എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 11 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയം .... ഒരോർമ്മക്കുറിപ്പ്

രാജീവ് പി കെ പത്ത് സി

1976-77 ബാച്ച്


ഞാൻ ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ട് ജൂണിലാണ് പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസിൽ മൂന്നാം ക്ലാസിൽ ചേർന്നത്.ഇപ്പോഴും ഓർക്കുന്നു,അഡ്‍മിഷനുവേണ്ടി അച്ഛൻ തലേ ദിവസം വന്ന് രാത്രിമുഴുവൻ ക്യുവിൽ നിന്ന് പിറ്റേദിവസം അഡ്‍മിഷൻ വാങ്ങിയത്.

എന്റെ വിദ്യാലയത്തെപറ്റി ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സ്കൂളിന്റെ വിശാലമായ മൈതാനമാണ്.പിന്നെ അമ്പലവും ഉത്സവവും ആനകളും സുഹൃത്തുക്കളും അധ്യാപകരും അങ്ങനെ അങ്ങനെ....പറയാനാണെങ്കിൽ ഒത്തിരിയുണ്ട്.

ആദ്യം ഞാൻ എന്റെ അധ്യാപകരെപറ്റി പറയാം.ആദ്യം ഓർമ്മവരുന്നത് മൂന്നാം ക്ലാസിൽ പഠിപ്പിച്ച പ്രഭ ടീച്ചറെയാണ്.വെളുത്ത് സുന്ദരിയായ പ്രഭ ടീച്ചർ എതോ അസുഖം ബാധിച്ച് ദീർഘനാൾ അവധിയിലായിരുന്നു.ക്ലാസിലെ കുട്ടികളെയെല്ലാം ടീച്ചറിന്റെ അഭാവത്തിൽ പല പല ക്ലാസുകളിലാക്കി.അങ്ങനെ ഒരു ദിവസം ടീച്ചർ വീട്ടിലെത്തിയതറി‍ഞ്ഞ് ഞാനുൾപ്പെടെയുള്ള ക്ലാസിലെ കുട്ടികൾ ടീച്ചറെ കാണാൻ ഒ.കെ വില്ല എന്ന ടീച്ചറിന്റെ വീട്ടിലെത്തി.ഞങ്ങളെ കണ്ടപ്പോൾ ടീച്ചർ ആദ്യം ചോദിച്ചത് "നിങ്ങൾ എന്നെകാണാൻ വന്നതാണോ?" ടീച്ചറിന്റെ സന്തോഷവും അത്ഭുതവും ചേർന്ന ആ മുഖഭാവം ഇന്നും എന്റെ മനസ്സിലുണ്ട്.എന്നെ നോക്കി ടീച്ചർ പറഞ്ഞു "വെയിലുകൊണ്ട് മുഖമൊക്കെ കരുവാളിച്ചല്ലോ.." ടീച്ചർ ഞങ്ങൾക്കെല്ലാവർക്കും കുടിക്കാൻ മധുരമുള്ള വെള്ളവും കഴിക്കാൻ തടിച്ച ബിസ്‍ക്കറ്റും തന്നു.

നാലാം ക്ലാസിൽ പഠിപ്പിച്ചത് ഗൗരി ടീച്ചറാണ്.എന്റെ പേര് ഇംഗ്ലീഷിൽ RAJEEV എന്ന് എഴുതാൻ പഠിപ്പിച്ചത് ഗൗരി ടീച്ചറാണ്.ആ അധ്യയനവർഷത്തിനു ശേഷം ഞാൻ ഗൗരി ടീച്ചറെ കണ്ടിട്ടില്ല.

അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചർ കുമ്പളത്തുനിന്നും വന്നിരുന്ന പ്രേമ ടീച്ചർ ആയിരുന്നു.ടീച്ചറും ഞാനും മിക്കവാറും ഒരേ ബസിലാണ് വന്നിരുന്നത്.അഞ്ചാംക്ലാസിലാണ് ഓരോ വിഷയത്തിനും വേറെ വേറെ അധ്യാപകർ ക്ലാസ് എടുക്കാൻ തുടങ്ങിയത്.

ആറാം ക്ലാസിലെ ക്ലാസ് ടീച്ചർ തോപ്പുംപടിയിൽ നിന്നും വന്നിരുന്ന സരസ്വതി ടീച്ചറായിരുന്നു.ടീച്ചർ സോഷ്യൽ സയൻസ് ആയിരുന്നു പഠിപ്പിച്ചിരുന്നത്.ആ വർഷം സ്‍കൂളിൽ ഒരു എക്സിബിഷൻ നടത്തിയിരുന്നു.അതിനോടനുബന്ധിച്ച് ഞങ്ങളുടെ ക്ലാസിൽ ഇന്ത്യയുടെ ഒരു ത്രീഡി ഭൂപടം വരച്ചുണ്ടാക്കി.ഗ്രൗണ്ടിൽ നിന്ന് മണ്ണുകൊണ്ടുവന്ന് ക്ലാസിൽ ഒരു തിട്ടപോലെയാക്കി അതിനു മുകളിൽ ടീച്ചർ എന്നോട് ഇന്ത്യയുടെ ഒരു ഔട്ട്‍ലൈൻ വരക്കാൻ പറഞ്ഞു.വലിയ പടമായിരുന്നു അത്.അതിൽ എല്ലാസംസ്ഥാനങ്ങളും വരച്ച് ചേർത്ത് കളർപൊടികൾ വച്ച് നിറം നൽകി.ആ ചിത്രത്തിന് സമ്മാനം കിട്ടിയത് ഇന്നും ഓർമ്മയിൽ നിൽക്കുന്ന സംഭവമാണ്.

കണക്ക് പഠിപ്പിച്ചിരുന്നത് ഉർവ്വശി ടീച്ചറായിരുന്നു.മലയാളം പഠിപ്പിച്ചിരുന്ന മാഷിന്റെ പേര് ഓർമ്മ വരുന്നില്ല.നന്നായി കവിത ചൊല്ലുമായിരുന്നു.കുമാരനാശാന്റെ ആരാധകനായിരുന്നു അദ്ദേഹം.കോളേജിലൊക്കെ ചെന്നപ്പോൾ കടമ്മനിട്ടയും ചുള്ളിക്കാടുമൊക്കെ കവിതകൾ ചൊല്ലുന്നത് കേട്ടിട്ടുണ്ടെങ്കിലും ,ആദ്യമായി വളരെ മനോഹരമായി കവിത ചൊല്ലുന്നത് കേട്ടത് എന്റെ മലയാളം മാഷിൽനിന്നായിരുന്നു.

ഏഴാം ക്ലാസിലെ ടീച്ചർ സദാനന്ദൻ മാഷായിരുന്നു.മലയാളമായിരുന്നു വിഷയം.അദ്ദേഹത്തിന്റെ നെറ്റിയിൽ ഒരു കറുത്ത പാടുണ്ടായിരുന്നത് നിത്യവും അമ്പലപടിയിൽ കുമ്പിട്ട് നെറ്റി മുട്ടിച്ച് നമസ്കരിക്കുന്നതുകൊണ്ടാണെന്നത് മറ്റ് കുട്ടികളിൽനിന്ന് പറഞ്ഞ് കേട്ട അറിവാണ്.അദ്ദേഹം ദേവി ക്ഷേത്രത്തിൽ ഉടുക്കുകൊട്ടി ദേവി കീർത്തനങ്ങൾ ആലപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പണിക്കർ മാഷായിരുന്നു ഇംഗ്ലീഷ് അധ്യാപകൻ. ആ സമയത്ത് ഒരു സംഭവമുണ്ടായി.പീതാംബരൻ മാഷായിരുന്നു അന്നത്തെ ഹെഡ്‍മാസ്റ്റർ.പണിക്കർ മാഷ് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ പീതാംബരൻ മാഷ് കയറി വന്നു.അദ്ദേഹം മാഷിന്റെ കയ്യിൽനിന്നും പുസ്തകം വാങ്ങി ക്ലാസ് എടുക്കുവാൻ തുടങ്ങി.ഒരക്ഷരം മലയാളത്തിൽ പറയുന്നില്ല.എല്ലാം ഇംഗ്ലീഷിൽ തന്നെ .കുട്ടികൾ എല്ലാവരും കണ്ണും മിഴിച്ച് ഇരിക്കുന്നു.ക്ലാസ് മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം ഉച്ചത്തിൽ പ്രസംഗിക്കുകയാണ്.ഇംഗ്ലീഷിൽ.ആർക്കും ഒന്നും മനസിലാകുന്നില്ല.ബെല്ലടിച്ചപ്പോൾ അദ്ദേഹം പുസ്തകം പണിക്കർ മാഷിന് കൊടുത്ത് മാഷിനെ ഒന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.ഏതാണ്ട് ഒരു പെരുമഴ പെയ്ത് തോർന്നപോലെ ഉളവാക്കിയ ആ സംഭവം ഇന്നും എന്റെ ഓർമ്മയിലുണ്ട്.

എട്ടാം ക്ലാസിൽ കുമാരപിള്ള സാറായിരുന്നു ക്ലാസ് ടീച്ചർ .അദ്ദേഹം ഞങ്ങളോടൊപ്പം മൂന്നുവർഷം തുടർച്ചയായി ഉണ്ടായിരുന്നു .മലയാളം ആയിരുന്നു വിഷയം. ഉപന്യാസം എഴുതിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം .അങ്ങനെയാണ് എനിക്ക് മലയാളത്തിൽ എഴുത്ത് വഴങ്ങി കിട്ടിയത്. ഞങ്ങളോടൊപ്പം ദീർഘകാലം ക്ലാസ് ടീച്ചർ ആയിരുന്ന അധ്യാപകനായിരുന്നു കുമാരപിള്ള മാഷ്.

എട്ടിലും ഒമ്പതിലും പത്തിലും ഒരേ അധ്യാപകർ തന്നെയായിരുന്നു മിക്ക വിഷയങ്ങളും എടുത്തിരുന്നത്. അതിൽ എടുത്തു പറയേണ്ട അധ്യാപകൻ വേലായുധൻ മാഷായിരുന്നു.കാച്ചിക്കുറുക്കിയ നർമ്മം വിളമ്പാൻ അദ്ദേഹത്തെപ്പോലെ വൈഭവമുള്ള വേറെ അധ്യാപകർ വിരളമായിരുന്നു .അദ്ദേഹം ക്ലാസ് എടുക്കുമ്പോൾ ആരെങ്കിലും സംസാരിച്ചാൽ അടുത്തുവന്ന് ചെവിയിൽ പിടിച്ച് പൊക്കും. എന്നിട്ട് പറയും "എനിക്ക് അവിടെ ഹൃദയവേദന ,നിനക്കിവിടെ വീണ വായന". എന്നിട്ട് ചെവി ഒരു മൂന്നുവട്ടം തിരിക്കും .ഇത് അദ്ദേഹത്തിന്റെ തമാശയുടെ ഒരു സാമ്പിളാണ് .കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഹെഡ്‍മാസ്റ്റർ ആയി റിട്ടയർ ചെയ്തു.

പത്താം ക്ലാസിൽ ഹിന്ദി എടുത്തിരുന്ന വിവേകാനന്ദൻ മാഷിന്റെ തമാശകൾ കേട്ട് കുട്ടികൾ ആർത്തു ചിരിക്കുമായിരുന്നു .വരാന്തയിൽ കൂടി നടക്കുമ്പോൾ ഏതെങ്കിലും ക്ലാസിൽ നിന്ന് ചിരിയുടെ ആരവം കേട്ടാൽ അറിയാം അവിടെ വിവേകാനന്ദൻ മാഷ് ക്ലാസ് എടുക്കുന്നുണ്ട് എന്ന് .ഒരിക്കൽ അദ്ദേഹം എന്റെ അടുത്ത് വന്ന് ചെവിയിൽ പിടിച്ചു പൊക്കി,"പറയടാ മേം വന്നാൽ ഹും"ഇന്നുവരെ ഞാൻ അത് മറന്നിട്ടില്ല. അടുത്തകാലത്ത് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ കാരണം വളരെ ക്ഷീണിതനായി തോന്നി.

പത്താം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ബിന്ദു ടീച്ചർ. ബിന്ദു ടീച്ചറിന്റെ പ്രത്യേകത ക്ലാസിൽ വന്നാൽ ആദ്യം ഡിക‍് റ്റേഷനാണ് .കഴിഞ്ഞ ദിവസം എടുത്ത പാഠഭാഗത്തിലെ ഒരു പാരഗ്രാഫിൽ നിന്ന് പത്ത് വാക്കുകൾ എടുക്കും. എല്ലാദിവസവും ഇത് ഉണ്ടാവും .അങ്ങനെയാണ് ഒട്ടേറെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് ഞാൻ പഠിച്ചത്.ഇംഗ്ലീഷ് പരിജ്ഞാനത്തിലേക്കുള്ള എന്റെ യാത്രയ്ക്ക് അടിത്തറ ഇട്ടത് ബിന്ദു ടീച്ചറിന്റെ അധ്യാപനമാണ്.ടീച്ചർ തന്നെയാണ് ഞങ്ങൾക്ക് ബയോളജിയും എടുത്തിരുന്നത്.

എട്ടാം ക്ലാസിൽ ഹിന്ദി എടുത്തിരുന്ന വേലായുധൻ മാഷ് അദ്ദേഹത്തിന്റെ ജാവ സ്കൂട്ടറിന്റെ ഇരമ്പം ഇപ്പോഴും കാതിൽ മുഴങ്ങുന്നു.ഘന ഗംഭീരമായ ശബ്ദത്തിന്റെ ഉടമയായിരുന്നു ഹരിലാൽ മാഷ് .എപ്പോഴും ഒരു ചൂരൽ കയ്യിൽ ഉണ്ടാകും.അദ്ദേഹത്തിൻറെ അടി കിട്ടാത്തവർ ചുരുക്കമായിരുന്നു.അടി കിട്ടിയാൽ പുളഞ്ഞു പോകും. ഒരു ടെറർ തന്നെയായിരുന്നു അദ്ദേഹം.

ഡ്രോയിങ് പഠിപ്പിച്ചിരുന്ന മാഷായിരുന്നു കാർത്തികേയൻ മാഷ്.വലതു കൈയിൽ ആറു വിരലുകൾ ഉണ്ടായിരുന്നു കാർത്തികേയൻ മാഷിന് . അതിൽ ചോക്ക് പിടിച്ച് വളരെ മനോഹരമായി വരയ്ക്കുമായിരുന്നു.

രാഘവൻ മാഷ് ആയിരുന്നു പാന്റ് ധരിക്കുന്ന ഏക അധ്യാപകൻ.ഫിസിക്സ് എടുത്തിരുന്നത് കുമ്പളങ്ങിയിൽ നിന്നും വന്നിരുന്ന മോഹനൻ മാഷ് ആയിരുന്നു.കുമ്പളങ്ങിയിൽ നിന്ന് തന്നെ വന്നിരുന്ന ബാബു മാഷ്, എട്ടാം ക്ലാസിൽ സോഷ്യൽ സയൻസ് പഠിപ്പിച്ചിരുന്ന എപ്പോഴും ഖദർ ഷർട്ട് മാത്രം ധരിക്കുന്ന മനോഹരൻ മാഷ്, അദ്ദേഹത്തിന്റെ ഭാര്യ ഫിസിക്കൽ എജുക്കേഷൻ ടീച്ചറായ സെലിൻ ടീച്ചർ,ബയോളജി അധ്യാപികയായ സത്യഭാമ ടീച്ചർ,മലയാളം എടുക്കുന്ന വൈക്കത്ത് നിന്നും വന്നിരുന്ന കരുണാകരൻ മാഷ് ഇവരെയെല്ലാം ഇന്നും ഓർക്കുന്നു

വൈകുന്നേരങ്ങളിൽ ഞങ്ങളോടൊപ്പം ബാഡ്മിൻറൺ കളിക്കാൻ കൂടുന്ന പവിത്രൻ മാഷ് ,എപ്പോഴും കെമിസ്ട്രി ലാബിൽആയിരിക്കുന്ന കെമിസ്ട്രി പഠിപ്പിച്ചിരുന്ന,സ്പോർട്സ് സമയത്ത് മൈക്കിലൂടെ അനൗൺസ് ചെയ്ത് എല്ലാവരെയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഇളയതു മാഷ് ഇവരെയൊന്നും ഒരിക്കലും മറക്കാനാവില്ല.

ഞാൻ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാം കാരണം ഈ പ്രിയപ്പെട്ട അധ്യാപകരുടെ അനുഗ്രഹമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അവരുടെയെല്ലാം ഓർമ്മയ്ക്ക് മുമ്പിൽ എന്റെ പ്രണാമം.ഇന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു എന്റെ അധ്യാപകർ എത്ര പ്രഗൽഭരായിരുന്നു എന്ന്.

അവരെന്നിൽ കൊളുത്തിവെച്ച ദീപനാളം കെടാതെ സൂക്ഷിക്കേണ്ടത് എന്റെ കടമയാണെന്ന് ഓർത്തുകൊണ്ട് ഈ എളിയ ഓർമ്മക്കുറിപ്പ് ഞാനിവിടെ അവസാനിപ്പിക്കുന്നു.

രാജീവ് പി കെ

രാജീവ് പി കെ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എടുത്ത ക്ലാസ് ഫോട്ടോ,ക്ലാസ് ടീച്ചറായ പ്രഭയോടൊപ്പം ആയിരത്തിതൊള്ളായിരത്തി അറുപത്തെട്ടിൽ എടുത്തചിത്രം