കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാമത്തെ വിദ്യാർത്ഥിനി

1958-ൽ മദ്രസത്തുൽ മുഹമ്മദിയ്യാ എലിമെന്ററി സ്‌കൂളിൽ നിന്ന് ഞാൻ അഞ്ചാംതരം ജയിച്ചു. അന്നത്തെ നടപ്പനുസരിച്ച് തുടർന്നുള്ള പഠനം ഉണ്ടാവുമായിരുന്നില്ല. പ്രദേശത്തെ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകനും, പുരോഗമനാശയക്കാരനുമായിരുന്ന അറക്കൽ പറമ്പിൽ മമ്മൂട്ടിയെന്ന ഈരായി മമ്മൂട്ടിയായിരുന്നു. അദ്ദേഹം എന്നെ തുടർന്ന് പഠിപ്പിക്കാൻ ആഗ്രഹിച്ചു. അന്ന് പെൺകുട്ടികൾക്ക് ആറാംതരത്തിൽ പഠിക്കണമെങ്കിൽ കല്ലായിലോ ചാലപ്പുറത്തോ ഉള്ള ഗേൾസ്‌ സ്‌കൂളിൽ പോകണം. ദൂരെയുള്ള സ്‌കൂളിലേക്ക് മുസ്‌ലിം പെൺകുട്ടികളെ രക്ഷിതാക്കൾ വിടുമായിരുന്നില്ല. അങ്ങനെ പഠനം വേണ്ടെന്ന് വെച്ചിരിക്കുമ്പോഴാണ് ഇടിയങ്ങരയിൽ കുരുത്തോലമുറ്റം വീട്ടിലെ സ്‌കൂളിൽ ആറാംതരം തുടങ്ങുന്ന വിവരം അറിയുന്നത്. മദ്രസത്തുൽ മുഹമ്മദിയ്യായിലെ ഹെഡ്‌മാസ്റ്റർ മൂസ്സ മാസ്റ്ററാണ് അഞ്ചാംതരം ജയിച്ച എന്നെ അവിടെ ചേർക്കാൻ പ്രേരിപ്പിച്ചത്. മൂസ്സ മാസ്റ്ററുടെ കൂടെ തന്നെയാണ് കുരുത്തോലമുറ്റം സ്‌കൂളിൽ ചേരാൻ ഞാൻ പോയത്. ആറാം ക്ലാസ്സിൽ ചേരാൻ എത്തുന്ന ആദ്യത്തെ കുട്ടി ഞാനായിരുന്നു. എൻ്റെ പേര് രജിസ്റ്ററിൽ ആദ്യമായി എഴുതിയത് ജിഫ്‌രി തങ്ങ (എസ്.എ.ജിഫ്രി ) ളാണ്. അന്നവിടെ കുറേ വലിയ ആളുകളെ കണ്ടിരുന്നതായി ഞാൻ ഓർമ്മിക്കുന്നു. പിന്നീട് സ്‌കൂൾ കുണ്ടുങ്ങലുള്ള വാടിയിൽപ്പാലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സുഖമില്ലാത്തത് കാരണം ആ ദിവസം എനിക്ക് പോവാൻ കഴിഞ്ഞില്ല. കാലിക്കറ്റ് ഗേൾസ് സ്കൂ‌ളിൽ എൻറെ പഠനം വെറും ഒരു വർഷം മാത്രം. ഏഴാംതരത്തിലേക്ക് ജയിച്ചതോടെ കല്യാണാലോചനയായി. പഠനം നിർത്തി. കുരുത്തോലമുറ്റത്ത് 2 ടീച്ചർമാരായിരുന്നു ഞങ്ങളെ പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. ഹെഡ്മ‌ിസ്ട്രസ് ഉമ്മുകുൽസു ടീച്ചറും, ശ്രീദേവി ടീച്ചറും. വാടിയിൽപ്പാലത്ത് പുതുതായി എടുത്ത കെട്ടിടത്തിലേക്ക് മാറിയപ്പോൾ അവിടെ പലകകൊണ്ട് മറച്ച രണ്ട് ക്ലാസ്സ് മുറികളായിരുന്നു. പുതുതായി രണ്ട് ടീച്ചർമാരും വന്നു. ആമിന, ഇമ്പിച്ചിപ്പാത്തു എന്നീ രണ്ടു ടീച്ചർമാർ ഒരു മുറിയിലും. ഞങ്ങൾ കുറച്ചു കുട്ടികൾ (എണ്ണം ഓർമ്മയില്ല) ഒരു മുറിയിലും. 1958-ൽ ഗവൺമെന്റിന്റെ അംഗീകാരം കിട്ടി ആരംഭിച്ച ആറാംതരത്തിൽ ചേർന്ന ആദ്യത്തെ കുട്ടി ഞാനായിരു നായിരുന്നുവെന്നത് എന്നും അഭിമാനത്തോടെയാണ് ഓർക്കാറുള്ളത്. എന്റെ പഴയ സ്കൂൾ ഇപ്പോൾ ഇങ്ങനെയൊക്കെ വളർന്നതിൽ അന്നത്തെ കാലം ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു -അറക്കൽ പറമ്പിൽ കുഞ്ഞാമി

ആദ്യത്തെ സ്കൂൾ ലീഡർ

മൂന്നോ നാലോ സ്കൂളുകൾ കടന്നാണ് 1962-ൽ ഞാൻ കാലിക്കറ്റ് ഗേൾസ് സ്കൂളിൽ എത്തുന്നത്. എട്ട്,ഒമ്പത്, എസ്.എസ്.എൽ.സി. പൂർത്തിയാക്കി 1965-ൽ സ്കൂൾ വിട്ടു. ഞാനടക്കം പതിനെട്ടു കുട്ടികളാണ് അന്ന് എസ്.എസ്.എൽ. സി. പരീക്ഷ എഴുതിയത്. പല നിലക്കും വിദ്യാലയ ചരിത്രത്തിന്റെ ഭാഗമാവാൻ ഞങ്ങളുടെ ബാച്ചിന് സാധിച്ചു. കാലിക്കറ്റ് ഗേൾസ് ഹൈസ്‌കൂളിലെ ആദ്യത്തെ എസ്. എസ് എൽ. സി.ബാച്ചാണ് ഞങ്ങളുടേത്(1964-65). പരീക്ഷാഫലം ദയനീയമായിരുന്നു. ഞാനടക്കം മൂന്നു പേരാണ് വിജയിച്ചത്. സുബൈദ, ശറഫു ന്നീസ എന്നിവരാണ് മറ്റു രണ്ടു പേർ. ഹൈസ്കൂ‌ളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് സുശീല മാധവ നായിരുന്നു. എല്ലാ പരിമിതികളും, ഇല്ലായ്‌മകളും സഹിച്ച് അവരും സഹപ്രവർത്തകരും പഠനകാര്യത്തിൽ കഠിനാദ്ധ്വാനം ചെയ്തു.എട്ടും ഒമ്പതും ക്ലാസ്സിൽ ലീഡറായ ഞാൻ എസ്.എസ്‌. എൽ. സി ക്ലാസിൽ സ്കൂൾ ലീഡറായി. കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ ലീഡർ. ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്ന രണ്ടധ്യാപികേതര ജീവനക്കാരാണ് പത്തറക്കൽ അസ്സൻകോയയും, ബീതാത്തയും. ആരംഭഘട്ടത്തിൽ അവരുടെ കഠി നാദ്ധ്വാനവും ത്യാഗങ്ങളും സ്ഥാപനത്തിന്റെ നടത്തിപ്പിൽ വളരെ സഹായകരമായിരുന്നു .ആ സേവനങ്ങൾക്ക് വിലകൽപിക്കാനാവില്ല. ഓഫീസിലെ ജോലി മാത്രമായിരുന്നില്ല. കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിലും പഠനം നിർത്തി കുട്ടികൾ വരാതാവുമ്പോൾ അവരെയും അവരുടെ രക്ഷിതാക്കളെയും തേടിപ്പോയി കുട്ടികളെ തിരിച്ചു കൊണ്ടുവരാനും ഇവർ പാടുപെട്ടിട്ടുണ്ട്. കുട്ടികളെ കൊണ്ടു വന്നിരുന്ന ബസ്സിലെ ക്ലീനറും കണ്ടക്ട‌റും ഹെൽപ്പറുമെല്ലാം അവർ തന്നെയായിരുന്നു. അന്ന് സ്‌കൂളിനെ ചുറ്റിപ്പറ്റി യക്ഷിക്കഥകളുണ്ടായിരുന്നു. സ്‌കൂൾ അസംബ്ലി കൂടുമ്പോൾ ഒന്നുരണ്ട് കുട്ടികൾ തലകറങ്ങി വീണിരുന്നു. വല്ലപ്പോഴും ഉണ്ടാവാറുള്ള അത്തരം സംഭവങ്ങൾ പെരുപ്പിച്ച് പ്രചരിപ്പിക്കപ്പെട്ടു. രാവിലത്തെ കഠിനവെയിലും നടന്നു വന്ന ക്ഷീണവുമാവാം ഈ തല കുറക്കത്തിന്റെ കാരണം. തെറ്റായ ധാരണകൾ ഇല്ലാതാക്കാൻ ടീച്ചർമാരും സ്‌കൂൾ അധികൃതരും പരമാവധി പരിശ്രമിച്ചിരുന്നു. എന്നിട്ടും ആ പ്രചാരണങ്ങൾ കുറേക്കാലം നിലനിന്നു.

ഇതിനെല്ലാം പിന്നിൽ മുസ്‌ലിം പെൺകുട്ടികൾ ആധുനിക വിദ്യാഭ്യാസത്തിലേക്ക് വരുന്നതിനെ തടസ്സപ്പെടുത്താനുള്ള യാഥാസ്ഥിതികരുടെ കുബുദ്ധിയാണ് പ്രവർത്തിച്ചിരുന്നത്. അതെല്ലാം ചെറുത്തുനിൽക്കാൻ അന്നത്തെ വിദ്യാർത്ഥിനികളും അവരുടെ രക്ഷിതാക്കളും സ്‌കൂൾ നടത്തിപ്പുകാരും ഏറെ പ്രയാസ ങ്ങൾ സഹിച്ചിട്ടുണ്ട്.

എൻ്റെ അനുഭവം പറയാം. വീട്ടിൽനിന്ന് നടന്ന് സ്‌കൂളിലെത്താൻ പത്തോ പതിനഞ്ചോ മിനുട്ടു സമയം മതി. എന്നാലും ഞാൻ സ്‌കൂളിൽ പോയിരുന്നത് സൈക്കിൾ റിക്ഷയിലായിരുന്നു .അങ്ങനെ റിക്ഷയിൽ വരുന്ന വിദ്യാർത്ഥിനികൾ ഒരുപാടുണ്ടായിരുന്നു. റിക്ഷ മൂടിക്കെട്ടിവെക്കും. കർട്ടൻ പഴുതിലൂടെ കാണുന്ന കാഴ്ച്‌ചകൾ മാത്രം .മുതിർന്ന പെൺകുട്ടികളെ ആരും കാണാൻ പാടില്ല. ഇന്നത്തെ വിദ്യാർത്ഥിനികൾക്ക് ഇതൊക്കെ ആശ്ചര്യമായി തോന്നാം.

കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ നടന്നുപോയിക്കൂടാ. സൈക്കിൾ റിക്ഷയിൽ പോവണം. അതും ഭർത്താവിനോടൊപ്പമായാലും മേൽപറഞ്ഞ മാതിരി റിക്ഷ മറച്ചുവേണം. ഒരൊളിച്ചു പോക്കിന്റെ പ്രതീതി. അന്നത്തെ സാമൂഹ്യാചാരത്തിന്റെ മട്ടും മാതിരിയും അങ്ങനെയൊക്കെയായിരുന്നു. ഈ പ്രതിസന്ധികളൊക്കെ മറികടന്നാണ് എന്നെപോലുള്ള കുട്ടികൾ ഗേൾസ് സ്‌കൂളിൽ പോയതും തുടർന്ന് കോളേജിൽ പഠിച്ചതും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തുള്ള ഈ വിദ്യാലയത്തിൽ തന്നെ പഠിക്കണമെന്ന് എന്റെ പിതാവിന് നിർബ്ബന്ധമായിരുന്നു. പുരോഗമനാശയക്കാരനായ പിതാവ് എന്നെയും അദ്ദേഹത്തിൻ്റെ സഹോദരിയെയും മറ്റു സ്‌കൂളിൽ അയക്കാതെ ഇവിടെത്തന്നെ ചേർത്തി പഠിപ്പിക്കുകയായിരുന്നു.

തെക്കെപ്പുറം ഇന്ന് എത്രയോ മാറിക്കഴിഞ്ഞു. പെൺകുട്ടികൾ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്. അതിനുതുടക്കം കുറിച്ച മഹത്തായ സ്ഥാപനമാണ് കാലിക്കറ്റ് ഗേൾസ് സ്‌കൂൾ.

-വി.എം.ജമീല


എന്റെ അധ്യാപകർ

Dr.Sumayya Pullat

എന്റെ സ്കൂൾ ജീവിതത്തിലെ വലിയൊരു ഭാഗവും ഞാൻ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലാണ് പഠിച്ചത്. സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് നല്ല ഓർമ്മകളാണ്  ഉള്ളത്. അതിൽ പ്രധാനം അവിടുത്തെ അധ്യാപകർ തന്നെയാണ്. വളരെ ആത്മാർത്ഥതയും സ്നേഹവും ഉള്ള അധ്യാപകർ ആയിരുന്നു അവിടെയുള്ള ഓരോരുത്തരും. അവർ നൽകിയ ആത്മവിശ്വാസത്തിനും പ്രോത്സാഹനത്തിനും  സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. അവരുടെ അധ്വാനങ്ങൾക്ക് പകരമായി ഓരോ പരീക്ഷയിലും കൂടുതൽ മാർക്ക് വാങ്ങി അവരുടെ സന്തോഷം കാണുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാം കൂടുതൽ ഉത്തരവാദിത്വത്തോട് കൂടി തുടർന്നു പഠിക്കാനുള്ള ഊർജ്ജം നൽകി. എല്ലാത്തിനും നന്ദിയും സ്നേഹവും പ്രാർത്ഥനയും.

- Dr.സുമയ്യ പുള്ളാട്ട് (MBBS, MD, PGDPH(NZ) Assistant Professor ,Govt. Medical College, Kasaragode

എന്റെ വിദ്യാലയം

Dr.Rabeena Mariyam

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ചത് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു. സ്കൂളിന്റെ തൊട്ടടുത്തായിരുന്നു എന്റെ വീട്. സെക്കൻഡ് ബെൽ അടിക്കാൻ ആകുമ്പോഴേക്കും സ്കൂളിലേക്ക് ഓടുന്നത്  ഇന്നും ഓർക്കുമ്പോൾ രസമാണ്.ചെറുപ്പം തൊട്ടേ ഡോക്ടർ ആകുവാൻ ആഗ്രഹമുണ്ടായിരുന്നു. സ്കൂളിലെ സയൻസ് ക്ലബ് സോഷ്യൽ ക്ലബ് എന്നിവയിൽ എല്ലാം ഞാൻ പങ്കെടുക്കുമായിരുന്നു. കുടുംബത്തിന്റെയും ഒപ്പം ടീച്ചേഴ്സിനെയും പ്രോത്സാഹനവും സഹകരണവും കൊണ്ടു മാത്രമാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ ആയത്. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞതുപോലെ " നിങ്ങൾ സ്വപ്നം കാണുക, അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിക്കുക, അതിനുവേണ്ടി അധ്വാനിക്കുക, പ്രാർത്ഥിക്കുക വിജയം നമ്മോടൊപ്പം ഉണ്ടാവും.

-Dr.റബീന മറിയം(MBBS, DNB Family Medicine ) Medical Officer, Family Health Centre, Thurayur

ജീവിതത്തിലെ ഏറ്റവും നല്ല  ബന്ധങ്ങൾ

Jamsheena

ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച കലാലയമാണ് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല  ബന്ധങ്ങൾ എനിക്ക് ഈ സ്കൂളിൽ നിന്നാണ് ലഭിച്ചത്. നല്ല അധ്യാപകർ നല്ല സുഹൃത്തുക്കൾ അങ്ങനെ... പ്ലസ് ടുവിന് പഠിക്കുമ്പോൾ സ്കൂളിൽ നടന്ന ഒരു അവയർനസ് ക്ലാസിലെ മുഖ്യാതിഥി അന്നത്തെ അസിസ്റ്റന്റ് കലക്ടർ നൂഹ് മുഹമ്മദ് ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തന്ന ഊർജ്ജം ചെറുതല്ല. ഉന്നത പഠനത്തിനുശേഷം UPSC എഴുതി സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ (Central Government Of India) ജോലിയിൽ കയറാൻ സാധിച്ചു. ഏത് സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിക്കുമ്പോൾ ഞാൻ ഇന്നും അഭിമാനത്തോടെ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിന്റെ പേര് പറയുന്നു.

-ജംഷീന (Sales Tax Department )Central Government Employee)