Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്)/മൂന്നാം സ്ഥാനം
വിഷയം : ഭൂമിയുടെ വിളികള്‍
ഒരു മുതലാളിത്ത കവിത ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു തുടുത്ത പ്രഭാതം കൊണ്ട്, മാനത്ത് നിന്ന് അടര്‍ന്ന് വീഴുന്ന സ്ഫടിക മഴച്ചില്ലുകൊണ്ട്, പിന്നെ കവിത കൊണ്ടും. ഞാന്‍ കച്ചവടം തുടങ്ങിയതോടെ ഭൂമി വിളിനിര്‍ത്തി. ആദ്യം ഞാന്‍ കയറ്റുമതി ചെയ്തത് എന്റെ ഭാഷയെയായിരുന്നു. പൊങ്ങച്ചങ്ങള്‍ക്ക് വഴങ്ങാതെ ആ കുരുത്തംകെട്ട അമ്പത്തൊന്നെണ്ണത്തിനെ ഞാന്‍ നാവില്‍ നിന്ന് നാട് കടത്തി. ഗൗളികള്‍ മാത്രം എത്തി നോക്കുന്ന മഞ്ഞച്ച പുസ്തകത്തിന്റെ ആരും കാണാത്ത മുലയിലേക്ക് ഞാനവയെ മാറ്റിപ്പാര്‍പ്പിച്ചു. പിന്നെ ഞാന്‍ എന്റെ ബ്രാഞ്ച് ഭൂമിയിലും തുടങ്ങി. അവിടെ നിന്ന് ആദ്യം പറഞ്ഞയച്ചത് ഓര്‍മ്മകളില്‍ ഇക്കിളിപ്പെടുത്തുിയ പുഴയെയായിരുന്നു കടലും കൂടെയിറങ്ങിപ്പോയി ഭൂമിയുടെ കവിള് മെലിഞ്ഞു പിന്നെ മരങ്ങളും പോയി തണലും മണ്ണും മലയും കൂടെ പോയി ഭൂമിയില്‍ നിന്ന് ഞാന്‍ ഭൂമിയെ ഒഴിപ്പിച്ച, കച്ചവട ഭീമനായ് കാലം കഴിച്ചു. അവസാനം, സൂര്യനാണ് വിളിച്ചത് ഭൂമിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഏഴ് സഹോദരങ്ങളും ഹാജരായിരുന്നു കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ കൃത്രിമ സഹതാപം അല്‍പം പകര്‍ന്ന് കൊടുത്ത് തടി തപ്പാമെന്ന് കരുതി സൂര്യന്‍ ചൂടുള്ള നോട്ടം കൊണ്ട് തടഞ്ഞു വച്ചു. ആ ചൂടില്‍ എന്റെ മുടി ചാരനിറമായി. എന്റെ മുഖത്തിലൂടെ കലപ്പ പാഞ്ഞു എവിടെയെന്റെ വസ്ത്രങ്ങള്‍? ഞാന്‍ കനി തിന്ന ആദമായി. ഓര്‍മ്മയുടെ ചതുപ്പില്‍ നിന്ന് നഷ്ടപ്പെട്ടതിന്റെ ആത്മാക്കള്‍ തിരിച്ചെത്തി. അവര്‍ എനിക്കെതിരെ കുറ്റപത്രം വായിച്ചു. എന്റെ കഴുത്തിലേക്ക് ഒരു കയര്‍ നീണ്ടു. ഒന്നു തല ചായ്ക്കാന്‍ ഞാനെന്റെ തിണ്ണ തിരഞ്ഞു അവയും ഭൂമിയോടൊപ്പം പോയിരുന്നു!
[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]] |