ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ ഞാൻ അമ്മയാകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 21 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ ഞാൻ അമ്മയാകുന്നു എന്ന താൾ ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ ഞാൻ അമ്മയാകുന്നു എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per SAMPORA)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ അമ്മയാകുന്നു

ഞാൻ അമ്മയാകുന്നു
താലത്തിൽ പുടവയുമേന്തിയിട്ടിന്നു നീ,
നമ്ര ശിരസ്കയായ് കതിർ മണ്ഡപം പൂകെ,
തുടികൊടുമെൻ ഹൃദയതാളത്തിൽ വിരിയുന്നു
നിറമുള്ള മണമുള്ളോരോർമ്മ പുഷ്പം.

നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരികാണാതെ
നിൻ ചുണ്ടിലുണരുന്ന കളമൊഴികേൾക്കാതെ
താരിളം പാദത്തെ പിച്ചവെപ്പിക്കാതെ
കൊച്ചുനുണക്കുഴിക്കവിളിൽ മുത്തീടാതെ
അമ്മ മറഞ്ഞോരമാവാസിനാൾ മുതൽ
അച്ഛൻ പിരിഞ്ഞോരദിശപ്തനാൾ മുതൽ
അമ്മയായ് അച്ഛനായ് താങ്ങായി നിന്നതീ-
കുഞ്ഞേട്ടനല്ലേ കളികൂട്ടായിനിന്നതും.

ഇന്നുത്തമമാം ഒരു യൌവന ഹസ്തത്തിൽ
നിൻ പാണീയേൽപ്പിച്ച് ധന്യനാവുമ്പോഴും
ഓർത്തു പോകുന്നു ഞാനനുജത്തിനിന്നുടെ
നിർമ്മല സ്നേഹത്തിൻ നൂപുരധ്വനികളും
നിൻ കിളികൊഞ്ചലിൻ വളകിലുക്കങ്ങളും.

തുമ്പയും മുക്കുറ്റിയും തോൾചേർന്നു നിൽക്കുന്ന
പാടവരമ്പത്ത് സാമോദമങ്ങനെ
മാനത്ത് കണ്ണിയെ നോക്കിയിരുന്നതും.
മാനമിരുണ്ടിടിവെട്ടിയ നേരത്ത്
കെട്ടിപ്പിടിച്ചു നീ പൊട്ടിക്കരഞ്ഞതും.

തുമ്പിയോടൊന്നിച്ച് പാറിനടന്നതും
അമ്പിളിമാമനെ കിട്ടാതെ കേണതും
അമ്പലക്കാളയെ കണ്ട് പേടിച്ചതും.
എൻ മനോ മുകുരത്തിൽ സൌവർണശോഭയിൽ
തെളിയുന്നു കുഞ്ഞേ നിൻ ബാല്യ കേളികൾ.

പുസ്തക സഞ്ചിയും മാറോട് ചേർത്ത് നീ
പള്ളിക്കൂടത്തിൽ പോയ് വന്നിടുന്നതും
ചാറൽ മഴയത്തങ്ങോടിനടന്നതും
ശീലക്കേടോടെ കിടന്ന് കരഞ്ഞതും
ഇന്നത്തെയെന്നപോലോർത്തെടുക്കുന്നു ഞാൻ
ഇക്കതിർ മണ്ഡപചാരെ നിന്നീടുമ്പോൾ.

ഉണ്ണിവായിൽ ഉരുളച്ചോറ് തീറ്റിയും
രാരീരം താരാട്ട് പാടിയുറക്കിയും
ശീലക്കേടാറ്റാൻ ഞാൻ കോപിഷ്ടനായതും
പിൻപറ്റി വന്നെൻറെ കൺകളടച്ചതും
നറുചുംബനം കൊണ്ട് കുളിരണിയിച്ചതും
മായാതെ മറയാതെ തെളിയുന്നിതോമനെ
എൻ ഹൃദയത്തിൻറെ ഭിത്തിയിലിങ്ങനെ....
എങ്ങനെ പിരിയേണ്ടു നിന്നെ ഞാനോമനെ
എങ്ങനെ അകലേണ്ടു നിന്നെ ഞാനോമനെ
നിൻമൃദുകരമൊരു യൌവന ഹസ്തത്തിൽ
ഏൽപ്പിക്കയാണു ഞാനച്ഛനായ് ഓമനേ...
അദൃശ്യമായൊരുപൊക്കിൾക്കൊടിയിന്ന്
മുറിയുന്ന വേദനയേൽക്കയാണമ്മയായ്.

നിന്നുടെ കുഞ്ഞേട്ടൻ, നീ കാണാത്ത നിന്നച്ഛൻ,
നിന്നുടെ കണ്ണിന്ന് പൊൻകണിയായിടും
പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു-
പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു.

ശ്രീനന്ദന.ഒ.സി
9 C ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - കവിത