ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരിക്കല്‍ അന്യദേശത്തുനിന്നും ഒരു ആശാരി കാരാപ്പുഴയില്‍ വന്നു താമസമാക്കി. കുടിലബുദ്ധിആയിരുന്ന അയാള്‍ തളിക്കോട്ടയില്‍ എത്തി അന്നത്തെ രാജാവിന് ചില കരകൌശലപ്പണികള്‍ ചെയ്തു നല്‍കി പ്രീതിപ്പെടുത്തി. പതിയെപതിയെ രാജാവിന്‍റെ ഇഷ്ടക്കാരനായി മാറിയ അയാള്‍ രാജാവിന്‍റെ മൌനാനുവാദത്തോടെ, മഠത്തിങ്കല്‍ സ്ഥപതി അറിയാതെ തിരുനക്കരക്ഷേത്രത്തില്‍ കടന്ന് ഏതോ അറ്റകുറ്റപ്പണി നിര്‍വഹിച്ചു. വളരെ വൈകിയാണ് ആ വിവരം മഠത്തുങ്കല്‍ സ്ഥപതി അറിയുന്നത്. അക്കാലത്ത്സ്ഥപതിപട്ടമാണ് ഏതൊരു ആശാരികുടുംബത്തിന്‍റെയും അഭിമാനം! അത്കാലങ്ങളായി തുടരുകയും വേണം. വേറൊരാള്‍ തങ്ങള്‍ അറിയാതെ കടന്നുകയറുന്നത് സഹിക്കാനാവില്ല. കോപാകുലനായ മഠത്തിങ്കല്‍ സ്ഥപതി രാജാവുമായി മുഷിയുകയുമുണ്ടായി. അക്കൊല്ലത്തെ ഓണക്കാലത്ത് സ്ഥപതിക്കുള്ള അനുഭവം കാരപ്പുഴക്കാരനായ ആശാരിക്ക്‌കൂടിനല്‍കുമെന്നു രാ ജാവ്കല്‍പ്പിച്ചു. അത് മഠത്തിങ്കല്‍ സ്ഥപതിയെ കൂടുതല്‍ കോപാകുലനാക്കി. തളിയില്‍കോട്ടയില്‍ കടന്ന് ഇടത്തില്‍ കോവിലകത്തെത്തിയ ആശാരി തങ്ങള്‍ക്കുള്ള അവകാശം മറ്റൊരാള്‍ക്ക്കൂടി കൊടുക്കുന്നത്ശരിയല്ല എന്നു രാജാവിനോട്കടുപ്പിച്ചു പറഞ്ഞു. ഇത്തവണ അയാള്‍ക്ക് കൊടുത്തേ മതിയാകൂ. നിങ്ങള്‍ക്കുള്ള വിഹിതത്തിനു ഒരു കുറവുമുണ്ടാകില്ല എന്നായിരുന്നു രാജാവിന്‍റെ മറുപടി.കാരപ്പുഴക്കാരന്‍ രാജാവിനെ കയ്യിലെടുത്തത് മനസ്സിലാക്കിയ മഠത്തിങ്കല്‍ സ്ഥപതി അയാള്‍ക്ക്‌ വേണമെങ്കില്‍ കൊട്ടാരപ്പടിയില്‍ വച്ച് കൊടുത്തോളൂ. ക്ഷേത്രത്തില്‍ വച്ചുകൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന്കടുപ്പിച്ചുപറഞ്ഞു. രാജാവിനോട് ഇടഞ്ഞ സ്ഥപതി തന്‍റെ പ്രതിഷേധം ശക്തമായ ഭാഷയില്‍ അറിയിച്ച് അവിടെ നിന്നും പോരുകയും ചെയ്തു.

അങ്ങനെ അക്കൊല്ലത്തെ ഓണക്കാലമായി. നിശ്ചയിച്ച ദിവസം രാജഭോഗങ്ങള്‍ നല്‍കുന്നതിനായി രാജാവ് പരിവാരസമേതം എഴുന്നള്ളി. ക്ഷേത്രദര്‍ശനത്തിന്ശേഷം തന്ത്രി, ശാന്തി, കഴകം, മേളം, സ്ഥപതി തുടങ്ങി അര്‍ഹരായ എല്ലാവര്‍ക്കും തമ്പുരാന്‍ നെല്ലും മറ്റു ഉപഹാരങ്ങളും കൊടുത്തു. മഠത്തിങ്കല്‍ സ്ഥപതിക്ക്നല്‍കിയ അത്രയും നെല്ല് മറ്റേ ആശാരിക്കും നല്‍കി. ഇത് നേരില്‍കണ്ട മഠത്തിങ്കല്‍ സ്ഥപതിക്ക് സഹിക്കാനായില്ല. അയാള്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തിരുന്നു. മുമ്പൊരിക്കല്‍ തന്‍റെ സുഹൃത്തായ തെക്കേടത്ത്ആശാരിയുടെ ആത്മഹത്യക്ക് കാരണം ഈ എഷണിക്കാരനാണെന്നു സ്ഥപതിക്ക്അറിയാമായിരുന്നു.

അതിങ്ങനെയാണ്: വേളൂരിലെ പാറപ്പാടം ദേവീക്ഷേത്രത്തിലെ പാരമ്പര്യസ്ഥപതിസ്ഥാനം തെക്കേടത്ത്ആശാരിക്കായിരുന്നു. കാരപ്പുഴക്കാരന്‍ആശാരി, തെക്കേടത്ത് ആശാരിയെപറ്റി രാജാവിനോട് ഏഷണി പറഞ്ഞ് ആ ക്ഷേത്രത്തിലെ സ്ഥപതിസ്ഥാനം തട്ടിയെടുത്തു. അതറിഞ്ഞ ഉടന്‍ ദേവീഭക്തനായ തെക്കേടത്ത്ആശാരി അലമുറയിട്ട്കരഞ്ഞുവന്ന് ക്ഷേത്രത്തിന്‍റെ ബലിക്കല്ലില്‍ കയറി തന്‍റെ കുതികാല്‍ വീതുളികൊണ്ട്മുറിച്ച് രക്തംവാര്‍ന്ന് ആത്മാഹൂതി ചെയ്തു. ഈ സംഭവത്തിന്‍റെ ഓര്‍മ്മ മഠത്തിങ്കല്‍ സ്ഥപതിക്ക് കാരാപ്പുഴ ആശാരിയോടുള്ള തന്‍റെ പക ഇരട്ടിക്കുന്നതിനു കാരണമായി.

മഠത്തുങ്കല്‍ സ്ഥപതി തന്‍റെ കുടുംബാംഗങ്ങളുടെ കൈവശം രാജഭോഗങ്ങള്‍ എല്പ്പിച്ചിട്ട് തിടുക്കത്തില്‍ പടിഞ്ഞാറെ ഗോപുരം കടന്നു പടിഞ്ഞാറോട്ട് വെച്ചടിച്ചു. പുത്തനങ്ങാടി ചന്തയുടെ തെക്ക്ഭാഗത്തുള്ള ഉള്ളാട്ടില്‍കടവ് നീന്തിക്കയറി വേണം അക്കാലത്ത് കാരാപ്പുഴക്ക്‌ പോകാന്‍. മൂര്‍ച്ചയേറിയ തന്‍റെ വീതുളി ഒരു മരപ്പട്ടികയില്‍ കെട്ടിയുറപ്പിച്ച് അതുമായി ഉള്ളാട്ടില്‍കടവിലെ കൈതക്കാട്ടില്‍ കാരാപ്പുഴ ആശാരിയുടെ വരവുംകാത്ത് സ്ഥപതി മറഞ്ഞിരുന്നു.തലയില്‍ കുട്ടയിലും കയ്യില്‍ ചാക്കിലുമായി നെല്ലും ചുമന്നു കടന്നുവന്ന കാരാപ്പുഴ ആശാരിയുടെ കഴുത്ത് ലക്ഷ്യമാക്കി മഠത്തിങ്കല്‍ സ്ഥപതി പണിയായുധം പ്രയോഗിച്ചു. തല വേര്‍പെട്ട് അയാള്‍ അപ്പോള്‍ തന്നെ മരിച്ചു. തമ്പുരാന്‍റെ കോപം തനിക്കുനേരെ ഉണ്ടാകുമെന്നും ഇനി രാജ്യത്ത്നില്‍ക്കുന്നത് തന്നെ അപകടമാണെന്ന്മനസ്സിലാക്കിയ സ്ഥപതി ഉടന്‍തന്നെ തന്‍റെ കുടുംബാഗങ്ങളെ വിവരമറിയിച്ചശേഷം വടക്കുംകൂര്‍ രാജ്യത്തിന്‍റെ തലസ്ഥാനമായ കടുത്തുരുത്തിയിലേയ്ക്ക് രക്ഷപെട്ട്, വടക്കുംകൂര്‍ തമ്പുരാന്‍റെ അടുക്കല്‍ അഭയം തേടി. തന്‍റെ ഇഷ്ടക്കാരനെ ചതിച്ചുകൊന്നതില്‍ കുപിതനായ തെക്കുംകൂര്‍ രാജാവ് മഠത്തിങ്കല്‍സ്ഥപതിയെ ജീവനോടെ കിട്ടായ്കകൊണ്ട് അവരുടെ കുടുംബത്തിനുള്ള സ്ഥാപത്യഅവകാശം എടുത്തുകളഞ്ഞു. പിന്നീടു വന്ന രാജാവിന്‍റെ കാലത്താണത്രേ ആ കുടുംബത്തിലെ മുതിര്‍ന്ന ആശാരിക്ക്‌ സ്ഥാപത്യപദവി വീണ്ടും ലഭ്യമാകുന്നത്.

     കോട്ടയം നഗരിയില്‍ സ്ഥിതിചെയ്യുന്ന കാരാപ്പുഴ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ഉറവിടമാണ്.