സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 10 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Blessymathews (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
"Not our merits but on his Grace "
ത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ കല്ലുപ്പാറ പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടംകേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം.......

ഒരു കുടുംബത്തിന്റെ , സമൂഹത്തിന്റെ - രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും സാംസ്ക്കാരിക വളർച്ചക്കും ആത്മീയതക്കും കുടുംബഭദ്രതയ്ക്കും സ്ത്രീകൾക്ക് വലിയ പങ്കു വഹിക്കുവാൻ സാധിക്കും. കാരണo കുടുംബത്തിന്റെ അടിത്തറ അല്ലെങ്കിൽ ദീപം സ്ത്രീ ആണ് . ഈ സത്യം മനസിലാക്കി തിരുവല്ല രൂപതയുടെ ദ്വിതീയ മെത്രപ്പൊലിത്ത ആയിരുന്ന ഭാഗ്യ സ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 - ജൂൺ 1 ന് പെൺകുട്ടികൾക്ക് മാത്രമായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. വിജ്ഞാനദീപം പകരുന്നതോടൊപ്പം ധാർമിക മൂല്യങ്ങൾക്ക് കുട്ടികളിൽ അടിത്തറ പാകുവാൻ വളരെ ശ്രദ്ധിക്കുന്നു എന്നതാണ് എടുത്തു പറയത്തകതായ ഒരു പ്രത്യേകത.

പെൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വൈജ്ഞാനിക വളർച്ചയ്ക്കുo പ്രതിഷ്ഠിതരായ സന്യാസിനികൾക്ക് ഏറെപങ്കു വഹിക്കാനും എന്നതുകൊണ്ട് ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരീയായിരുന്ന മദർ ഹൂബായോട് ആലോചിച്ച്‌ ചെങ്ങരൂർ ദേശത്തു ഒരു മഠം തുടങ്ങുവാനും പിതാവ് തീരുമാനിച്ചു. വലിയ കണ്ണത്തിൽ കുടുംബത്തിന്റെ വകയായിരുന്നു കൈമലയുടെ ഒരു ഭാഗം വിലക്കുവാങ്ങി സ്കൂൾകെട്ടിടവും മഠവും പണിയുന്നതിനുള്ള ചുമതല പൗവ്വത്തിക്കുന്നേൽ ബഹുമാനപ്പെട്ട ചെറിയാനച്ചനെ ഏൽപ്പിച്ചു. 1953 ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങത്തക്കവിധം ഗവൺമെന്റിൽ നിന്ന് അനുവാദവും നേടി. സ്കൂൾ കെട്ടിടത്തിന്റെ പണി സമയബന്ധിതമായി തീർക്കുവാൻ ബഹുമാനപെട്ട അച്ചൻ അക്ഷീണം പരിശ്രമിച്ചു. ഒപ്പം ചെങ്ങരൂർ ഇടവകാംഗങ്ങളും അനുഷ്ഠിച്ച ത്യാഗം എടുത്തു പറയേണ്ടതാണ്.

സ്കൂൾ ആരംഭിക്കുമ്പോൾ മഠത്തിന്റെ പണി പൂർത്തിയാകാഞ്ഞതിനാൽ അടുത്തുള്ള പേരുമ്പ്രാൽ ഭവനത്തിൽ സിസ്റ്റേഴ്സ് താമസിച്ചുകൊണ്ടു സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. പണിപൂർത്തിയായ മഠത്തിലേക്കു 1953 നവംബർ 1-ന് സിസ്റ്റേഴ്‌സ് താമസം മാറ്റി. സിസ്റ്റർ Rose , Sr. Agnes , Sr. Clara , Sr. Augustine , Sr. Nayomi Francis , Sr. Vincent എന്നിവരായിരുന്നു മഠത്തിലെ ആദ്യ അംഗങ്ങൾ . 1954 മാർച്ച് 18 ന് മഠത്തിനോടാനുബന്ധിച്ചുള്ള ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സിസ്റ്റർ Nayomi francis ഇടി മിന്നലേറ്റ് മരിക്കാനിടയായത് എല്ലാവരെയും വളരെ ദുഃഖത്തിലാഴ്ത്തിയതും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു സംഭവമായി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നും അവശേഷിക്കുന്നു. സിസ്റ്ററിന്റെ പാവനസ്മരണക്കു മുമ്പിൽ അശ്രുപൂജകളർപ്പിക്കുന്നു. 1953- ൽ ഫസ്റ്റ് ഫോമും ഫോർത്തു ഫോമും ഒരുമിച്ചു ആരംഭിച്ച ഈ സ്കൂളിന്റെ അമരത്തു വാണരുളിയത് Sr. Rose ആയിരുന്നു. 1953 നവംബർ23-ാംതീയതി അത്യുന്നത കർദിനാൾ റ്റിസന്റ് സ്കൂളും മഠവും സന്ദർശിച്ചു ആശീർവാദം നൽകി.

1953 മുതൽ1975 വരെയുള്ള കാലഘട്ടം Sr. Rose-ന്റേതായിരുന്നു. സ്കൂളിന്റെ ശൈശവാവസ്ഥയിൽ വെള്ളവും വളവും യഥാസമയം നൽകി ബാല്യത്തിലേക്കും പിന്നീട് യൗവനത്തിലേക്കും സ്കൂളിനെ ഉയർത്തുവാൻ സിസ്റ്റർ കഠിനാദ്ധ്വാനം ചെയ്തിരിക്കുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്. ഇന്നു സ്വർഗ്ഗത്തിലിരുന്നു കൊണ്ട് സ്കൂളിന്റെ ഉയർച്ചയിൽ സന്തോഷിക്കുന്ന മദറിന്റെ ദീപ്തമായ സ്മരണക്കു മുമ്പിൽ നമുക്കു ശിരസ്സുനമിക്കാം.

1960- ൽ ഒരു നേഴ്സറി സ്കൂൾ ഇവിടെ ആരംഭിച്ചു. കാലഘട്ടത്തിന്റെ പ്രത്യേകതയും സമൂഹത്തിന്റെ ആവശ്യകതയും കണക്കിലെടുത്തു നേഴ്സറിയുടെ തുടർച്ചയായി 1973-ൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിൽ ഒരു L. P സ്കൂളും ആരംഭിച്ചു. 1985-ൽ U. P സ്കൂളും ആരംഭിച്ചു.1961- ൽ അഞ്ചാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം പാരല്ലൽ ഡിവിഷൻ ആരംഭിച്ചു.

പെൺകുട്ടികൾക്കു മാത്രമായിട്ടുള്ള വിദ്യാലയങ്ങൾ അന്നു വളരെ കുറവായിരുന്നതിനാൽ വളരെ ദൂരെ നിന്നു പോലും പെൺകുട്ടികൾ വിദ്യതേടി ഈ സ്കൂളിലേക്ക് എത്തിയിരുന്നു. അവരുടെ പഠന സൗകര്യവും സ്വഭാവ രൂപീകരണവും കണക്കിലെടുത്തു്‌ മഠത്തിനോടനുബന്ധിച് ഒരു ബോർഡിങ്ങും ആരംഭിച്ചതോടുകൂടി കുട്ടികളുടെ സൗകര്യാർത്ഥം സ്കൂൾ ബസ് വാങ്ങി . സ്കൂളിന്റെ ആരംഭകാലത്ത്‌ കോർപ്പറേറ്റ് മാനേജർ ആയിരുന്ന ബഹുമാനപെട്ട മോൺസിഞ്ഞോർ നെടുങ്ങാട്ടച്ചൻ സ്കൂളിന്റെ പടിപടിയായിട്ടുള്ള വളർച്ചയ്ക്ക്‌ എല്ലാസഹായവും ചെയ്തിരുന്നത് നന്ദിപൂർവ്വം സ്മരിക്കുന്നു. മദർ റോസിന്റെ കാലടികളെ പിന്തുടർന്ന്1975-ൽ Sr. ഫിലോമിന സ്കൂളിന്റെ ഭരണചക്രം ഏറ്റെടുത്തു.ഭൗതീകസാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ Sr.ബദ്ധശ്രദ്ധയായിരുന്നു. Sr. ഫിലോമിനായ്ക്കു ശേഷം മദർ ജെയിൻ സ്കൂളിന്റെ സാരഥിയായി. ഹൃദ്യമായ പെരുമാറ്റം കൊണ്ടും വശ്യമായ പുഞ്ചിരികൊണ്ടും കർമ്മകുശലതകൊണ്ടും അനേകം പേരെ തന്നിലേക്ക് അടുപ്പിക്കുവാൻ സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്ന ആ കാലയളവിൽ സാധിച്ചു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. Sr. Maria Goreti , Sr. Lora , Sr. ഹിലാരിയ എന്നിവർ സ്കൂളിന്റെ ഭരണചക്രം തിരിച്ച പ്രഥമാധ്യാപകർ ആയിരുന്നു. ഇവരുടെ നിസ്തുലമായ സേവനങ്ങൾ വളർച്ചയുടെ വ്യത്യസ്ത പടവുകൾ ഓരോന്നും ചവിട്ടി കയറുവാൻ St. Theresa's നെ സഹായിച്ചു എന്നത് അഭിമാനത്തോടെ ഓർക്കുന്നു.1998 മുതൽ Sr. ജിയോവാനി ഈ സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതയായി. സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തതും ഹയർ സെക്കൻഡറി സ്കൂളായി സെന്റ് തെരേസാസിനെ ഉയർത്തിയതും ഇന്ന് കാണുന്ന ബൃഹത്തായ കെട്ടിടങ്ങളും ഓഡിറ്റോറിയവും പണികഴിപ്പിക്കുവാൻ നേതൃത്വം കൊടുത്തതും ബഹുമാനപ്പെട്ട സിസ്റ്റർ ആയിരുന്നു.

1998 മുതലാണ് സെന്റ് തെരേസാസ് ഒരു ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടത്. ഇത് സ്കൂളിന്റെ വളർച്ചയിൽ ഒരു സുപ്രധാന നാഴികകല്ലായിരുന്നു. കെട്ടിട നിർമാണത്തിനും ലാബുകൾക്കും വേണ്ടി ഭീമമായ തുക ആവശ്യമായിരുന്നു. ബഥനി സന്യാസിനി സമൂഹ സ്ഥാപകനായ മാർ ഇവാനിയോസ് തിരുമേനിയുടെ പൈതൃകം ഏറ്റുവാങ്ങിയ ബഥനി സന്യാസിനികൾ സാഹസത്തോടുകൂടിയാണെങ്കിലും നിർമ്മാണം ഏറ്റെടുക്കുവാൻ തീരുമാനിച്ചു. അന്നത്തെ തിരുവല്ല രൂപത സ്കൂൾ കോർപ്പറേറ്റ് മാനേജർ ആയിരിക്കുന്ന ബഹുമാനപെട്ട തോമസ് കൊടിനാട്ടുകുന്നേൽ അച്ചൻ1997 സെപ്റ്റംബർ 8-ാം തീയതി ഹയർ സെക്കൻഡറി വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ ശിലസ്ഥാപനകർമ്മം നിർവഹിച്ചു. പണിപൂർത്തിയായ കെട്ടിടത്തിന്റെ കൂദാശകർമ്മം അന്നത്തെ കോർപ്പറേറ്റ് മാനേജരായിരുന്ന ബഹുമാനപെട്ട എബ്രഹാം കാക്കാനാട്ടാച്ചൻ നിർവഹിച്ചു. ലാബുകളുടെ ഉദ്ഘാടനം ശ്രീ രമേശ് ചെന്നിത്തല M. P നിർവഹിച്ചു . ലാബുകളുടെ സജ്ജീകരണത്തിൽ P T A- യുടെ അകമഴിഞ്ഞ സഹായസഹാകരണങ്ങൾ ലഭിച്ചിട്ടുള്ളത് നന്ദിയോടെ സ്മരിക്കുന്നു. പുതുക്കിപണിത ഓഡിറ്റോറിയത്തിൽ കൂടാര കർമ്മം2002 ഫെബ്രുവരി4 ന് തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ഗിവറുഗീസ് മാർ തിമോത്തിയോസ് തിരുമേനി നിർവഹിച്ചു.Sr. ജിയോവാനിക്കു ശേഷം , Sr. ജോസിയ , Sr. ദീപ്തി, Sr. ലൂസിയ , Mr. Saji varughese എന്നിവർ ഈ സ്കൂളിന്റെ അമരക്കാരയായി. ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്കു നയിക്കാൻ ഈ ബഹുമാനപെട്ട കാർമ്മയോഗികൾ വഹിച്ച നിസ്തുലമായ പങ്ക് എക്കാലവും സ്മരിക്കപ്പെടും.

സപ്തതിയുടെ തികവിലേക്കു കാലൂന്നാൻ പോകുന്ന ഈ വിദ്യാലയത്തിലെ അദ്ധ്യാപകർ അറിവിന്റെ നിറകുടങ്ങളായിരുന്നു . ദീർഘകാലം ഈ കലാലയത്തിലെ ഗണിത ശാസ്ത്ര അദ്ധ്യാപികയായിരിക്കുന്ന സിസ്റ്റർ മേരി ജത്രൂദിന് പല വർഷങ്ങളിലും 100 ശതമാനം ഫലം കൊയ്തെടുക്കുവാൻ സാധിച്ചിരുന്നു. അതിന്റെ അംഗീകാരമായി 1964 - ൽ സിസ്റ്ററിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഹിന്ദി അധ്യാപികയായിരുന്ന Sr. Anitta ക്ക് അധ്യാപനരംഗത്തെയും കലാരംഗത്തെയും സേവനപാടവം പരിഗണിച്ചു 1990-ൽ പൗരസ്ത്യ ഭാഷ സംഘടനയുടെ അവാർഡ് ലഭിച്ചു. പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള സ്കൂളിന്റെ നേട്ടവും അച്ചടക്കവും വിലയിരുത്തി നല്ല പ്രിൻസിപ്പലിനുള്ള KPSHA അവാർഡ്2001-ൽ Sr. ജിയോവാനിക്കുലഭിച്ചു. അതേ വർഷം തന്നെ മലയാളം അദ്ധ്യാപികയായ M.G സൂസമ്മക്കു അധ്യാപനാരംഗത്തെ തന്റെ കഴിവുകളെ പരിഗണിച്ചു പൗരസ്ത്യ ഭാഷാസംഘടനയുടെ അവാർഡ് ലഭിക്കുകയുണ്ടായി.

1998 ലെ S S L C പരീക്ഷയിൽ സംസ്ഥാനത്തിൽ ഒൻപതും പത്തും റാങ്കുകൾ കരസ്ഥമാക്കിയ സ്നേഹ. എൻ. പ്രകാശും , പ്രിയ സാറാ വർഗീസും സെന്റ് തെരേസാസ് കുടുംബത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി ശോഭിക്കുന്നു . 2002 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റിക്സ് ഗ്രൂപ്പിൽ SC വിഭാഗത്തിൽ നിന്ന് ശ്രീരേഖ കെ. ആർ. ഒന്നാം റാങ്കോടുകൂടി സംസ്ഥാന ജേതാവായത് സെന്റ് തെരേസാസ് ബഥനിയുടെ ചരിത്രത്തിനു ശോഭകൂട്ടി. 2003 ലെ SSLC പരീക്ഷയിൽ കുമാരി ലക്ഷ്മി എം നായർ സംസ്ഥാനതലത്തിൽ5-ാം റാങ്ക് കാരസ്ഥമാക്കിയതോടെ സെന്റ് തെരേസാസിന്റെ ചരിത്രത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ ഒരു രത്നം കൂടി ചേർക്കപ്പെട്ടു. SSLC പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും ഈ സ്കൂളിന് ജില്ലയിൽ മുമ്പിട്ടുനിൽക്കുന്ന ചരിത്രം മാത്രമേയുള്ളു. സെന്റ് തെരേസാസിന്റെ പ്രസക്തി നാടെങ്ങും പരത്താൻ ഒരു കൂട്ടം കാലപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സ്വത്തായിരുന്നു. ഓടകുഴലിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രശ്മി എമും , ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ92 ലും93 ലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്മിത മാത്യൂസും ഈ സ്കൂളിന്റെ പൊൻതൂവലുകളായിരുന്നു. 2000-ലെ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും2002-ൽ HSS വിഭാഗത്തിലും'കലാതിലക പട്ടം' ചൂടിയ കുമാരി അഞ്ജലി കൃഷ്ണ ഈ സ്കൂളിന്റെ ചരിത്രത്തിലെ രത്നകിരീടത്തിൽ ചേർക്കപ്പെട്ട പൊൻതൂവലുകളുടെ എണ്ണം വർധിപ്പിച്ചു. എല്ലാ വർഷവും സംസ്ഥാന തലത്തിൽ നടത്തുന്ന കലാകായിക മത്സരങ്ങളിൽ ധാരാളം കുട്ടികൾ ' A Grade' കരസ്ഥമാക്കി ഗ്രേസ് മർക്കിന് അർഹരാകുന്നു എന്നു പറയുന്നതിൽ വളരെ അഭിമാനവും സന്തോഷവും ഉണ്ട്.

കുട്ടികളെ ദേശസ്നേഹത്തിലും അച്ചടക്കത്തിലും സേവനസന്നദ്ധതയിലും വളർത്തികൊണ്ടുവരുവാൻ സഹായിക്കുന്ന ഗൈഡിങ്, JRC , സമ്പൂർണ ഡിജിറ്റൽ പ്രവർത്തങ്ങളിൽ കുട്ടികൾക്ക് മാർഗദർശനം നൽകി എല്ലാ രംഗത്തും മുൻപന്തിയിൽ എത്തിക്കുവാൻ സഹായിക്കുന്ന little kites ,കുട്ടികളുടെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കഴിവുകളും കണ്ടെത്തി വളർത്തിയെടുത്തു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചെന്നെത്തുവാൻ അവരെ പ്രാപ്തരാക്കുന്ന വിവിധ ക്ലബുകൾ തുടങ്ങിയവ വളരെ സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ . ഈ സരസ്വതി ക്ഷേത്രമാകുന്ന അക്ഷയഖനിയിൽ വിദ്യാകുന്ന അമൃത് വേണ്ടുവോളം ഊറ്റികുടിച്ചു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്തുല സേവനമനുഷ്ഠിക്കുന്ന എല്ലാ പൂർവ്വവിദ്യാർത്ഥികളും പ്രത്യേകം സ്മരിക്കുന്നു. പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രവർത്തനങ്ങൾക്കു എല്ലാ ആശംസകളും നേരുന്നു.

തങ്ങളുടെ കഴിവും സഹായവുമെല്ലാം വളരുന്ന തലമുറയുടെ ഭൗതീകവളർച്ചക്കും ആത്മീയതയിൽ ഊന്നിയ ജീവിതത്തിനും മൂല്യാധിഷ്ഠിതപ്രവർത്തനങ്ങൾക്കും പരിശീലനം നൽകുവാൻ ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ദൈവസ്നേഹത്തിലും ദൈവപരിപാലനായിലും പൂർണമായ പ്രവൃത്തിയും വിശ്വാസവും അർപ്പിച്ചുകൊണ്ടു സ്കൂളിനെ വിജയസോപാനത്തിലേക്കു ഉത്തരോത്തരം ഉയർത്തി കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന Sr. ലീമ റോസ് 2020 ഏപ്രിൽ1-നു ഈ കാലഘട്ടത്തിന്റെ മേധാവിയായി നിയമിതമായി. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും കൈമുതലാലുള്ള സിസ്റ്ററിന് നീണ്ട വർഷം തന്റെ അജഗണത്തെ നയിക്കുവാനായി തമ്പുരാൻ കനിഞ്ഞുനല്കിയിട്ടുണ്ട് . ബഹുമാനപ്പെട്ട സിസ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ അനുഗ്രഹത്താൽ സൽപ്പേരും പ്രശസ്തിയും ഈ സ്കൂളിനെ തേടിയെത്തുന്നു. ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു .

" പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിതിലയച്ചതീശൻ "

‌എന്ന കവിവചനം ആപ്തവാക്യങ്ങളായി സ്വീകരിച്ചുകൊണ്ട് നേട്ടങ്ങളുടെയും വിജയത്തിന്റെയും വർണചിറകിലേന്തി അനന്തവിഹായുസിലേക്കു പറന്നുയർന്നു വിദ്യയാകുന്ന മുത്തുകളും ചിപ്പികളും വാരിക്കൂട്ടുവാൻ ഈ കലാലയത്തിനു സാധിക്കട്ടെ . അതിനുവേണ്ടതായ ശക്തിയും അനുഗ്രഹവും ലഭിക്കുവാൻ നമുക്കു ജഗദീശ്വരനോട് യാചിക്കാം .