സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/ചരിത്രം

22:03, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17018 LKM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

231 വർഷത്തെ പ്രൗഢപാരമ്പര്യം

The proud legacy of 231 years

1793ൽ കൊടുങ്ങല്ലൂർ വികാരിയാത്തിന്റെ കീഴിലുള്ള കോഴിക്കോട് ദേവമാതാ (Mother of God) പള്ളിമേടയിൽ ഫാദർ. ഗാബ്രിയേൽ ഗോൺസാൽവസ് വികാരിയായിരിക്കുമ്പോഴാണ് സെന്റ് ജോസഫ്‌സ് ബോയ്‌സിന്റെ സുദീർഘമായ ചരിത്രത്തിന് നാന്ദി കുറിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴിലുള്ള ജീവനക്കാരുടെ മക്കൾക്ക് പഠിക്കാനുള്ള യൂറോപ്യൻ സ്കൂളായാണ് തുടങ്ങിയത്.

1793 മുതൽ 1860 വരെയുള്ള ഈ സ്‌കൂളിന്റെ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരിമിതമാണ്. 1861ൽ കാർമിലൈറ്റ് (Carmelite) പാതിരിമാർ ഈ സ്‌കൂളിന്റെ ഭരണ നിർവ്വഹണം ഏറ്റെടുത്തു. ഇവരുടെ കാലഘട്ടത്തിലാണ് നമ്മുടെ സ്‌കൂളിന് സർവ്വതോമുഖമായ പുരോഗതിയുണ്ടാകുന്നത്. 1861 മുതൽ 1869 വരെയും, 1873 മുതൽ 1884 വരെയുമാണ് അവരുടെ പ്രവർത്തനഘട്ടം. ഇതിനിടയിലുള്ള കുറച്ചു വർഷത്തേക്ക് അവർ യൂറോപ്പിലേക്ക് തിരിച്ചുപോയതായി ചരിത്രരേഖകളിൽ കാണുന്നു.

വടക്കേ മലബാറിലും സൗത്ത് കാനറയിലും ഈശോസഭ മിഷനറി പ്രവർത്തനം ആരംഭിക്കുന്നത് 1879ലാണ്. കാർമിലൈറ്റ് പാതിരിമാരിൽ നിന്നും ഈ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ഈശോസഭ 1894ൽ ഏറ്റെടുത്തു. നിയന്ത്രണം ഏറ്റെടുത്തത് 1894ൽ ആണെങ്കിലും 1878 മുതൽതന്നെ ഈശോസഭക്കാർ മാനേജർമാരായി ഈ സ്‌കൂളിൽ സേവനമനുഷ്ഠിച്ചതായി കാണുന്നു. റവ. ഫാ. എ.മുള്ളർ എസ്.ജെ. ആയിരുന്നു ഈ സ്‌കൂളിന്റെ ഈശോസഭാംഗമായിരുന്ന ആദ്യത്തെ മാനേജർ. തുടർന്ന് 1881വരെ റവ. ഫാ. റോസി എസ്.ജെയും 1881 മുതൽ 1889 വരെ റവ. ഫാ. ഇ. ലാസ്സറീന എസ്.ജെയും സ്‌കൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ നൂറോളം വിദ്യാർത്ഥികൾ മാത്രമേ ഇവിടെ പഠിച്ചിരുന്നുള്ളു.

1888ൽ പീമട്രിക്കുലേഷൻ 4ാം ഫാറം (ഇന്നത്തെ എട്ടാംക്ലാസ്സ്) കൂട്ടിചേർത്തു. 1889 നവംബർ 25ന് റവ. ഫാ. എ. കവലിയർ എസ്.ജെ.യെ സ്‌കൂളിന്റെ മാനേജരായി അംഗീകരിച്ചു. 1889 മുതൽ 1900വരെ അദ്ദേഹമായിരുന്നു സ്‌കൂളിന്റെ മാനേജർ. ആധുനിക സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിന് അടിത്തറയിട്ടത് ഇദ്ദേഹമാണ്. 1894 വരെ ശ്രീ. സി.പി. ജോസഫ് ആയിരുന്നു ഹെഡ്മാസ്റ്റർ. വൈദികനല്ലാത്ത സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന്റെ സ്ഥാനത്ത് ശ്രീ. എഫ്.ജെ. ജാക്വസ് അവരോധിക്കപ്പെട്ടു. ഫാ. എ. കവലിയർ എസ്.ജെ. മംഗലാപുരത്തേക്ക് പ്രത്യേക പ്രവർത്തനങ്ങൾക്കായി 1900 ജൂലൈ 15ന് സ്ഥലം മാറ്റപ്പെട്ടു. 1902ൽ എത്തിയ ഫാ. സി. ഗൊൺസാൽവസ് എസ്.ജെ ആയിരുന്നു സ്‌കൂളിന്റെ ജസ്യൂട്ട് സഭാംഗമായ ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീ. മൂർക്കോത്ത് കുമാരനിൽ നിന്നാണ് അദ്ദേഹം ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തത്.

1904 ജനുവരി 12ന് അഞ്ചാം ഫോറം (ഇന്നത്തെ ഒൻപതാം ക്ലാസ്സ്) ആരംഭിക്കുന്നതിനായി ഡി.പി.ഐയിൽ നിന്നും അംഗീകാരം ലഭിച്ചു. ഈ വർഷംതന്നെ ഓഗസ്റ്റ് 10ന്, ആറാം ഫോറം (ഇന്നത്തെ പത്താം ക്ലാസ്സ്) ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭിക്കുകയും വിദ്യാർത്ഥികളെ പൊതുപരീക്ഷയ്ക്കിരുത്തുകയും ചെയ്തു.

പിന്നീട് 1906 മുതൽ 1913 വരെ തുടർച്ചയായി സ്‌കൂളിന്റെ പ്രിൻസിപ്പാളും മാനേജരുമായി ഫാദർ. കവലിർ എസ്സ്.ജെ. നേരിട്ടു ഭാഗധേയത്വം വഹിച്ചു. 1906 സെപ്തംബർ 7ന് കോഡ് ഓഫ് റെഗുലേഷൻസിന്റെ (Code of Regulations) അംഗീകാരമുള്ള യൂറോപ്യൻ ഹൈസ്‌കൂളായിത്തീർന്നു. റൈറ്റ്. റവ. ഡോ. കവലിയർ എസ്സ്.ജെ.യുടെ നേതൃത്വത്തിൽ ഫാദർ റോസി എസ്സ്.ജെ, ഫാ. ജെ.ബി. പൊളെസെ എസ്സ്.ജെ എന്നിവരുൾപ്പെട്ട ഭരണാധികാരമുള്ള പുതിയ സംഘം നിലിവിൽ വന്നു. ഫാ. കവലിയാർ എസ്.ജെ. തന്റെ തനതായ വ്യക്തിമുദപതിപ്പിച്ചുകൊണ്ട് സ്‌കൂളിന്റെ പ്രിൻസിപ്പാളും കറസ്‌പോണ്ടന്റുമായി സ്തുത്യർഹമായ സേവനം തുടർന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് മിഡിൽ സ്‌കൂളിനും ഹൈസ്‌കൂളിനും അനുബന്ധമായി കെട്ടിടം നിർമ്മിക്കുന്നതിനായി പദ്ധതികൾ ആവിഷ്‌ക്കരിച്ചത്. 1909 മാർച്ച് 15ന് കെട്ടിടത്തിനുള്ള പകുതി ഗ്രാന്റ് ഗവൺമെന്റ് അനുവദിച്ചു കൊണ്ട് ഉത്തരവായി. 1910 ജൂലൈ 25ന് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിക്കപ്പെട്ടു. പരീക്ഷകളിലും കലാകായിക രംഗങ്ങളിലും ഉന്നത വിജയം നേടുന്ന സ്‌കൂൾ എന്ന ഖ്യാതി അക്കാലത്ത് തന്നെ ഉണ്ടായിരുന്നു.

1913 ജൂലൈ 1ന് ഫാദർ കവലിയർ മിഷൻ പ്രവർത്തനത്തിന്റെ ആശ്രമഭരണാധിപനായി (Procurator General) ഉയർത്തപ്പെട്ടപ്പോൾ സ്‌കൂളിന്റെ അധികാരങ്ങൾ ഫാ. റെപ്പെറ്റോയ്ക്ക് കൈമാറി. ഈ വർഷത്തിലാണ് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിന്റെ ആദ്യത്തെ സ്‌കൂൾ മാഗസിൻ ജോസഫൈറ്റ് (Josephite) പ്രസിദ്ധീകരിച്ചത്. 1913 ഡിസംബർ 25നായിരുന്നു ആ ചടങ്ങ് നിർവ്വഹിക്കപ്പെട്ടത്.

പഠിക്കുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ താമസിക്കന്നതിനുള്ള രണ്ടുനില കെട്ടിടത്തിന്റെ പണി 1914 ജൂൺ 2ന് പൂർത്തിയായി. ഡിസംബർ 25ന് രണ്ടാമത്തെ സ്‌കൂൾ മാഗസിൻ 'ജോസഫൈറ്റ്' പ്രസിദ്ധീകരിച്ചു.

1918-ൽ നഗരത്തെ പിടിച്ചുകുലുക്കിയ ‘ഇൻഫ്ളൂവൻസ’ ആക്രമണത്തിൽനിന്ന് സ്കൂളും മോചിതരായില്ല. രണ്ടുവിദ്യാർഥികൾ മരണപ്പെട്ടു. അധ്യയനവർഷംതന്നെ വെട്ടിച്ചുരുക്കി. അതേവർഷം തന്നെയാണ് കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളെ അറിയിക്കാനായി ‘പ്രതിമാസ’ റിപ്പോർട്ട്‌ നൽകിത്തുടങ്ങിയത്. പ്രോഗ്രസ് കാർഡെന്ന പേരിൽ ഇന്നും ഇത് നിലനിൽക്കുന്നു. പിന്നീട് 1921-ൽ മലബാർ കലാപകാലത്തും 1922-ൽ പ്ലേഗ് പടർന്നപ്പോഴും സ്കൂൾ ദിവസങ്ങളോളം അടച്ചിട്ടു.

1936 ജൂണിൽ യൂറോപ്യൻ ഹൈസ്‌കൂളും സെന്റ് ആന്റണീസ് മിഡിൽ സ്‌കൂളും കൂട്ടിച്ചേർത്ത് പുതിയ ഇന്ത്യൻ ഹൈസ്‌കൂൾ ആരംഭിച്ചു. ഈയവസരത്തിൽ ഫാ. ഗിലാർദി ആയിരുന്നു സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ. അന്ന്‌ സ്വാതന്ത്ര്യസമരസേനാനികളായ കേളപ്പജി, ടി. ബാലകൃഷ്ണൻ തുടങ്ങിയവർ സ്കൂളിലെ അധ്യാപകരായിരുന്നു. സ്കൂളിലെ വിദ്യാർഥികളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി. ഫാ. ജോൺ എസ്. ഡിസൂസ ആയിരുന്നു സ്വതന്ത്ര ഭാരതത്തിലെ സ്‌കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്റർ.

1949 ജൂൺ 19ന് റവ. ഫാ. അരാഹ്ന എസ്.ജെ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ പദവി ഏറ്റെടുത്തു. 1951 നവംബർ 17ന് കോഴിക്കോട് ബിഷപ്പ് പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു. ഒന്നാം നിലയിൽ നാലുമുറികൾ 'ഡ്രിൽഷെഡ്' ആയി ഉപയോഗപ്പെടുത്തി. ആ വർഷം 1142 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. 1951-52 അദ്ധ്യയന വർഷത്തെ സ്‌കൂൾ മാഗസിനിൽ ഇക്കാര്യം പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. 1952-ൽ ഇപ്പോഴുള്ള ബോർഡിംഗ് ഹൗസായ ന്യൂബ്ലോക്ക് നിർമ്മിച്ചു. 1184 വിദ്യാർത്ഥികൾ ആ കാലഘട്ടത്തിൽ ഇവിടെ പഠിച്ചിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 106 പേർ എഴുതിയതിൽ 54 പേർ വിജയിച്ചു.

1955 ജൂണിൽ പ്രശസ്തനായ ഫാദർ വർക്കി പുല്ലൻ എസ്.ജെ. ആയിരുന്നു സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ. രണ്ടു വർഷത്തിനു ശേഷം 1957 ജൂണിൽ ഫാദർ ആന്റണി മഞ്ചിൽ എസ്.ജെ. ഹെഡ്മാസ്റ്ററായി. അദ്ദേഹത്തിന്റെ കാലത്താണ് 1957ൽ സെന്റ് ജോസഫ്‌സ് മിഡിൽ സ്‌കൂളും സെന്റ് ആന്റണീസ് യു.പി. സ്‌കൂളും പരസ്പരം കൈമാറ്റപ്പെട്ടത്. സെന്റ് ജോസഫ്‌സ് മിഡിൽ സ്‌കൂൾ, റ്റി.ബി. റോഡിന്റെ എതിർവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1961-ൽ യു.പി. സ്കൂൾ ടി.ബി. റോഡിൽനിന്ന്‌ സെന്റ് ജോസഫ്‌സിലേക്ക് മാറ്റി.

1961 ജൂൺ 29ന് റവ. ഫാ. അഗസ്റ്റിൻ ഇരട്ടമാക്കിൽ എസ്.ജെ. ഹെഡ്മാസ്റ്ററുടെ ചാർജ് ഏറ്റെടുത്തു. 1963-64 അദ്ധ്യയന വർഷത്തിൽ ഇവിടെ 1026 വിദ്യാർത്ഥികൾ പഠിച്ചിരുന്നു. ആ വർഷം 120 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയ്ക്കിരുന്നവരിൽ 67% പേർ വിജയിച്ചു. 1966 ആഗസ്റ്റ് 27ന് പുതിയ മാനേജരായി ഫാ. എം. ചാക്കോയേയും പുതിയ മാനേജിംഗ് കമ്മറ്റിയേയും ഡി.പി.ഐ. അംഗീകരിച്ചു. 1967 ജനുവരി 15ന് റവ. ഫാ. പെടദ്രോ അരൂപ്പേ എസ്.ജെ പൊതു സന്ദർശത്തിനായി സ്‌കൂളിൽ വരികയും പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം, പൂർവ്വ വിദ്യാർത്ഥികളേയും നിലവിലുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് നിർവ്വഹിച്ചു. 1968-69ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ അഭൂതപൂർവ്വമായ, ഉന്നത വിജയമാണ് കരഗതമായത്. 106 പേർ പരീക്ഷയ്ക്കിരുന്നതിൽ 103 പേർ വിജയിച്ചു. വിജയ ശതമാനം 97.2.

1969ൽ വി.ജെ. ചുമ്മാർ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ ചാർജ് ഏറ്റെടുത്തു. 1974ൽ ഫാ. അന്ത്രപ്പേർ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ പദവി ഏറ്റെടുത്തു. തുടർന്നുള്ള വർഷങ്ങളിൽ ക്രമാനുഗതമായ വളർച്ചയാണ് സ്കൂളിനുണ്ടായത്. 1980-കളിൽ സ്കൂളിൽ ധാരാളം വികസനപ്രവർത്തനങ്ങൾ നടന്നു. നീണ്ട 12 വർഷങ്ങൾ സ്‌കൂളിന്റെ ഭരണസാരഥ്യം വഹിച്ച പ്രഗത്ഭനായ അദ്ദേഹത്തിന് ഏറ്റവും നല്ല അദ്ധ്യാപകനുള്ള കേരള സർക്കാർ അവാർഡും ലഭിച്ചിട്ടുണ്ട്.

ഫാ. അന്ത്രപ്പേറിന്റെ സ്ഥാനത്ത് ഫാദർ ജോസഫ് കല്ലേപ്പള്ളിൽ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ പദവി അലങ്കരിക്കുന്നതിനായി എത്തിച്ചേർന്നത് 1986ലാണ്. ധാരാളം വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സാരഥ്യത്തിൽ നടന്നിട്ടുണ്ട്. പുതിയ ഓഡിറ്റോറിയവും പല ക്ലാസ്സുമുറികളും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ (1986-1996) നിർമ്മിച്ചു. റിസൾട്ടിന്റെ കാര്യത്തിലും കലാകായിക രംഗങ്ങളിലും എടുത്തുപറയാൻ കഴിയുന്ന മുന്നേറ്റങ്ങൾ ഇക്കാലത്തുണ്ടായി. സ്‌കൂളിന്റെ ഇരുന്നൂറാം വാർഷികം സമുചിതമായി ആഘോഷിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ വിദ്യാലയം രണ്ട് നൂറ്റാണ്ടുകൾ പൂർത്തിയാക്കിയ ഉജ്ജ്വലമായ ആ ചരിത്ര നിമിഷത്തിൽ മദർ തെരേസയായിരുന്നു വിശിഷ്ടാതിഥി.

1998ൽ ശ്രീ. ഡെൻസിൽ പോപ്പൻ ഹെഡ്‌മാസ്റ്ററ്ററായിരുന്നപ്പോഴാണ് സ്‌കൂളിൽ ആദ്യമായി പ്ലസ് റ്റു വിഭാഗം ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പാളും (1998-2000) അദ്ദേഹമായിരുന്നു. പിന്നീട് ഫാദർ എം.ജെ അഗസ്റ്റിനും ഫാദർ കെ.എ. ദേവസ്യയും സ്‌കൂളിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. കൂട്ടായ തീരുമാനങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഇവർ സ്‌കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച ഹയർ സെക്കണ്ടറി വിദ്യാലയമായി മാറ്റി. 2008-2017 കാലത്ത് ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. എം.വി.ജോർജ്ജ്, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ ഇവിടുത്തെ വിദ്യാർത്ഥികൾ നേടുന്നതിന് പിന്നിലുള്ള ചാലക ശക്തിയായി. ചെറിയ കാലയളവുകളിലേക്ക് ഹെഡ്‌മാസ്റ്റർമാരായിരുന്ന ശ്രീ. എൻ.എ. അഗസ്തി, ശ്രീ. ബാബു ജോസഫ്, പി ടി ജോണി എന്നിവരും സ്‌കൂളിന്റെ പുരോഗതിയ്‌ക്കായി തങ്ങളുടേതായ സംഭാവനകൾ സമർപ്പിച്ചിട്ടുണ്ട്.

മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവുമുള്ള സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇന്ന് രണ്ടായിരത്തി ഇരുന്നൂറോളം ആൺകുട്ടികൾ വിദ്യയഭ്യസിക്കുന്നു. ഹയർ സെക്കണ്ടറിയിലെ 10 ഡിവിഷനുകളിലും ഹൈസ്‌കൂളിലെ 33 ഡിവിഷനുകളിലുമായാണ് ഇത്രയും വിദ്യാർത്ഥികൾ പഠിക്കുന്നത്. 68 അദ്ധ്യാപകരും 10 അനദ്ധ്യാപകരും സ്‌കൂളിൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ഇവരോടൊപ്പം രക്ഷാകർതൃസമിതിയും മാനേജ്‌മെന്റും ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങുന്നത് കൊണ്ട്, അദ്ധ്യായനവും പാഠ്യേതര പ്രവർത്തനങ്ങളും ഭംഗിയായി മുന്നോട്ട് പോവുന്നു.