ഇരുമ്പുഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tkfousiyatk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കടലുണ്ടി പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. ചെറിയ മലനിരകൾകൊണ്ടും, ചെറിയ നദികൾകൊണ്ടും സമ്പുഷ്ടമാണ് ഈ ഗ്രാമം. മലയാളത്തിലെ ഇരുമ്പ് + ഊഴി എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഈ ഗ്രാമത്തിന് ഇരുമ്പുഴി എന്ന പേർ വന്നത്. മലപ്പുറം കുന്നുമ്മൽ ടൗണിനും മഞ്ചേരി ടൗണിനും മധ്യത്തിലായി സ്ഥിതി ചെയ്യന്നു. വടക്കുമുറി, വളാപറമ്പ്, പാലക്കോട്ടുപറമ്പ്, മണ്ണംപാറ എന്നീ പ്രദേശങ്ങൾ ഇരുമ്പുഴിയിലുൾപ്പെട്ട പ്രദേശങ്ങളാണ്.

കടലുണ്ടിപ്പുുഴ

ചരിത്രത്തിന്റെ ചെപ്പ് തുറക്കുമ്പോൾ

പഴമക്കാരിൽനിന്നും കേട്ടറിഞ്ഞ ഇനിയും ബാക്കിനിൽക്കുന്ന ചരിത്രാവശിഷ്ടങ്ങളെ തൊട്ടറിഞ്ഞ് ഒരു യാത്രയാണിവിടെ നടത്തുന്നത്. പൂർവികർ താണ്ടിയ ഊടുവഴികളും ചാടിക്കടന്ന കൈത്തോടുകളും ചവിട്ടിക്കയറിയ കോണിക്കല്ലുകളും ഇപ്പോഴത്തെ തലമുറക്ക് തികച്ചും അന്യമല്ല. കാരണം അതേ കുന്നും മലയും തോടും വയലും തെങ്ങും കവുങ്ങും വാഴത്തോട്ടവും വെറ്റിലത്തോട്ടവും ഇന്നും വലിയ പരിക്കില്ലാത്തെ അവിടെവിടെയായി ഇന്നും കാണാം. പല തോടുകളിലും വെള്ളപ്പാച്ചിൽ നിലച്ചിട്ടുണ്ട്. ഊടുവഴികളിൽ പലതും കോൺക്രീറ്റ് ചെയ്ത് നടക്കാനും വാഹനത്തിനും സൌകര്യപ്പെടുത്തിയിട്ടുണ്ട്. വയലുകളിൽ പകുതിയിലധികവും മണ്ണിട്ട് മൂടി കോൺക്രീറ്റ് സൌധങ്ങൾ കെട്ടിപ്പൊക്കിയിട്ടുണ്ട്. ഇത്തരം മാറ്റങ്ങൾ ഉള്ളതോടൊപ്പം ഇരുമ്പുഴിയിലെ ഉൾപ്രദേശങ്ങൾ ഇന്നും പഴയ സൌന്ദര്യം പാടെ കുടഞ്ഞെറിഞ്ഞിട്ടില്ല. ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഇന്നും ഒരുമയോടെ ഒരൊറ്റ കുടുംബം പോലെ ജീവിക്കുന്നു.

പേരിന് പിന്നിൽ

ഇരുമ്പിന്റെ കരുത്തും പൂഴിയുടെ നൈർമല്യവും ഒത്തിണങ്ങിയ ഈ മണ്ണിൽനിന്ന് ഇരുമ്പ് കുഴിച്ചെടുത്തതായി രേഖകൾ സാക്ഷ്യം വഹിക്കുന്നുണ്ട്. 1834 മുതൽ ഇരുമ്പയിർ ഖനനം ചെയ്തിരുന്നതായി തെളിവുകളുണ്ട്. ആലിക്കാപ്പറമ്പും അതിന്റെ താഴ്വാരങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് ഇരുമ്പുഴി എന്ന പേരുവരാൻ കാരണം ഈ പ്രദേശത്ത് സമ്പന്നമായിരുന്ന ഇരുമ്പയിർ ഖനനത്തിന് ധാരാളം കുഴികൾ കുഴിച്ചതിനാലാണ്. ഇരുമ്പുകുഴി ലോപിച്ചാണ് ഇരുമ്പുഴിയായത്. വടക്കുംമുറിയിലെ വട്ടന്റെ നെറുകയിൽ ഭൂമിക്കടിയിലൂടെ നീണ്ടുകിടക്കുന്ന നരിമടയിൽ നിന്നും ലഭിച്ച കനമുള്ള കല്ലുകൾ ധാരാളം ഇരുമ്പിന്റെ അംശമുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്.

ഭൂപ്രകൃതി

ഇരുമ്പുഴി‍‍‍‍

ആലിയാപറമ്പി(ആലിക്കാപ്പറമ്പ്)ന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കോട്ടക്കുന്ന് ചരിത്രപ്രസിദ്ധമാണ്. അതിന്റെ മറുവശത്ത് കരുവാരക്കുണ്ടിൽനിന്ന് ഉത്ഭവിച്ച് കടലുണ്ടിയിൽ വെച്ച് അറബിക്കടലിൽ എത്തിച്ചേരുന്ന പുഴയൊരുക്കുന്ന നയനമനോഹാരിത ഇരുമ്പുഴിക്ക് മാറ്റുകൂട്ടുന്നു. മലപ്പുറം മഞ്ചേരിപാതയിലെ വാഹനങ്ങളുടെ ധാരാളിത്തം മാറ്റിനിർത്തിയാൽ നേരത്തെ സൂചിപ്പിച്ച പോലെ ഇരുമ്പുഴി ഇന്നും തികഞ്ഞ ഗ്രാമം തന്നെയാണ്. ഏകദേശം 45 കിലോമിറ്ററിൽ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന അനക്കയം പഞ്ചായത്തിലെ ജനസംഖ്യയിലെ ഒരുവലിയ ഭാഗം ഇരുമ്പുഴിയിലാണ്.

കാലത്തിന്റെ കുത്തൊഴുക്ക് മലപ്പുറം ജില്ലയിലെ മറ്റേത് പ്രദേശങ്ങളെയും പോലെ ഇരുമ്പുഴിയെയും സ്വാധീനിച്ചിട്ടുണ്ട്. മരംകോച്ചുന്ന തണുപ്പത്ത് അതിരാവിലെ പുഞ്ചക്ക് വെള്ളം തേവാൻ പോയ കർഷകജനത ഇന്ന് അത്യപൂർവ്വകാഴ്ചയാണ്. പകരം പ്രവാസലോകത്ത് മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നാടിന്റെ ഭൌതിക വികസനത്തിന് അകമഴിഞ്ഞ സംഭാവനകൾ നൽകുന്ന പ്രവാസികളും അവരുടെ പിൻമുറക്കാരെയുമാണ് നമുക്കിവിടെ അധികവും കാണാനാവുക. നെൽപാടങ്ങൾ കോൺക്രീറ്റുകാടുകളായും മണ്ണെണ്ണയൊഴിച്ച് കത്തിച്ച വഴിവിളക്കിന്റെ സ്ഥാനത്ത് നിയോൺബൾബുകളായും ടിപ്പുസുൽത്താൻ ഒരുക്കിയ ചെത്തുവഴികൾ വീതികൂടിയ ടാറിട്ട റോഡുകളായും മാറിയിരിക്കുന്നു. കാളവണ്ടിക്ക് പകരം മോട്ടോർസൈക്കിളും ടിപ്പർ ലോറിയും കാറും ഓട്ടോയും ബൈക്കുകളും കുതിച്ചുപായുന്നു. കള്ളിത്തുണിയും കാച്ചിത്തുണിയുമെടുത്ത് മൊട്ടത്തലയുമായി പഠിക്കാൻ പോയുന്നവരുടെ സ്ഥാനത്ത് പാന്റും ഷർട്ടും ചുരിധാറുമൊക്കെയായി കുട്ടികൾ സ്കൂളിലേക്ക് പോകുന്നു.

വ്യാഴാഴ്ച ചന്തയുടെ ചന്തം

കടലുണ്ടിപുഴയും കരുമാഞ്ചേരി (കരുവഞ്ചേരി)പറമ്പുമാണ് ഇരുമ്പുഴിയുടെ സംസ്കൃതിയുടെ നാന്ദിക്കുറിച്ചത്. പാണ്ടിയിൽനിന്ന് വന്ന ചെട്ടിമാരുടെ താവളമായിരുന്നു ആ പറമ്പ്. പനമ്പറ്റക്കടവിനും മണ്ണാത്തിപ്പാറക്കും അയവിറക്കാൻ സ്മരണകൾ ഏറെ. ധാരാളം ആൽമരങ്ങളുള്ള ആലിക്കാപറമ്പിനെ ചക്രങ്ങളിൽ കുടമണികൾ തൂങ്ങിയാടി വരിവരിയായി പോയിരുന്ന കാളവണ്ടിക്കാർ വിശ്രമകേന്ദ്രമാക്കി. തോരപ്പാറയിലുള്ള അത്തിക്കോൾ വ്യാഴാഴ്ച ചന്ത ഗ്രാമീണജീവതത്തിന്റെ ചൂരും ചൂടുമണിഞ്ഞ ഒരനുഭവമായി ഇന്നും പഴമക്കാർ ഓർക്കുന്നു. മഞ്ചേരിയിലെ ബുധനാഴ്ച ചന്തകഴിഞ്ഞാൽ പിന്നീട് ആ കച്ചവടക്കാർ വ്യാഴ്ച ഉച്ചവരെ അത്തിക്കോളിൽ തങ്ങിയായിരുന്നു നാട്ടിലേക്ക് മടങ്ങിയിരുന്നത്. മഞ്ചേരിയിലെ ബുധനാഴ്ച ചന്ത കാൽനൂറ്റാണ്ട് മുമ്പുവരെ നിലനിന്നിരുന്നു. കുപ്പിവളകളും കരിമണികളും അരണച്ചരടുകളും വാങ്ങാൻ നാണം കുണുങ്ങി എത്തിയിരുന്ന ഗ്രാമീണ കന്യകകൾ പഴയ ഒരോർമ മാത്രമാണിന്ന്.

പൂർവ്വികർ

ബ്രിട്ടീഷ് അധിനിവേഷത്തിന് മുമ്പ് വടക്കെമലബാറിലെ കടത്തനാടിൽനിന്നും ചേകേറിയ നാല് കുടുംബങ്ങളുടെ പിൻതലമുറക്കാരാണ് ഇന്നുള്ളത്. അധികാരത്ത് പെരീക്കാട്ട്, അമ്പയക്കോട്ട്, നെയ്താംകോട്ട് ഈ നാലുകുടുംബങ്ങളിൽ ഒരു അമുസ്ലിം ചേകവനുമുണ്ടായിരുന്നു. ചേകവൻ കറുത്തെടുത്ത് താമസമാക്കി. കളരിപ്പയറ്റിലും ആയോധനമുറകളിലും ഈ നാല് കുടുംബത്തിനും പ്രാവീണ്യമുണ്ടായിരുന്നു. ഇരുമ്പുഴി പ്രദേശത്ത് ഇപ്പോഴും കാണപ്പെടുന്ന കളരിസംഘങ്ങൾ ഇതിന്റെ ബാക്കിപത്രമാണ്.

അധികാരത്ത് കുടുംബം നാടുവാഴിത്ത രീതിയിൽ ഭരണകാര്യങ്ങൾ നടത്തി. അക്കാലത്ത് അധികാരത്ത് തറവാട് സുപ്രീകോടതിക്ക് സമാനമായി പരിഗണിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിച്ചവരും ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുമായി ധാരാളം പേരുണ്ടായിരുന്നു ഇവിടെ. അവരിലെ ഒരു പ്രധാനിയായിരുന്നു അലവിക്കുട്ടിക്കാക്ക.

പൂർവ്വികരിലെ പ്രധാനികൾ

നാടിന്റെ വിദ്യാഭ്യാസ സാസ്കാരിക സാമൂഹിക മേഖലയിൽ അറിയപ്പെടുന്ന ചില പേരുകളാണ്: ഓത്തുപള്ളി നടത്തിയിരുന്ന വലിയാടൻ ഏനിമൊല്ല, സൂഫിവര്യനെ പോലെ ജീവിച്ച് മാതൃകകാണിച്ച മൊകാരിമൊല്ല, വിഷചികിത്സകനായിരുന്ന ഒറ്റകത്ത് ചോലക്കൽ മുസ്ലിയാർ, ഏതൊരുവസ്തുവിനും മോഡൽ നിർമിച്ച സാമ്പിൾ മുഹമ്മദ്കാക്ക, ആളുകളെ തന്റെ ഫലിതം കൊണ്ട് കുടുകുടെ ചിരിപ്പിച്ച കരേകടവത്ത് കോമുക്കാക്ക, പടുപ്പും കുന്നത്ത് നാടിക്കുട്ടി, നവതിയോടടുത്തിട്ടും ഓർമശക്തി ഒട്ടും ചോരാതെ ജീവിച്ച വട്ടത്തൊടി നാരായണൻ നായർ, ശിശുരോഗ ചികിത്സകനായിരുന്ന മേലെതിൽ ചക്കുവൈദ്യർ, നിമിഷകവി കൊരമ്പ കുഞ്ഞിമൊയ്തീൻ കാക്ക, ചവിട്ടുകളി ഗുരു കുഞ്ഞീതുകാക്ക, പാട്ടുകാരൻ നീലാണ്ടൻ, തച്ചുശാസ്ത്രപ്രതിഭ തോട്ടത്തിൽ തലശ്ശീരിയൻ.

പണ്ടുകാലം മുതലേ പ്രവാസികൾ

പണ്ടുകാലം മുതലേ ഇവിടുത്തുകാർ വിദൂരദേശങ്ങളിൽ ജോലിക്ക് പോകുകപതിവായിരുന്നു. ബർമ, മലായി, സിലോൺ എന്നിവിടങ്ങളിലും ഈ പ്രദേശങ്ങളിൽ നിന്ന് ധാരാളം ആളുകൾ കുടുംബം പുലർത്തുന്നതിനായി ജോലി അന്വേഷിച്ച് പോയിരുന്നു. ഇന്ത്യാവിഭജനത്തോടെ ഇവിടങ്ങളിലെ പലരും പാകിസ്ഥാനിൽ പെട്ടുപോകുകയും പിന്നീട് തിരുച്ചുവരാൻ സാധിക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്തു. തിരുച്ചുവരാൻ ശ്രമിച്ച പലർക്കും നരകയാതന അനുഭവിക്കേണ്ടിവന്ന ചരിത്രവും ഉണ്ട്.

ആയിരത്തിതൊള്ളായിരത്തി എഴുപത് എമ്പതുകളിൽ മറ്റേത് മലപ്പുറം പ്രദേശത്തെപ്പോലെയും ഗൾഫിലേക്കുള്ള പ്രവാസം ആരംഭിച്ചു. മഹാഭൂരിപക്ഷം വീടുകളിലും ഒരിക്കലെങ്കിലും ഗൾഫിലെത്തിനോക്കിയവരായിരിക്കും ഇന്നും ഇരുമ്പുഴിയുടെ സമ്പത്തിക സുസ്ഥിതി ഗൾഫ് പണത്തെ ആശ്രയിച്ചാണ്. പലരും ഗൾഫ് ജീവിതം വിട്ട് നാട്ടിൽ കച്ചവട സംരംഭങ്ങൾ ആരംഭിച്ചു. പലരും പഴയ കടകൾ പുതുക്കിപ്പണിതു. വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു അങ്ങാടികളായി മണ്ണംപാറയും ആലിക്കാപറമ്പും മാറിക്കൊണ്ടിരിക്കുന്നു.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അവലംബം

http://www.india9.com/i9show/Irumbuzhi-70677.htm

"https://schoolwiki.in/index.php?title=ഇരുമ്പുഴി&oldid=2592641" എന്ന താളിൽനിന്ന് ശേഖരിച്ചത്