Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്)/മൂന്നാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷയം : ഭൂമിയുടെ വിളികൾ
ഒരു മുതലാളിത്ത കവിത
ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു 
തുടുത്ത പ്രഭാതം കൊണ്ട്, 
മാനത്ത് നിന്ന് അടർന്ന് വീഴുന്ന 
സ്ഫടിക മഴച്ചില്ലുകൊണ്ട്, 
പിന്നെ കവിത കൊണ്ടും.

ഞാൻ കച്ചവടം തുടങ്ങിയതോടെ
ഭൂമി വിളിനിർത്തി.

ആദ്യം ‍‍ഞാൻ 
കയറ്റുമതി ചെയ്തത്
എ​ന്റെ ഭാഷയെയായിരുന്നു.
പൊങ്ങച്ചങ്ങൾക്ക് വഴങ്ങാതെ
ആ കുരുത്തംകെട്ട
അമ്പത്തൊന്നെണ്ണത്തിനെ ഞാൻ
നാവിൽ നിന്ന് നാട് കടത്തി.
ഗൗളികൾ മാത്രം എത്തി നോക്കുന്ന 
മഞ്ഞച്ച പുസ്തകത്തിന്റെ 
ആരും കാണാത്ത മുലയിലേക്ക് 
ഞാനവയെ മാറ്റിപ്പാർപ്പിച്ചു.

പിന്നെ ഞാൻ എന്റെ ബ്രാഞ്ച് 
ഭൂമിയിലും തുടങ്ങി.

അവിടെ നിന്ന്
ആദ്യം പറഞ്ഞയച്ചത്
ഓർമ്മകളിൽ ഇക്കിളിപ്പെടുത്തുിയ
പുഴയെയായിരുന്നു
കടലും കൂടെയിറങ്ങിപ്പോയി 
ഭൂമിയുടെ കവിള് മെലിഞ്ഞു
പിന്നെ മരങ്ങളും പോയി
തണലും മണ്ണും മലയും
കൂടെ പോയി
ഭൂമിയിൽ നിന്ന് ഞാൻ
ഭൂമിയെ ഒഴിപ്പിച്ച,
കച്ചവട ഭീമനായ്
കാലം കഴിച്ചു.

അവസാനം,
സൂര്യനാണ് വിളിച്ചത്
ഭൂമിയുടെ സംസ്കാരച്ചടങ്ങിൽ
പങ്കെടുക്കാൻ
ഏഴ് സഹോദരങ്ങളും ഹാജരായിരുന്നു
കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി 

രാസവസ്തുക്കൾ കൊണ്ടുണ്ടാക്കിയ
കൃത്രിമ സഹതാപം അൽപം പകർന്ന് 
കൊടുത്ത് തടി തപ്പാമെന്ന് കരുതി
സൂര്യൻ ചൂടുള്ള നോട്ടം കൊണ്ട്
തടഞ്ഞു വച്ചു.
ആ ചൂടിൽ എന്റെ മുടി 
ചാരനിറമായി.
എന്റെ മുഖത്തിലൂടെ 
കലപ്പ  പാഞ്ഞു
എവിടെയെന്റെ വസ്ത്രങ്ങൾ?
ഞാൻ കനി തിന്ന ആദമായി.

ഓർമ്മയുടെ ചതുപ്പിൽ നിന്ന്
നഷ്ടപ്പെട്ടതിന്റെ ആത്മാക്കൾ
തിരിച്ചെത്തി.
അവർ എനിക്കെതിരെ
കുറ്റപത്രം വായിച്ചു.
എന്റെ കഴുത്തിലേക്ക് 
ഒരു കയർ നീണ്ടു.
ഒന്നു തല ചായ്ക്കാൻ
ഞാനെന്റെ തിണ്ണ തിരഞ്ഞു
അവയും ഭൂമിയോടൊപ്പം
പോയിരുന്നു!

AMJATH NIHAL.T
10, IUHSS Parappur (Malappuram)
HS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017