കെ. കെ. ബിജു

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 17 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡോ. കെ. കെ. ബിജു
ജി.വി.എച്.എ,സ്.എസ്. വാകേരിയിൽ മലയാളം അധ്യാപകൻ
വാകേരി കല്ലൂർകുന്നിൽ താമസം
കാലടി ശ്രി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മലയാള വിഭാഗത്തിൽ മുള്ളക്കുറുമരുടെ നാട്ടുവഴക്കം സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി PhD ബിരുദം നേടി. ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര ഭരണത്തിലേക്ക് ആദ്യ പുസ്തകം. ആദിവാസി ഗോത്രസംസ്കാരത്തെക്കുറിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

പുസ്തകപ്രകാശനം പോസ്റ്റർ


മലയാളമനോരമ നല്ലപാഠം അധ്യാപക പുരസ്കാരം
മലയാളമനോരമ നല്ലപാഠം അധ്യാപക പുരസ്കാരം
സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
ട്രോഫിയുമായി

"വേടയുദ്ധം കഥകളി-അപനിർമ്മാണത്തിന്റെ പഴയ പാഠം" പഠനം

Author:
കെ. കെ. ബിജു .
വൈവിധ്യമാർന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമർ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോൽക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകൾ. ഈ കലകൾക്കുവേണ്ടിയാണ് പാട്ടുകൾ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയിൽ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപർവ്വത്തിന്റെ അപനിർമ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിർമ്മിതിയാണ് പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമർ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലർത്തുന്നവരാണ് ഇവർ. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവർക്കുണ്ട്.1
മറ്റ് ആദിവാസിഗോത്രജനതയിൽ നിന്ന് വ്യത്യസ്തമായ പല പ്രത്യേകതകളും മുള്ളക്കുറുമർക്കുണ്ട്.2 ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമായി. ഇവരുടെ നിരവധി പുരാവൃത്തങ്ങൾക്ക് ബന്ധമുണ്ട്. അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി കോൽക്കളി, വട്ടക്കളി, കഥകളി (കഥയും ചൊല്ലും) എന്നിവ നടത്താറുണ്ട്. ഇവയുടെ പാട്ടുകൾ പുരാണകൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്.
മുള്ളക്കുറുമരുടെ ഭാഷ മലയാളത്തിന്റെ ഒരു ഭേദമാണ്. അതേസമയം തങ്ങളുടേതുമാത്രമായ പദാവലി ഇവർക്കുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പെ ഇവർ വരമൊഴി വശമാക്കിയിരുന്നു. മണലെഴുത്താണ് പാരമ്പര്യമായി പിന്തുടർന്നു പോന്ന പഠനരീതി. പാട്ടുകളും ചികിത്സാരീതികളും മന്ത്രങ്ങളും ഓലകളിൽ എഴുതി സൂക്ഷിച്ചിരുന്നു. ചുരുക്കത്തിൽ മലയാളഭാഷയുമായി വാമൊഴി വരമൊഴി ബന്ധമുള്ളവരാണ് മുള്ളക്കുറുമർ.
മുള്ളക്കുറുമരുടെ ഭാഷാപരമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി തോന്നുന്നത് വരമൊഴിയാണ്. കേരളത്തിലെ മറ്റ് ആദിവാസിഭാഷകൾക്കൊന്നും തന്നെ വരമൊഴി കണ്ടെത്തിയിട്ടില്ല. എന്നാൽ മുള്ളക്കുറുമർക്ക് ലിഖിത സാഹിത്യവും പാട്ടുകളും ഉണ്ട്. മലയാളലിപിയിലാണ് ഇവ ഓലകളിൽ എഴുതി സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള താളിയോലകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവ വട്ടക്കളിപ്പാട്ട്, കഥകളിപ്പാട്ട് (കഥയും ചൊല്ലും) അഞ്ചടിപ്പാട്ട് (നരിക്കുത്തുപാട്ട്) എന്നീ തനതുകലകളുടെ പാട്ടുകളാണ്. ഇവ കൂടാതെ ഭാവിപ്രവചനത്തിനുപയോഗിക്കുന്ന വാല്മീകിശാസ്ത്രം, ചികിത്സാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഓലകളും സീതാദു:ഖം എന്ന കൃതിയുടെ ഓലകളും മുള്ളക്കുറുരരിൽ പലരും ഇന്നും സൂക്ഷിച്ചുപോരുന്നുണ്ട്.
മുൻകാലങ്ങളിൽ ധാരാളം ഗ്രന്ഥക്കെട്ടുകൾ തങ്ങളുടെ കുടികളിൽ ഉണ്ടായിരുന്നതായി ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്. അവ കാലാന്തരത്തിൽ നഷ്ടപ്പെട്ടു. ഒരാൾ മരിക്കുമ്പോൾ പരേതന്റെ ഭൗതിക വസ്തുക്കളെല്ലാം കുഴിയിൽ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ധാരാളം ഗ്രന്ഥക്കെട്ടുകൾ നഷ്ടപ്പെട്ടത്. പഴയ വീടുകൾ പൊളിച്ച് പുതിയവീടു പണിയുമ്പോൾ താളിയോലകൾ കളഞ്ഞതായും ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്.
മുള്ളക്കുറുമരുടെ കളിപ്പാട്ടുകളധികവും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസപുരാണങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. വേടയുദ്ധം കഥകളിലൂടെ പാട്ട് മുള്ളക്കുറുമരുടെ ഉത്പത്തി പുരാവൃത്തവുമായി ബന്ധമുള്ളതാണ്. ഈ പാട്ടുകളുടെ രചനയെക്കുറിച്ച് ആവേദകർ ഇങ്ങനെ പറയുന്നു.
രാമൻ (65) : പാട്ടുകളൊക്കെ ഈ പണ്ട് അവിടുത്തെ ആൾക്കാര്...കാർന്നോന്മാര്, അച്ഛനും ഒക്കെ കെട്ടുന്നതാണ്. പണ്ട്. ഇപ്പ കെട്ടലും കൂട്ടലും ഒന്നുമില്ല. പാട്ട് ഓലകളിൽ എഴുതി സൂക്ഷിക്കും. അച്ഛൻ ചാവുന്നതിനുമുമ്പെ പറയും...ഞങ്ങളെ വീട്ടില് ഒരാൾക്കെടുക്കാൻ പാകത്തിനുണ്ടായിരുന്നു. ഇന്ന് മക്ക സ്‌ക്കൂളിൽ പോണകൊണ്ട് പഠിക്കാറില്ല. നീ സൂക്ഷിക്കെന്നു പറഞ്ഞു കൊടുത്തതൊക്കെ പോയി. എഴുത്ത് മണലെഴുതാണ്. അമ്പത്തൊന്നക്ഷരം പഠിച്ചാ.. വെറും അമ്പത്തൊന്നക്ഷരം പഠിച്ചിട്ടേ ഉള്ളൂ ഏത് രാമായണം, മഹാഭാരതം ഒക്കെ വായിക്കും. ഇതേപോലെ തന്നെ എഴുത്തും വ്യത്യാസം ഇല്ല. ചൂച്ചൻ (85) : പാട്ടുകൾക്കുവേണ്ടി പുരാണം ഖണ്ഡിക്കുകയാണ് പഴേ കാർന്നോന്മാര്. ഭാരതം കൊണ്ടും രാമായണം, ഭാഗവതം കൊണ്ടും പുരാണം ഖണ്ഡിക്കും. അപ്പ അറിവുള്ളവര് അത് വെട്ടിക്കുറയ്ക്കും. പത്രത്തിലൊക്കെ ഉള്ളപോലെ.
      പുരാണകൃതികളെ അവലംബമാക്കി പാട്ടുകൾ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമർ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാൽ ഈ പാട്ടുകൾ പുരാണ കഥാസന്ദർഭങ്ങളുടെ തനിയാവർത്തനം അല്ല. പുരാണ കഥാസന്ദർഭങ്ങളെ അപനിർമ്മിക്കുക കൂടി ചെയ്തിട്ടുണ്ട്  ഈ പാട്ടുകളിൽ. മഹാഭാരതകഥാസന്ദർഭത്തെ അപനിർമ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.

മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകൾ ഉൾപ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടൻ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയിൽ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റർ നീളവും 43.8 സെന്റീമീറ്റർ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങൾ വീതം ഓലകൾക്കുണ്ട്. പലകപ്പാളികൾ ഇരുവശത്തും വെച്ച് നൂലിൽ കോർത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളിൽ ഓരോ ഖണ്ഡം കഴിയുമ്പോൾ നമ്പരിനായി തമിഴ് അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലർത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികൾ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്. മുള്ളക്കുറുമർ വിവാഹത്തോടനുബന്ധിച്ച് നടത്തുന്നതാണ് കഥകളി. ഇവരുടെ വിവാഹങ്ങൾ ആഘോഷസമ്പന്നമാണ്. വിവാഹത്തിന്റെ തലേന്ന് രാത്രി നടത്തുന്ന വട്ടക്കളിയ്ക്ക് ശേഷം പുലർച്ചെ മൂന്നുമണി മുതലാണ് കഥകളി അവതരിപ്പിക്കുന്നത്. കഥയും ചൊല്ലും എന്നുകൂടി ഈ കളിയ്ക്കു പേരുണ്ട്. കഥകളിയെക്കുറിച്ച് ആവേദകർ ഇത്തരത്തിലാണ് പറഞ്ഞുതന്നത്.  ചെറുമൻ (43): കഥകളി, കഥ പറഞ്ഞിട്ട് ആ ഭാഗത്തിന്റെ പാട്ട് പാടും പുരാണങ്ങളാണ്.
ചൂച്ചൻ   (80): കഥകളീന്ന് പറഞ്ഞാ ഒരുവാക്ക് പറഞ്ഞ് ചുറ്റിനും ഇങ്ങനെ പറഞ്ഞ് നടക്കും.
     കുടികളിലെ ദൈവപ്പുരയ്ക്ക് മുമ്പിലുള്ള മുറ്റത്താണ് കളികൾ അവതരിപ്പിക്കുന്നത്. മുറ്റത്ത് വാഴത്തട കുത്തി നിർത്തി അതിനുമുകളിൽ കൽവിളക്ക് വയ്ക്കും. ഈ വിളക്കിനും ചുറ്റുമാണ് കളിക്കുന്നത്. പുരാണേതിഹാസ കഥാസന്ദർഭങ്ങളാണ് കളിക്കുപയോഗിക്കുന്നത്. ഒരാൾ കഥാസന്ദർഭം വിവരിച്ചുകൊണ്ട് വിളക്കിനുചുറ്റും നടക്കുന്നു. മറ്റ് കളിക്കാർ കഥയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് പിന്നാലെ നടക്കുന്നു. കഥത്തീരുന്നതുവരെ ഇങ്ങനെ തുടരുന്നു. കഥ പറഞ്ഞു കഴിയുമ്പോൾ പാട്ടുപാടി ചുവടുകൾ വച്ച് കളിക്കുന്നു. ഒരാൾ പാടുകയും മറ്റുള്ള കളിക്കാർ ഏറ്റുപാടുകയും ചെയ്യുന്നു. വളരെ താളാത്മകമായാണ് ചുവടുകൾ വയ്ക്കുന്നത്. ഒരു കഥയും പാട്ടും കഴിയുമ്പോൾ അടുത്ത കഥയും പാട്ടും എന്ന ക്രമത്തിൽ പ്രഭാതം വരെ കഥകളി അവതരിപ്പിക്കുന്നു. കഥകളി ആരംഭിക്കുന്നത് ഗണപതി സ്തുതിയോടുകൂടിയാണ്. പ്രാദേശിക ദൈവങ്ങൾക്കും സ്തുതിയുണ്ട്. പിന്നീടാണ് കഥ. പ്രഭാതത്തിൽ കളിയവസാനിപ്പിക്കുന്നത് ഉദയസൂര്യനെ സ്തുതിച്ചുകൊണ്ടാണ്. ഒരു ദിവസം തന്നെ പല കഥകൾ കളിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കഥകൾ ഇവയൊക്കെയാണ്. വേഡ(ട)യുദ്ധം കഥകളി, ഗോപാലനാടകം കഥകളി, പെരിണ്ടൻ കഥ, മഹാഭാരതകഥ, കുറവാരിക്കഥ തുടങ്ങിയവയാണ്. ഇവയെല്ലാം മഹാഭാരത കഥാസന്ദർഭങ്ങളെ അവലംബമാക്കുന്നവയാണെങ്കിലും മൂലകഥയിൽ നിന്നും വളരെ വ്യത്യാസം പുലർത്തുന്നു. വേടയുദ്ധം കഥകളിക്ക് മുള്ളക്കുറുമരുടെ നായാട്ടുജീവിതത്തോട് അടുത്ത ബന്ധം കാണാം.

വേടയുദ്ധം കഥകളി

     മഹാഭാരതകഥയിലെ കിരാതപർവ്വത്തെ അവലംബിച്ച് നിർമ്മിച്ചിട്ടുള്ളതാണ് വേടയുദ്ധം കഥകളി. പാശുപതാസ്ത്രത്തിനുവേണ്ടി അർജ്ജുനൻ തപസ്സു ചെയ്യുന്നു. അർജ്ജുനനെ പരീക്ഷിക്കുന്നതിനായി ശിവൻ വേടരൂപത്തിലും പാർവ്വതി വേടവത്തി3യുടെ രൂപത്തിലും ഗണപതിയും ഭൂതഗണങ്ങൾ വേടവന്മാരുടെ വേഷത്തിലും പുറപ്പെടുന്നു. ഒപ്പം നായ്ക്കളുമുണ്ട്. കാട്ടിലെത്തി ആദ്യം കണ്ട മൃഗത്തെ കൊന്ന് ഇറച്ചി ചുട്ടുതിന്നുന്നു. ധാരാളം മധുവും കുടിക്കുന്നു. ഇങ്ങനെ മദോന്മത്തരായ അവർ പരസ്പരം കലഹിക്കുകയും ചെയ്യുന്നു. തുടർന്ന് വേട്ടയ്ക്കായി കാട്ടിൽ വല വെയ്ക്കുന്നു. മുനി4യുടെ ശാപം മൂലം പന്നിയായിത്തീർന്ന മൂകാസുരനെ അമ്പെയ്യുന്നു. മൂകാസുരന്റെ മോക്ഷത്തിനാണ് അമ്പെയ്യുന്നത്. അമ്പുകൊണ്ട മൂകാസുരൻ അർജ്ജുനന്റെ കാല്ക്കൽ അഭയം തേടുന്നു. തന്നെ കൊലയ്ക്കു കൊടുക്കരുതെന്ന പന്നിയുടെ അപേക്ഷ സ്വീകരിച്ച അർജ്ജുനൻ പന്നിയെ സംരക്ഷിച്ചുകൊള്ളാമെന്നു ഉറപ്പുനൽകുന്നു. പന്നിയെ ആവശ്യപ്പെട്ട്  വന്ന വേടന്മാരോട് പന്നിയെ വിട്ടുതരില്ലെന്നു അർജ്ജുനൻ പറയുന്നു. പെരിയ വേടൻ ആവശ്യപ്പെടുമ്പോഴും അർജ്ജുനൻ മുൻനിലപാട് ആവർത്തിക്കുന്നു. വാഗ്വാദത്തിനുശേഷം പരസ്പരം യുദ്ധം ചെയ്യുന്നു. അർജ്ജുനന്റെ അസ്ത്രപാടവം കണ്ട പാർവ്വതി ശപിക്കുന്നു. ശാപത്താൽ അർജ്ജുനനയക്കുന്ന അസ്ത്രങ്ങൾ പുഷ്പങ്ങളായി മാറുന്നു. ബാണങ്ങൾ തീർന്നപ്പോൾ അർജ്ജുനൻ വില്ലുകൊണ്ട് എറിയുന്നു. ഏറ് കൊണ്ടത് ഗംഗാദേവിയ്ക്കാണ്. പെട്ടെന്ന് വില്ല് അപ്രത്യക്ഷമായി. തുടർന്ന് കട്ടാരം5 കൊണ്ട് അർജ്ജുനൻ ആക്രമിക്കുന്നു. അതും അപ്രത്യക്ഷമായി. പിന്നീട് ചൊട്ടയെ6 വാങ്ങി ആക്രമിക്കുന്നു. അതും അപ്രത്യക്ഷമാക്കപ്പെടുന്നു. പിന്നീട് ഇരുവരും മൃഷ്ടി യുദ്ധത്തിലേർപ്പെടുന്നു. ശിവൻ വിൽക്കാൽ കൊണ്ട് അർജ്ജുനനെ ആകാശത്തേക്കെറിയുന്നു. വേടന്റെ ശക്തി മനസ്സിലാക്കിയ അർജ്ജുനൻ അത്ഭുതപ്പെടുന്നു. വേടന്റെ കാൽക്കൽ ' താണപ്പെടാൻ' തുടങ്ങുമ്പോഴാണ് വേടന്റെ തലയിൽ തിങ്കൾക്കലയും ജഡയും കഴുത്തിൽ പാമ്പിനെയും കാണുന്നത്. വേടൻ ശിവനാണെന്നു തിരിച്ചറിഞ്ഞ അർജ്ജുനൻ തനിക്ക് സംഭവിച്ച പിഴവ് പൊറുക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് ശിവനെ സ്തുതിക്കുകയും ചെയ്യുന്നു. തനിക്ക് മുമ്പിൽപ്രത്യക്ഷപ്പെട്ട ശിവനോട് വരമായി ആവശ്യപ്പെടുന്നത് പാശുപതാസ്ത്രമല്ല. പകരം ഇങ്ങനെയാണ്. ബാലിയെ കൊന്ന വരം വേണ്ട, താടകയെ നിഗ്രഹിച്ച വരവും വേണ്ട, രാവണനെ കൊന്ന വരവും വേണ്ട പാണ്ഡു രാജ്യം ഭരിക്കണം. കർണ്ണൻ ഒരു യന്ത്രത്താൽ തന്നെ വധിക്കും. അതിനു കുശലുണ്ടാക്കണം. വല്ലഭവും വീര്യവും നല്കണം. ഇപ്രകാരം അർജ്ജുനൻ ആവശ്യപ്പെടുന്ന സമയത്ത് പാർവ്വതിയാണ് വരം നൽകുന്നത്. നാറാഴ്ച കിഴക്കുനൊക്കി പടകുറിച്ച യുദ്ധങ്ങൾ പലവകയും നീ ചെയ്യുമ്പോൾ രഥം നാല് വിരൽ നാല് ചാൺ ഭൂമിയിൽ താണ് ജയിച്ചുകൊള്ളുമെന്ന് പാർവ്വതി അനുഗ്രഹിക്കുകയും ചെയ്യുന്നു. തുടർന്നുള്ള ഭാഗം ശിവസ്തുതിയാണ്. ഇത്രയുമാണ് വേടയുദ്ധം കഥകളിയുടെ സാരം. മൂലകഥയുടെ അപനിർമ്മാണം
  ഭാഷാപരമായി തമിഴിന്റെ സ്വാധീനമുണ്ട്. ദീർഘാക്ഷരത്തിനു പകരം ഹ്രസ്വരൂപമാണ് കാണുന്നത്. 'വെഡയുദ്ധം കതകളി' എന്നാണ് ഓലയിൽ കാണുന്നത്. വെഡർ എന്നും വെടർ എന്നും കാണാം. വേടയുദ്ധം കഥകളിയുടെ പ്രത്യേകത അത് മൂലകൃതിയിൽ നിന്നു വലിയ അളവിൽ വ്യത്യാസം പുലർത്തുന്നു എന്നതാണ്. ഈ കഥ മഹാഭാരതയുദ്ധത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം പാശുപതാസ്ത്രം ആവശ്യപ്പെടുകയോ നല്ക്കുകയോ ചെയ്യുന്നില്ല. പകരം സമാധാനമാണ് അർജ്ജുനൻ കാംക്ഷിക്കുന്നത്. പ്രത്യാക്രമണം കൂടാതെയുള്ള വിജയമാണ് പാർവ്വതി വരമായും നല്കുന്നത്.

      അമ്പെറ്റ പൊദമവനു ചാപം
                       തീരാഞ്ഞായസുരൻ അരനടിക്കൽ
                      കുമ്പിട്ടാനെ അമ്പിനെടെയിന്നു നീ
                      പൊയി കരൊതലത്തിൽ അർജ്ജുനന്റെ
                      അടുക്കളമായി കിടന്നു പന്നി'
പിന്നീട്, തപസ്സ് ചെയ്യുന്ന അർജ്ജുനനടുത്തെത്തി ഇപ്രകാരം ആവശ്യപ്പെടുന്നു.
                     'തമ്പുരാനെ അംശർകൊനെ ഇന്ദ്രപുത്രാ
                      ധനം ഞയനും അടുക്കളമായി പുകഴ്ന്താൻന്താനും
                      അടുക്കളം കൊള്ളാമെങ്കിൽ ആമെന്നു ചൊല്ലൂ
                      വിജയാ ആദിത്യൻ കണ്ണുസുതനടിമപുവാൻ
                      കൊടുപ്പമായി വലകെട്ടി നായുമാടി കൊണ്ടാടിക്കൊണ്ടെ
                      യിതൊരമ്പുകാന്മിൻ കടുക്കനെച്ചൊൽ
                      കരുതിടുചില്ലാകൊടുലാ മൊടുവഴുകിലൊ
                      കൊൽവൊരെന്നെ എടയുന്നുമനമിനിക്കു
                      പന്നി ചൊല്ലി ഇന്ദ്രപുത്രൻ തപാ നൃത്തി
                      പാർത്തനുടെ തൃക്കാൽക്കിൽ കിടന്നുപന്നി
                      എൻ പിഴയു പെഴപെരികിലിന്നു തീരാ
                      എന്നു ഞാ നിനക്കടിമ പുക്കാൻ പിന്നെ
                      എന്നെയുകൊല കൊടാതെ എന്നു പന്നി' 
ഇങ്ങനെ അഭയം യാചിച്ചെത്തിയ പന്നിയെ ആണ് അർജ്ജുനൻ സംരക്ഷിക്കുന്നത്.
                      'ശ്രീ നീലകണ്ഠൻ മകൻ തുണയെങ്കിലോ
                        കൊടുക്കുന്നില്ല ഞാനിവർക്കും പന്നിയെ'

എന്നിങ്ങനെ ഉറച്ച തീരുമാനവും അർജ്ജുനൻ കൈകൊള്ളുന്നു. ഇവിടെ മൂലകഥയെ അപനിർമ്മിച്ചിരിക്കുന്നു. കാരണം താപസന്മാർ പൊതുവെ മാംസാഹാരികളോ, ഹിംസിക്കുന്നവരോ അല്ല. ഫലമൂലാദികൾ ഭക്ഷിക്കുന്നവരും സൗമ്യശീലരുമാണ്. ഇത്തരത്തിൽ ഭാവപരിണാമം സംഭവിച്ചിട്ടുണ്ട് സന്യാസം കൊണ്ട് അർജ്ജുനനും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നുവരും. സന്യാസിയായ അർജ്ജുനൻ, പന്നിയ്ക്കുവേണ്ടി-ഇറച്ചിയ്ക്കുവേണ്ടി-എന്തിനാണ് ശിവനോട് യുദ്ധം ചെയ്തത് എന്ന്. തനിക്കാവശ്യമില്ലാത്ത ഒന്നിനാണ് അർജ്ജുനൻ കലഹിക്കുന്നത്. അവകാശപ്പെട്ടവർ വേട്ടക്കാരുമാണ്. മൂലകഥയിലെ ഈയൊരു കാര്യം പുനർവായനയിൽ യുക്തിയില്ലായ്മയായി മുള്ളക്കുറുമർക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം.അതുകൊണ്ടാവാം മൂലകഥയിൽ നിന്ന് വ്യത്യസ്തമായി പൂതിയൊരു കാരണം അർജ്ജുന-ശിവയുദ്ധത്തിനു കല്പിച്ചിരിക്കുന്നത്. അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കേണ്ടത് ക്ഷത്രിയരുടെ കർത്തവ്യം കൂടിയാണല്ലോ. ഈ ബോധ്യം അർജ്ജുനനിൽ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. വേടരുമായുള്ള യുദ്ധത്തിൽ താൻ മരിച്ചുപോയാൽ ഭാരതരാജ്യം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നുണ്ട്. എങ്കിലും അതിനേക്കാൾ നല്ലത് ഇപ്പോൾ പന്നിയെ രക്ഷിക്കുന്നതാണെന്ന് അർജ്ജുനൻ കരുതുന്നു.

                        .-------വില്ലുമമ്പുകൊണ്ടാടി പൊമെകയർക്കെണ്ടാ
                         പെരുവെഡർ പലരുമുണ്ട അവർ-----
                         വന്നു കഴ്കിയൊ കൊൾവൊനിശ്ശയം
                         ഞങ്ങളിന്നി പന്നിചൊല്ലിചത്തുപൊയാൽ
                         ഇന്നിയൊരു ഭാരതപൊരയി പൊരില്ലാ
                         ഭാരതപ്പൊരയിവന്നിന്നൊരാശയില്ല
                         പന്നിതന്നെ രക്ഷിക്ക നല്ലതിപ്പൊൾ
ഇങ്ങനെയൊരു കർത്തവ്യബൊധം അർജ്ജുനനുള്ളതുകൊണ്ടാണ് പന്നിയെ രക്ഷിക്കാൻ ശിവനോട് യുദ്ധം ചെയ്യുന്നത്. യുദ്ധത്തിനുമുമ്പ് വേടന്മാർ അർജ്ജുനനെ പ്രകോപിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
                         ഗണപ്രതിയാൽ നിന്റെ അവളെയിങ്ങു
                         പിടിച്ചുകൊണ്ട പാർത്തലത്തിലന്നടിയൻ
                         ബ്രഡനിക്കു ഭാർയ്യയാക്കി വാങ്ങിയിങ്ങുകൊടുപ്പെൻ
                         നിശ്ചയം നിശ്ചയം നിങ്ങളിന്നു
                         പന്നികൊണ്ടുപൊവെൻ നിന്നെ
                         ഒരു മരത്തൊടുകെട്ടിവെപ്പെൻ
                         വെച്ചുകൊടുചാപലം കിഴങ്ങുംതെനും
                         പന്നിയുടെ എറച്ചിയുമായി ചുട്ടുതിന്മെൻ മെച്ചമെ

വേടന്മാർക്ക് അനുയോജ്യമായ ഭീഷണിതന്നെയാണ്. പരാജയപ്പെട്ടവന്റെ സ്വത്തും പെണ്ണും വിജയിക്കവകാശപ്പെട്ടതാണ്. പരാജിതനെ ശിക്ഷിക്കാനുള്ള അവകാശവും വിജയിക്കുണ്ട്. ഈയൊരു പ്രാചീന നീതിബോധം തന്നെയാകണം ഇവിടെയും പ്രകടമാകുന്നത്. മറിച്ച് വേടർ നരഭോജികളാണെന്ന അർത്ഥത്തെ ആയിരിക്കില്ല ഈ ഭീഷണി രൂപപ്പെടുത്തുന്നത് എന്ന് കരുതാം. ഈ ഭീഷണിക്കു മുമ്പിലും അർജ്ജുനൻ പതറുന്നില്ല. യുദ്ധത്തിനായി അടുത്ത വേടന്മാരെ അസ്ത്രം കൊണ്ടു തടുക്കുന്നു.

                         അടുത്തുകണ്ടർജ്ജുനനും കൊപത്തോടെ
                         തടുത്തു തിരിച്ചമ്പിനുടെ വിഷം കളഞ്ഞ
                         തൻ കയ്യാൽ ചെരമെടുത്തൊനെയിതാൻ
                         വെഡർ ഉമച്ച കണ്ണു തുറക്കുമതു വൈകുമുമ്പെ
                         അനെകം നൂറായിരം ശരമെയിതാൻ പാർത്താൻ
ഇത്തരത്തിൽ ശരപ്രയോഗം കണ്ടാണ് പാർവ്വതി അർജ്ജുനനെ ശപിക്കുന്നത്.
                         കാണട്ടെ വമ്പതന്നു പറയുന്നെരം
                          പാർത്ഥം കെ കണ്ടു പെരുവെഡുവത്തി
                          വസ്ഥിമെയായി മനമഴിഞ്ഞു ചപിച്ചാളപ്പൊൾ
                          ബാണമെല്ലാം പുഷ്പമായി പൊകയെന്ന വരി
                          ശപിച്ചു വെഡുവത്തി ചപിച്ചാളപ്പൊൾ

തുടർന്ന് അസ്ത്രങ്ങൾ പുഷ്പങ്ങളായി മാറുന്നു. പുഷ്പബാണങ്ങൾ തീർന്നപ്പോൾ ആർത്തരിശപ്പെട്ട് വിൽക്കാൽ കൊണ്ട് എറിയുന്നു. തിരുമുടിയിലിരുന്ന ഗംഗ ഏറ് കൊണ്ട് ഒളിക്കുന്നു. തുടർന്ന് വിൽക്കാൽ കൊണ്ട് ശിവൻ അർജ്ജുനനെ പ്രഹരിക്കുന്നു. ഈ സമയത്തും ശിവൻ താനെയ്ത പന്നിയെ മാത്രമാണ് ആവശ്യപ്പെടുന്നത്.

                          വിൽക്കാൽ കൊണ്ടടുത്തറിഞ്ഞതിൽ
                           തിരുമുടിയിലിരുന്നഗെങ്ങാ വിളിച്ചൊളിച്ചാ
                           എടുത്താൻ വെഡൻ ഉയർന്നാൻ വിജയൻ
                           എടുത്ത വില്ലാലെക്കുരച്ചാനെന്ന വിൽക്കാലടി
                           കൊള്ളുമൻന്നെ വിജയാ ഞാനെയിതൊരു
                           പന്നിത്തരിക തരിക എൻ സുഹരത്തെ

ഇങ്ങനെ ആവശ്യപ്പെടുമ്പോഴും യുദ്ധം തുടരാൻ തന്നെയാണ് അർജ്ജുനനു താത്പര്യം. തന്റെ ഇഷ്ടദേവനായ ശിവൻ തനിക്ക് തുണയുണ്ടെന്നു പറഞ്ഞ് യുദ്ധം തുടരുന്നു. വില്ല് നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്നും കട്ടാരം ഊരി കുത്തുമെന്ന് അർജ്ജുനൻ പരയുന്നു. പിന്നീട് കട്ടാരവും അപ്രത്യക്ഷമാകുന്നു. കട്ടാരം പോയാൽ ചൊട്ടയെ വാങ്കികുത്തുമെന്ന് പറഞ്ഞ് അതിനൊരുമ്പെടുന്നു. അപ്പോഴും പഴയതുതന്നെ സംഭവിക്കുന്നു. തുടർന്ന് തണ്ടകൊണ്ട് യുദ്ധത്തിനൊരുങ്ങുന്നു. ആ ഭാഗം ഇങ്ങനെ വിവരിച്ചിരിക്കുന്നു.

                           'കണ്ടളവിൽ തണ്ട കൊണ്ടു യുദ്ധം ചെയ്യിതെ
                            കൊപിച്ചു വിൽക്കാൽ കൊണ്ടടുത്തറിഞ്ഞ
                            അരിമയിലാകാശത്തൊടണയ ചെന്ന
                            അരിമയിലാഗിന്ത മാനവെളിവുകണ്ട
                            അപ്പോഴതെ ധനഞ്ഞയനും സുഖം കെട്ടിട്ട
                            തപ്പൊത തരുത്തവനു കാൽക്കിൽ
                            താണപ്പെട്ടുകൊൾവാൻ പണിയപ്പൊൾ
                            എന്നു ചൊല്ലി വന്നൊരുമ്പെട്ടാർ
                            വിശ്വരൂപി തമ്പുരാനെ മാനം കണ്ടുതെ
                            മലരടി കണ്ടുതെ ദെശം കണ്ടുതെ ദെശപായം
                            കണ്ടുതെ ഉടനെ തിങ്കളും ജഡയും കണ്ടുതെ
                            ഉടനുടെ നെറ്റി തടവും കണ്ടുതെ ഉടെ കണ്ടിണ
                            മിഴികെ കണ്ടുതെ അയകിയ പുറവടി വിരലുകണ്ടുതെ

വിൽക്കാൽ കൊണ്ട് എടുത്തെറിയപ്പെട്ട അർജ്ജുനൻ ആകാശത്തെത്തി. താഴേക്കുപോരാൻ നിർവ്വാഹമില്ലാതെയായി. അസുഖകരമായി അനുഭവപ്പെട്ടപ്പോഴാണ് വെളിവുണ്ടായത് താൻ യുദ്ധം ചെയ്തത് ശിവനോടാണെന്ന്. തുടർന്നു ശിവനെ സ്തുതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. പിന്നീട് വരം ആവശ്യപ്പെടുന്നു.

                            പൊറുത്തുകൊൾക പുരവൈരി പുരാണനാഥ
                             തഹൊലിച്ചടിയനുടെ പിഴകളെല്ലാം തമ്പുരാനെ
                             താരമാക നിനന്തുകൊൾക നൂറ്റുവരുകുറ്റൊരു
                             പടയുമെ കൊപ്പല്ലാ കൊപിച്ചു വന്നതിനെ
                             അടക്കം വെപ്പാൻ മറ്റാരെകൊന്നൊടുക്കി
                             ധനം ജയിപ്പാൻ വരന്തരരണം
                             ദിജവരം----ന്ന തമ്പുരാനെ
                             ബാലിയെക്കൊന്നൊരു വരവും വെണ്ടാ
                             വെണ്ടാ താടകയെ നിഗ്രഹിച്ച വരവൊണ്ടാ
                             ലങ്കാപുര ബാഴു രാവണ രാക്ഷസനെ
                             കൊന്നൊരു വരവും വെണ്ടടിയത്തിന്ന
                             എടുക്കുമ്പൊഴൊന്നു തൊടുക്കുമ്പൊ തൊള്ളായിരം
                             തൊട വിടുമ്പോൾ കൊടി നൂറായിരം
                             കൊള്ളുമ്പൊഴൊന്നാന്നായിരിക്കാം
                             ശരമെയു വരവുവെണ്ടടിയത്തിന്ന
                             അല്ലൽ കൂടാതെ ഗുരു നാടു വാഴ്കവെണം
                             അടിയനുടെ ജഡയെനിക്കു മൂടിവെക്കണം
                             കൊല്ലുമെവൻ കർണ്ണനെന്നെ യൊരന്ത്രത്താലെ
                             അതിനുകുശലുണ്ടാക്കവെണം
                             പാണ്ണുരാജ്യം നാടുവാണങ്ങിരിക്കവെണം
ഈ സമയം പാർവ്വതിയാണ് വരം നൽക്കുന്നത്.
                             അന്നെരം ശ്രീപാർവ്വതി താനരുളിയിത
                             നാറാഴ്ച കിഴക്കുനൊക്കി പട കുറിച്ച യുദ്ധങ്ങൾ
                             പലവകെയും നീ ചെയ്യുമ്പൊൾ നാൽച്ചാണു
                             നാൽ വെരലു ഭൂമി താണു കൊൾക എന്ന
                             പണ്ടുമണ്ടതിരുമിടിയിലിരുന്നത്രെ
                             പാണ്ഡവെർക്കും ജെയം വരുവാൻ കൊടത്തിതപ്പൊൾ

ഇവിടെ മൂലകഥയെ അപനിർമ്മിച്ചിരിക്കുന്നു. തനിക്ക് ജയിക്കുന്നതിനായി എല്ലാവരെയും കൊന്നൊടുക്കാൻ പാകത്തിനുള്ള വരമല്ല വേണ്ടത്. ബാലിയെ കൊന്ന വരമൊ, താടകയെ നിഗ്രഹിച്ച വരമൊ രാവണനെ വധിച്ച വരമോ അല്ല വേണ്ടത്. അസാമാന്യമായ അസ്ത്രപാടവവും വരമായി അർജ്ജുനൻ ആവശ്യപ്പെടുന്നില്ല. പകരം കർണ്ണൻ നേടിയ യന്ത്രം കൊണ്ട് കൊല്ലപ്പെടാതിരിക്കാനുള്ള ഉപായമാണ് അർജ്ജുനൻ ആവശ്യപ്പെടുന്നത്. സ്വയരക്ഷയാണ് അർജ്ജുനൻ ആഗ്രഹിക്കുന്നത്. സമാധാനത്തിന്റേതായ ഭാവിയും അർജ്ജുനൻ പ്രതീക്ഷിക്കുന്നുണ്ട്. പാർവ്വതി നൽകിയ വരവും ശ്രദ്ധേയമാണ്. രഥം ഭൂമിയിൽ താണ് രക്ഷപ്പെടുമെന്ന് ആശംസിക്കുകയാണ് ചെയ്തിരിക്കുന്നത്. പരസ്പരം ഹിംസിക്കാതെ വിജയം വരിക്കാനുള്ള അനുഗ്രഹം, കർണ്ണൻ യന്ത്രം പ്രയോഗിക്കുമ്പോൾ പ്രതിരോധിക്കുകപോലും ചെയ്യാതെ വിഫലമാകുമെന്ന് കരുതാം. ആയുധം നഷ്ടപ്പെട്ടവൻ സ്വയം കീഴടങ്ങിക്കൊള്ളുമെന്നായിരിക്കും പാർവ്വതി കരുതുന്നത്. ഇത്തരത്തിൽ കിരാതകഥയെ അപനിർമ്മിച്ചിരിക്കുന്നത് യുദ്ധം സർവനാശമാണ് വിതയ്ക്കുക എന്ന അനുഭവപാഠം മുള്ളക്കുറുമർക്കുള്ളതുകൊണ്ടുകൂടിയായിരിക്കാം. അപനിർമ്മാണത്തിനായി രാമായണ പാഠമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാലിവധം, താടകാനിഗ്രഹം, രാവണവധം ഇവ മൂന്നുമാണ് രാമായണത്തിലെ പ്രധാനസംഭവങ്ങൾ. ഇവ ഏറ്റവും പൈശാചികവും സാമാന്യനീതിയ്ക്ക് ന്യായീകരിക്കാൻ കഴിയാത്തതുമാണ്. ഈയൊരു പാഠം കിരാതകഥാ സന്ദർഭത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ഇവിടെ അപനിർമ്മാണം സാധ്യമാക്കിയിരിക്കുന്നത്.

നായാട്ടിന്റെ വിവരണം     അപനിർമ്മാണത്തിനുപുറമെ ഈ പാട്ടിൽ നായാട്ടുജീവിതത്തിന്റെ വലിയ വിവരണമുണ്ട്. ഇതിനുമുള്ളക്കുറുമരുടെ നായാട്ടുരീതിയോട് ഏറെ അടുപ്പമുണ്ട്. മുള്ളക്കുറുമർ നായാട്ട് വിളിച്ചാണ് പോകുന്നത്. ഇതൊരു പ്രത്യേക ചടങ്ങാണ്. അതിനെക്കുറിച്ച് ആവേദകർ ഇങ്ങനെ പറയുന്നു. രാമൻ (65) : നായാട്ടു വിളിച്ചുതന്നെ പോകുന്നത്. ഇവടെ പല തെരഞ്ഞെടുത്തപോലെ ഒര് വല്യ മൂപ്പ നൊണ്ടാകും. അയാള് ഇവിടെ വന്ന് വിളിച്ചു പറയും. അങ്ങനെ ഇവടൊള്ളവരെല്ലാം കൂടി കഞ്ഞിയൊക്കെ കുടിച്ച് നായാട്ടിനു പോകും. എല്ലാവരും വന്നു കഴിയുമ്പം കാട് കേറും. ചൂച്ചൻ (80): അത് കാർന്നോന്മാര് വിളിക്കും അവർ ഇന്നസ്ഥലത്ത് ശിക്കാരിക്ക് പോകണം. കാർന്നോന്മാര്  സ്ഥാനം വച്ച് വിളിക്കും. എവടാ വിളിക്കുന്നതെന്ന് വച്ചാ അവടെ ചെല്ലണം വേണ്ടപ്പട്ടവര് ചെല്ലും. അവടെ വെച്ച് പറയും ഇന്ന ദിവസം നായാട്ട്.അങ്ങനാണ് നായാട്ട് വിളിക്കുന്നത്. നായാട്ട് വിളിച്ച് കാട്ടിൽ കയറുന്ന മുള്ളക്കുറുമർ നായാട്ടാരംഭിക്കുന്നതിനെക്കുറിച്ച് രമേഷ് എം. ആർ. ഇങ്ങനെ എഴുതിയിട്ടുണ്ട്:       ഒരു നായാട്ടുസംഘത്തിൽ മുപ്പതോളം ആളുകളും പതിനഞ്ചോളം നായ്ക്കളുമാണുണ്ടാവുക----കാട്ടുപന്നികളും കലമാനുകളുമാണ് നായാട്ടിനു മുഖ്യമായും ഇരയാവാറുള്ളത്-----വേട്ടയാടാൻ ഉൾവനത്തിലെത്തിയാൽ നായ്ക്കൾ മൃഗങ്ങളുള്ള സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി അവയെ പുറത്തുചാടിക്കുകയും ചെയ്യുന്നു.7      മുള്ളക്കുറുമരുടെ നായാട്ടുരീതിയ്ക്ക് സമാനമാണ് ഈ പാട്ട#ിൽ പ്രതിപാദിക്കപ്പെടുന്ന നായാട്ടും. നായാട്ടുവിളിയും നായ്ക്കളുമായി വനത്തിൽ പ്രവേശിക്കുന്നതും നോക്കുക.

                             ------നെരത്തെഴുന്നള്ളിപെരുവെഡൻന്താൻ
                              കാൽകൊണ്ടു തട്ടിയവരെ എഴുന്നേൽപ്പിച്ചു
                              ഉറുക്കുപാടിയുക്കുവിനെ പന്നി നിങ്ങൾ
                              നായാട്ടു വിളിയവരും വിളിച്ചാരെല്ലൊ
                              ചംതമൊടെ പറഞ്ഞുറച്ചു പന്നികാചാൻ
                              ------------------------------------
                              മലമാൻ മുരുകത്തെ വഴിതെടി വന്ന
                              കണ്ട കണ്ടാ പിരികത്തെ വളവിനെടൊ
                              ചുമടുള്ളാ നായിക്കെളെ കയറൂറിൻ
                              ചുമടിളക്കി ക്കാടു തിരവിനെടൊ

 ഇങ്ങനെ നായ്ക്കളുടെ സഹായത്തോടെയാണ് വേടർ മൃഗങ്ങളെ കണ്ടെത്തുന്നത്. കാട്ടിൽ കാണുന്ന കാല്പാടുകൾ നോക്കി ഏതേത് മൃഗത്തിന്റേതെന്ന് മനസ്സിലാക്കാൻ വേടന്മാർക്ക് കഴിയുന്നുണ്ട്. ഓരോ കാല്പാടും ഏത് മൃഗത്തിന്റേതെന്ന് ഈ പാട്ടിൽ വിവരിക്കുന്നുണ്ട്. അമ്പുകൊണ്ട പന്നിയെ (മൂകാസുരനെ) വേടർ പിന്തുടരുന്നതും കാല്പാടുകൾ നോക്കിയാണ്.  ഇവിടെ പ്രതിപാദിക്കുന്ന നായാട്ടുരീതി, നായാട്ടുവിളി, കാല്പാടുകൾ പിന്തുടർന്നു മൃഗങ്ങളെ കണ്ടെത്തുന്നത്, നായ്ക്കളെ ഉപയോഗിച്ച് കാടിളക്കി മൃഗങ്ങളെ പുറത്തുചാടിക്കുന്നത്. ഇവയെല്ലാം മുള്ളക്കുറുമരുടെ നായാട്ടുരീതിയാണ്. കാല്പാടുകൾ നോക്കി മൃഗങ്ങളെ തിരിച്ചറിയാൻ കഴിയുന്നത് വനവുമായുള്ള നിരന്തരബന്ധത്തെയും വന്യജീവികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിന്റെയും തെളിവുകളാണ്. കൃത്യമായി പറഞ്ഞാൽ ഓരോ ജീവിയേയും തിരിച്ചറിയാൻ അവയുടെ കാല്പാടുകൾ മതി എന്ന അിറവിലേക്ക് മുള്ളക്കുറുമർ വളർന്നിട്ടുണ്ടെന്ന് കരുതണം. സാമാന്യമായ അറിവ് എന്നതിനപ്പുറത്തേക്ക് വൈജ്ഞാനികമായി ഏറെക്കാലം മുമ്പെ അവർ ഉയർന്നതായി കരുതാം.  മുള്ളക്കുറുമരുടെ ഉത്പത്തിയുമായി ബന്ധപ്പെട്ട് കിരാതം കഥയാണ് അവർക്കിടയിൽ പ്രചാരത്തിലുള്ളത്. ശിവൻ വേട്ടയ്ക്കായി സൃഷ്ടിച്ച വേടന്മാരുടെ അനന്തരതലമുറയാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. എന്തുകൊണ്ട് തങ്ങളുടെ ഉത്പത്തിയെ കിരാതകഥയുമായി ബന്ധിപ്പിക്കുന്നു? തങ്ങളുടെ അനുദിനജീവിതത്തെ കണ്ടെത്താൻ പൗരാണികമായ ഈ കഥാസന്ദർത്തിൽ കഴിഞ്ഞതുകൊണ്ടാണോ കിരാതകഥയ്ക്ക് ഇത്രയധികം പ്രാധാന്യം മുള്ളക്കുറുമർ നല്കുന്നത്?    കാരണമെന്താണെങ്കിലും പുരാണകഥാസന്ദർഭങ്ങളിലേക്ക് തങ്ങളുടെ അനുദിനജീവിതത്തെ പറിച്ചുനട്ടുകൊണ്ട് ആദിവാസി എന്ന സാമാന്യവ്യവഹാരത്തിനു പുരത്താണ് തങ്ങളെന്ന് സ്ഥാപിക്കാൻ ഇവർക്കു കഴിയുന്നുണ്ട്. ഇതര ജാതിക്കൂട്ടായ്മകളേക്കാൾ ഉന്നതമാണ്തങ്ങളുടെ സ്ഥാനമെന്ന് സ്ഥാപിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരിക്കണം ഈ കഥാസന്ദർഭത്തെ ഇത്തരത്തിൽ ക്രമപ്പെടുത്തിയതിന്റെ പിന്നിലുള്ള യുക്തിയെന്ന കരുതാം. സാമൂഹികമായും വൈജ്ഞാനികമായും മുള്ളക്കുറുമർക്കുണ്ടായ പുരോഗതി ദൈവദത്തമാണെന്ന് സ്ഥാപിക്കാൻ കൂടി ആയിരിക്കണം ഇത്തരം പുരാവൃത്തങ്ങളെ കണ്ടെടുത്ത് തങ്ങളുടെ ഉല്പത്തിയോട് കണ്ണിചേർക്കുന്നതെന്ന് കരുതാം.   മുള്ളക്കുറുമർ മറ്റു ജാതി കൂട്ടായ്മകളേക്കാൾ വൈജ്ഞാനികമായി വളർച്ച നേടിയതിന്റെ തെളിവായി വേണം വേടയുദ്ധം കഥകളിയെ കാണാൻ. കാരണം കഥാസന്ദർഭത്തെയും കഥാപാത്രത്തിന്റെ സ്വഭാവത്തെയും അപനിർമ്മിച്ചിരിക്കുന്നു. മഹാഭാരതത്തിലെ ധീരനും യുദ്ധോത്സാഹിയുമായ അർജ്ജുനനുപകരം സമാധാനപ്രിയനും പക്വമതിയുമായ ഒരാളായി അർജ്ജുനനെ രൂപപ്പെടുത്തുന്നു. ഏകാന്തമായ തപസ്സ് ആത്മജ്ഞാനം വളർത്തുമെങ്കിൽ അർജ്ജുനനിലും അതുണ്ടായതായി മുള്ളക്കുറുമർ കരുതുന്നു. ഈ ധാരണ കൊണ്ടായിരിക്കാം അർജ്ജുനൻ അപനിർമ്മിക്കപ്പെട്ടത്.     പുരാണേതിഹാസകഥാസന്ദർഭങ്ങളെ അപനിർമ്മിക്കാനുള്ള പ്രവണത മുള്ളക്കുറുരമരിൽ ദൃശ്യമാണ്. ഇതിനു പിൻബലമായി പ്രവർത്തിക്കുന്നത് യുക്തിബോധമാണ്. യുക്തിയുടെ പിൻബലത്തോടെ കാര്യകാരണങ്ങളെ അന്വേഷിക്കുമ്പോഴാണ് പുതിയ ആശയങ്ങൾ രൂപപ്പെടുന്നത്. ഈ ആശയബോധമാണ് പുരാണകഥാസന്ദർഭങ്ങളെ അപനിർമ്മിക്കാൻ മുള്ളക്കുറുമർക്ക് പ്രേരണയായിട്ടുണ്ടാവുക.

 
ആവേദസൂചി
1.ഗോവിന്ദൻ         65      മടൂർ                          വാകേരി പി. ഒ    സുൽത്താൻ ബത്തേരി
2.ചൂച്ചൻ             85      കല്ലൂർ                         മൂടക്കൊല്ലി പി.ഒ  സുൽത്താൻ ബത്തേരി
3. രാമൻ             65      വലിയകൊല്ലി                 മൂടകൊല്ലി പി.ഒ   സുൽത്താൻ ബത്തേരി
 
കുറിപ്പുകൾ

1.  നായാട്ടും കൃഷിയുമാണ് മുഖ്യജീവനോപാധികൾ. കാർഷികവും ഗാർഹികവുമായ ആവശ്യത്തിനു ധാരാളം കന്നുകാലികളെയും വളർത്തിയിരുന്നു. 'കുടി' എന്ന ധാരാളം വീടുകളടങ്ങിയ ആവാസകേന്ദ്രങ്ങളിൽ കൂട്ടമായാണ് ഇവർ കഴിഞ്ഞിരുന്നത്. ഓരോ കുടിയും സ്വയം സമ്പൂർണ്ണമായിരുന്നു. നിക്ഷിപ്താധികാരങ്ങളുള്ള കുടിമൂപ്പനാണ് നേതാവ്. 2.  ടശിഴ ഗ.ട: 1994, ഠവല ടവലറൗഹലറ ഠൃശയല:െ അി അിവേൃീുീഹീഴശരമഹ ടൗൃ്‌ല്യ ീള കിറശമ, ഛഃളീൃറ ഡിശ്‌ലൃശെ്യേ ജൃല,ൈ ചലം ഉലഹവശ. 3. ഈ രൂപമാണ് ഓലയിൽ കാണുന്നത് വേടൻ വേടവത്തി. 4.  ശാപകാരണം പാട്ടിൽ വ്യക്തമാക്കുന്നില്ല. 5.  കട്ടാരം-അർത്ഥസൂചനയില്ല. 6.  ചൊട്ട-കടാരി 7.  രമേഷ് എം. ആർ: നായാട്ട്- ആദിവാസി ചിത്രകാരന്റെ വര, എഴുത്ത്, ജീവിതം-സാംസ്‌കാരിക പൈതൃകം, പുസ്തകം 2, ലക്കം-9, ഓഗസ്റ്റ് 2008

ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും (ലേഖനം)

മലയാള ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധം
കേരളത്തിൽ പ്രൈമറിതലത്തിൽ പഠിക്കുന്ന ഗോത്ര വിദ്യാർത്ഥികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിനായി ഗോത്രവിഭാഗക്കാരായ അധ്യാപകരെ സ്കൂളുകളിൽ നിയമിക്കു കുകയും അവർ ഗോത്രവിഭാഗക്കാരായ വിദ്യാർത്ഥികളുമായി ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന പുതിയ പശ്ചാത്തലത്തിൽ ഗോത്രവിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിടുന്ന ഭാഷാപ്രശനങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. നാളിതുവരെ കേരളീയ സമൂഹം പരിഗണിക്കാതെപോയ ഗോത്രജനതയുടെ മലയാളഭാഷാപഠനത്തിലെ പ്രതിസന്ധികളാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്. ഗോത്രജനത ഇന്നു മാറ്റത്തിന്റെ പാതയിലാണ്. സാമൂഹിക സാംസ്കാരികതലങ്ങളിലെല്ലാം വലിയ പരിവർത്തനങ്ങൾ ആദിവാസികൾക്കിടയിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. സർക്കാരും സന്നദ്ധ സംഘടനകളും ആദിവാസികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇപ്പോഴുള്ള മാറ്റമെന്നു പറയാം. (ആദിവസിക്കുടികളിലെ പട്ടിണി മരണങ്ങളും ചൂഷണങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതുപറയുന്നത്) സാമൂഹികമായി അവരെ സംസ്കരിച്ചെടുക്കുന്ന പ്രവർത്തനമാണ് ഈ ഏജൻസികൾ നിർവ്വഹിച്ചത്. ഈ പ്രക്രിയയുടെ ഫലമായി തനതു സംസ്കാരവും ജീവിതത്ത നിമയും നഷ്ടമായ ഇവർ ഇന്നു വലിയൊരു സ്വത്വപ്രതിസന്ധിയിലാണ് എത്തി നിൽക്കുന്നത്. ആദിവാസികളുടെ സാംസ്കാരിക നഷ്ടത്തിൽ പ്രധാനപ്പെട്ടത് അവരുടെ ആവാസ വ്യവസ്ഥ യാണ്. കൂട്ടമായി താമസിച്ചിരുന്ന അവരുടെ വാസസ്ഥാനങ്ങൾ പലകാരണങ്ങളാൽ കൈമോശം വന്നിരിക്കുന്നു. സർക്കാർതലത്തിൽ നടപ്പാക്കപ്പെട്ട പല പദ്ധതികളും അവരെ അന്യവൽക്കരിക്കാ നാണ് ഉതകിയത്. കൂട്ടായ്മയുടെ സുരക്ഷിതത്വം മാത്രമല്ല ഇതിലൂടെ അവർക്കു കൈമോശം വന്നത്. പാരമ്പര്യമായി പിന്തുടർന്നുപോന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ തുടങ്ങി സംസ്കാരവും ഭാഷയും ഉൾപ്പെടെ തനിമകൾ എന്നവകാശപ്പെടാവുന്ന സർവ്വവും ഇനിയൊരതിജീവന ത്തിന് അസാധ്യമാംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടത് ആദിവാസി ഭാഷകളാണ്. പുതുതലമുറയ്ക്ക് സ്വന്തം ഭാഷ അന്യമായിരിക്കുന്നു എന്നു തന്നെ പറയാം. അവരെല്ലാം മലയാളം പഠിക്കാനും പറയാനും നിർബ്ബന്ധിക്കപ്പെടുന്നവരാണ്. ഗോത്ര ഭാഷയിൽ സംസാരിക്കുന്ന ഒരുവനോട് ഇതെന്തു ഭാഷ, ഇങ്ങനെയാണോ മലയാളം പറയേണ്ടത് എന്നു ചോദിച്ച് പൊതുസമൂഹ ത്തിലുള്ളവർ കളിയാക്കുമ്പോൾ സ്വന്തം ഭാഷ ഉപേക്ഷിക്കാൻ നിർബന്ധിതരായി തീർന്നിരിക്കുക യാണിവർ. കാരണം പൊതുസമൂഹം അവജ്ഞയോടെയാണ് ആദിവാസി ഭാഷകളെ വീക്ഷിക്കുന്നത്.

മലയാളത്തിൽ അനേകം ഭാഷാഭേതങ്ങൾ സംസാരിക്കുന്നുണ്ട്, പാലക്കാടൻ മലയാളം, കോഴിക്കോടൻ മലയാളം, തൃശൂർ മലയാളം, തിരുവനന്തപുരം മലയാളം അങ്ങനെ നിരവധി പ്രാദേശിക ഭേദങ്ങൾ. ഇവയെല്ലാം മലയാളികൾ അംഗീകരിച്ചിട്ടുമുണ്ട്. കഥകളും കവിതകളും നോവലുകളും ഈ ഭാഷകളിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ആദിവാസി ഭാഷകളൊന്നും തന്നെ പ്രാദേശിക ഭാഷ എന്നനിലയിൽ മുഖ്യധാരയിലേയ്ക്കു കടന്നു വന്നിട്ടില്ല. കാരണം അവയുടെ സൗന്ദര്യമില്ലായ്മയല്ല പകരം കീഴാളത്വമാണ് അവയെ പൊതുവ്യവഹാരത്തിൽ നിന്നു മാറ്റി നിർത്താൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. ആദിവാസി ഭാഷകളെ പൊതുവ്യവഹാരത്തിൽ നിന്ന് മാറ്റിനിർത്തുന്നത് അതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്. കാരണം ഈ ഭാഷകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നുംതന്നെ നടക്കുന്നില്ല എന്നതാണ് പ്രശ്നം. ആദിവാസി ജീവിതം പ്രമേയമാക്കി സാഹിത്യം രചിച്ചവർ ആദിവാസികളുടെ തനതു ഭാഷയല്ല ഉപയോഗിച്ചത്, പകരം ആദിവാസി ഭാഷയും മലയാളവും ഇടകലർത്തിയാണ് പ്രയോഗിച്ചത്. (കെ ജെ ബേബിയുടെ മാവേലിമന്റം ഉദാഹരണം) ഒരു സിനിമയിലാകട്ടെ (ബാംബു ബോയ്സ്) ആദിവാസി ഭാഷയെ വികലമായി ഉച്ചരിച്ച് പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരം അപക്വമായ ഇടപെടലുകളാണ് മുഖ്യധാരയിലേക്കു കടന്നുവരുന്നതിന് ആദിവാസി ഭാഷകൾക്കുള്ള പ്രധാന തടസ്സം.

മലയാളത്തിന്റെ പ്രാചീനത ഇന്നും സംരക്ഷിക്കുന്നത് ആദിവാസി ഭാഷകളാണ്. വിശദമായി പരിശോധിക്കുകയാണെങ്കിൽ പല വാക്കുകളുടെയും പൂർവരൂപം ആദിവാസി ഭാഷകളിൽ നമുക്ക് കാണാൻ കഴിയും. ഉദാ: മലയാളത്തിൽ കൂറ എന്നതിന് മുള്ളക്കുറുമഭാഷയിൽ കൂർവ്വ എന്നാണ് പറയുന്നത്.(ഏ കെ നമ്പ്യാർ) ഇതാണ് മലയാളത്തിന്റെ പൂർവ്വരൂപം. സൂചിക്ക് തൂസി എന്നാണ് പണിയഭാഷയിൽ പറയുന്നത്. പ്രാചീനത തൂസിയ്ക്കാണ്. (ടി ബി വേണുഗോപാലപ്പണിക്കർ) ഇങ്ങനെ മലയാളത്തിലെ പല വാക്കുകളുടേയും പൂർവരൂപം ആദിവാസിഭാഷകളിൽ നമുക്ക് കാണാൻ കഴിയും. പറഞ്ചാളു - അവൾ പറഞ്ഞു, പറാവേൻ - ഞാൻ പറയാം ഇത്തരത്തിൽ പുരുഷ പ്രത്യങ്ങൾ ചേർന്ന രൂപം പണിയഭാഷയിൽ കാണാവുന്നതാണ്. അതായത് മലയാളഭാഷാ പരിണാമത്തിന്റെ അടയാളമായി ഏ ആർ ചൂണ്ടിക്കാണിക്കുന്ന ആറ് നയങ്ങളിലൊന്നാണ് പുരുഷപ്രത്യയ സഹിതമായ രൂപം . ഏ ആറിന്റെ നിരീക്ഷണത്തെ നിരാകരിക്കുംവിധം ആ പ്രത്യയത്തെ പല ആദിവാസി ഭാഷകളും സംരക്ഷിച്ചു നിർത്തിയിരിക്കുന്നു എന്നു ചുരുക്കം.

പഴമയിൽ മാത്രമല്ല സൗന്ദര്യത്തിലും ആദിവാസിഭാഷ മുന്നിലാണ്. ഇതിന് ചില പദങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും അരിക്കല്ല് - ആലിപ്പഴം,( കുറിച്യഭാഷ) കുറുപ്പാട്ടി - പൂമ്പാറ്റ, കൊന്തൻ - ഓന്ത്, കോലിക്കൻ - എട്ടുകാലി,(മുള്ളക്കുറുമഭാഷ ) ബെന്ന് - ശരീരം, കുന്നി - തേനീച്ച, കുടുക – അരിവാൾ, നീരിഞ്ചി - കൊതുക്, സിടിൽ - ഇടിമിന്നൽ, മിന്നു - നക്ഷത്രം, പുല്ലി - വിറക്, കുങ്കായ് - മത്തങ്ങ, കീരാങ്കീരി - ചീവീട്, കൊമ്പെ- മുയൽ, കേല – തുപ്പൽ,( കാട്ടുനായ്ക്കഭാഷ) കിലാടി - ദുഷ്ടൻ, (അടിയഭാഷ) അരിക്കുമ്മായം - ഉപ്പു കൂൺ ഈ പദങ്ങളൊക്കെ ഭാഷാ സൗന്ദര്യത്തേയും ജീവിത ലാളിത്യത്തേയും പ്രതിഫലിപ്പിക്കുന്നവയാണ്. (പണിയഭാഷയിൽ) പോവുക എന്നതിന് പോകിഞ്ചോ എന്നാണ് പറയുന്നത്. 'മോനേ നിന്റെ പേരെന്താണ്? എന്നതിന് 'ചൂച്ചാ നിന്ന പേരെന്തയി' എന്ന് ചോദിക്കാം. വീട് എവിടെയാണെന്ന് അന്വേഷിക്കാൻ 'നിന്ന പിര ഏടെ' എന്നും, എന്നെ ഇഷ്ടമായോ?' എന്നതിന് 'എന്നെ ഇട്ടാത്തോ' എന്നും പറയും. കാട്ടുനായ്ക്ക ഭാഷയിൽ 'നിന്ന എശറുയാന' (നിന്റെ പേരെന്താണ്?) നന്നഗ് നീറ് ബേക്ക് ( എനിയ്ക്കു വെള്ളം വേണം) നാ മനഗ് ഓഗത് (ഞാൻ വീട്ടിലേക്ക് പോകുന്നു) നാ നിന്നെ ഉയ് വത് ഇല്ലെ (ഞാൻ നിന്നെ അടിക്കില്ല) നീ ഗഞ്ചി തിന്റെവ? (നീ ചോറു തിന്നോ?) ഇതുപോലെത്തന്നെ മറ്റാദിവാസി ഭാഷകളിലും ഇത്തരം ലാളിത്യവും താളാത്മകതയും കാണാം. പൊതുധാരണയിൽ ആദിവാസി ഭാഷ കർണ്ണാടക, തമിഴ് , മലയാളം എന്നിവയുടെ സങ്കലനമാണെന്നാണ്. ഈ ധാരണ ഒരു പരിധിയോളം തെറ്റാണ്. ആദിവാസി ഭാഷകളിൽ ഏറിയ പങ്കും മലയാളം തന്നെയാണ്.പണിയ ഭാഷയെക്കുറിച്ച് പഠനം നടത്തിയ പി. സോമശേഖരൻ നായർ പറയുന്നത് പണിയ ഭാഷയിൽ 75% പദങ്ങളും മലയാളം തന്നെയാണെന്നാണ്. ഇവയിലെ മലയാളം 75% എന്നു പറയുമ്പോൾ മറ്റാദിവാസി ഭാഷകളിൽ മലയാളം ഇതിനേക്കാൾ അധികമാണെന്ന് പറയേണ്ടിവരും. മുള്ളക്കുറുമഭാഷ മലയാളത്തിന്റെഒരു ഭേതമാണ്. കുറിച്ച്യഭാഷ മലയാളം തന്നെയെ ന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അടിയ ഭാഷ, ഊരാളിക്കുറുമരുടെ ഭാഷ, കാട്ടുനായ്ക്കരുടെ ഭാഷ ഇവിയിലൊക്കെ കന്നട പദങ്ങൾ ചെറിയ അളവിൽ കാണാം. ബാക്കിയൊക്കെ തനതു പദങ്ങളാണ്, മലയാളത്തിന്റെ ഭേതങ്ങളാണ്. പ്രയോഗത്തിലെ ഊന്നൽ, ഈണം , താളം ഇവയെല്ലാമാണ് മലയാളത്തിൽ നിന്ന് ഗോത്രഭാഷകളെ മാറ്റിനിർത്തുന്ന ഘടകങ്ങൾ.

ഇവയൊക്കെ സൂചിപ്പിക്കുന്നത് ഭാഷ ഒരു സാംസ്കാരികോപാധികൂടിയാണെന്നാണ്. അതിന്റെ പ്രത്യക്ഷമായ പ്രകടനമാണ് ആദിവാസി കലകൾ. തങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ആദിവാസികൾ കലാപ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഈ കലകളുടെ ജീവവായു അവയുടെപാട്ടുകളാണ്. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ആദിവാസികൾക്കുണ്ട്. വൈവിധ്യമാർന്ന പ്രമേയങ്ങളാണ് ഇവയ്ക്കുള്ളത്. ഒരു വിഭാഗത്തിന്റെ പാട്ടുകൾ മറ്റൊരു വിഭാഗം ഉപയോഗിക്കാറില്ല. കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിൽ മാത്രം പിന്നാക്കം പോകുന്നതിന്റെ കാരണമെന്താണ്? വിദ്യാഭ്യാസ മേഖലയിൽ ഗോത്രവിദ്യാർത്ഥികൾ നേരിടുന്ന യഥാർത്ഥപ്രശ്നം ഭാഷപരമാണ്. സ്കൂളിലെത്തുന്നതുവരെ അവരുടേതായ തനതു ഭാഷാലോകത്താണ് ഓരോ കുട്ടിയും വളരുന്നത്. ഒർത്ഥത്തിൽ സ്കൂളിലെത്തുമ്പോഴാണ് അവർ ആദ്യമായി മലയാളം കേൾക്കുന്നത്. യാതൊരു മുന്നൊ രുക്കവുമില്ലാതെയാണ് മലയാളഭാഷാപഠനത്തിന് ഈ കുട്ടികൾ നിർബ്ബന്ധിക്കപ്പെടുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പ്രീ പ്രൈമറി വിദ്യാർത്ഥിക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തുനു നൽകുന്ന അതേ ശ്രദ്ധയും പരിശീലനവും മലയാളം പഠിക്കാൻ ശ്രമിക്കുന്ന ഗോത്രവിദ്യാർത്ഥികൾ ക്കും പ്രൈമറി ക്ലാസുകളിൽ നൽകേണ്ടതാണ്. വാക്കുകളും വാചകങ്ങളും പറഞ്ഞു കൊടുത്ത് പരിചയപ്പെടുത്തി വേണം മലയാളം പഠിപ്പിക്കാൻ. കാരണം ഗോത്ര വിഭാഗം കുട്ടികൾക്ക് തികച്ചും അന്യമായ പുതു ഭാഷയാണ് മലയാളം.

ഊരാളിഭാഷയിൽ 'അമ്മൻ' എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ്. അമ്മ എന്നതിന് 'അബ്ബെ' എന്നും പറയുന്നു. സ്കൂളിൽ വച്ച് അമ്മ എന്ന പദം ആദ്യമായി കേൾക്കുന്ന ഊരാളിവിഭാഗത്തിലെ കുട്ടിക്ക് അമ്മ എന്നതിനു് അച്ഛൻ എന്ന അർത്ഥബോധമാണ് സ്വാഭാവികമായും ഉണ്ടാവുക. അടിയർ അവ്വെ എന്നാണ് അമ്മയെ കുറിക്കാനായി ഉപയോഗിക്കുന്ന വാക്ക്. ഇവിടെയൊരിക്കലും അബ്ബെയ്ക്കും അവ്വെയ്ക്കും സമാനമായ പദമാണ് അമ്മ എന്ന് ഈ വിഭാഗത്തിലെ കുട്ടികൾക്ക് ഒരധ്യാപകനും വിവരിച്ചു കൊടുക്കാറില്ല. പണിയർ അച്ഛൻ എന്ന പദം അവരുടെ സ്വന്തം പിതാവിനെ സംബോധന ചെയ്യാനല്ല. മറിച്ച് ഉയർന്ന ജാതിയിൽപെട്ട പുരുഷന്മാരെ സംബോധന ചെയ്യാനാണ് ഉപയോഗിക്കുന്നത്. ബാരിഞ്ചേ (വാരുക) എന്ന പദം എന്തങ്കിലും വാരുകയല്ല, കൊയ്തിട്ട നെല്ല് വയലിൽ നിന്നും വാരി ജന്മിയുടെ വീട്ടിലെത്തിക്കുന്ന തൊഴിലിനെയാണ് കുറിക്കുന്നത്. നിപ്പുപണെ - അടിമപ്പണിക്കുള്ള കൂലിയാണ്. ഇവിടെ പണം എന്നതിനു ക്രയവിക്രയം ചെയ്യാനുള്ള കാശ് എന്നല്ല പണിയർക്ക് അർത്ഥം, ഒരു വർഷത്തേയ്ക്കുള്ള അടിമപ്പണിയുടെ മുൻകൂർ വിലയാണ്. വീട്ടിലു (വീട്ടിൽ) എന്ന പദം ഇവർ ഉപയോഗിക്കുന്നത് സ്വന്തം വീടിനെ കുറിക്കാനല്ല, ജൻമിയുടെ ഭവനത്തെ സൂചിപ്പിക്കാനാണ്, പാടി എന്നാണ് സ്വന്തം പുരയെ ഇവർ വിശേഷിപ്പിക്കുന്നത് തടെ - കഞ്ഞികുടിക്കാൻ വാഴപ്പോള ചതുരത്തിൽ കെട്ടുന്നത് അതിൽ ഇല വാട്ടിവെക്കും, അതിലാണ് കഞ്ഞിയൊഴിക്കുന്നത്. എന്തിനെയെങ്കിലും തടയാനുള്ളതല്ല ഇവർക്കു തടെ. ഇതുപോലെ ഓരോ മലയാളപദങ്ങളും ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് അന്യമായ അർത്ഥബോധമാണ് ഉണ്ടാക്കുക. കുട്ടികൾക്കു മാത്രമല്ല, മുതിർന്ന വരിലും അർത്ഥബോധം സൃഷ്ടിക്കൽ എളുപ്പമല്ലെന്നതിനുദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. മുമ്പ്, സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് ആദിവാസികളെ പഠിപ്പിക്കുമ്പോൾ പ്രേരക് മാരിലൊരാൾ ഇലയുടെ ചിത്രം കാണിച്ചുകൊണ്ട് ഇല എന്നു പറഞ്ഞുകൊടുത്തപ്പോൾ ആദിവാസികളിലൊരാൾ പറഞ്ഞത്രേ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ് ഇലൈ പോലും". (ചപ്പിന്റെ പടം കാണിച്ചു തന്നു ഇതിന് ഇല എന്നാണണത്രേ പറയുന്നത്) ആദിവാസികൾ ഇല എന്നല്ല, ചപ്പ് എന്നാണു പറയാറ്. ആലിപ്പഴം അരിക്കല്ലാണ്. പഴം പൊളമാണ്. കുട്ടികൾ മക്കയാണ്. എഴുത്ത് ഒള്ളതായി ബെരിയാണ്. പൊതുസമൂഹം ഉപയോഗിക്കുന്ന പദങ്ങളല്ല പൊതുവെ ഗോത്രജനത വ്യവഹരിക്കുന്നത്. ഈ വ്യതിയാനം ഗോത്രവിഭാഗത്തിലെ കുട്ടികൾക്കു വിവരിച്ചു കൊടുത്തെങ്കിൽ മാത്രമേ അവരെ മലയാള ഭാഷാപഠനത്തിനു പ്രാപ്തരാക്കാൻ കഴിയുകയുള്ളൂ. ആദിവാസി ഭാഷകളുടെ മറ്റൊരു പ്രധാന സവിശേഷത പദാദിയിലെ സ്വനിമ മാറ്റമാണ്. വ – ബ, ശ – സ, ശ – ച, സ- ച ഇപ്രകാരമുള്ള സ്വനിമ മാറ്റം കാണാവുന്നതാണ്. വനം - ബനം, വാല് - ബാല്, സ്വാദ് - ചാദ്, വെള്ളം - ബൊള്ളം, സാധിക്കാ - ശാതിക്കാ, സമ്മാനം – ചമ്മാന ഇത്തരത്തിൽ പരസ്പരമുള്ള സ്വനിമ മാറ്റം സംഭവിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് പദാദിയിൽ സ്വരം ചേർക്കുന്നതും. കല്ല് - കെല്ല്, കരി -കെരി സ്വനിമ വ്യതിയാനം വരുന്ന പദങ്ങളധികവും ആദിവാസികളുടേതല്ല, അവ ഏറെയും തൽഭവങ്ങളാണെന്നു കണാവുന്നതാണ്. ഇതിനു കാരണം പരിമിതമായ സ്വനിമങ്ങൾ മാത്രമാണ് ആദിവാസി ഭാഷകളിലുള്ളത്. 22 സ്വനിമങ്ങളാണ് പണിയ ഭാഷയിലുള്ളതെന്ന് പി സോമശേഖരൻ നായർ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ആദിവാസി ഭാഷകളിലും ഇത്രത്തോളം സ്വനിമങ്ങളേ ഉള്ളൂ. പരിമിതമായ സ്വനിമങ്ങൾ ഉപയോഗിച്ച് അന്യഭാഷാപദങ്ങൾ തങ്ങളുടെ തനിമയിലേക്കു സ്വീകരിക്കുകയാണ് ഇവർ പൊതുവെ ചെയ്തിട്ടുള്ളത്. അതിനാലാണ് സ്വനിമ മാറ്റം സംഭവിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യം തന്നെയാണ് പദാദിയിൽ ഏതെങ്കിലും സ്വരം ചേർക്കുന്നതിന്റേയും കാരണം. ഇങ്ങനെയുള്ള ഉച്ചാരണ സന്ദർഭങ്ങളിൽ ആദിവാസികൾ പരിഹാസത്തിന് ഇരയാവുന്നതാണ് പൊതുവെ കാണാൻ കഴിയുക. ക്ലാസ്സ് മുറിയിലാണെങ്കിലും സമൂഹമധ്യത്തിലാണെങ്കിലും ഇവരെ പരിഹസിക്കാനാണ് അധ്യാപകരും സമൂഹവും ഈ സ്വനിമവ്യതിയാനത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ടി. പത്മനാഭന്റെ 'ബാലൻ' എന്ന ചെറുകഥ അധ്യാപകൻ ആദിവാസിക്കുട്ടിയെ ഉച്ചാരണത്തിന്റെ പേരിൽ പരിഹസിക്കുന്നതിന് ഉദാഹരിക്കൻ കഴിയും. വനം എന്നതിനു ബനം എന്ന് എഴുതിയ കുട്ടിയെ പരിഹസിച്ചു ക്ലാസിനു വെളിയിലാക്കുന്ന അധ്യാപകന്റേത് കേവല പരിഹാസം മാത്രമല്ല, കുട്ടിയുടെ വിദ്യാഭ്യാസവും കൂടി ഇല്ലാതാക്കുന്ന തായാണ് കഥയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇതാണ് പച്ചയായ യാഥാർത്യവും. പൊതു സമൂഹം ആദിവാസികളുടെ ഉച്ചാരണഭേതങ്ങളെ പരിഹസിച്ചിട്ടുള്ളത് മറ്റൊരു രീതിയിലാണ്. തങ്ങളുടെ വീടുകളിൽ ക്ലോസറ്റുള്ള കക്കൂസും ട്യൂബ് ലൈറ്റും മറ്റടിസ്ഥാന സൗകര്യങ്ങളും വേണമെ ന്നാവശ്യപ്പെട്ടുകൊണ്ട് പണിയർ നടത്തിയ ഒരു പ്രകടനത്തിലെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: "ബടിബുളാക്കും പിഞ്ഞാണ കക്കൂച്ചും ഞങ്ങക്കും ബേണം ചർക്കാറെ" ഈ മുദ്രാവാക്യത്തെ പരിഹാസ്യമായി വയനാട്ടിൽ അവതരിപ്പിക്കാറുണ്ട്. മുമ്പൊക്കെ വയനാട്ടിലെ മിമിക്രി കലാകാര ന്മാരുടെ ഒരൈറ്റം ഇവരുടെ ഇത്തരം പദങ്ങളെ പരിഹസിക്കലായിരുന്നു. ഇങ്ങനെ പരിഹസിക്കപ്പെ ടേണ്ടതാണോ ആദിവാസിഭാഷകൾ? ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് മനുഷ്യാവകാശങ്ങളെ ഇങ്ങനെ നിർവ്വചിച്ചിരിക്കുന്നു. "എല്ലാമനുഷ്യേരുടേയും അർഹതയായി കരുതെപ്പടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനഷ്യാവകാശം എന്നറിയെപ്പെടുന്നത്. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുമ്പിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ളഅവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്ക പ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ്. എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം" ഇവിടെ പരാമർശിക്കുന്ന മനുഷ്യാവകാശങ്ങളൊന്നും തന്നെ ആദിവാസികൾക്കു ലഭിക്കുന്നില്ല എന്നുള്ളതാണ്. മനുഷ്യാവകാശം വാഗ്ദാനം ചെയ്യുന്ന ആശയ വിനിമയത്തിനുള്ള അവകാശം പോലും ഇവർക്ക് നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ്. എങ്ങനെയെന്നാൽ ആശയവിനിമയത്തിന് അന്യഭാഷയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പൊതു സമൂഹത്തോടു സംവദിക്കേണ്ടി വരുമ്പോൾ, തങ്ങൾക്കു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ, സ്കൂളിൽ, അങ്ങനെ സ്വന്തം വീട്ടിലൊഴികെ മറ്റെല്ലായിടത്തും ആദിവാസികൾ അന്യഭാഷസംസാരിക്കാൻ നിർബന്ധിക്കക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. ഇത്തരമൊരു പ്രതിസന്ധി ഭാഷാന്യൂനപക്ഷങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. എന്തെന്നാൽ എല്ലാവിധ ഭരണഘടനാപമായ പരിഗണനയും അവർക്കു ലഭിക്കുന്നു എന്നുള്ളതാണ് കാരണം. ഇന്ത്യൻ ഭരണ ഘടന മൗലികാവകാശങ്ങൾ വിവരിക്കുമ്പോൾ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങൾ പറയുന്നിടത്ത് ഭരണഘടന ഭാഷാപരമായ ന്യൂനപക്ഷങ്ങളുടെ അവകാശവും അനുശാസിക്കുന്നു. അതിങ്ങനെയാണ് "ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരിൽ ഭിന്നമായ ഒരു ഭാഷയോ, ലിപിയോ സംസ്കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്". മറ്റൊന്ന് "ഒരു മുൻസിപ്പൽ ടൗണിലോ, അതല്ലാത്ത പ്രദേശത്തോ 15 ശതമാനം ആളുകൾ വ്യത്യസ്ഥമായ മാതൃഭാഷ ഉപയോഗിക്കുന്നുണ്ടങ്കിൽ ആ പ്രദേശത്തെ ഭാഷാന്യൂനപക്ഷ പ്രദേശമായി കണക്കാക്കണമെന്നാണ് നിലവിലുള്ള നിയമം" വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കുവേണ്ടി തമിഴ്, കന്നട മീഡിയം സ്കൂളുകളുണ്ട്. പക്ഷേ കേരളത്തിലെവിടയും ആദിവാസിഭാഷ മാധ്യമായി സ്വീകരിച്ചിട്ടുള്ള ഒരു സ്കൂൾ പോലുമില്ല. ആദിവാസി പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലോ ആദിവാസി മേഖലകളായ അട്ടപ്പാടി, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ഒരിടത്തുപോലും ആദിവാസി ഭാഷകളിൽ പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്ല. കേരളത്തിലെ ജനസംഖ്യയുടെ 1.45 ശതമാനം അതായത് 484839ആണ് ആദിവാസി ജനസംഖ്യ. ഇവരിൽ സാക്ഷരരായവർ 75.8 ശതമാനമാണ്. ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന വയനാട്ടിലെ ആദിവാസി ജനസംഖ്യ 151443. മൊത്തം ജനസംഖ്യയുടെ 18.53 ശതമാനമാണിത്. അതേ സന്ദർഭത്തിൽ ഇവിടുത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ എണ്ണം ഒരുശതമാനത്തിൽ താഴെയാണ്. എങ്കിലും അവർക്കായി തമിഴ് മീഡിയം സ്കൂളുകളുണ്ട്. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം, എണ്ണമല്ല മറ്റുചില താൽപര്യങ്ങളാണ് ഗോത്രവിദ്യാർത്ഥികളെ നിർബന്ധിച്ചു മലയാളം പഠിപ്പിക്കുന്നതിനു പിന്നിലെ രാഷ്ട്രീയമെന്ന്. വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിതയെ മുൻനിർത്തിയാണ് നാം പലപ്പോഴും മാതൃഭാഷയെ നിർവ്വചിക്കാറുള്ളത്.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ
പഠനമാധ്യമം എന്തായിരിക്കണമെന്ന് ഈ കവിത ഓർമ്മപ്പെടുത്തുന്നതിങ്ങനെയാണ്.
ഏതൊരു കാവ്യവുമേതൊരുശാസ്ത്രവും
ഏതൊരു വേദവുമേതൊരാൾക്കും
ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ
 വൿത്രത്തിൽ നിന്നുതാൻ കേൾക്കവേണം.

പഠന മാധ്യമം മാതൃഭാഷയിലായിരിക്കണമെന്ന ആധുനികമായ കാഴ്ചപ്പാടിനു തുല്യമാണ് വള്ളത്തോൾ മുന്നോട്ടുവയ്ക്കുന്ന ആശയവും. ശാസ്ത്രമായാലും സാഹിത്യമാണെങ്കിലും തത്വചിന്ത യാണെങ്കിലും ആശയഹ്രഹണത്തിന് അത് മാതൃഭാഷയിൽത്തന്നെ പഠിക്കണമെന്നാണ് കവിത ഓർമ്മപ്പെടുത്തുന്നത്. വിദ്യാഭ്യാസ അവകാശം നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലും പഠന മാധ്യമം മാതൃഭാഷയാക്കേണ്ടതാണ്. എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിയമം അനുശാസിക്കുന്നത്. അതായത് അധ്യാപകന്റെ വിനിമയഭാഷയല്ല കുട്ടികളുടെ വ്യവഹാര ഭാഷയായിരിക്കണം സ്കൂളുകളിലെ പഠന മാധ്യമം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പു നൽകുന്നത്. ഇത്രത്തോളം അവകാശം കുട്ടികൾക്കു വിദ്യാഭ്യാസനിയമം നൽകു മ്പോഴാണ് ഗോത്രവിദ്യാർത്ഥികൾ മാതൃഭാഷയല്ലാത്ത മലയാള മാധ്യമത്തിൽ പഠിക്കാൻ നിർബന്ധിക്കപ്പെടുന്നത്. അതിലുപരി ഈ വിഭാഗം വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ ഇല്ലാ എന്നുള്ളതാണ് യാഥാർത്ഥ്യം.ഇവിടെയാണ് മനുഷ്യാവകാശ ധ്വംസനം നടക്കുന്നത്. മനുഷ്യാവകാശധ്വംസനം "മനഷ്യാവകാശധ്വംസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും അടിസ്ഥാന പരരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണ്". ഇത് 11 ഇനങ്ങളായി ഐക്യരാഷ്ട്രസഭ നിർവ്വചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ പരാമർശിക്കുന്നു. 1.ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ, ജാതിയിലോ, വിഭാഗത്തിലോ ഉൾപ്പെട്ട ഒരാൾക്ക്, ഒരു സാധാരണ പൗരനു ലഭിക്കേണ്ടതായ പരിഗണനകളിൽ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാത്ത അവസ്ഥ 2.വിദ്യാഭ്യാസം നിഷേധിക്കപ്പെടുക സാധാരണ പൗരന് ലഭിക്കുന്ന പരിഗണനകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷ സംസാരിക്കാനും മാതൃഭാഷയിൽ പഠനം നടത്താനുമുള്ള അവകാശം. മാതൃഭാഷയിൽ ആദിവാസികൾ സംസാരിക്കുന്നത് അവരുടെ കുടികളിൽ അവരുടെ കൂട്ടായ്മയിൽ മാത്രമാണ്. പൊതുസമൂഹത്തോട് സംവദിക്കുന്നത് മലയാളത്തിലാണ്. ഇതിന്റെ മറ്റൊരു വശമാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. പ്രായോഗികതലത്തിൽ ഒരു ആദിവാസിക്കുട്ടിക്കുപോലും വിദ്യാഭ്യാസം നിഷേധിക്കുന്നില്ലെന്നു പറയാം. വിദ്യാഭ്യാസവകുപ്പിന്റെ രേഖകൾ പ്രകാരം അഞ്ചുവയസ്സു കഴിയുന്ന എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നു. കുറേക്കാലം അവർ ക്ലാസുകളിൽ ഇരിക്കുന്നു പിന്നെ പതുക്കെ പഠനം നിർത്തുന്നു. മലയാളവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നവർ മാത്രം പഠനം പൂർത്തിയാക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആദിവാസി സമൂഹത്തിൽ വളരെ കുറവാണെന്നുകാണാം. മാതൃഭാഷയിൽ പഠിക്കാൻകഴിയാത്തതാണ് വലിയൊരളവോളം ഇതിന്റെ കാരണം. ഇവിടെ മാതൃഭാഷയുടെ നിഷേധവും വിദ്യാഭ്യാസം നിഷേധിക്കുന്നതും ഒന്നുതന്നെ എന്നുപറയാം. കാരണം ലോകബോധത്തെ രൂപപ്പെടുത്തുന്നത് മാതൃഭാഷയാണ്. ലോകബോധത്തിന്റെ വളർച്ച തിരിച്ചറിയപ്പെടുന്നതും ആവിഷ്കരിക്കുന്നതും മാതൃഭാഷയിലൂടെയാണ്. ചിന്തയുടെമാധ്യമം, അപഗ്രഥനത്തിന്റെമാധ്യമം എന്നൊക്കെ വിശേഷിപ്പിക്കുന്നത് മാതൃഭാഷയെ ആണ്. ചിന്തിച്ചും അപഗ്രഥിച്ചുമാണ് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നത്. മാതൃഭാഷയിലല്ലാതെ പഠിക്കേണ്ടിവരുന്നതുകൊണ്ടാണ് ചിന്താശേഷിയും പ്രതികരണവും കുറഞ്ഞവരായി ഇവർ മാറുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിനും അവർ നേടുന്ന വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ടാണ് ഭാഷാതലത്തിൽ മനുഷ്യാവകാശധ്വംസനം ആദിവാസികൾക്കിടയിൽ നടക്കുന്നു എന്നു പറയേണ്ടിവരുന്നത്. സ്കൂളുകളിൽ, ഗോത്രവിദ്യാർത്ഥികളെ അവരുടെ മാതൃഭാഷകളിൽ പഠിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഒരിക്കലും ക്ലാസ്സ് മുറികളിൽ അതിനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്നു മാത്രമല്ല, മലയാളം മനസ്സിലാകാത്ത ഗോത്ര വിദ്യാർത്ഥികളെ പരിഹസിക്കാനാണ് പലപ്പോഴും അധ്യാപകർ മുതിരാറ്. മനസിലാകാത്ത ഭാഷാലോകവും പരിഹാസവുമാണ് ക്ലാസ് മുറികളിൽ ഗോത്രവിദ്യാർത്ഥികളുടെ ഒറ്റപ്പെടലിന്റേയും തുടർന്നുള്ള കൊഴിഞ്ഞുപോക്കിന്റെയും യഥാർത്ഥ കാരണം. കഴിഞ്ഞവർഷം വയനാടു ജില്ലയിൽ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം SSAയുടെ കണക്ക് പ്രകാരം 1185 അണ്. ദേശീയ തലത്തിൽ കൊഴിഞ്ഞുപോക്കിന്റെ കണക്ക് ഇങ്ങനെയാണ്. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന 100 കുട്ടികളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നത് 13.9 ശതമാനം മാത്രമാണ്. കേരളത്തിൽ 50 ശതമാനത്തിനു മുകളിൽ കുട്ടികൾ +2പഠനം പൂർത്തിയാക്കുന്നുണ്ടെന്നു പറയാം. ഇത്തരം കൊഴിഞ്ഞുപോക്കിനു പരിഹാരം കാണണമെങ്കിൽ ആദിവാസി സംസ്കാരവും കലകളും സാഹിത്യവും ഭാഷയും ക്ലാസ് മുറികളിലെങ്കിലും അവഗണിക്കപ്പെടുന്നില്ലെന്നും ആക്ഷേപത്തിനിരയാകുന്നില്ലെന്നും ഉറപ്പുണ്ടായാൽ മതി. അതിനു മുൻകൈയ്യെടുക്കേണ്ടവർ അധ്യാപകർ തന്നെയാണ്. ആദിവാസിക്കഥകളും പാട്ടുകളും ഭാഷയും ക്സാസ് മുറിയിൽ മുഴങ്ങുമ്പോൾ തന്റേതായ ഇടം ഉപേക്ഷിച്ചോടിപ്പോകാൻ ഒരു ഗോത്രവിദ്യാർത്ഥിയ്ക്കും കഴിയില്ല. അതിനുള്ള സാഹചര്യമാണ് ഗോത്രവിദ്യാർത്ഥികൾക്കായി ഒരുക്കേണ്ടത്. ആദിവാസി കുട്ടികൾക്കായി മാത്രം നടത്തുന്ന MRS സ്കൂളുകളിൽ പോലും അവിടുത്തെ വിദ്യാർത്ഥികളുടെ ഭാഷയിലല്ല പഠിപ്പിക്കുന്നത്. പകരം അധ്യാപകന്റെ ഭാഷയിലാണ്. കുറഞ്ഞത് പ്രൈമറി തലത്തിലെങ്കിലും ഗോത്രവിദ്യാർത്ഥികളെ അവരുടെ ഭാഷയിൽ പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടാകണം. എങ്കിലെ ആദിവാസി ക്ഷേമത്തിനായി മുടക്കുന്ന കോടികൾകൊണ്ട് അവർക്കു പ്രയോജനം ഉണ്ടാവുകയുള്ളു. ഈയൊരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള സന്മനസ് ഗോത്രബന്ധു അധ്യാപകർ പ്രകടിപ്പിച്ചാൽ മാത്രമേ ഗോത്രബന്ധു എന്ന് അവരെ വിശേഷിപ്പിക്കാൻ കഴിയൂ.


"https://schoolwiki.in/index.php?title=കെ._കെ._ബിജു&oldid=1940052" എന്ന താളിൽനിന്ന് ശേഖരിച്ചത്