എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 30 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ ഏതാണ്ട് മധ്യഭാഗത്താ…)

എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ വൈപ്പിന്‍ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.​എം.ഹൈസ്ക്കൂള്‍ (KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാര്‍ഗം സ്കൂളിലെത്താന്‍ എറണാകുളത്തു നിന്നും 15 കിലോമീറ്റര്‍ വടക്കോട്ടും പറവൂര്‍ നിന്നാണെങ്കില്‍ 12 കിലോമീറ്റര്‍ തെക്കോട്ടും സഞ്ചരിക്കണം. ജില്ലയിലെ തന്നെ ആദ്യകാലസ്ക്കൂളുകളിലൊന്നായ ഈ വിദ്യാലയത്തെപ്പറ്റി ഒരല്പം ചരിത്രം പങ്കുവെക്കാം. വാഹനസൗകര്യം പോലുമില്ലാതിരുന്ന അക്കാലത്ത് ഏറെ ദൂരം നടന്നു പോകേണ്ടുന്ന ഒരു ദുരവസ്ഥ നാട്ടിലുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറെങ്കിലും നടന്നെങ്കില്‍ മാത്രമേ തൊട്ടടുത്തുള്ള സ്ക്കൂളുകളില്‍ എത്തുകയുള്ളു എങ്കില്‍ കൂടുതലൊന്നും ആ ദുരിതപര്‍വ്വത്തേക്കുറിച്ച് കൂടുതല്‍ വിസ്തരിക്കേണ്ടതില്ലല്ലോ. ഇതിന് ഒരറുതി വരുത്താന്‍ 1937 മെയ് മാസം 31-ം തീയതി എടവനക്കാട് ചെള്ളാമഠത്തില്‍ കുമാരപ്പണിക്കരാണ് എല്‍.എസ് എടവനക്കാട് എന്ന പേരില്‍ സ്ക്കൂള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രൈമറിവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് 1950 ല്‍ എച്ച്.എസ്.എടവനക്കാട് എന്ന പേരില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഏതാണ്ട് രണ്ട് ദശാബ്ദം മുമ്പ് വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്.


വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്രകഥകള്‍ തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായുള്ളത്. ജസ്റ്റിസ് അബ്ദുള്‍ഗഫൂര്‍, കേരളാഗവര്‍ണറുടെ നിയമോപദേഷ്ടാവ് ജസ്റ്റിസ് കെ.ആര്‍.ജിനന്‍, സാഹിത്യകാരന്‍ എന്‍.എ.കരിം, സിനിമാതാരങ്ങളായ വിന്‍സന്റ്, സിദ്ധിഖ്, സത്താര്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. 1998 ല്‍ ഏറ്റവും നല്ല എയിഡഡ് സ്ക്കൂളിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂള്‍ കലോത്സവം, കായികമേള, പ്രവൃത്തിപരിചയമേള തുടങ്ങിയ പാഠ്യേതരമേഖലകളില്‍ സ്ക്കൂളിനും വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാനതലം വരെ പങ്കെടുക്കാനും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഒന്‍പതു കൊല്ലം ഉപജില്ലാതല കലാപ്രതിഭപട്ടം കരസ്ഥമാക്കിയ എന്ന സംസ്ഥാന റെക്കോഡിനുടമയായ കെ.ആര്‍.കിഷോര്‍ എന്ന വിദ്യാര്‍ത്ഥിയും സ്ക്കൂളിന്റെ ഒരഭിമാനതാരം തന്നെയാണ്. 2003 ല്‍ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാര്‍ഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകള്‍ക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

കുമാരപ്പണിക്കര്‍, ഭാര്യ ദ്രൗപദി അമ്മ, മകള്‍ ഗിരിജാദേവി എന്നിവരായിരുന്നു നാളിതുവരെയുള്ള സ്ക്കൂള്‍ മാനേജര്‍മാര്‍. 2008 ല്‍ കെ.പി.എം.ഹൈസ്ക്കൂളിന്റെ ഭരണസാരഥ്യം പള്ളുരുത്തിയിലെ ശ്രീധര്‍മ്മപരിപാലനയോഗത്തിന് കൈമാറി. ഇതോടെ സ്ക്കൂളിന്റെ പേര് SDPY KPMHS എന്നാക്കി മാറ്റി. മൂന്ന് വര്‍ഷക്കാലയളവിലേക്ക് സ്ക്കൂള്‍ മാനേജറെ സഭാംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. വി.കെ പ്രദീപാണ് നിലവിലെ സ്ക്കൂള്‍മാനേജര്‍. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിപ്പോരുന്ന ശ്രീധര്‍മ്മപരിപാലനയോഗത്തിന് കീഴില്‍ സ്ക്കൂള്‍ അഭിവൃദ്ധി പ്രാപിച്ചു വരുന്നു. ഇപ്പോള്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലായി എഴുന്നൂറോളം വിദ്യാര്‍ത്ഥികളും മുപ്പതോളം അധ്യാപകരുമുണ്ട്. പെണ്‍കുട്ടികള്‍ക്ക് വെള്ള ടോപ്പും പച്ച ഉടുപ്പുമാണ് യൂണിഫോം. ആണ്‍ കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും ചുവപ്പ് പാന്റ്സുമാണ് വേഷം. ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകനിറങ്ങളില്‍ യൂണിഫോം എന്ന അപൂര്‍വ്വമായ ഒരു പ്രത്യേകതയും സ്ക്കൂളിനുണ്ട്. കെ.എന്‍.വിനോദമാണ് സ്ക്കൂള്‍ ഹൈഡ്മിസ്ട്രസ്. മികച്ച കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാര്‍ത്ഥികള്‍ക്ക് ഒരനുഗ്രഹമാണ്. രക്ഷിതാക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇംഗ്ലീഷ് മീഡിയം , അറബി വിദ്യാഭ്യാസം എന്നിവ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.