക്ക് വെടിയേല്‍ക്കുന്ന, തൂലികകളില്‍ ചോരക്കറപുരളുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിശപ്പടക്കാന്‍ കഴിച്ച ഭക്ഷണം ജീവനെടുക്കാന്‍ മാത്രം മഹാപാതകമായി മാറുന്ന, ദളിതരേയും കുഞ്ഞുങ്ങളേയും കൃമികീടങ്ങളെ പോലെ ചുട്ടെരിക്കുന്ന ,തേന്‍ക്കെണിയില്‍ കുരുങ്ങി മുപ്പത് വെള്ളിക്കാശിന് മാതൃരാജ്യത്തെ നിസ്സങ്കോചം ഒറ്റുന്ന ,ഒരു ഭീതിതമായ കാലം. ഇന്ത്യയെന്ന ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഇരുള്‍ പരക്കുന്ന കാലം.
            
            നിരവധി പോരാട്ടങ്ങളുചടയും, സഹനസമരങ്ങളുടേയും ഫലമായി 1947 ആഗസ്റ്റ് 15ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രതിനിധികള്‍ ഇന്ത്യവിട്ട് പോരുമ്പോഴേക്കും, സ്വാതന്ത്ര്യത്തെ ജീവശ്വാസത്തില്‍ കലര്‍ത്തിയ നമ്മുടെ നേതാക്കന്മാര്‍, അവര്‍ രണ്ടായി വെട്ടിമുറിച്ച ഭാരതത്തിന്റെ മാറിലെ മുറിവിനെ ജനാധിപത്യമെന്ന മധുലേപനം കൊണ്ട ഉണക്കാന്‍ തീരുമാനിച്ചിരുന്നു. ആ ലേപനത്തെ ഒരു രഥമായി സങ്കല്‍പ്പിച്ചാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട ചക്രമാണ് മാധ്യമങ്ങള്‍. മാധ്യമങ്ങളില്ലാത്ത ജനാധിപത്യം ചക്രങ്ങളില്ലാത്ത രഥം പോലെയാണ് ജെയിംസ് അഗസ്റ്റ്സ് ഫിക്കി എന്ന വ്യക്തി തിരിതെളിയിച്ച ഈ പ്രസ്ഥാനം ഇന്ന് ഇന്ത്യയൊട്ടാകെ ഒരു സൂര്യതേജസ്സുപ്പോലെ പടര്‍ന്നുപിടിക്കുകയാണ്. അറുപതുവര്‍ഷത്തില്‍പ്പരം നാം കടന്നുകഴിഞ്ഞു, ആ യാത്രയില്‍ വഴിയിലെവിടയോ എന്തൊക്കയോ നമ്മില്‍ നിന്നും വീണുപ്പോയിരിക്കുന്നു. ഇനി തിരിച്ചുപ്പോയി അതെടുക്കുക അസാധ്യം. പുതിയൊരു നിര്‍മ്മിതി മാത്രമാണ് ഇനി വഴി.

           അറുപതുകഴിഞ്ഞ ഇന്ത്യന്‍ ജനാധിപത്യത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണെങ്കില്‍ നമുക്ക് ചെറിയ ചെറിയ ദ്വാരങ്ങള്‍ കാണാം. ആ ദ്വാരങ്ങളിലൂടെ നമ്മില്‍നിന്നും വീണുപ്പോയവര്‍ എണ്ണ​മറ്റതാണ്. എം എം കല്‍ബുര്‍ഗി ,ഗോവിന്ദ് പന്‍സാരെ ,നരേന്ദ്ര ധാബോല്‍ക്കര്‍ അങ്ങനെ എത്രയെത്രപ്പേര്‍. മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ഗോവിന്ദ് പന്‍സാരെയുടെമരണം ,ഇന്ത്യയിലെ സാഹിത്യക്കാരന്മാരിലോട്ടാകെ ഭയം ജനിപ്പിച്ചിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ തന്റെ ആവിഷ്കാര സ്വാതന്ത്ര്യം വിനിയോഗിച്ചതിനായിരുന്നു അദ്ദേഹം തോക്കിനിരയായത്. കന്നട സാഹിത്യക്കാരനായ എം.എം. കല്‍ബുര്‍ഗിയുടെയും വിധി വെടിയൊച്ചയുടെ അന്തിമകാഹളം ശ്രവിക്കാനായിരുന്നു. ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ തന്റെ 'മാര്‍ഗ്ഗ് 4' എന്ന കൃതിയിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചതിനായിരുന്നു ആ ശിക്ഷ. 'മാതൊരു ഭാഗന്‍' എന്ന പുസ്തകത്തിന്റെ രചയിതാവായ തമിഴ് സാഹിത്യക്കാരന്‍ പെരുമാള്‍ മുരുകന്‍ അക്ഷരങ്ങളെ ഭയക്കുന്ന ആ ഇരുട്ടിന്റെ ശക്തികളുടെ  ഭീഷണിയില്‍ മനംനൊന്ത് തന്റെ ഉള്ളിലെ എഴുത്തുക്കാരനെ ഉപേക്ഷിച്ചു. അന്നേ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ "പെരുമാള് മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ഇനി ഉയര്‍ത്തെഴുന്നേല്‍പ്പില്ല. അയാള്‍ ഇനി വെറും അധ്യാപകനായ പി.മുരുകന്‍ മാത്രമായി ജീവിക്കും"- ഭീരുത്വമല്ല, അക്ഷരങ്ങളെ ഭയക്കുന്ന ആ ശക്തികളോടുള്ള വെറുപ്പാണ് ഈ വരികളില്‍ തെളിയുന്നത്. ഇനിയും തീര്‍ന്നിട്ടില്ല ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍. തമിഴ് സാഹിത്യക്കാരന്‍ കെ എസ് ഭഗവാനെ ഒരു സുപ്രഭാതത്തില്‍ വരവേറ്റത് "അടുത്തതു നീയാണ്" എന്ന ഫോണ്‍ സന്ദേശമായിരുന്നു. അവരോടുള്ള വെറുപ്പ് ഇന്നും കെ എസ് ഭഗവാന്റെ വാക്കുകളിലൂടെ നമ്മിലേക്ക് അസ്ത്രങ്ങളായി പെയ്തിറങ്ങുന്നു. 

          ഇന്ത്യയില്‍ മാത്രമല്ല ആവിഷ്കാരസ്വാതന്ത്ര്യത്തിനു വിലക്കു കല്‍പിക്കപ്പെടുന്നത്. പാരീസില്‍ അക്രമിക്കപ്പെട്ട ഷാര്‍ലി എബ്ദോ എന്ന പത്രം ഒരേ സമയം മാധ്യമങ്ങള്‍ക്ക് വിലക്കപ്പെടുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തേയും, നമ്മില്‍ നിന്നും നഷ്ടമായി കൊണ്ടിരിക്കുന്ന മൂല്യബോധത്തേയും കുറിക്കുന്ന. വെടിയുണ്ടകള്‍ തറച്ചു കയറിയ എത്രയോ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ട കരങ്ങള്‍, ലോകത്തിനെ ഇനിയുമേറെ ചിരിക്കാനുള്ള നര്‍മ്മങ്ങള്‍ സൃഷ്ടിക്കേണ്ടിയിരുന്ന ആ കരങ്ങള്‍ ആ കെട്ടിടത്തിന്റെ തറയില്‍ നിശ്ചലമായി കിടന്നപ്പോള്‍ നിലച്ചത് ഈ ലോകത്തിന്റെ  ആവിഷ്കാരസ്വാതന്ത്ര്യമായിരുന്നു. മതവും, ജാതിയും, രാഷ്ട്രീയവും, വിശ്വാസവും എല്ലാവര്‍ക്കും എല്ലാം നഷ്ടപ്പെടുത്തുമ്പോള്‍ പലപ്പോഴും പലരും വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കുന്നു. 'ലജ്ജ' എന്ന കൃതിയുടെ കര്‍ത്താവായ തസ്ലിമ നസ്റിന്‍ നാടുകടത്തപ്പെട്ടത് അവളുടെ വാക്കുകളെ ചിട്ടയായി അടുക്കിവച്ചതിനായിരുന്നു. പണ്ടേതോ സാഹിത്യക്കാരന്‍പ്പറഞ്ഞു "ഹേ, മനുഷ്യാ നീ നിന്റെ വാക്കുകള്‍ ചിട്ടയായി അടുക്കിവെക്കുകയാണെങ്കില്‍ നിന്നെ ഞാന് സാഹിത്യക്കാ൩രന്‍ എന്നു വിളിക്കും " അവര്‍ വീണ്ടും നമ്മോടു പറയുന്നു "Don't call me Muslim, I'm an athiest"- എന്നെയൊരു മുസല്‍മാനെന്നു വിളിക്കരുത്, ഞാന്‍ ഒരു നിരീശ്വരവാദിയാണ്. ഈശ്വരന്‍ കരുണ കാണിക്കുന്നവനാണ്, പക്ഷേ ഒരു സമൂഹത്തില്‍ സമാധാനം പുലരണമെങ്കില്‍ അവിടെ ഉദിക്കേണ്ടത് നീതിയാണ്, അപ്പോഴെ അവിടെ സമത്വമുണ്ടാകുന്നുള്ളൂ, സ്വാതന്ത്ര്യമുണ്ടാകുന്നുള്ളൂ, സാഹോദര്യമുണ്ടാകുന്നുള്ളൂ. എന്തിനാണു നാം ബംഗ്ലാദേശില്‍ പോകുന്നത്, വിലക്കപ്പെട്ട ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഇരകള്‍, ഇവിടെ, ഈ ഇന്ത്യയിലുണ്ട്. ഇന്ത്യയിലാകെ നിരോധിച്ച 'സാത്താന്റെ വചനങ്ങള്‍'-ഉടെ കര്‍ത്താവായ സല്‍മാന്‍ റുഷ്ദി തന്റെ ഒളിവുകാലത്ത് കഴിഞ്ഞിരുന്നത് AntonJoseph എന്ന പേരിലായിരുന്നു. സ്വന്തം പേരില്‍ സ്വന്തം അഭിപ്രായങ്ങള്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് ആവിഷ്കാര സ്വാതന്ത്ര്യം. സാഹിത്യക്കാരന്‍ എവിടെ തന്റെ പേര് ഒളിച്ചുവെക്കുന്നുവോ അവിടെ ആ സ്വാതന്ത്ര്യം വിലക്കപ്പെടുന്നു.

          ആവിഷ്കാര സ്വാതന്ത്ര്യം എന്നുവച്ചാല്‍എന്തും, എവിടെയും പറയാമെന്നല്ല. ഇപ്പോഴത്തെ ഭാരതത്തിന്റെ സ്ഥിതി ആവശ്യമുള്ളവനു ലഭിക്കുന്നുമില്ല, ലഭിക്കുന്നവന്‍ അനാവശ്യത്തിനുപയോഗിക്കുന്നു എന്നു പറയുന്നതുപോലെയാണ്."നോക്കൂ, ഈ തെരുവാകെ രക്തം, ഈ തെരുവാകെ ചുടുരക്തം"-എന്നുകാലങ്ങള്‍ക്കുമുമ്പ് പാബ്ലോ നെരൂദ പാടിയത് ഭാരതത്തെ കുറിച്ചാണോ? ചിന്തിക്കേണ്ടിയിരിക്കുന്നു. പഠാന്‍കോട്ടിലെ 'ദംഗു' എന്ന സൈനീകത്താവളത്തിന്റെ സുരക്ഷക്കായി നടത്തിയ 'Operation Dangu Suraksha' ഇന്ത്യന്‍ സൈനികവ്യൂഹത്തിന് 'മാനസി' എന്ന നായയേയും മലയാളിയായ ലഫ്.കേണല്‍ നിരഞ്ജന്‍കുമാറിനേയും നഷ്ടപ്പെടുത്തിയപ്പോള്‍ NDTV India എന്ന ചാനലിലൂടെ അത് ഭാരതം മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യപ്പെടുകയായിരുന്നു. മാതൃരാജ്യത്തിനുവേണ്ടി വിരിമാറുകാട്ടിക്കൊടുക്കുന്ന സൈനികന്റെ ചിത്രം തത്സമയം സംപ്രേഷണം ചെയ്ത് രാജ്യത്തെ ഒട്ടാകെ അപമാനിക്കുന്ന രീതിയിലേക്ക് തരംതാഴ്ന്നിരിക്കുന്നു. 'മാധ്യമ സേവനം' എവിടെ യാണ് നമുക്ക് പിഴച്ചത്?

         എന്നാണോ കല്‍ബുര്‍ഗിമാരും, പന്‍സാരെമാരും, ധാബോല്‍ക്കര്‍മാരും നമ്മില്‍നിന്നും വീണുപോയത്, എന്നാണോ പെരുമാള്‍ മുരുകന്മാരം, കെ എസ് ഭഗവാന്മാരും തൂലിക വലിച്ചെറിഞ്ഞ് നമ്മില്‍ നിന്നും തിരിഞ്ഞു നടന്നത്, എപ്പോഴാണോ ഭാര്യയുടെ മൃതദേഹവുമേന്തി കരഞ്ഞുകലങ്ങിയ കണ്ണുകളും പേറിയ മകളുമായി ദാനമാജിമാര്‍ നമ്മുക്കുമുന്നിലൂടെ വിദൂരതയിലേക്ക് നടന്നു നീങ്ങിയത് എന്നാണോ തസ്ലിമ നസ്റിമാരും, സല്‍മാന്‍ റുഷ്ദിമാരും അഭയാര്‍ത്ഥികളായത് അന്നാണ്, അവിടെയാണ് നമുക്ക് പിഴച്ചത്. തോക്കുകള്‍ വെള്ളരിവള്ളികള്‍ക്ക് താങ്ങാകുന്ന, പീരങ്കികളില്‍ നിന്നും ചെമ്പകപ്പൂമണം പുറത്തുവരുന്ന, അതിര്‍ത്തികളില്ലാതാകുന്ന, ആയുധങ്ങല്‍ കളന്തമറ്റതാകുന്ന, വെടിമരുന്നരകളില്‍ മുല്ലപള്ളി പടര്‍ന്നു കയറുന്ന ഒരു കാലഘട്ടത്തെ സ്വപ്നം കണ്ടതിന്, ഇരുട്ടിന്റെ ശക്തികള്‍ കല്‍ബുര്‍ഗിക്കും, പന്‍സാരെക്കും, ധാബോല്‍ക്കറിനും നല്‍കിയ സമ്മാനമായിരുന്നുവോ ആ വെടിയുണ്ടകള്‍?
         
         ഇന്ത്യ ഒരു സിറിയയാകാതിരിക്കണമെങ്കില്‍, ആഗ്ര ഒരു പാല്‍മിറയാകാതിരിക്കണമെങ്കില്‍, ഗ്രന്ഥശാലകള്‍ അക്ഷരങ്ങളുടെ അറവുശാലകളാകാതിരിക്കണമെങ്കില്‍, പുസ്തകങ്ങള്‍ വാക്കുകളുടെ ശ്മശാനമാകാതിരിക്കണമെങ്കില്‍ ആവിഷ്കാര സ്വാതന്ത്ര്യം യഥാര്‍ത്ഥരീതിയില്‍ വിനിയോഗിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവേണ്ടതുണ്ട്.
                                                   


HRIDYA S BIJU
9, [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
HS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്)
സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}


[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]]