സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

പാലുവായ് പ്രദേശത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പടിഞ്ഞാറുഭാഗം. അവിടെ മിനി ഗൾഫ് എന്നറിയപ്പെടുന്ന ചാവക്കാടിന്റെയും ക്ഷേത്രനഗരിയായ ഗുരുവായൂരിന്റെ യും പരിസരപ്രദേശം.

കിഴക്ക് തലപ്പിള്ളി താലൂക്ക്, കണ്ടാണശ്ശേരി പഞ്ചായത്ത്, തെക്ക് എളവള്ളി പഞ്ചായത്ത്, പാവറട്ടി പഞ്ചായത്ത്, വടക്ക് ഗുരുവായൂർ മുനിസിപ്പാലിറ്റി, പടിഞ്ഞാറ് ചാവക്കാട് മുനിസിപ്പാലിറ്റി, ഒരുമനയൂർ പഞ്ചായത്ത് എന്നീ അതിരുകൾ പങ്കിടുന്ന പാലുവായ് എന്ന കൊച്ചു ദേശത്തിന്റെ ചരിത്രപശ്ചാത്തലത്തിലേക്ക് ഇറങ്ങിച്ചെല്ലാം. സാംസ്കാരിക തനിമയും, മതേതരത്വവും, പ്രൗഢമായ പൈതൃകവും കൈമുതലായുള്ള പാലുവായ് പ്രദേശത്തിന്റെ ആദ്യകാലത്തെ കുറിച്ച് ചികയുമ്പോൾ തെങ്ങിൻതോപ്പുകൾ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു ഇവിടം എന്ന് മനസ്സിലാക്കാം.

ഇവിടെയുള്ളവരുടെ മുഖ്യ ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. കാർഷികവൃത്തിയും അനുബന്ധ തൊഴിലുകളും ജീവിതമാർഗമാ ക്കിയ ഇവിടുത്തെ  ഭൂരിഭാഗവുംപേരും പാൽവിറ്റ് ഉപജീവനമാർഗം നടത്തുന്നവരായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് പാലുവായ് എന്ന പേര് കൈവന്നത് എന്ന് പറയപ്പെടുന്നു. പാലുവായി പ്രദേശത്തെ പ്രാദേശിക സമൂഹത്തിന്റെ ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒരു യാത്ര നടത്താം

സ്ഥല നാമം

"പാലായി" അതായിരുന്നു ഇന്നത്തെ പാലുവായുടെ പേര്.കൃഷി ഉപജീവനമാർഗമാക്കിയ സാധാരണക്കാരായ ആളുകൾ താമസിച്ചിരുന്ന സ്ഥലം. കന്നുകാലി വളർത്തലും ഇവിടുത്തെ ഒരു പ്രധാന തൊഴിലായിരുന്നു. പാൽ വിറ്റ് ഉപജീവനം മാർഗം നടത്തുന്നവരായിരുന്നു ഇവിടെയുള്ള ഭൂരിഭാഗവും അതുകൊണ്ടാണ് "പാലായി" എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്."പാലായി" എന്ന പേര് പരിഷ്കരിച്ച് ഈ ദേശത്തിന് "പാലുവായ് "എന്ന പേര് കൈവന്നു. ഈ പ്രദേശത്തെ ഇപ്പോൾ താമസിക്കുന്ന ഏകദേശം 80 വയസ്സുള്ള മുതിർന്നവരിൽ നിന്നാണ് സ്ഥലനാമത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. ഗ്രാമത്തിലെ നിഷ്കളങ്കതയും ഭംഗിയും ഇന്നും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. നിഷ്കളങ്കരായ സാധാരണക്കാരായ ആളുകളാണ്  പാലുവായ് പ്രദേശത്തുള്ളത്.കാലാനുസൃതമായ പുരോഗമനം ഈ പ്രദേശത്തെ ഹൈടെക് ആക്കി മാറ്റി.