ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 5 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25




ജാഗരൂകവും സമാധാനപരവും വികസനോന്മുഖവുമായ ഒരു സമൂഹസൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്ത ബോധം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർഥി കർമസേനയാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ്.

ഹൈസ്കൂൾ വിങ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയെ ഹൈസ്കൂൾ വിങ് എന്നും ഹയർസെക്കൻഡറി തലത്തിൽ നടപ്പാക്കുന്ന പദ്ധതിയെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്നും നാമകരണം ചെയ്തിരിക്കുന്നു. പരിശീലനത്തിൻെറ വിജയകരമായ ഓരോവർഷം പൂർത്തിയാക്കുമ്പോഴും ഓരോ സ്റ്റാർ നൽകി സ്ഥാനക്കയറ്റം നൽകുന്നതാണ്.

സ്റ്റുുഡൻറ് പൊലീസ് കേഡറ്റ് എന്തിന്?

കുട്ടികൾക്ക് ലക്ഷ്യബോധവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം നൽകി അവരുടെ കർമശേഷി വികസിപ്പിച്ച് സാമൂഹിക വികസനത്തിന് ഉപയുക്തമാക്കുന്നതിൽ രക്ഷകർത്താക്കൾക്കും, സർക്കാറിനും ഒരുപോലെ ബാധ്യതയുണ്ട്. വൈജ്ഞാനിക മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഫോടനാത്മകമായ പരിവർത്തനങ്ങളും സാങ്കേതിക വിദ്യയിലുണ്ടാകുന്ന വികാസവും വിദ്യാഭ്യാസത്തിൻെറ സാധ്യതയും സാമൂഹിക പ്രസക്തിയും വർധിപ്പിച്ചിട്ടുണ്ട്. പൊതുവെ മികവുള്ള കേരളത്തിലെ വിദ്യാർഥിസമൂഹത്തെ കൂടുതൽ ചടുലമാക്കാൻ ഈ മാറ്റങ്ങൾ വഴിതെളിയിച്ചിട്ടുണ്ട്. എന്നാൽ സൈദ്ധാന്തികമായ അറിവ് നേടിയതു കൊണ്ട് മാത്രം സാമൂഹികബോധമുള്ള പൗരന്മാരായി വിദ്യാർഥികൾ വളർന്നു കൊള്ളണമെന്നില്ല. പ്രത്യേകിച്ചും സ്വാർഥ താൽപര്യങ്ങളിൽ അധിഷ്ഠിതമായ കമ്പോള സംസ്കാരം നമ്മുടെ സമൂഹത്തെ പൊതുവിലും യുവജനങ്ങളെ പ്രത്യേകിച്ചും കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്. പാഠ്യപദ്ധതിയോടൊപ്പം പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു സമൂഹമായി വിദ്യാർഥികളെ വളർത്തിയെടുക്കണമെങ്കിൽ ബോധപൂർവമായ പരിശ്രമം ആവശ്യമാണ്.

തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധമുള്ളതും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ ശേഷിയുള്ളതും നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ ബോധമുള്ളതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് വിദ്യാർഥികളുടെ കർമശേഷിയെ ഉപയോഗപ്പെടുത്തുകയെന്നതാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ഒത്തുചേർന്ന് നടപ്പാക്കുന്ന ഈ നൂതന പഠനാനുബന്ധപദ്ധതി നിയമ പരിപാലനത്തിലും ആഭ്യന്തര സുരക്ഷാ രംഗത്തും കേരളം സൃഷ്ടിക്കുന്ന ഒരു മാതൃകയായിരിക്കും.

ലക്ഷ്യങ്ങൾ

1. നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക.

2. വിദ്യാർഥികളിൽ പൗരബോധം, സമത്വബോധം, മതേതര വീക്ഷണം, അന്വേഷണ ത്വര, നിരീക്ഷണ പാടവം, നേതൃശേഷി, സാമൂഹിക മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുക.

3. വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സഹജീവി സ്നേഹവും വളർത്തുക.

4. സാമൂഹിക തിന്മകളായ തീവ്രവാദം, വിഘടന വാദം, വർഗീയത, ജാതീയത, ലഹരിഭ്രമം തുടങ്ങിയവക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും വിദ്യാർഥികളെ സജ്ജരാക്കുക.

5. ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, സാമൂഹിക സേവനം തുടങ്ങിയ സേവന പ്രവർത്തനങ്ങളിൽ പൊലീസ് സേനയോടൊപ്പം പ്രവർത്തിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുക.

6. എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ സന്നദ്ധ സംഘടനകളെപ്പോലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റിനെ ഒരു സ്വതന്ത്ര സാമൂഹിക സേവനവിഭാഗമായി വളർത്തുക.

7. വിദ്യാർഥികളിൽ പ്രകൃതി സ്നേഹം, പരിസ്ഥിതി സംരക്ഷണ ബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.

8. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുമുള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.

9. സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

10. സമൂഹത്തിൻെറ സർവതോമുഖമായ പുരോഗതിക്കുവേണ്ടി നിസ്വാർഥമായി പ്രവർത്തിക്കുന്ന ഒരു യുവസമൂഹത്തെ സൃഷ്ടിക്കുക.

കുട്ടിപ്പൊലീസ്

രാഷ്ട്രത്തിൻെറ അഭിനന്ദനവും അംഗീകാരവും ഏറ്റുവാങ്ങിയാണ് രാഷ്ട്രനിർമാണ പ്രക്രിയക്ക് ഊർജവും ആവേശവും പുതിയ പ്രവർത്തന മാതൃകകളും നൽകിയ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി മുന്നോട്ട് യാത്രതുടരുന്നത്. ഒരിക്കൽകൂടി നമ്മുടെ സംസ്ഥാനം രാഷ്ട്രത്തിന് മാതൃകയാവുന്ന പദ്ധതിയാണ് എസ്.പി.സി. കേരള പൊലീസിൻെറ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതി കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുകയും പൗരബോധവും  പ്രതിബദ്ധതയുള്ള വിദ്യാർഥികളെ വാർത്തെടുക്കുന്നതിനുമാണ്.

കേരളത്തിൻെറ പൊതുസമൂഹത്തിൽ ഇന്ന് എസ്.പി.സി സജീവമാണ്. ഇവർ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും വേറിട്ടതുമാണ്. ഹെൽമറ്റില്ലാതെയും സീറ്റ്ബെൽറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെ കൈകാട്ടി നിർത്തി ബോധവത്കരണവും പ്രതിജ്ഞാകാർഡുകളും ശുഭയാത്രക്ക് റോസാപ്പൂക്കളും നിറഞ്ഞപുഞ്ചിരിയും നൽകുന്ന ഈ സന്നദ്ധ സംഘം ഇന്ന് നമ്മുടെ ഗ്രാമീണ-നഗര നിരത്തുകളിലും കവലകളിലും സജീവമാണ്.

ആഭ്യന്തര സുരക്ഷാരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ ആവേശത്തോടെയാണ് ചേരുന്നത്. നിയമത്തിൻെറ മാനുഷിക മുഖം എസ്.പി.സിയിലൂടെ കൂടുതൽ ജനകീയമാവുന്നു.

ദൈവത്തിൻെറ സ്വന്തംനാടിൻെറ ഈ നന്മയുടെ കൂട്ടായ്മക്ക് പൊതുസമൂഹത്തിൻെറ ഉറച്ച പിന്തുണയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം തുടങ്ങി സാമൂഹിക-രാഷ്ട്രീയ രംഗത്തെ ഉന്നതരുടെ അനുമോദനങ്ങളും പിന്തുണയും എസ്.പി.സിയെ തേടിയെത്തി.

മറ്റു സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കാനുള്ള ശ്രമത്തിലാണ്. എസ്.പി.സിയെ കുറിച്ച് പഠിക്കാനും അറിയാനും മറ്റു സംസ്ഥാന പ്രതിനിധികൾ കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നു.

മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കേഡറ്റിന് എസ്.എസ്.എൽ.സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കുമെന്നതും വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഇതിലേക്ക് ആകർഷിക്കുന്നു. വിദ്യാലയങ്ങളിലെ സേവനസന്നദ്ധതയുടെ പുതിയ മുഖമാവുകയാണ് എസ്.പി.സി.

പൊലീസ്-സ്റ്റുഡൻറ് ലെയ്സൻ ഓഫിസർ

കലാലയവും പൊലീസും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിന് കുറഞ്ഞത് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ലെയ്സൻ ഓഫിസറായി നിയമിക്കും. സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നടത്തിപ്പിൽ പ്രധാനപങ്ക് ഇദ്ദേഹം വഹിക്കേണ്ടതാണ്. കേഡറ്റുകൾ ഉള്ള യൂനിറ്റുകളിൽ പൊലീസിനെ പരിശീലന വേളയിൽ ഇദ്ദേഹം നിയോഗിക്കേണ്ടതാണ്.

ചുമതലകളും പ്രവർത്തനങ്ങളും

1. സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾക്കായി സംഘടിപ്പിക്കുന്ന കായിക പരിപാടികൾ, ഡ്രിൽ, പരേഡ്, ക്യാമ്പുകൾ, പഠന ക്ളാസുകൾ, യാത്രകൾ എന്നിവയിൽ സജീവമായി പങ്കെടുക്കുക.

2. വിവിധ സർക്കാർ ഇതര സംഘടനകളുമായി ചേർന്ന് സഹപാഠികൾക്കായി നിയമ സാക്ഷരത ക്ളാസുകൾക്ക് നേതൃത്വം നൽകുക.

3. മയക്കുമരുന്നിനും തീവ്രവാദത്തിനും മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾക്കുമെതിരെ കൂട്ടായ്മ, ലഘുനാടകങ്ങൾ, മോണോ ആക്ടുകൾ, ഉപന്യാസ മത്സരം, ഫിലിംഷോ എന്നിവ സംഘടിപ്പിക്കുക.

4. ക്ളാസ് മുറിക്കകത്തും പുറത്തുമായി നടക്കുന്ന അച്ചടക്ക രാഹിത്യം, അനാരോഗ്യ പ്രവണത എന്നിവ മനസ്സിലാക്കി അതത് ക്ളാസ് ടീച്ചർമാരുടെയും പ്രധാനാധ്യാപകൻെറയും ശ്രദ്ധയിൽ കൊണ്ടുവരുക.

5. രാജ്യസ്നേഹം ജീവിത വ്രതമാക്കുകയും രാജ്യത്തിൻെറ വികസനത്തിൽ അതീവ തൽപരരാവുകയും ചെയ്യുക. ദേശീയ ഉത്സവങ്ങൾ ആഘോഷിക്കുകയും ദേശീയ പ്രതീകങ്ങളെ ആദരിക്കുകയും ദേശത്തിൻെറ വളർച്ചയിൽ അഭിമാനം കൊള്ളുകയും ചെയ്യുക.

6. നിയമ വിധേയത്വം ജീവിതചര്യയാക്കുകയും അതിനായി സഹപാഠികളെയും കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുകയും ചെയ്യുക.

7. ക്രമസമാധാന പാലനത്തിനും കുറ്റകൃത്യ നിവാരണത്തിനും പൊലീസ് സേനക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ യുവതലമുറയുടെ നെറ്റ്വർക് രൂപവത്കരിക്കുക.

8. ക്രൈം സ്റ്റോപ്പർ, പൊലീസ് ഹെൽപ് ലൈൻ തുടങ്ങിയ ടെലിഫോൺ നമ്പറുകൾ വിദ്യാർഥികളുടെ ഇടയിൽ പ്രചരിപ്പിക്കുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വിവരങ്ങൾ പൊലീസിന് കൈമാറുവാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രേരിപ്പിക്കുകയും ചെയ്യുക.

9. പൊലീസും പൊതുസമൂഹവും തമ്മിലുള്ള അകൽച്ച ലഘൂകരിക്കുക.

10. പൊലീസ് സ്റ്റേഷൻ, കോടതി, ജയിൽ നടപടികൾ എന്നിവ മനസ്സിലാക്കുന്നതിനായി സന്ദർശനം നടത്തുകയും പ്രവർത്തന റിപ്പോർട്ട് തയാറാക്കുകയും ചെയ്യുക.

11. വ്യക്തിത്വ വികസനത്തിനും നേതൃശേഷി വികസിപ്പിക്കുന്നതിനും പ്രത്യേക പരിശീലന ക്ളാസുകൾ സംഘടിപ്പിക്കുക.

ഒരു വിദ്യാർഥിയെ സ്റ്റുഡൻറ് പൊലീസ് കേഡറ്റിലേക്ക് തെരഞ്ഞെടുക്കാൻ വേണ്ട യോഗ്യതകൾ

1. തൊട്ടുമുമ്പുള്ള വാർഷിക പരീക്ഷയിൽ ചുരുങ്ങിയത് ഡി പ്ളസ് ഗ്രേഡ് (50 ശതമാനം) നേടിയിരിക്കണം.

2. നിശ്ചിത ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കുകയും വൈദ്യ പരിശോധനയിൽ അയോഗ്യത കൽപിക്കാതിരിക്കുകയും ചെയ്യുക.

3. പ്രധാനാധ്യാപകൻ നൽകുന്ന സ്വഭാവ സർട്ടിഫിക്കറ്റും രക്ഷാകർത്താവിൻെറ സമ്മതപത്രവും ഉണ്ടാകണം.

സ്റ്റുുഡൻറ് പൊലീസ് എസ് വി എച്ച് എസ് കുടശ്ശനാട്

സ്റ്റുുഡൻറ് പൊലീസ് എസ് വി എച്ച് എസ് കുടശ്ശനാട്

സ്റ്റുുഡൻറ് പൊലീസ് പ്രോഗ്രാം ഓഫീസർ ശ്രീ സത്യജ്യോതി സാർ ആണ്

എസ്.പി .സി൬

2021-22 ബാച്ചിലെ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട്

2023-2024 പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജൂണിൽ  ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അവരുടെ ആദ്യ പ്രവർത്തനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് ഉപയോഗത്തിന് കുറിച്ച് സമൂഹത്തിന് അവബോധം നൽകുക എന്നതായിരുന്നു അടുത്ത പ്രവർത്തനങ്ങൾ . പിന്നീട് ലഹരിയുടെ ദോഷവശങ്ങളെപ്പറ്റി സമൂഹത്തിന് പകർന്നു കൊടുത്തു. പിന്നീട് ഒക്ടോബർ 2 4 തീയതികളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച്സേവനവാരം നടത്തി.ഒക്ടോബർ രണ്ടാം തീയതി ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് ശേഖരിച്ച് കൈമാറി. ഒക്ടോബർ നാലാം തീയതി ലഹരിക്കെതിരെയുള്ള പോസ്റ്റർ നിർമ്മാണം നടത്തി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. നവംബർ ഒന്നാം തീയതി Drugs Free Society എന്ന വിഷയത്തിൽ Group Discussion നടത്തി. നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച്റാലി നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരേഡ് നടത്തി. പിന്നീട് സ്റ്റുഡൻസ് പോലീസ് കേഡറ്റ് കുട്ടികൾക്കായി ഒരു ക്യാമ്പ് നടന്നു. ഇപ്പോഴും സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രവർത്തിച്ചുവരുന്നു.