ഗവ. എച്ച് എസ് കുറുമ്പാല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 4 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങള‍ും അധ്യാപകരും ശേഖരിച്ച വിവിധ നാടോടി ‍വിജ്ഞാനശകലങ്ങൾ ഇവിടെ രേഖപ്പെട‍ുത്ത‍ുന്നു.

ഗോത്രാചാരങ്ങൾ

വിവിധ ആദിവാസി സമൂഹങ്ങളുടെ ജന്മദേശമാണ് വയനാട്. അവരെ പ്രധാനമായും പണിയൻ, അടിയ, കാട്ട‍ുനായകൻ, കുറിച്യൻ, കുറുമ, ഊരാളി, ഊരാളി കുറുമകൾ എന്നിങ്ങനെ തരംതിരിക്കാം.

പണിയർ

കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ."പണി ചെയ്യുന്നവൻ" എന്നാണ് പണിയൻ എന്ന വാക്കിന്റെ അർത്ഥം.സാമൂഹികസാഹചര്യങ്ങളാൽ മറ്റുള്ളവർക്കുവേണ്ടി എക്കാലത്തും പണിയെടുക്കേണ്ടി വന്നവരായതുകൊണ്ടാകാം പണിയർ എന്ന പേരു സിദ്ധിച്ചത്.നൂറ്റാണ്ടുകൾക്കു മുമ്പ് വയനട്ടിലെ ബാണാസുരൻ കൊടുമുടിയോടു ചേർന്ന ഇപ്പിമലയിൽ സ്വതന്ത്രമായി ജീവിച്ചുവന്ന പണിയസമുദായത്തെ ജന്മിമാർ അടിമകളാക്കിയെന്നാണ് ഒരു വാമൊഴി ചരിത്രം. ഞങ്ങൾ ഇപ്പിമലയുടെ മക്കൾ (നാങ്ക് ഇപ്പിമല മക്കൈ) എന്നാണ് പണിയർ വിശ്വസിച്ചുപോരുന്നത്. നൂറ്റാണ്ടുകളായി വയനാട്, നിലമ്പൂർ, കണ്ണവം കാടുകളിൽ അലഞ്ഞുനടന്ന് ജീവിച്ച ഇവർ കാലക്രമേണ ജന്മിമാരുടെ അടിമകാളായി പണിയെടുക്കാൻ നിർബന്ധിതരായി. പണ്ട് ആണിന് ഒരണയും ഒന്നര സേർ വല്ലിയും (നെല്ല്) ആയിരുന്നു കൂലി. പെണ്ണിന് ഒരണയും അരസേർ വല്ലിയും. പണികഴിഞ്ഞുപോകുമ്പോൾ ജന്മിയുടേ പറമ്പിൽ വീണു കിടക്കുന്ന ചക്കയും മാങ്ങയും വിറകും പാടത്തുനിന്നും ശേഖരിക്കുന്ന താളും ആയിരുന്നു ഭക്ഷണം. കൂലികിട്ടുന്ന പച്ചനെല്ല് അന്നുതന്നെ കുത്തി അരിയാക്കി മേൽ പച്ചക്കറികളും കൂട്ടിയായിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്.പണിയർ എപ്പോഴും ഗ്രാമവ്യവസ്ഥയിൽ ജീവിക്കുന്നവരാണ്. ഗ്രാമത്തെ പാടികൾ എന്നുവിളിക്കും. ഓരോ ഗ്രാമത്തിലും ചെറിയ കൂരകളിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. പണിയവർഗ്ഗം അവരവരുടെ ജന്മിമാരുടെ തറവാടുകളോടു ചേർന്ന പറമ്പുകളിൽ ഉണ്ടാക്കിയ കുടിലുകളിലാണു കഴിഞ്ഞിരുന്നത്. ഇവയെ പിരെ എന്നും ചാള എന്നും വിളിക്കുന്നു. 5 മുതൽ 15 വരെ ചാളകൾ ആണ് ഒരു പാടിയിൽ ഉണ്ടാവുക.പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും ഇതിനു ബന്ധമുണ്ട്.കാട്ടുഭഗവതി കുളിയൻ, കാളി കുട്ടിച്ചാത്തൻ, മുത്തപ്പൻ, മലക്കാർ, മാരിയമ്മ, അയ്യപ്പൻ ആണ് ആരാധനാമൂർത്തികൾ.. ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല.കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ 'കാവ് , [ കാവും കല്ലും ]'ദൈവംതറ' എന്നോ 'കുളിയൻതറ' എന്നോ വിളിക്കും.തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവര് ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. പണിയർ പ്രത്യേകം ഉത്സവങ്ങൾ കൊണ്ടാടുന്നു.

ആഘോഷങ്ങൾ

മാരിയമ്മനും അയ്യപ്പനുമാണ് പ്രധാനമായും ഉത്സവങ്ങൾ ഉള്ളത്. ഉത്സവങ്ങൾ കൊണ്ടാടുമ്പോൾ മൂർത്തികൾക്ക് ഇവർ പ്രത്യേക നിവേദ്യങ്ങൾ അർപ്പിക്കുന്നു. ചില ആഘോഷങ്ങൾ മറ്റു ആദിവാസികളുമായി സാമ്യം ഉള്ളവയും ചിലത് പണിയരിൽ മാത്രം കണ്ടുവരുന്നതുമാണ്. ഓണവും വിഷുവും കൊണ്ടാടി വരുന്നു. മാരിയമ്മന്റെ ആഘോഷം ഇടവ മാസത്തിലാണ് നടക്കുന്നത് ( മേയ്-ജൂൺ). വള്ളിയൂർക്കാവ‍ുത്സവം എന്നുവിളിക്കുന്ന ആഘോഷവും പണിയരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.പലരും പാരമ്പര്യമായ വാദ്യോപകരണങ്ങൾ ഉപയോഗിക്കാനറിയുന്നവരാണ്. ഇവർ പ്രധാനമായും തുടി കുഴൽ മുതലായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്.പണിയന്മാരുടെ ഇടയിൽ പ്രചാരമുള്ള ഒരു നൃത്തരൂപമാണ് പണിയർ കളി. പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ കലാരൂപം കരു, പറ, ഉടുക്ക്, എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണു അവതരിപ്പിക്കുന്നത്. എട്ടു മുതൽ പത്തു പേർ ചേർന്നു അവതരിപ്പിക്കുന്നതാണ് പണിയർ കളി.

ആചാരാനുഷ്ഠാനങ്ങൾ

ആദിവാസികള‍ുടെ ആചാരാനുഷ്ഠാനങ്ങൾ വളരെ വ്യത്യസ്തമാണ്. കുംഭമാസത്തിലാണ് ഇവരുടെ ആചാരങ്ങൾക്ക് തുടക്കം.കുംഭം ഒന്നിന് രാവിലെ വീട്ടിൽ നിലവിളക്ക് കത്തിച്ച് നാക്കിലയിൽ പച്ചരിയും, വെള്ളത്തോട് കൂടിയ തേങ്ങാ മുറിയും, വെറ്റില, അടയ്ക്ക ,നാണയങ്ങൾ എന്നിവ വച്ച് മരിച്ചുപോയ കാരണവന്മാരെ പ്രീതിപ്പെടുത്താൻ പ്രാർത്ഥിക്കുന്നു. അന്ന് രാത്രി തങ്ങളുടെതായ എല്ലാതരം ഭക്ഷണങ്ങളും ഒരുക്കി പിതാമഹൻമാർക്ക് വേണ്ടി നേർച്ച വിളമ്പുന്നു. മറ്റൊരു പ്രധാന ചടങ്ങ് മേട മാസത്തിലാണ്.കാവിൽ കേറ്റം എന്ന ചടങ്ങ‍ുണ്ട്.വിഷുവിൻെറ അന്നോ അല്ലെങ്കിൽ വിഷു കഴിഞ്ഞോ ആണ് ഈ ചടങ്ങ്. ഇതിനായി ഇടണയിലയിൽ ഇലയപ്പം ഉണ്ടാക്കുന്നു. ഇലയപ്പം കാവിൽ വിളമ്പിയ ശേഷം മാത്രമേ വീട്ടിൽ ഉപയോഗിക്കുവാൻ പാടുള്ളൂ. മാരിയമ്മ, മുത്തശ്ശിമാരി, കാവിലപ്പൻമാര്, അമ്പത്തൊന്ന് കുലദൈവങ്ങൾ എന്നിവയാണ് ഇവരുടെ ആരാധന മൂർത്തികൾ.

സ്ത്രീകൾ പ്രസവിച്ചാൽ ഇരുപത്തിയഞ്ചാം ദിവസം തളിച്ച് കുളിയും 28 -ാം ദിവസം നൂൽകെട്ട് എന്ന ചടങ്ങ‍ുമുണ്ട്. നൂലുകെട്ട് ചടങ്ങിൽ കുട്ടിയുടെ അച്ഛൻെറയും അമ്മയുടെയും അടുത്ത ബന്ധുക്കളും ഊര‍ുമൂപ്പന്മാരും പങ്കെടുക്കുന്നു. പെൺകുട്ടികൾ മൂന്നുദിവസം പുറത്തിറങ്ങാതെയിരിക്കണം. മൂന്നാം ദിവസം മഞ്ഞൾകുളി എന്ന ചടങ്ങ് കഴിഞ്ഞേ പുറത്തിറങ്ങ‍ൂ.ശേഷം മറ്റൊരു ദിവസം എല്ലാവരെയും പങ്കെടുപ്പിച്ച് മതപരമായ ചടങ്ങുകളും ഒപ്പം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കുന്നു. മരണം സംഭവിച്ചാൽ അവരുടെ അടുത്ത ബന്ധുക്കൾക്ക് ഏഴു ദിവസം വരെ കഞ്ഞിയും ചമ്മന്തിയും പച്ചക്കറിയും (കടുക് ചേർക്കാത്ത ഭക്ഷണം) മാത്രമേ പാടുള്ളൂ.കൂടാതെ ഏഴാം ദിവസം നിഴൽ കൊണ്ടുവരിക എന്നൊരു ചടങ്ങ‍ും, എട്ടാം ദിവസം ഉപ്പും അരിയും എടുക്കുക എന്ന ചടങ്ങ‍ുമുണ്ട്.മരിച്ചവരുടെ ബന്ധത്തിൽ ബലി നോക്കുന്ന സ്തീയാണ് ഭക്ഷണസാധനം ഏറ്റുവാങ്ങ‍ുക. പുറം തിരിഞ്ഞു നിന്നു വേണം ഭക്ഷണസാധനങ്ങളും അരിയും സ്വീകരിക്കാൻ.ഇവർ തന്നെയാണ് ഭക്ഷണത്തിനുള്ള വെള്ളം മൺകലത്തിൽ തലയിലേറ്റി കൊണ്ട് വരേണ്ടതും.ഏഴാം ദിവസം കൊണ്ടുവന്ന നിഴൽ കേറ്റിയ റ‍ൂമി ലാണ് ഭക്ഷണം പാകം ചെയ്യുക. മരിച്ച്പോയവരെ മനസ്സിൽ കരുതി ഭക്ഷണങ്ങൾ വിളമ്പിയ ശേഷമേ മറ്റുള്ളവർ കഴിക്കൂ. എല്ലാ ചടങ്ങുകൾക്കും വെറ്റിലയും, പുകയിലയും, അടക്കയും, ചുണ്ണാമ്പും നിർബന്ധമാണ്. മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ആൾ "അട്ടാളി' എന്ന പേരിൽ അറിയപ്പെടുന്നു.ചടങ്ങ‍ുകൾക്കെല്ലാം തുടിയുണ്ടാകും. പുരുഷന്മാരുടെ തുടി താളത്തിനൊത്ത് സ്ത്രീകൾ നൃത്തം വയ്ക്കുന്നത് വളരെ മനോഹരമായ കാഴ്ചയാണ്.

പുലയ വിഭാഗം

വയനാട്ടിലെ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും പടിഞ്ഞാറത്തറ, കോട്ടത്തറ ,വെള്ളമുണ്ട, പൊഴുതന, ഇടവക, വെങ്ങപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പുലയ വിഭാഗം താമസിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങൾ

പുലയ വിഭാഗക്കാർക്ക് അവരുടെതായ ആചാരാനുഷ്ഠാനങ്ങളും ഭാഷയും ഉണ്ട്. കന്നി മാസത്തിലാണ് ആചാരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സമുദായ ആചാരങ്ങളുടെ ആരംഭം വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറ സമുദായം അമ്പലത്തിലാണ് ആരംഭിക്കുക. കന്നി പാട്ട് എന്ന ചാളപ്പാട്ട് കന്നി മാസത്തിലേയും, "പുത്തരി" എന്ന ചടങ്ങ് ധനു മാസത്തിലെ യും പ്രധാന ചടങ്ങ‍ുകളാണ്.എല്ലാ ഊരുകളിൽ നിന്നുള്ളവരെല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാണ് പുത്തരി ഉത്സവം പുത്തരി നടത്തുന്നത്.പുതിയ അരിയുടെ ചോറും കറികളും (സദ്യ )ആണ് വിഭവങ്ങൾ.ഇതിനുള്ള അരി കമ്മറ്റിക്കാർ സമുദായത്തിൽ പെട്ടവരിൽ നിന്നും ശേഖരിക്കും. പുത്തരി ഉത്സവം കഴിഞ്ഞാൽ ഓരോ സമുദായ അമ്പലത്തി ലും പുത്തരി വെയ്‍ക്കും.തിറ മറ്റൊരു പ്രധാന ഉത്സവമാണ്.മകര മാസം ഒന്നിന് തിറ ഉത്സവാരംഭം സമുദായ അമ്പലത്തിൽ നടത്തും.മഹാദേവൻ തിറയാണ് ഏറ്റവും പ്രധാന തിറ.മകര മാസ തിറയോടു കൂടി ഓരോ വർഷത്തെയും ഉത്സവം സമാപിക്കുന്നു.മേടമാസ സംക്രാന്തിയ്ക്ക് എല്ലാ സമുദായ അമ്പലത്തിലും പ‍ൂജ ഉണ്ടാകും.

മരണാനന്തര ചടങ്ങ്

മരണാനന്തര ചടങ്ങിൻെറ ഭാഗമായി മൂന്നാം ദിവസം പ്രത്യേക ചടങ്ങ‍ും, പതിനാറാം ദിവസം പ‍ുലകുടി അടിയന്തരവുമ‍ുണ്ടാകും.മരണപ്പെട്ടവരുടെ മക്കളും അടുത്ത ബന്ധുക്കളും 16 ദിവസം നോയമ്പ് നോക്ക ണം. മത്സ്യ മാംസാദികൾ കഴിക്കരുത്. ഒരു കുട്ടി ജനിച്ചാൽ ഏഴാം ദിവസം പുണ്യാഹം തളിച്ച് പെറ്റിണീ ക്കൽ ചടങ്ങ് നടത്തുന്നു. ഇരുപത്തി യെട്ടാം ദിവസം നൂലുകെട്ട് ചെറിയ സദ്യയോടുകൂടി ആഘോഷിക്കുന്നു.സമുദായത്തിലെ മൂപ്പൻ 'മരത്താൻ' എന്ന പേരിൽ അറിയപ്പെടും.'മരത്താൻ' പദവി സ്വീകരിക്കുന്ന യാൾ മൂന്നര മാസക്കാലം കഠിന വ്രതം അനുഷ്ഠിക്കണം. ഈ കാലയളവിൽ ഏകന്തവാസവും ആവശ്യമാണ്. കന്നി മാസം ഒന്നാം തീയതി ആരംഭിക്കുന്ന വ്രതം ധനു മാസം പകുതിയിൽ തീർത്ത്, സമുദായ അംഗങ്ങൾ താമസിക്കുന്ന മുഴുവൻ ഊരുകളും സന്ദർശിക്കണം.സമുദായ ആചാരങ്ങളിൽ ഏറ്റവും മുഖ്യൻ 'മരത്താൻ' തന്നെയാണ്. പ്രായത്തിൽ മൂത്തവർ പോലും മരത്താനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. മരത്താന് പ്രത്യേക ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. സമുദായക്കാർ നൽകുന്ന ചെറിയ സഹായങ്ങൾ സ്വീകരിക്കാം. മരത്താന് അരയിലും തോളിലും ചുമന്ന പട്ട് നിർബന്ധമാണ്.ഊരു സന്ദർശനത്തിലും ചടങ്ങു കൾക്കും ചൂരൽ വടിയും, അരയിൽ ചെറിയ കത്തിയും ഉണ്ടാകും. കത്തി മുഴുവൻ സമയവും അരയിൽ കരുതുന്നു. നിലവിലെ മരത്തൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മാക്കൂട്ട്കുന്ന് ഊരിലെ ശങ്കരൻ എന്നവരാണ്.

കുറിച്ച്യ വിഭാഗം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കുപ്പാടിത്തറ വില്ലേജിൽ ഒമ്പതാം വാർഡിൽ അലക്കമുറ്റം, അത്തിക്കൽ, കുന്നത്തുകാര എന്നീ ഉന്നതികളിലായി 75 കുറിച്ച്യ സമുദായക്കാർ താമസിച്ച് വരുന്നു. പണ്ടുകാലം മുതലേ കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു ഇപരുടെ ജീവിതോപാധി. നെല്ല്, റാഗി, വാഴ, കപ്പ, ഇഞ്ചി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്.എന്നലിന്ന് കൃഷി വാഴയിലും കപ്പയിലുമായി ഒതുങ്ങി.ഇവർ പരസ്പരം തനത് ഭാഷ സംസാരിച്ചിരുന്നു.ആ ഭാഷക്ക് ലിപി ഉണ്ടായിരുന്നില്ല.ആർക്കും കേട്ടാൽ മനസ്സിലാക്കാൻ പറ്റുന്ന ഭാഷയായിരുന്നു. ആദ്യകാലങ്ങളിൽ കൂട്ടുകുടുംബ വ്യവസ്ഥിതി ആയിരുന്നു നിലനിന്നിരുന്നത്.തറവാട്ടിൽ 20 കുടുംബങ്ങൾ വരെ ഉണ്ടാകും. എല്ലാവരും ഒരുമിച്ച് താമസിച്ചിരുന്നു. കുടുംബ കാരണവരാണ് ഭരണ ചുമതല വഹിച്ചിരുന്നത്.ഭൂസ്വത്തുക്കൾ ഇവരുടെ കൈവശമായിരുന്നു. മരുമക്കത്തായ സമ്പ്രദായമായതിനാൽ കാരണവർ മരിച്ചാൽ അടുത്ത മരുമകനായിരിക്കും ഭരണ ചുമതല. എന്നാൽ ഇന്ന് ഇതിലൊക്കെ വലിയ മാറ്റം വന്നു.ഓരോ കുടുംബവും വീടുകൾ കെട്ടി മാറി താമസിക്കാൻ തുടങ്ങി.

ആചാരാനുഷ്ഠാനങ്ങൾ

ഒരുപാട് ആചാര അനുഷ്ഠാനങ്ങളും ഇവരുടെ ഇടയിലുണ്ട്.പൺകുട്ടികൾ പ്രായപൂർത്തിയായാൽ തിരണ്ടു കല്യാണം നടത്തും. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് പുലയുളി, ദൈവത്തിനെ കാണൽ എന്നീ ചടങ്ങുകൾ ഉണ്ടാകും. ആരാധനാ മൂർത്തികൾ, കാവുകൾ എന്നിവ പ്രധാനപ്പെട്ടതാണ്. മലക്കാരി ഗുളിയൻ, ശിവൻ, തെയ്യം, കുട്ടിച്ചാത്തൻ എന്നിവ ആരാധനാ മൂർത്തികളാണ്.വീരോത്ത് കാവിൽ എല്ലാ മാസവും പൂജ നടക്കാറുണ്ട്. ഓരോ മാസവും ഓരോ വീട്ടുകാർ പൂജയുടെ ചെലവ് വഹിക്കണം. വർഷത്തി ലൊരിക്കൽ പ്രതിഷ്ഠാദിനവും നടത്തുന്നു. കുന്നത്തുകാര ഉന്നതിയിലെ മലക്കാരി കാവിൽ തിറമഹോത്സവം നടത്താറുണ്ട്. വീട്ടുകാർ ഒരു നിശ്ചിത തുക എടുത്താണ് പരിപാടി നടത്തുന്നത്. തുലാം പത്ത് മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ്.അന്ന് അമ്പും വില്ലും പൂജക്ക് വെക്കുന്നു. ശേഷം ആണുങ്ങൾ അമ്പും വില്ലുമായി നായാട്ടിനു പോകും.പന്നിയോ, മുയലോ എന്തെങ്കിലും വേട്ടയാടി പിടിക്കും. കിട്ടിയാൽ ദൈവത്തിന് കാണിക്ക വച്ചതിനുശേഷമേ കഴിക്കുകയുള്ളൂ.

കുറിച്ച്യവിഭാഗത്തിലെ സ്തീകൾ നെല്ല് കുത്തുമ്പോൾ പാടുന്ന നെല്ല് കുത്ത് പാട്ടിൻെറ ചില വരികൾ

ശെയുവേ ............ഉം.....ശെയുവേ

ചോമാല............ഉം.......നെല്ലെല്ലാം കുത്തണ്ടെ

അയുമ്പക്കെ ............ഉം......അയുമ്പക്കെ ............ഉം...

ശെവ്വമേ .........ഉം...ശെവ്വമേ

അരിയെല്ലാം വെളുക്കണ്ടേ.........