ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ 2024-25

1. ജൂൺ 3 - പ്രവേശനോത്സവം
പ്രവേശനോത്സവദിനത്തിൽ ഉദ്ഘാടക പ്രസംഗകനും സാഹിത്യകാരനുമായ സുറാബിൻ്റെ ഭാഷണങ്ങളിൽ നിന്നും പെറുക്കി എടുത്തതിൽ ചിലത് താഴെ ചേർക്കാം .....
"വലിയ സ്വീകരണത്തോടെയാണ് വേദിയിലേക്ക് കൊണ്ടുപോയത്. കയ്യിൽ ബൊക്കെയുണ്ട്. ഒരുവേള ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോകുംപോലെ. പ്രശസ്ത നാടകകൃത്ത് എൻ.എൻ.പിള്ള തന്റെ ഞാൻ എന്ന ആത്മകഥയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസം തുടങ്ങുന്നത് കരച്ചിലൂടെയാണെന്ന്. മക്കളെ ആദ്യമായി വിദ്യാലയത്തിൽ കൊണ്ടുവിട്ട് രക്ഷിതാക്കൾ മടങ്ങുമ്പോൾ ഒരു പിടച്ചിലുണ്ട്. ഒപ്പം വാവിട്ട നിലവിളിയും. അതാണ് ഒന്നാം പാഠം. വേദിയിലെത്തിയപ്പോൾ ഞാൻ പറഞ്ഞു. എന്റെ കല്ല്യാണത്തിനുപോലും ഞാനൊരു പൂമാല ഇട്ടിട്ടില്ല. പെൺവീട്ടിൽ എത്തിയപ്പോൾ ആരോ ചോദിക്കുന്നതു കേട്ടു. " അപ്പോൾ മണവാളൻ എത്തിയിട്ടില്ലേ? "
" ദാ, നേരത്തേ എത്തി. ആ മണവാളനാണ് ഈ പഹയൻ.... "
ഉത്തരം കേട്ട് പലർക്കും ദഹനക്കേട് വന്നു കാണും. ആ സങ്കടം എനിക്ക് ഇന്ന് തീർന്നു. മണവാളനെപ്പോലെയല്ലേ എന്നെ നിങ്ങൾ ആനയിച്ചു കൊണ്ടുവന്നത്. അതിനു നിമിത്തമായതോ? ഞാൻ കൊണ്ടുനടക്കുന്ന എന്റെ ഹൃദയാക്ഷരങ്ങളും. എന്റെ സഹായിയാണ് എന്റെ പുസ്തകങ്ങൾ. അതെന്നെ നേർവഴിയിൽ കൊണ്ടുപോകുന്നു. രക്ഷിതാക്കളോട് ഒരപേക്ഷ. മക്കൾക്ക് ഗ്രിൽചിക്കനും അൽഫാമും വാങ്ങിക്കൊടുക്കുമ്പോൾ ഒരു പുസ്തകംകൂടി വാങ്ങിക്കൊടുക്കുക. വായനകൊണ്ടും അവരുടെ വയർ നിറയട്ടെ. അക്ഷരങ്ങൾ അറിവാണ്. അതൊരിക്കലും ചതിക്കില്ല. കുഞ്ഞുണ്ണി മാഷിന്റെ കവിതയോടൊപ്പം നാട്ടുകാരായ സുബൈദ നീലേശ്വരം റസാക്ക് നീലേശ്വരം എന്നിവരുടെ കുട്ടിക്കവിതകൾകൂടി കുട്ടികൾക്ക് ചൊല്ലിക്കേൾപ്പിച്ചു.
തച്ചങ്ങാട് സർക്കാർ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി. പി.ടി.എ പ്രസിഡണ്ട് ടി.വി. നാരായണൻ അദ്ധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപകൻ ശ്രീ കെ.എം.ഈശ്വരൻ സ്വാഗതം പറഞ്ഞു. ശ്രീമതി.പ്രഭാവതി പെരുമന്തട്ട നന്ദി പറഞ്ഞു. ശ്രീമതി.സുനിമോൾ ബളാൽ എഴുതിയ സ്വാഗതഗാനം നൃത്താവിഷ്ക്കാരത്തിലൂടെ കുട്ടികൾ നന്നായി ആവിഷ്കരിച്ചു. സ്കൂളിലെ പ്രധാന അധ്യാപകനും കവിയുമായ ഈശ്വരൻ. കെ.എം എഴുതിയ ശൂന്യമുദ്ര എന്ന കവിതസമാഹാരവും ഇ.പി.രാജഗോപാലൻ മാഷിന്റെ കഥയും ആത്മകഥയും എന്ന പുസ്തകവും സമ്മാനിച്ചു.
പ്രവേശനോത്സവ* *ഗാനം*

_________________________
അക്ഷരകേരളമിന്നുണരുകയായ്
അറിവിൻ നിറദീപം തെളിയുകയായ്
അക്ഷര മുറ്റത്തുത്സവ നാളായ്
പ്രവേശനോത്സവനാളായ് . സ്വാഗതം.. സുസ്വാഗതം ജീയെച്ചസ് തച്ചങ്ങാടിലേക്കു സ്വാഗതം ...... (2)
(വിരുത്തം)
ഉത്സവം.. ഉത്സവം പ്രവേശനോത്സവം
ഉത്സവത്തിനൊത്തുചേരുവാൻ വന്നാലുംചങ്ങാതികളേ...... (ഈ ഉത്സവത്തി)
...(ഉത്സവം...
പനയാലിൻ ഹരിനാമമന്ത്രങ്ങളും
മൗവ്വലിൻആദാൻ്റെ വചനങ്ങളും ഏകഭാവചിന്തയോടെ കൈകോർക്കുമിടമാണ്
ഏക ഭാവചിന്തയോടെ കൈകോർക്കും ദേശമാണ്
ഈ നാടിൻ പൈതൃകമാമൊരു വിദ്യാലയം . :വാഴുന്നോർ വാഴ്വു നൽകിയ വിദ്യാലയം
തച്ചങ്ങാടിൻ വിദ്യാലയം (2)
രസരി -ഗരിസ ഗമ -മധസധമ -ഗരി രി ഗ മ രിഗ സധഗാസ
** **
പൂക്കൾ ചിരിക്കും പുൽമേടുകളിൽ പുതുപാഠങ്ങൾ രചിച്ചീടാം (2)
ശാസ്ത്ര പുരോഗതി മാനവ നന്മയ്ക്കെന്നൊന്നായ് പാടീടാം - ഓഹോ...
മനുഷ്യത്വം മമ മതമെന്നുയരെ
മനസ്സിൽ തൊട്ടേ
പറയാം ഓഹോ - മനസ്സിൽ തൊട്ടേ പറയാം...
** **
പൂമ്പാറ്റകളായ് പാറി രസിക്കാം പുഴയിൽ കുളിരോളം തീർത്തീടാം (2)
മഴവില്ലിൻ തോണിയിലേറിത്തുഴയാം
ആകാശത്തൂഞ്ഞാലിലാടിപോകാം (2)
വീടിനും നാടിനും
കരുതലായ് മാറാം
നല്ലൊരു ലോകം പണിതുയർത്താം (2)
** **
കതിരേത് പതിരേത് തിരയുന്ന നമ്മൾക്കായ്
അറിവിൻ്റെ തിരിനാളം നീട്ടി
അധ്യാപകരിതാ കർമ്മനിരതരായ് നമ്മെ നയിക്കുന്നു മുന്നിൽ...
അറിവിൻ്റെ ദീപശിഖ നാളം കൊളുത്തി നേരിൻ്റെ വഴി കാട്ടിയായി ഈ മഹാവിദ്യാലയം നന്മ പകരുന്ന അക്ഷര ഗോപുരമാകുന്ന സൗധം
തച്ചങ്ങാടിൻ്റെ അഭിമാനമാകും നാളെതൻ പുലരിയിൽ നേട്ടങ്ങൾ തീർക്കും ഒന്നിച്ചുചേർന്നൊരു ഗാഥ രചിക്കാൻ
ആദ്യാക്ഷരം കൊണ്ടാകാശം തീർക്കാൻ
ഇന്നിതാ കൂട്ടരേ പൂമ്പാറ്റച്ചിറകുമായ് പുത്തൻ പ്രതീക്ഷ തന്നക്ഷരമുറ്റത്ത് പാറിപ്പറന്നു രസിക്കാം
പാഠങ്ങൾ ചൊല്ലിപഠിക്കാം.. (2)
______&________&______
ഗാനരചന: സുനിമോൾ ബളാൽ
2. പ്രീ പ്രൈമറി പ്രവേശനോത്സവം 2024 ജൂൺ 5

ജൂൺ അഞ്ചിന് ബുധനാഴ്ച പ്രീപ്രൈമറി പ്രവേശനോത്സവം നടന്നു പിടിഎ പ്രസിഡണ്ട് ടി വി നാരായണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം റിട്ടയേഡ് പ്രധാനാധ്യാപകനും എൻ വൈ പി സ്റ്റേറ്റ് കോഡിനേറ്റുമായ വിനോദ് കുമാർ സി പി വി നിർവഹിച്ചു.
3. ജൂൺ 5 പരിസ്ഥിതി ദിനം

ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു.