ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതിഭയോടൊപ്പം

സംസ്ഥാന അവാർഡ് ജേതാവിനോടൊപ്പം

ബാലനടി തന്മയ സോളിനൊപ്പം...

2023 ലെ ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ തന്മയ സോൾ ആയിരുന്നു ഓഗസ്റ്റ് മാസം നടന്ന 'പ്രതിഭയോടൊപ്പം' പ്രതിമാസ പരിപാടിയിലെ ആദ്യത്തെ അതിഥി. പട്ടം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആണ് തന്മയ. തന്റെ ആദ്യ ചിത്രം ആയ'വഴക്കി'നാണ്  സംസ്ഥാനപുരസ്‌കാരം ഈ കുഞ്ഞുമിടുക്കി നേടിയത്. തന്റെ സിനിമാ അനുഭവങ്ങളെപ്പറ്റിയും സിനിമയിൽ അവസരം ലഭിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും  നമ്മുടെ കുട്ടികളോട്  സംസാരിച്ചു. വളരെ പ്രസന്നമായ ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷയിൽ കുട്ടികളുടെ സംശയങ്ങൾക്ക് എല്ലാം മറുപടി നൽകുകയും ചെയ്തു. വലിയ സ്വപ്‌നങ്ങൾ കാണാൻ ഈ കൂടിക്കാഴ്ച നമ്മുടെ കുട്ടികളെ സഹായിക്കും എന്ന കാര്യം ഉറപ്പാണ്.


ബാലകവയിത്രിയോടൊപ്പം ഒരുദിവസം

ബാലകവയിത്രിയോടോപ്പം...

സെപ്റ്റംബർ മാസത്തിലെ പ്രതിഭയോടൊപ്പം പ്രതിമാസ പരിപാടിയിൽ ബാലകവയിത്രി ആയ അരുണിമ എസ് സജി ആണ് കുട്ടികളാടൊപ്പം സംവദിക്കാനായി എത്തിച്ചേർന്നത്.മാനൂർ ജയമാത യു. പി. എസിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ അരുണിമ തന്റെ കവിതകളുടെ സമാഹാരം ''തേനൂറും കവിതകൾ'' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത എഴുതി തുടങ്ങാൻ ഉണ്ടായ സാഹചര്യത്തെയും അതിനു പ്രചോദനം നൽകിയ വ്യക്തികളെയും പറ്റി കുഞ്ഞ് കവയിത്രി നമ്മുടെ കുട്ടികളോട് ഏറെ സംസാരിച്ചു. കുട്ടികൾ അവരുടെ സംശയങ്ങൾ ചോദിച്ചപ്പോൾ ഓരോ കവിതയെയും കുറിച്ച് പറയുകയും ഒപ്പം തന്റെ ഒരു കവിത ആലപിക്കുകയും ചെയ്തു.




ജസൽ എന്ന കുട്ടിപ്രതിഭയോടൊപ്പം ...

കുട്ടിശാസ്ത്രജ്ഞൻ ജസലിനോടൊപ്പം


പരുത്തിപ്പള്ളി ഗവണ്മെന്റ് വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജസൽ ആയിരുന്നു ഒക്ടോബർ മാസം നടന്ന 'പ്രതിഭയോടൊപ്പം' പരിപാടിയിലെ അതിഥി. കേരളസർക്കാർ സംഘടിപ്പിച്ച യങ്  ഇന്നവേറ്റേഴ്സ്‌ പ്രോഗ്രാം ഗ്രാൻഡ് ഫിനാലെയിൽ ജസലിന്റെ കണ്ടുപിടിത്തം ആയ Jesq The Oxygen Detector ന് അംഗീകാരം ലഭിച്ചു. ഇത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഏക പ്രോജക്‌ടാണ്‌. തന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ചും ഓരോ കണ്ടുപിടിത്തങ്ങൾക്കും പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും തനിക്ക് അതിന്  പ്രചോദനവും സഹായവും നല്കിയവരെക്കുറിച്ചും ഈ കുഞ്ഞു ശാസ്ത്രജ്ഞൻ നമ്മുടെ കുട്ടികളോട് മനോഹരമായി സംസാരിച്ചു. കുട്ടികൾ അവരുടെ സംശയങ്ങൾ ജസലിനോട് ചോദിക്കുകയും അവയ്‌ക്കെല്ലാം വളരെ വ്യക്തമായ ഭാഷയിൽ, ശാസ്ത്രത്തിൽ കുഞ്ഞുങ്ങൾക്ക് താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിൽ തന്നെ ജസൽ മറുപടി നൽകുകയും ചെയ്തു.



പ്രതിഭയോടൊപ്പം പരിപാടിയിൽ റോജർ വിസ്മയം ....

സംസ്ഥാന ജൂഡോ ച്യാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ റോജറിനോടൊപ്പം

  ഇന്നത്തെ കുട്ടികൾ എത്ര മനോഹരമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. മഞ്ചവിളാകം ഗവ: യു പി എസിലെ കുട്ടികൾക്കൊപ്പം ഇന്ന് സംവദിക്കാൻ എത്തിച്ചേർന്നത് സംസ്ഥാന കായിക മേളയിലെ ജൂഡോ സ്വർണ്ണമെഡൽ ജേതാവായ റോജറാണ് ... ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിന്റേതായ പരിചയക്കുറവുണ്ടെന്നും പറഞ്ഞാണ് ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ റോജർ തുടങ്ങിയത് ...എന്നാൽ പിന്നീട് കണ്ടത് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനോഹരമായ ഒരു സംവാദത്തിന്റെ രൂപപ്പെടലാണ്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്പോർട്സ് സ്കൂളിലെ ചിട്ടയായ പരിശീലന രീതികൾ, മാതാപിതാക്കളുടെയും കായികാദ്ധ്യാപകന്റെയും പിന്തുണ, സ്പോർട്സിനോടുള്ള അതിരില്ലാത്ത സ്നേഹം, ഒളിമ്പിക്സ് വരെ നീളുന്ന സ്വപ്നങ്ങൾ ഇതെല്ലാം റോജർ കുഞ്ഞു വാക്കുകളിൽ മനോഹരമായി പറഞ്ഞു തീർത്തപ്പോൾ കേട്ടിരുന്ന കൂട്ടുകാരുടെ കണ്ണുകളിൽ ആരാധനയുടെയും വിസ്മയത്തിന്റെയും നക്ഷത്രത്തിളക്കം ... കൂട്ടുകാർ ചോദിച്ച സംശയങ്ങൾക്കെല്ലാം പതർച്ചയില്ലാതെ വ്യക്തമായി മറുപടി പറഞ്ഞുവെന്ന് മാത്രമല്ല ജൂഡോയുടെ ഒരിനം കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ചെയ്തു കാണിക്കാനും റോജർ മടികാണിച്ചില്ല....നന്ദി റോജർ ... നല്ല ഒരു ദിവസത്തിന് ...  ഉയരങ്ങൾ കീഴടക്കി മിടുക്കനായി , ഇനിയും വരൂ ഞങ്ങളുടെ വിദ്യാലയത്തിലേക്ക്