മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/Say No To Drugs Campaign
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരിയുടെ ഉപയോഗവും അതിന്റെ കടത്തും . ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്തുന്നതിനായാണ് ഐക്യരാഷ്ട്ര സഭ ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office On Drug and Crime) എന്ന ഘടകമാണ് ദിനാചരണങ്ങളെ ഏകോപിക്കുന്നത്.
ആഗോള തലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മയക്കുമരുന്നുകൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം ഭീതിജനകമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം ഓരോ വർഷവും കൂടി വരികയാണ്. നമ്മുടെ രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. എന്താണ് മയക്കുമരുന്നുകൾ എന്ന് അറിയാനോ അല്ലെങ്കിൽ ഒരു തവണ ഉപയോഗിച്ചിട്ട് നിർത്താമെന്ന് കരുതിയോ ലഹരി ഉപയോഗം തുടങ്ങുകയാണെങ്കിൽ ഓർക്കുക... ലഹരി തിരിച്ചു വരാനാകാത്ത വിധം നമ്മളെ കീഴ്‌പ്പെടുത്തിക്കളയും... അത് സമൂഹത്തിന് തന്നെ മഹാവിപത്താണ്...
രാജ്യത്തിന് മുതൽക്കൂട്ടാവേണ്ട യുവത്വം മയക്കുമരുന്നിന് അടിപ്പെട്ട് നശിക്കുന്നത് ഏത് യുദ്ധത്തിൽ പരാജയപ്പെടുന്നതിനേക്കാളും ലിയ തോൽവിയാണ്. അതിന് ഇടകൊടുക്കാതിരിക്കണമെങ്കിൽ മയക്കുമരുന്നുകൾ മരുന്ന അല്ല എന്നും ശരീരത്തേയും മനസ്സിനേയും നശിപ്പിക്കുന്ന വിഷമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ശക്തമായ ബോധവൽക്കരണ ശ്രമങ്ങളോടൊപ്പം മയക്കുമരുന്ന് മാഫിയകളെ നിലക്കുനിർത്താനുള്ള നടപടികളും ഉണ്ടാവണം. വിദ്യാലയങ്ങളിൽ നിന്നുതന്നെ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്. തലശ്ശേരി താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയുമായി ചേർന്ന് വിദ്യാലയം യു പി ക്ലാസുകളിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തിയത് ഈയൊരു തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്.
ഉദ്ഘാടനച്ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ് അധ്യക്ഷനായിരുന്നു. ജില്ലാ ലിഗൽ സർവ്വീസ് സൊസൈറ്റിയിലെ റിസോഴ്സ് പേഴ്സൺ അഡ്വ. ശ്രീ.പ്രദീപ് കുമാർ കൈപ്പനാനിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്തു. ശ്രീമതി ശ്രീകല ടി പി (PLV.TLSC) ആശംസകൾ അറിയിച്ചു. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കോ-ഓഡിനേറ്റർ ശ്രീമതി ശ്രീബ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. കുട്ടികൾക്കൊപ്പം അധ്യാപകരും ക്ലാസിൽ പങ്കെടുത്തു. മയക്കുമരുന്നുകൾ എന്താണെന്നും അവ നമ്മെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും അവയെ തടയിടാനുള്ള വഴികൾ എന്തെല്ലാമാണെന്നും സവിസ്തരം വിശദീകരിക്കപ്പെട്ട ക്ലാസ് ഏറെ പ്രയോജനകരമായിരുന്നു. ക്ലാസിന് ശേഷം SSSS പ്രവർത്തകർ മയക്കുമരുന്ന വിരുദ്ധ പ്രതിജ്ഞയെടുത്തു. അഡ്വ ശ്രീ പ്രദീപ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.