എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 2021 -22 ലെ പ്രവർത്തനങ്ങൾ
- 2022 -23 ലെ പ്രവർത്തനങ്ങൾ
2022 -23 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
'ഈ വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ തീർത്ത പന്തലിൽ വച്ചുകൊണ്ട് രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ചു. പ്രവേശന ഉത്സവം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിസാമോൾ ഷാജി ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ നവാഗതരായ എത്തിയ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നിർവഹിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുബൈർ സിഎം സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി. പിടിഎ പ്രസിഡണ്ട് ജിതേഷ് ഗോപാലൻ എം പി ടി എ പ്രസിഡണ്ട് റീന ഷാജി , ശാഖാ പ്രസിഡണ്ട് ശ്രീ എൻ ആർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.'
വയോജന ചൂഷണ വിരുദ്ധ ദിനം
നമ്മുടെ കൂട്ടത്തിൽ പ്രായമായവരെയും വൃദ്ധജനങ്ങളെയും നമ്മോടൊപ്പം ചേർത്തുപിടിക്കേണ്ടതാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകുന്നതിനായി വയോജന ചൂഷണ വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ അരുൺ ജോസ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദൈനംദിനം നമ്മുടെ കേരളത്തിൽ വളർന്നുവരുന്ന വൃദ്ധസദനങ്ങളും അവിടെ നമ്മുടെ പ്രായമായ രക്ഷിതാക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റിയും അവരെ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി കുട്ടികൾക്ക്വിശദീകരിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് രാവിലെ സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി, കരിമണ്ണൂർ എസ്എൻഡിപി ശാഖാ വൈസ് പ്രസിഡന്റ് ശ്രീ എൻ ആർ ചന്ദ്രശേഖരൻ, കമ്മറ്റി അംഗം ബാബുരാജ് സാർ തുടങ്ങിയവർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മാനേജർ വി എൻ രാജപ്പൻ ചേട്ടൻ സ്കൂൾ അങ്കണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു. കുട്ടികൾ കണ്ടും കേട്ടും പ്രകൃതിയോട് ഇണങ്ങി ആസ്വദിച്ചു പഠിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി കൃഷിസ്ഥലം സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തുകയും ചെയ്തു. കരിമണ്ണൂർ പഞ്ചായത്തിലെ മികച്ച കർഷകനും സ്കൂൾ മാനേജറുമായ വി എൻ രാജപ്പൻ ചേട്ടന്റെ കൃഷിസ്ഥലം സന്ദർശിച്ച് കൃഷിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾ അദ്ദേഹവുമായി ചോദിച്ചറിഞ്ഞു. കൂടാതെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്
നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി പിടിഎ എം പി ടി എ എസ് ആർ ജി തുടങ്ങിയ സപ്പോർട്ടിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2022 ജൂൺ 20ന് നടന്ന ജനറൽ പിടിഎയിൽ ശ്രീ മനോജ് വി കെ പി ടി എ പ്രസിഡന്റായും , കൃഷ്ണകുമാർ വൈസ് പ്രസിഡന്റായും രവി പി യെ, സിബി സേവിയർ രാജേഷ് രാജു ഷിബു ജോസ് ഷിജു ആന്റണി ജോബിൻ ചന്ദ്രലേഖ സൗമ്യ സുമേഷ് റജീന അനസ് ജിതേഷ് ഗോപാലൻ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ തന്നെ എം പി ടി എ പ്രസിഡന്റായി തസ്നി ശരീഫിനെയും വൈസ് പ്രസിഡണ്ടായി ബിജി സാജുവിനെയും അംഗങ്ങളായി മാരിയത്ത് ഷമീർ, ബുഷ്റ ഷിയാസ്,അനുസിബി,അനിത,പി കെ റീന ഷാജി, സൗമ്യ ബിനു,ജോയ്സി സനോജ്,റെജീന സുബൈർ,ബിനുജ നവാസ് എന്നിവരെയും തിരഞ്ഞെടുത്തു. പിടിഎ എം പി ടി എ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അക്കാദമിക രംഗത്തും സ്കൂൾ കാർഷിക രംഗത്തും ഭൗതിക രംഗത്തും മറ്റു മേഖലകളിലും സുത്യർഹമായ നിരവധി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.
Every Tuesday 2 Rupees challenge
പരസ്പരം സ്നേഹവും അനുകമ്പയും കുറഞ്ഞ് തന്നിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന ലോകത്ത് വിശ്വമാനവികൻ എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന മഹത്തരമായ ആശയത്തെ കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് Every Tuesday 2 Rupees challenge
ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ച് എല്ലാ ചൊവ്വാഴ്ച്ച ദിവസവും രണ്ട് രൂപാ വീതം കുട്ടികളും അധ്യാപകരും സ്കൂളിൽ സജ്ജമാക്കിയ ചലഞ്ച് ബോക്സിൽ നിക്ഷേപിക്കും. വർഷാവസാനം സ്കൂളിൽ നിന്നും അർഹയായ ഒരു കുട്ടിക്ക് നറുക്കെടുപ്പിലൂടെ ഈ പണം ഉപയോഗിച്ച് ഒരു പെൺ ആട്ടിൻകുട്ടിയെ വാങ്ങി നൽകും. ആ ആടിന് ഉണ്ടാകുന്ന ഒരു കുഞ്ഞിനെ തിരികെ നൽകണം . ഓരോ വർഷവും കൂടുതൽ കുട്ടികൾക്ക് ഇങ്ങനെ ആട്ടിൻ കുട്ടിയെ നൽകാനാകും .
ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
അമ്മയ്ക്കൊരു അടുക്കളത്തോട്ടം പദ്ധതി
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്കൊരു അടുക്കളത്തോട്ടം സ്കൂളിലൊരു പച്ചക്കറിത്തോട്ടം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്നും കരിമണ്ണൂർ കൃഷിഭവൻ്റെ സഹായത്തോടെ വിത്തുകൾ വിതരണം ചെയ്‌തു. ഏറ്റവും നല്ല അടുക്കളത്തോട്ടത്തിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സ്കൂൾ വാർഷികത്തിൽ വിതരണം ചെയ്യും.
കൃഷിയെ ഒരു സംസ്കാരമായി കാണുക എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പ്രധാനപ്പെട്ട മൂല്യങ്ങൾ ഉറപ്പിക്കാൻ കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിഷമയമായ പച്ചക്കറികൾ തീവില കൊടുത്ത് വാങ്ങുന്ന കുടുബങ്ങൾക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിലൂടെ ഒരു പരിഹാരം കാണാൻ കഴിയുമെന്നും ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ഉദ്ഘാടനം നിർവഹിച്ച കരിമണ്ണൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി .റാണി ജേക്കബ് പറഞ്ഞു.
സ്റ്റാഫ് സെക്രട്ടറി ശ്രീ.സുബൈർ CM സ്വാഗതം ആശംസിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ദിവ്യഗോപി നന്ദിരേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻ്റ് ശ്രീ.മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാമോൾ ഷാജി അബ്ദുൾ കരീം നൈനുകന്നേൽ , മൈതിൻ പുല്ലോളിൽ എനവർ അശംസകൾ നേർന്നു
വാട്ടർ ബെൽ
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ വാട്ടർ ബെൽ സംവിധാനം നടപ്പിലാക്കി. കുട്ടികളെ വെള്ളം കുടിക്കാൻ ഓർമ്മപ്പെടുത്താൻ ദിവസത്തിൽ മൂന്ന് പ്രാവശ്യം ഈ ബെൽ മുഴക്കും. ശരീരത്തിൽ ജലാംശവും ആരോഗ്യവും നിലനിർത്താൻ പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വാട്ടർ ബെൽ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
ആവശ്യമായ വെള്ളം കുട്ടികൾ കുടിക്കാത്തത് കാരണം. തലവേദന, നിർജ്ജീകരണം ,മൂത്രാശയ അന്ന ബാധ, വൃക്കയിലെ കല്ല് തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നു എന്ന പഠനത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
മുതലക്കോടം ഹോളി ഫാമിലി നേഴ്സിംഗ് കോളേജ്, കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് ഡിപ്പാർട്ട്മെൻ്റ് അസോസിയേറ്റ് പ്രൊഫസർ ശ്രീമതി: സാലി അഗസ്റ്റിൻ വാട്ടർ ബെൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ മാനേജർ ശ്രീ: വി.എൻ രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും, ആരോഗ്യ ക്ലബ്ബ് കൺവീനർ ശ്രീ: അരുൺ ജോസ് നന്ദിയും രേഖപ്പെടുത്തി.
വേൾഡ് കോക്കനട്ട് ഡേ
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ലോക നാളികേര ദിനാചരണത്തിൻ്റെ ഉദ്ഘാടനം നടത്തി. തൊടുപുഴ റോട്ടറി ക്ലബ്ബ് മുൻ പ്രസിഡൻ്റ് ശ്രീ: ജോസഫ് ലൂക്കോസ് പോത്തൻ പറമ്പിൽ സ്കൂൾ അങ്കണത്തിൽ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീമതി ബീനാ കുരുവിള (റിട്ടയേർഡ്: ബി എസ് എൻ എൽ എഞ്ചിനീയർ ) സരളാദേവി ടീച്ചർ (റിട്ട: അദ്ധ്യാപിക ) സ്കൂൾ ഹെഡ്മിസ്ട്രസ്സ് ദിവ്യാ ഗോപി എന്നിവർ നാളികേര ദിനാചരണത്തിൻ്റെ പ്രസക്തിയെ പറ്റി സംസാരിച്ചു.
ജൂലൈ 12 മലാല ദിനം
മലാല യൂസുഫ് സായി എന്ന പെൺകുട്ടി നേരിട്ട പ്രയാസങ്ങൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാല നടത്തിയ പ്രസംഗത്തിൻ്റെ ഉള്ളടക്കം കുട്ടികൾക്ക് വിശദീകരിച്ചു. പെൺകുട്ടികളോട് ഇനിയും മാറേണ്ട കാഴ്ച്ചപ്പാട് എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ഇലയറിവ് മഹോത്സവം
കരിമണ്ണൂർ കൃഷിഭവൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയാണ് ഇയറിവ് മഹോത്സവം. കർക്കിടമാസത്തിൽ ഇലക്കറികളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് ഇലയറിവ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ വ്യത്യസ്ത ഇലകളുടെ പ്രദർശനം ഒരുക്കി. ഔഷധ ഇലകളുടെയും ആഹാരമായി ഉപക ഉപയോഗിക്കുന്ന ഇലകളുടെയും പ്രദർശനം വേർതിരിച്ചാണ് നടത്തിയത്. കരിമണ്ണൂർ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ടെലസ് കുര്യൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പത്തിലക്കറികളുടെ മഹാത്മ്യം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തിലക്കറി തോരൻ ഉണ്ടാക്കി നൽകുകയും ചെയ്തു.
പിടിഎ പ്രസിഡണ്ട് മനോജ് വികെ അധ്യക്ഷനായ യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണിയ ജോബിൻ വാർഡ് മെമ്പർ നിസാ മോൾ ഷാജി, കരിമണ്ണൂർ കൃഷിഭവൻ ഓഫീസർ റെജി ജോൺസൺ കൃഷി അസിസ്റ്റന്റ് മാരായ അനില അനിൽ വിനീത എന്നിവർ സംസാരിച്ചു. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു.
വേൾഡ് നേച്ചർ ഡേ
വേൾഡ് നേച്ചർ ഡേ യോട് അനുബന്ധിച്ച് സ്കൂളിൽ പച്ചക്കറിത്തോട്ട നിർമ്മാണ ഉദ്ഘാടനം, ഫ്ലാഷ് മോബ്, തൊമ്മൻകുത്ത് എക്കോട്ടോറിസം ക്ലീനിങ്, നാട്ടുമാവ് നടീൽ തുടങ്ങിയ പരിപാടികൾ നടത്തി.
ജൂലൈ 28 രാവിലെ 10 മണിക്ക് കരിമണ്ണൂർ ടൗണിൽ കുട്ടികൾ ഫ്ലാഷ് മോബ് നടത്തി. നേച്ചർ ഡേ യുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലീഡർ ചെയ്യാമോൾ ഷാജി, ശ്രീയ പി രമേശ് എന്നിവർ സന്ദേശം നൽകി. കരിമണ്ണൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും യാത്രക്കാർക്കും ലഘുലേഖകൾ വിതരണം ചെയ്തു.
സത്യമേവ ജയതേ
നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെ യും കുട്ടികൾക്കായി സത്യമേവ ജയതേ പരിപാടി സംഘടിപ്പിച്ചു. വ്യാജവാർത്തകൾക്കെതിരെ കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സത്യമേവ ജയതേ സ്കൂളിൽ സംഘടിപ്പിച്ചത്. വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കുട്ടികൾക്ക് വിവിധ തെളിവുകളിലൂടെ ടീച്ചർ സുമി പി രാമചന്ദ്രൻ പരിചയപ്പെടുത്തി.
ലഹരി വിരുദ്ധ ക്യാമ്പയിൻ
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ടു കൊണ്ട് വിവിധ പരിപാടികൾ നടത്തി. രാവിലെ 10 മണിക്ക് ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശവും, ബഹു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകളുടെ സന്ദേശവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പ്രദർശിപ്പിച്ചു.
ശേഷം ലഹരി വിരുദ്ധ ക്യാമ്പയിന്റെ സ്കൂൾതല ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡൻ്റ് ശ്രീ . മനോജ് വി.കെ അധ്യക്ഷനായിരുന്ന യോഗത്തിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി യോഗം ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി തസ്നി ഷെരീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്വാഗതം ആശംസിക്കുകയും സി എം സുബൈർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ശ്രീ. അരുൺ ജോസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളേയും ഉൾപ്പെടുത്തി സ്കൂൾ പരിസരങ്ങളിലും കോളനികളിലും ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ചുറ്റുപാടുമുള്ള വീടുകളിലും കടകളിലും എക്സൈസ് വകുപ്പ് നൽകിയ ലഘുലേഖകൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററുകൾ നെയ്യശ്ശേരി കവലയുടെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു.
ശേഷം രക്ഷിതാക്കൾക്കും കുട്ടികൾക്കും ആയി അധ്യാപക പ്രതിനിധി അരുൺ ജോസ് ബോധവൽക്കരണ ക്ലാസ് നടത്തി. ജന ജാഗ്രതാ സഭ രൂപീകരിച്ചു ചെയർമാനായി യോഗം ശ്രീ. ശുക്കൂർ പടത്തനാടനെ തിരഞ്ഞെടുത്തു. അടുത്തയാഴ്ച്ച യോഗം ചേർന്ന ശേഷം ചുറ്റുപാടുമുള്ള പ്രശ്നങ്ങളെ പറ്റി പഠിക്കാനും അധികാരികളുമായി ചേർന്ന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
കലോത്സവ വേദിയിൽ സീഡ് ബോൾ വിതരണം
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിലെ നീർമാതളം സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച 150 ഡീസ് ബോളുകൾ ഇടുക്കി ജില്ലാ റവന്യൂ കലോത്സവ നഗരിയിൽ വിതരണം ചെയ്തു. മൂന്നാം ദിവസം കലോത്സവ വേദിയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാടോടി നൃത്തം അവതാരകർക്കാണ് അംഗങ്ങൾ വിത്തുകൾ വിതരണം ചെയ്തത്. വിത്ത് വിതരണത്തിലും. ജൈവ വൈവിധ്യ സംരക്ഷണത്തിലും പൂർവ്വകാലങ്ങളിൽ നാടോടികൾ വഹിച്ച അവിസ്മരണീയമായ പങ്കിനെ സ്മരിക്കുന്നതിനായിട്ടാണ് നാടോടി നൃത്തവേദി തന്നെ സീഡ് ക്ലബ്ബ് അംഗങ്ങൾ തിരഞ്ഞെടുത്തത്.
തുടർന്ന് വരുന്ന ദിവസങ്ങളിലായി ആയിരം സീഡ് ബോളുകൾ വിതരണം ചെയ്യാനാണ് അംഗങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്.
ഓണാഘോഷം
ഈ വർഷത്തെ ഓണത്തിനോട് അനുബന്ധിച്ച് വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി അത്തപ്പൂവിടൽ മത്സരവും മലയാളി മങ്കമത്സരവും മലയാളി മന്നൻ മത്സരവും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി കസേരകളി കുപ്പിയിൽ വെള്ളം നിറക്കൽ മത്സരവും സംഘടിപ്പിച്ചു. വിശിഷ്ടാതിഥികളായി റെക്കോർഡ് ഡെപ്യൂട്ടി കളക്ടർ എൻ ആർ നാരായണൻ റിട്ടയേർഡ് ബിഎസ്എൻഎൽ അസിസ്റ്റന്റ് എൻജിനീയർമാരായ ബീന കുരുവിള, ജോസഫ് ലൂക്കോസ് പോത്തൻപറമ്പിൽ എന്നിവർ സംബന്ധിച്ചു. ഉച്ചയ്ക്ക് ഓണസദ്യയും പായസവും വിതരണം ചെയ്തു.. സദ്യയിൽ പൂർവ്വ വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ പങ്കെടുത്തു.
ഭിന്നശേഷി ദിനാചരണം
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പെൻസിൽ ഷാജിക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും
നൽകി. കുട്ടികളും അധ്യാപകരും പെൻസിൽ ഷാജിയുടെ വീട്ടിലെത്തിയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. സമ്മാനങ്ങൾ വിതരണം ചെയ്യാൻ എത്തിച്ചേർന്ന കുട്ടികൾക്ക് തൻസിൽ ഷാജി മനോഹരമായ ഗാനം ആലപിച്ചു നൽകി.