ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 7 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ) (→‎പ്രകൃതിസംരക്ഷണ യജ്ഞം - ഒന്നാം ഘട്ടം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതിസംരക്ഷണ യജ്ഞം - ഒന്നാം ഘട്ടം


പ്രകൃതിസംരക്ഷണത്തിനായി പ്രതിജ്ഞ ചെയ്ത് രൂപീകരിച്ച പ്രകൃതിസംരക്ഷണ സേനയിലെ അംഗങ്ങളാണ് കുട്ടികളും അധ്യാപകരും ഉൾപ്പടെയുള്ള സ്കൂളിലെ അംഗങ്ങളെല്ലാവരും. ജൈവ വൈവിധ്യങ്ങളുടെ കലവറയായ രണ്ട് കാവുകൾ സ്കൂൾ കാമ്പസിൽ സംരക്ഷിക്കപ്പെടുന്നു. ആഞ്ഞിലി ,കരിന്തോട്ട, പുലരി, പൈൻ, മുതലായവ ഉൾപ്പെടെയുള്ള വൃക്ഷലതാദികളാൽ സമ്പന്നമായ ആദ്യത്തെ കാവും; പുളി, പന, പുന്നമരം, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളാൽ സമ്പന്നമായ രണ്ടാമത്തെ കാവും നിരവധി ജീവജാലങ്ങളുടെ വാസസ്ഥലമാണ്. ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, സ്കൂളിലെ കാവുകളേയും, അവിടുത്തെ ആവാസ വ്യവസ്ഥയെയും, മറ്റു വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാദിവസവും രാവിലെ പഠനം ആരംഭിക്കുന്നതിനു മുൻപായി കുട്ടികൾ കാവിലെ ചെറു ജീവികൾക്കും, പക്ഷികൾക്കും ചിരട്ടകളിൽ വെള്ളവും ഭക്ഷണവും, നൽകുകയും. കിളികൾക്ക് കുളിക്കുവാനായി മൺപാത്രങ്ങളിൽ വെള്ളം നിറച്ച്  വയ്ക്കുകയും ചെയ്യുന്നത് വേറിട്ട ഒരു കാഴ്ചയാണ് .


ക‍ുട്ടികൾ പക്ഷികൾക്ക‍ും,ചെറ‍ുജീവികൾക്ക‍ുമായി ഭക്ഷണവ‍ും,വെളളവ‍ും ചിരട്ടകളിൽ നൽക‍ുന്ന‍ു


ഈ കാവുകൾക്ക് പുറമേ, മാവ്, പ്ലാവ്, പേര, പറങ്കിമാവ് എന്നിവ ഉൾപ്പടെയുള്ള വ്യത്യസ്തങ്ങളായ മരങ്ങളും, നിരവധി ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന സമ്പന്നമായ സസ്യജാലവും സ്കൂളിന് കിട്ടിയ വരദാനമാണ്. സ്കൂളിലെ മരങ്ങളുടെയും, ചെടികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും, ഓരോ മരവും, ഓരോ ചെടിയും ഈ പ്രകൃതിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണ് എന്ന യാഥാർത്ഥ്യം വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുവാനുള്ള പ്രവർത്തനങ്ങളും പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ നടത്തിവരുന്നു


ജൈവ വൈവിധ്യ രജിസ്‍റ്റർ


ജൈവ പച്ചക്കറിക്ക‍ൃഷി പ്രോത്സാഹിപ്പിക്കുക, രാസവളങ്ങളുടെയും, രാസകീടനാശിനികളുടെയും ഉപയോഗം തടയുക, അവയുടെ ദോഷവശങ്ങളെപ്പറ്റി മറ്റുള്ളവരെ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. മണ്ണിന്റെയും, മനുഷ്യന്റെയും ആരോഗ്യത്തെയും ഒരേപോലെ ബാധിക്കുന്ന ദോഷകരമായ കൃഷി രീതികൾ ഒഴിവാക്കിക്കൊണ്ട്, ശുദ്ധമായ പച്ചക്കറി എങ്ങിനെ കൃഷി ചെയ്യാം എന്ന സന്ദേശം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കാൻ പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ സ്കൂളിന് സാധിക്കുന്നുണ്ട്.


ജൈവ ക‍ൃഷി


പ്രകൃതിസംരക്ഷണവുമായി ബന്ധമുള്ള ദിനാചരണങ്ങളെല്ലാം തന്നെ സ്കൂളിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്താറുണ്ട്. ജൈവ,അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുക, പ്ലാസ്റ്റിക് ,ഇലക്ട്രോണിക് മാലിന്യങ്ങൾ പ്രകൃതിക്ക് ദോഷം ഉണ്ടാകാത്ത തരത്തിൽ സംസ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി തീരുവാൻ പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അംഗങ്ങൾ ശ്രമിക്കുന്നു.


പ്ലാസ്‍റ്റിക് നിർമാർജ്ജനം, ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കൽ, ബോധവത്ക്കരണം


സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണിയിൽ തുടങ്ങി; നിരവധി പ്രവർത്തനങ്ങളിലൂടെ അമൂല്യമായ ശുദ്ധജലം പാഴാക്കി കളയാതെ ശേഖരിച്ചു വയ്ക്കുന്നത് പ്രകൃതിയിൽ ജീവന്റെ നിലനിൽപ്പിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് സ്വയം മനസ്സിലാക്കുവാനും, മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.


മഴവെളളസംഭരണിക്ക‍ു മ‍ുന്നിൽ വിദ്യാർത്ഥിനി