ഗവ. യു പി എസ് ബീമാപ്പള്ളി/നാടോടി വിജ്ഞാനകോശം
ഗവൺമെന്റ് യുപിഎസ് ബീമാപള്ളി നിലകൊള്ളുന്നത് അറബിക്കടലിനോട് ചേർന്ന തീരപ്രദേശത്താണ്.ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബീമാപ്പള്ളി ദർഗ ശരീഫ് ആണ്.അറബിക്കടലിന്റെ മടിത്തട്ടിൽ അലമാലകളുടെ സ്തോത്ര ഗീതങ്ങളും കേട്ട് നൂറ്റാണ്ടുകളായി വലിയ മിനാരങ്ങളോടുകൂടി തല ഉയർത്തി നിൽക്കുന്ന ബീമാപള്ളി ദർഗ ശരീഫ്, മതസൗഹാർദത്തിന്റെയും മാനവ സമത്വത്തിന്റെയും പ്രതീകമാണ്. അശരണരുടേയും നിരാലംബരുടെയും അഭയകേന്ദ്രമാണ് ഈ പുണ്യസ്ഥലം.
ചരിത്രം
ഇസ്ലാം മതപ്രബോധനത്തിന് വേണ്ടി സർവ്വവും ബലിയർപ്പിച്ച മാന്യമഹിളാരത്‌നമാണ്സയ്യദത്തുനിസ ബീമാ ബീവി. ഇസ്ലാമിന് വേണ്ടി ഒട്ടേറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിക്കുകയും ഒടുവിൽ ഇസ്ലാമിനു വേണ്ടിയുള്ള രണാങ്കണത്തിൽ പൊരുതി വീര മൃത്യുവരിക്കുകയും ചെയ്ത വീര രക്തസാക്ഷിയാണ് മാഹിൻ അബൂബക്കർ. ഇവരുടെ അന്ത്യവിശ്രമം സ്ഥാനം പവിത്രവും പുണ്യവും നിറഞ്ഞതായി തീർന്നു.
പ്രത്യേകതകൾ
- ഏതു സമയവും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കും ബീമാപള്ളിയുടെ തിരുമുറ്റം. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന വിശ്വാസികൾ
ഇവിടുത്തെ പ്രത്യേകതയാണ്.
- പ്രധാന ദിവസം വ്യാഴാഴ്ചയാണ്.
- നേർച്ചകളിൽ പ്രധാനമായത് ചന്ദനക്കുട നേർച്ചയാണ് -വാസന തിരികൾ കത്തിച്ചുവെച്ച ചെറിയ മൺവാലുമിനിയം പാത്രങ്ങളും തലയിൽ വച്ച് വിനയത്തോടെ ഏഴ് പ്രാവശ്യം പ്രദക്ഷിണം ചെയ്യുക എന്നതാണ് ചന്ദനക്കുട നേർച്ച.
- ആടുമാടുകൾ, നിലവിളക്കുകൾ, പഴക്കുലകൾ, പണം തുടങ്ങിയ എന്തും നേർച്ചയായി നൽകാവുന്നതാണ്.
മരുന്ന് കിണർ
ബീമാപള്ളിയുടെ വടക്കുഭാഗത്തായി വളരെ പുരാതനമായ ഒരു കിണറുണ്ട്. ഈ കിണറ്റിലെ വെള്ളത്തിന് അവർണനീയമായ സവിശേഷതയുണ്ട്. പല രോഗങ്ങളും ശമിപ്പിക്കാനുള്ള ഔഷധ വീര്യം ഈ കിണറ്റിലെ വെള്ളത്തിനുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. അതുകൊണ്ടാണ് ഇതിന് മരുന്നു കിണർ എന്ന പേര് ലഭിച്ചത്.
ഉറൂസ്
ബീമാപള്ളിയിൽ എല്ലാ വർഷവും ജമാദുൽ ആഖിർ മാസം ഒന്നു മുതൽ പത്തു ദിവസം വരെ ഉറൂസ് എന്ന പേരിൽ വാർഷിക നേർച്ച നടത്തി വരാറുണ്ട്. ചന്ദനക്കുട നേർച്ച, റാത്തീബ്, മതപ്രസംഗം തുടങ്ങിയ പരിപാടികളിൽ പതിനായിരകണക്കിന് വിശ്വാസികൾ പങ്കെടുക്കാറുണ്ട്.
അവലംബം : കെ. പി. അഹമ്മദ് മുസ്ലിയാരുടെ 'ബീമാപള്ളി ചരിത്രം' എന്ന പുസ്തകം.