ജി.എം.എൽ.പി.എസ്. കുമ്മിണിപ്പറമ്പ്/എന്റെ ഗ്രാമം
കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലാണ് കുമ്മിണിപ്പറമ്പ് എന്ന എൻെറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ലോകഭൂപടത്തിൽ സ്ഥാനം പിടിക്കാൻ കാരണമായത് കുമ്മിണിപ്പറമ്പിനോട് ചേർന്നു നിൽക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ്. ഗേറ്റ് വേ ഓഫ് മലബാർ,കരിപ്പുൂർ എയർപോർട്ട്, കാലിക്കറ്റ് എയർപോർട്ട് എന്നിങ്ങനെ അറിയപ്പെടുന്ന ഈ വിമാനത്താവളത്തിന്റെ വരവോടുക്കൂടി ഇല്ലാതയത് ഒരു ഗ്രാമത്തിന്റെ തനിമയും സ്വത്വവും ആണ്.
ചരിത്രം
നൂറ്റാണ്ടുകളായി വികസനത്തിൻെറ വെള്ളിവെളിച്ചം കടന്നു വരാൻ അറച്ചു നിന്ന ഒരു ഗ്രാമമായിരുന്നു അമ്മിണിക്കര (ഇന്നത്തെ കുമ്മിണിപ്പറമ്പ്). ഒരു കാലത്ത് അധ്വാനിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും നാടായിരുന്നു അമ്മിണിക്കര. മഞ്ഞൾ നട്ടും നടുതല നട്ടും ചാമയും എള്ളും മുതിരയും മോടനും വിതച്ചും അമ്മിണിയെ പച്ചസുന്ദരിയാക്കിയിരുന്നു ഇവിടത്തെ തൊഴിലാളികൾ. അമ്മിണിക്കരയുടെ നടുവിലൂടെ ഒഴുകിയ അമ്മിണിത്തോട്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കണ്ണംകോട്ടുപാറ മൈതാനം, ആടുമാടുകൾ മേഞ്ഞു നടന്ന വിശാലമായ പുൽമേടുകൾ, കാടപ്പക്ഷികളും അരിപ്രാവുകളും കൂട്ടംകൂടി പറന്നിറങ്ങിയ ചാമകണ്ടങ്ങൾ ഇവയെല്ലാം അമ്മിണിക്കരയുടെ സൗന്ദര്യം കൂട്ടി. പൊട്ടിച്ചൂട്ട് ഭൂതത്താൻമാരും ഒടിയൻമാരും പാർക്കുന്ന ആൽമരക്കൂട്ടങ്ങൾ, ജിന്നുകൾ രാപ്പാർക്കുന്ന താമരക്കുളം, ഇവിടത്തെ സ്ത്രീകളെ വൈധവ്യത്തിലേക്കും വിരഹത്തിലേക്കും തള്ളി വിടുന്ന അമ്മിണിയുടെ റുഹാനി, ഗ്രാമത്തിനെ ശാപങ്ങളിൽ നിന്നും സംരക്ഷിക്കുന്ന മസ്താനിയുടെ മഖ്ബറ തുടങ്ങി വിശ്വാസങ്ങളും അവിശ്വാസങ്ങളും കൂട്ടു പിടിച്ചാണ് ഇവിടെയുള്ളവർ ജീവിച്ചിരുന്നത്.
ഈ കരയുടെ കാവൽക്കാരിയായിരുന്നു അമ്മിണി. അടുത്ത പറമ്പിലെ കാവൽക്കാരനായിരുന്ന കണ്ണൻകുട്ടിയുമായി അവൾ പ്രണയത്തിലാവുകയും ഇതറിഞ്ഞ ജൻമി അയാളെ നിർബന്ധിച്ച് പടിഞ്ഞാറെത്തറയിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. മാസങ്ങൾക്കു ശേഷം ഒരു ദിവസം കണ്ണൻകുട്ടി വരുന്നുണ്ടെന്ന് ജൻമി അറിയിച്ചതിനെ തുടർന്ന് അയാളെ കാത്തിരുന്ന അമ്മിണിയെ, അന്നേ ദിവസം രാത്രി ജൻമി ചതിച്ചു കൊലപ്പെടുത്തുകയും ചെയ്തു. അമ്മിണിയുടെ ആർപ്പുവിളികൾ കേട്ട് അവളെ രക്ഷിക്കാൻ പുറപ്പെട്ട അയൽക്കാരായ ആണുങ്ങളെ ജൻമിയോടുള്ള പേടി കാരണം ഭാര്യമാർ തടഞ്ഞു വെച്ചു. ഇതു കൊണ്ടു തന്നെ അമ്മിണിയുടെ റുഹാനി ഇവിടുത്തെ പെണ്ണുങ്ങളുടെ ദുർഗതിയ്ക് കാരണമാവും എന്നവർ വിശ്വസിച്ചു. അമ്മിണിയുടെ റുഹാനി പിടിച്ചു കെട്ടാൻ നാട്ടുകാർ കൂട്ടിക്കൊണ്ടു വന്ന മസ്താനി പിന്നീട് മരണപ്പെടുകയും കണ്ണംകോട്ടുപാറയിൽ മസ്താനിയുടെ മഖ്ബറ നിർമ്മിക്കുകയും ചെയ്തു. ഈ കണ്ണംകോട്ടുപാറയിൽ നട്ടപ്പാതിരായ്ക് മിന്നുന്ന പൊട്ടിച്ചൂട്ട് കണ്ണൻകുട്ടിയുടെ പ്രേതം അമ്മിണിയെ തിരയുന്നതാണെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. മസ്താനിയുടെ മഖ്ബറയിൽ പ്രാർത്ഥിക്കുന്നത് വഴി ജനങ്ങളുടെ ദുരിതം കുറയുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
ഈ മഖ്ബറയും കണ്ണംകോട്ടുപാറയും തകർത്താണ് ഇന്നത്തെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്തിൻെറ ഇരമ്പൽ കേട്ടു കൊണ്ടാണ് ഇന്നിവിടത്തെ നാട്ടുകാർ ഉറങ്ങുന്നതും ഉണരുന്നതും. കണ്ണംകോട്ടുപാറയിൽ കപ്പലിറങ്ങുമെന്ന് മസ്താനകത്ത് തങ്ങളുടെ പ്രവചനമുണ്ടായിരുന്നു. അത് ശരിയായി എന്നാണ് ഇവിടുത്തുകാർ പറയുന്നത്, ആകാശക്കപ്പൽ! വിദ്യാഭ്യാസ സ്ഥാപനങ്ങൾ EMEA കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് AMUPS കുമ്മിണിപ്പറമ്പ്