ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂലാണിത്. തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്.വിഴിഞ്ഞം ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത് ആയ് രാജാക്കന്മാരുടെ തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ അവിഭാജ്യഘടകമായിരുന്നു ഈ തുറമുഖം . പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട് യുദ്ധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രസിദ്ധമായ പ്രാചീന ഗുഹാക്ഷേത്രങ്ങൾ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന പ്രദേശമാണ് വിഴിഞ്ഞം .
പിറവി
അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ഇടയിൽ മത്സ്യത്തൊഴിലാളികളായ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്നതാണ് ഈ വിദ്യാലയം.നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഇവിടുത്തെ ജനങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 1968 -ൽ സ്ഥാപിച്ചതിലൂടെയാണ് ഈ വിദ്യാലയത്തിന്റെ പിറവി സംഭവിക്കുന്നത് .ഇത് 1970-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ദാനംചെയ്‌ത അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം നിലകൊണ്ടിരുന്നത്.സ്കൂൾ വികസനത്തിനായി ഭൂമി അനുവദിക്കണമെന്നുള്ള വർഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആഗ്രഹം 2024 ജനുവരി രണ്ടാം വാരത്തിൽ സഫലമായി.തിരുവനന്തപുരം ജില്ലാ കലക്ടറുടെ ഓർഡർ പ്രകാരം 50 സെൻറ് ഭൂമി കേരള സർക്കാർ സ്കൂൾ വികസനത്തിനായി അനുവദിച്ചു.അപ്രകാരം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരേക്കർ വിശാലമായ ഭൂമിയിലാണ് .
വളർച്ചയും പുരോഗതിയും
1970 സർക്കാർ ഏറ്റെടുത്തുവെങ്കിലും ഓല മേഞ്ഞ ക്ലാസ് മുറികൾ തന്നെയായിരുന്നു 1982 വരെയും സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് 1982-ലാണ്
ഇരുനില കെട്ടിടം പണി നടക്കുന്നതും മൂന്ന്,നാല് ക്ലാസുകൾ അവിടേക്ക് മാറ്റപ്പെടുന്നതും. ജമാഅത്ത് കമ്മിറ്റി തുടങ്ങുകയും അർദ്ധ സർക്കാർ സ്ഥാപനമാ ക്കാതെ സർക്കാറിന് കൈമാറുകയും ചെയ്ത പ്രവർത്തനത്തിനും ,ഓലമേഞ്ഞ ക്ലാസുകളിൽ നിന്ന് ആദ്യമായി ഇരുനില കെട്ടിടം പണികഴിപ്പിക്കാൻ നേതൃത്വം നൽകിയതും അക്കാലഘട്ടത്തിലെ ജമാഅത്ത് ഭാരവാഹിയായിരുന്ന വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്ന ഷംഊൻ സാഹിബും, അന്നത്തെ മുസ്ലിം ലീഗ് നേതാവായ കബീർ കണ്ണുമായിരുന്നു. സി. എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ആയിരുന്ന കാലഘട്ടത്തിൽ ആണ് ഇവരുടെയൊക്കെ നേതൃത്വത്തിൽ ആ പ്രവർത്തനങ്ങൾ നടന്നത്. പിന്നീട് പലപ്പോഴും പലരുടേയും നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു, വളർത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും ശരിയായ ദിശാബോധം നൽകാൻ ആളില്ലാത്തത് കാരണമോ മറ്റുകാരണങ്ങൾ കൊണ്ടോ കാലങ്ങൾക്കിപ്പുറവും നടക്കാതെ പോയ സ്വപ്നങ്ങൾ മാത്രമായി അത് തുടരുകയാണ്.
ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന് ഇതിനെആളുകൾ വിശേഷിപ്പിച്ചിരുന്നു . ഇതിന് ചുറ്റുഭാഗവും കാടു മൂടി കിടന്നതുമൂലം ,ശൗചാലയങ്ങൾ ഇല്ലാത്ത തീരപ്രദേശത്തുള്ള ആളുകൾ തങ്ങളുടെ വിസർജ്ജന ആവശ്യങ്ങൾക്ക് ഈ കാടിനെ ആശ്രയിച്ചിരുന്നു .അതുകൊണ്ട് ഈ വിദ്യാലയത്തെ കാട്ടുപള്ളിക്കൂടം എന്നാണ് അവര് വിളിച്ചിരുന്നത്. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ പലരുടേയും ശ്രമഫലമായി പുതിയ ഇന്നത്തെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവും, തൊട്ടടുത്തുതന്നെ എസ്. എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സി.ആർ.സി യുടെ ഒരു ക്ലാസ് റൂമും നിർമ്മിക്കപ്പെട്ടു .2012 - 13 കാലഘട്ടങ്ങളിൽ കോവളം എം.എൽ.എ ആയിരുന്ന ജമീലാ പ്രകാശത്തിന്റെ എം.എൽ.എ ഫണ്ടുപയോഗിച്ച് നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ താഴത്തെ നില പണികഴിപ്പിച്ചു. ഈ രണ്ട് കെട്ടിടങ്ങളുടേയും മുകളിൽ ക്ലാസ് റൂമുകളും, ഓഡിറ്റോറിയവും ശ്രീമതി; നിസ്സാ ബീവി കോർപ്പറേഷൻ കൗൺസിലർ ആയിരിക്കുന്ന 2015 - 20 കാലയളവുകളിൽ നിർമ്മിച്ചതാണ്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകൾ ടൈൽ ചെയ്യുകയും ഭംഗിയാക്കി മാറ്റുകയും ചെയ്തത് അവരുടെ കാലഘട്ടത്തിൽ ആണ്. 1982 ൽ നിർമ്മിച്ച കെട്ടിടത്തിന് കാലപ്പഴക്കവും ,കടലോര പ്രദേശത്തുള്ള കെട്ടിടമായതിനാൽ അതിന്റെ സുരക്ഷിതത്വവും ചോദ്യചിഹ്നമായപ്പോൾ വിഴിഞ്ഞം ഹാർബർ ചുമതലയുള്ള അദാനി ഫൗണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ഭംഗിയുള്ള ഇരുനില ബിൽഡിംഗ് 2018 ആരംഭിച്ച് 2020 ൽ പൂർത്തിയാക്കിയിട്ടുമുണ്ട്. അതോടൊപ്പം വിശാലമായ ഒരു ശുചിമുറി യുടെ സൗകര്യവും നിർമ്മിക്കപ്പെട്ടു .സ്കൂൾ വികാസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഓരോ കാലഘട്ടത്തിലെയും പ്രധാന അധ്യാപകരുടെയും എസ്. എം. സി. യുടെയും നേതൃത്വത്തിൽ നടന്നുവെങ്കിലും, സ്കൂൾ വികസനത്തിനാവശ്യമായ 50 സെൻറ് സ്ഥലം 2024 ജനുവരി മാസത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കേരളസർക്കാർ അനുവദിച്ചപ്പോൾ മാത്രമാണ് യാഥാർത്ഥ്യം ആയിട്ടുള്ളത് .
കെട്ടിടങ്ങളുടെ നവീകരണം കാലഘട്ടങ്ങളിലൂടെ ....
സ്കൂൾ ആരംഭിച്ച സമയത്ത് ഓലമേഞ്ഞ ക്ലാസ് മുറികളിൽ ആയിരുന്നു പഠനം.1982 - വരെ ഈ അവസ്ഥ തുടർന്നിട്ടുണ്ട് .1982 -ൽ ഒരു ഇരുനില കെട്ടിടംനിർമ്മിച്ചു. 1990 കൾക്ക് ശേഷമാണ് ശുചിമുറി സൗകര്യം താൽക്കാലികമായി നിർമ്മിച്ചത്. ഇപ്പോൾ സ്കൂളിൻറെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ താഴെ നില വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2000- ൽ നിർമിച്ചതാണ്. രണ്ടായിരത്തി ഒന്നിൽ എസ്.എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ചു ഒരു സി.ആർ. സി. റൂമും നിർമിച്ചിരുന്നു .2012 - 13 കാലയളവിൽ നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ സ്ഥിതി ചെയ്യുന്ന കെട്ടിടം ജമീല പ്രകാശം എം.എൽ.എ. യുടെ ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ്. 2018 - ൽ അദാനി ഫൗണ്ടേഷൻ ഫണ്ടുപയോഗിച്ച് പുതിയ ഇരുനില കെട്ടിടം പണി തുടങ്ങുകയും കോവിഡ് നുശേഷം ക്ലാസ് റൂമുകൾ തുറന്നു കൊടുക്കുകയും ചെയ്തു . 1982 -ൽ നിർമ്മിച്ച കെട്ടിടം കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റി അവിടെയാണ് അത് നിർമ്മിച്ചത്. അതോടൊപ്പം തന്നെ വിശാമായ ഒരു ശുചിമുറി സൗകര്യവും അദാനി ഫണ്ട് ഉപയോഗിച്ച് 2018 - ൽ നിർമ്മിച്ചിട്ടുണ്ട് .ശ്രീമതി നിസ്സാ ബീവി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആകുന്ന സമയത്ത് 2020 -- ൽ ഭക്ഷണ ഹാൾ ഉളള കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് റൂമുകളും ,സ്കൂൾ ഓഫീസ് സ്ഥിതിചെയ്യുന്ന ബിൽഡിംഗിന് മുകളിൽ ഏകദേശം അഞ്ഞൂറോളം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവും കോർപ്പറേഷൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. അതോടൊപ്പം 2016 - ൽ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് വിരിച്ചു ഭംഗിയാക്കാനും കോർപ്പറേഷൻ ഫണ്ടാണ് ഇവരുടെ കാലത്ത് ഉപയോഗിച്ചിട്ടുള്ളത്.
സ്വപ്നം
ഓലമേഞ്ഞ ക്ലാസ് മുറികളുടെയും ശുചിമുറികൾ ഇല്ലാത്ത പരാധീനതയുടേയും കാലഘട്ടത്തിൽ തന്നെ ഈ എൽ. പി. സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു ഉയർത്താനുള്ള പരിശ്രമങ്ങൾ നടന്നിരുന്നെങ്കിലും പലവിധ തടസങ്ങൾ കാരണവും അത് നടന്നില്ല. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രദേശവാസികളുടെ ആ സ്വപ്നം അതേ പ്രകാരം ബാക്കിയായി നിലനിൽക്കുകയാണ്. വാഗ്ദാനങ്ങൾ പലരൂപത്തിൽ പലപ്പോഴായി പലരും നൽകിയെങ്കിലും അതൊന്നും പൂർത്തീകരിക്കപ്പെടാതെ അവഗണന ഏറ്റു വാങ്ങുകയാണ് ഈ സ്കൂൾ.എങ്കിലും ജില്ലയിലെ ഏറ്റവും നല്ല സൗകര്യമുള്ള ലോവർ പ്രൈമറി സ്കൂളുകളിൽ ഒന്നായി,കാട്ടു പള്ളിക്കൂടം എന്ന് ഒരു കാലഘട്ടത്തിൽ ആളുകളെ വിളിച്ച് ആക്ഷേപിച്ച അവസ്ഥയിൽനിന്നും വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളും നിരക്ഷരരുമായ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തണമെങ്കിലുളള ഏകമാർഗം വൈജ്ഞാനികമായി അവരെ വളരാൻ അനുവദിക്കുക എന്നുളളത് മാത്രമാണ്.ആ വൈജ്ഞാനിക വളർച്ചക്ക് വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തുകൊണ്ട്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം പൂർണ്ണമായി അവർക്കു വകവെച്ചു നൽകുക എന്നുള്ള മാത്രമാണ് ഏക പരിഹാര മാർഗ്ഗം .
നേട്ടങ്ങൾ
1. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.2. ബാലരാമപുരം ഉപജില്ലാ കലോത്സവങ്ങൾ അറബി കലോത്സവത്തിൽ വർഷങ്ങളോളം തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
അവലംബം
1. വിക്കിപീഡിയ
2. വി.രാജമണിസാറുമായുള്ള അഭിമുഖം
3.കോർപ്പറേഷൻ കൗൺസിലർ നിസാമുദ്ദീൻ , മുൻ കൗൺസിലർ നിസ്സാ ബീവി, എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ വാഹിദ് ,സ്കൂളിൽ ദിവസവേതനാ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അറബിക് അധ്യാപകൻ അൻവർ വാഫി തുടങ്ങിയവരാണ് വിവരങ്ങൾ ശേഖരിക്കാൻ സഹായിച്ചത്.
ഈ വിഷയത്തിൽ തുടക്കംമുതൽ കൂടെ നിന്നഹെഡ് മാസ്റ്റർബൈജു സാറിനും സ്റ്റാഫ് സെക്രട്ടറി ജോലാലിനും ഹൃദ്യമായ നന്ദി.
തയ്യാറാക്കിയത്
ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി ,