എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ വിദ്യാലയം
കഥ
ദർശനം
പരീക്ഷയൊന്നു കഴിയാൻ കാത്തിരിക്കുമ്പോഴാണ് ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ട ഒരു ഭികരൻ ലോകം ചുറ്റാൻ ഇറങ്ങിയ വാർത്ത അറിയുന്നത്. ഇറ്റലിയിലും അമേരിക്കയിലുമെന്നു വേണ്ട പല രാജ്യങ്ങളിലും അവന്റെ വിളയാട്ടം കൂടിവരുന്നത് ഞാൻ ആദ്യം അത്ര കാര്യമായി എടുത്തില്ല. വിദേശരാജ്യങ്ങളിൽ രോഗം ബാധിക്കുന്നത്തിന് നമ്മളെന്തിനാ പേടിക്കുന്നത്. പരീക്ഷയൊന്നു കഴിഞ്ഞു വേണം തറവാട്ടിലേക്ക് പോകാൻ. എത്ര നാളായി ട്യൂഷനും സ്കൂളുമൊക്കെയായി നടക്കുന്നു. വീട്ടിലെ നാലു ചുമരുകൾക്കുള്ളിലെ ഒറ്റപ്പെടലിൽ നിന്ന് മോചനം കിട്ടുന്നത് ഈ അവധികാലത്താണല്ലോ. മുത്തശിയുടെ വഴക്ക് കേട്ട് പഠിക്കാൻ ആണെന്നും പറഞ്ഞു പുസ്തകം വെറുതെ തുറന്നുവച്ചിരിന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത ഞാൻ അറിഞ്ഞത്. കോവിഡ് 19 നമ്മുടെ നാട്ടിലും എത്തി. പത്രത്തിന്റെ എല്ലാ താളുകളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം ആ വില്ലനെ കുറിച്ചു തന്നെയായി വാർത്ത.
പരീക്ഷകളെല്ലാം മാറ്റി, അതിനു പിന്നാലെ ലോക്ഡൗൺ ആയി. നാടാകെ ഒറ്റപെട്ടു. മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കേണ്ട അവസ്ഥ. അവധിക്കാലത്തെ തറവാട്ടിലെ സന്തോഷത്തിനു വിരാമമായി. ലോക്ഡൗൺ ആയതിനാൽ തിരക്കൊഴിഞ്ഞ അച്ഛനും അമ്മയും അച്ഛമ്മയും ഞാനും അടങ്ങുന്ന കുടുംബം, ധാരാളം സമയം കിട്ടി. ആദ്യ ദിവസങ്ങളിൽ ടീവി കാണലും മൊബൈലും കണ്ട് മടുത്തു. പിന്നെ ചിത്ര രചനയും വായനയും പൂന്തോട്ട നിർമാണവുമായി ദിവസം തള്ളി നീക്കുമ്പോഴും ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. രോഗബാധിതരേ ചികിത്സസിക്കുന്ന ഡോക്ടർ മാർക്കും നഴ്സ്മാർക്കും ഒന്നും വരുത്തരുതേ.
പ്രകൃതിയോടും മറ്റു ജീവിവർഗ്ഗങ്ങളോടും സ്നേഹവും കരുതലുമില്ലാതെ മനുഷ്യൻ ജീവിച്ചതിന്റെ ഫലമാണിത്. പ്രളയവും ഓഖിയും ഒക്കെ വന്നിട്ടും മനുഷ്യൻ ഒരു പാഠവും പഠിച്ചില്ലല്ലോ എന്നോർത്ത് വിഷമം തോന്നി. പ്രതിദിനം വർദ്ധിച്ചുവരുന്ന മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഭയാനകമായിരുന്നു. നിരപരാധികളായ ആർക്കും ആപത്ത് വരുത്തരുതെന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കെ നിദ്രാദേവി എന്നെ പുൽകിയത് ഞാനറിഞ്ഞില്ല. ധർമിഷ്ഠനായ ഒരാൾ എന്റെ മുന്നിൽ പ്രത്യക്ഷനായി. ലോകത്തിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്തെന്ന് ഞാൻ അന്വേഷിച്ചു. കുഞ്ഞേ കള്ളവും ചതിയും ഇല്ലാതിരുന്ന നാട്ടിൽ തിന്മ നിറച്ചതും നാടിനെ മലിനമാക്കിയതും ജീവജാലങ്ങൾക്ക് വംശനാശം സംഭവിച്ചതും ആവാസവ്യവസ്ഥയ്ക്ക് ഭംഗം വരുത്തിയതും ജലാശയങ്ങളെയും വായുവിനെയും ഒക്കെ മലിനമാക്കിയ തും മനുഷ്യൻ തന്നെയല്ലേ. ഈ ദുരന്തത്തിനും കാരണം ദൈവത്തെ പോലും ഭയക്കാതെ ജീവിച്ച അവൻ തന്നെ. ദുരമൂത്ത മനുഷ്യന്റെ ദുഷ് ചെയ്തിക്കുള്ള പ്രതിഫലം ആണിത്. തന്റെ ഉള്ളിൽ തന്നെ ദൈവമുണ്ടെന്ന് തിരിച്ചറിയാതെ അമ്പലങ്ങളും പള്ളികളും കെട്ടി അതിർവരമ്പ് സൃഷ്ടിച്ചു. ഇന്ന് ആരാധനാലയങ്ങളിൽ പോകാനാകാതെ വീടുകളിൽ അടച്ചുപൂട്ടി ഇരിക്കുമ്പോൾ പ്രകൃതിയും ജീവജാലങ്ങളും ശാന്തമായി. പണമാണ് വലുതെന്ന് ധരിച്ചവൻ പിണം ആയി മാറി. എന്ത് ഹീന കൃത്യവും ചെയ്യാൻ മടിക്കാത്ത മനുഷ്യന്റെ അഹങ്കാരത്തിന് അന്ത്യം വേണ്ടേ. അധർമ്മം പെരുകുമ്പോൾ ധർമ്മരക്ഷാർത്ഥം അവതരിക്കണം എന്നാണല്ലോ പ്രമാണം. അങ്ങനെ അണു രൂപത്തിൽ അവതരിച്ചൂ എന്നേയുള്ളൂ. ധർമ്മരക്ഷചെയ്യുമ്പോൾ അധർമികളെമാത്രമല്ലേ കൊല്ലേണ്ടത് ഉള്ളൂ. ഇവിടെ സാമൂഹിക വ്യാപനത്തിലുടെ നിരപരാധികൾ ധാരാളം കൊല്ലപ്പെടുന്നുണ്ടല്ലോ. ആതുര സേവകരും രാജ്യ പരിപാലകരും മാധ്യമപ്രവർത്തകരും ഒക്കെ അവരവരുടെ കർമ്മങ്ങൾ ചെയ്യുകയല്ലേ. ഇതിന് ഒരു പരിഹാരം കണ്ടേ തീരൂ. അങ്ങ് എന്റെ പ്രാർത്ഥന കേൾക്കണം. അങ്ങ് എനിക്കൊരുവരം തന്നേ മതിയാവൂ. "ഇനിമുതൽ അധർമം ചെയ്യുന്ന വരെ മാത്രമേ രോഗം ബാധിക്കു". അങ്ങനെ ആവുമ്പോൾ ആരും തിന്മ ചെയ്യില്ല. ഭൂമിയിൽ മനുഷ്യകുലത്തിൽ ധർമ്മം പുലരും. മാലോകരൊക്കെയും ഒന്നു പോലെയാകും. ദൈവത്തിന് വരം കൊടുക്കാതിരിക്കാൻ ആയില്ല. അങ്ങനെ കള്ളവും ചതിയും ഇല്ലാത്ത പ്രകൃതിയും മനുഷ്യനും ഒന്നായ മാവേലിയുടെ നാട്ടിൽ ജീവിക്കാനായ സന്തോഷത്തിൽ ഞാൻ മിഴിതുറന്നു.
വന്ദന എ എൽ | പ്ലസ് 1 സയൻസ് എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
ഒരു അപ്പൂപ്പൻ മാവിന്റെ കഥ
ഒരു മലയുടെ താഴെ ഒരു മാവിൻറെ വിത്ത് കിടന്നിരുന്നു .അവിടെനിന്ന് മുളച്ച് ഒരു വലിയ മാവ് ആയിതീർന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അതിനടുത്ത് വീടുകളുണ്ട് .അങ്ങനെയിരിക്കെ മരത്തിൻറെ അടുത്തേക്ക് കുട്ടികൾ കളിക്കാൻ വന്നു. കുട്ടികൾ മാവിലേക്ക് നോക്കിയപ്പോൾ മാമ്പഴം. അവരുടെ കൂട്ടത്തിൽ നിന്ന് ഒരു കുട്ടി പറയുന്നു എല്ലാവരും വരൂനമുക്ക് മാമ്പഴം പറിച്ചു തിന്നാം. കുട്ടികളെല്ലാവരും മരത്തിന് ചുറ്റും കൂടി. അതിൽ ചില കുട്ടികൾ മാവിൽ കയറി മാമ്പഴം പറിച്ചു . കുട്ടികൾ എല്ലാവരും സന്തോഷത്തോടെ മാമ്പഴം കഴിച്ചു .ഹായ് !നല്ല മധുരമുള്ള മാമ്പഴം . അവിടെ അപ്പോൾ ഒരു വണ്ടി വന്നു. കുട്ടികൾ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ വീട്ടിലേക്ക് തിരിച്ചു പോയി. വാഹനം അവിടെ നിർത്തി അതിൽ നിന്ന് ഒരാൾ ഇറങ്ങി. നല്ല മരം ഇതിനെ നമുക്ക് മുറിച്ചെടുക്കാം. ഇന്ന് ഒരു ദിവസം കൂടി ഇവിടെ നിൽക്കട്ടെ എന്ന് പറഞ്ഞ് അവർ വണ്ടിയുമായി തിരിച്ചുപോയി. അപ്പോൾ ആ മരത്തിൻറെ ശിഖരത്തിൽ ഇരുന്ന് അപ്പു ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവർ പോയതിനു ശേഷം അപ്പു താഴെ ഇറങ്ങി വന്നിട്ട് പറഞ്ഞു വിഷമിക്കേണ്ട ഈ ഗ്രാമത്തിലുള്ള എല്ലാവരും കൂടെയുണ്ട് . നിന്നെ മുറിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് പറഞ്ഞിട്ട് അവൻ തിരിച്ചു പോയി. അപ്പു നാട്ടുകാരോടെല്ലാം കാര്യം പറഞ്ഞു. പിറ്റേന്ന് രാവിലെ മരം മുറിക്കാൻ രാമു വണ്ടിയുമായി നോക്കിയപ്പോൾ അവിടെ നല്ല ആൾക്കൂട്ടം. നിങ്ങൾ എന്തിനാണ് ഇവിടെ നിൽക്കുന്നത് ? അപ്പു പറഞ്ഞു ഇതാണ് ഞങ്ങളുടെ അപ്പൂപ്പൻ മാവ് . ഇതിൽ നിന്നാണ് നമ്മൾ നല്ല മധുരമുള്ള മാമ്പഴം കഴിക്കുന്നത് . അപ്പോൾ രാമു പറഞ്ഞു മരം വയസ്സായി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല .നിങ്ങൾ മരം മുറിച്ച് കളഞ്ഞിട്ട് എന്താണ് കാര്യം, നിങ്ങൾക്ക് ഒരു ദോഷവും ചെയ്യുന്നില്ലല്ലോ എന്ന് നിന്ന ആളുകൾ ചോദിച്ചു . ഈ മരങ്ങൾ മുറിച്ചു മാറ്റിയാൽ പ്രകൃതി തരുന്ന ശിക്ഷയാണ് പ്രളയം, ഉരുൾപൊട്ടൽ മഴവെള്ളപ്പാച്ചിൽ, എന്നിവയെല്ലാം ഇതിന് നമ്മൾ തന്നെ കാരണമാകരുത് . രാമുപറഞ്ഞു, ക്ഷമിക്കണം. ഇനി ഞാൻ ഈ മരം മുറിക്കാൻ ഇല്ല എന്ന് പറഞ്ഞ് തിരികെ പോകാൻ തുടങ്ങിയപ്പോൾ അപ്പു പറഞ്ഞു കുറച്ചു മാമ്പഴം കൂടി കൊണ്ടുപോകൂ നല്ല മധുരമാണ് ഈ മാമ്പഴം എന്ന് പറഞ്ഞിട്ട് കുറച്ചു മാമ്പഴം രാമുവിന് കൊടുത്തു. രാമു മാമ്പഴവുമായി വണ്ടിയിൽ കയറി തിരിച്ചുപോയി. അങ്ങനെ എല്ലാവർക്കും സന്തോഷമായി. അപ്പൂപ്പൻ മാവിനും കുട്ടികൾക്കും അതിലേറെ സന്തോഷമായി. അവർ സന്തോഷത്തോടെ ആടിയും പാടിയും കളിച്ചും ഉല്ലസിച്ചും കാലം കടന്നുപോയി . ഇതാണ് അപ്പൂപ്പൻ മാവിന്റെ കഥ.
അഭിരാമി പി 7എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ