സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സൈബർ ബോധവൽക്കരണ നാടകം 'തീക്കളി' എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി.
എരുമേലി : സ്മാർട്ട്ഫോൺ, മൊബൈൽ ഗെയിം, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വൻ വിപത്തുകളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കേരള ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിക്കുന്ന 'തീക്കളി ' എന്ന സൈബർ ബോധവൽക്കരണ നാടകം എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്. പി.സി. യൂണിറ്റിന്റെ സഹകരണത്തോടെ അരങ്ങേറി. എസ്.പി. സി. കേഡറ്റുകൾ ഉൾപ്പടെ ആയിരത്തോളം കുട്ടികളിലേക്ക് സൈബർ സുരക്ഷാ സന്ദേശം എത്തിക്കുവാൻ നാടകത്തിന് സാധിച്ചു ഏകദേശം മുക്കാൽ മണിക്കൂർ നീണ്ടുനിന്ന നാടകം സൈബർ ലോകത്തെ ചതിക്കുഴികൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ ജനമൈത്രി പോലീസ് ഈ നാടകം അവതരിപ്പിച്ചു വരികയാണ്. പോലീസിന്റെ സേവനം കുട്ടികളിലേക്കും എത്തിക്കുവാൻ അവർ കാട്ടുന്ന പരിശ്രമം പ്രശംസ അർഹിക്കുന്നു.
സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേഴ്സി ജോൺ സ്വാഗതമാശംസിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അനീഷ് എം. എസ്. ഉദ്ഘാടനം നിർവ്വഹിച്ചു. SPC കോട്ടയം ജില്ല നോഡൽ ഓഫീസർ ജയകുമാർ സാർ, എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെൻ. ജെ.പി എന്നിവർ ആശംസകൾ അർപ്പിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ CRO ശ്രീ. നവാസ് കൃതജ്ഞത അർപ്പിച്ചു.
'തീക്കളി ' എന്ന സൈബർ സുരക്ഷാ നാടകത്തിന്റെ ഭാഗമായി സ്കൂളിൽ എത്തിച്ചേർന്ന SPC കോട്ടയം ജില്ലാ നോഡൽ ഓഫീസർ ജയകുമാർ സാറിന്റെ സാന്നിധ്യം പ്രോഗ്രാമിന് ഉണർവും കരുത്തുമേകി. നന്മയുടെ വ്യക്തിത്വമായി എന്നും നിലകൊള്ളുന്ന , കുട്ടികളുടെ വളർച്ചയിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ജയകുമാർ സാർ സ്കൂളിലെ SPC കുട്ടികളോട് സംവദിച്ചത് ശ്രദ്ധേയമായി. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും നൽകിയശേഷമാണ് അദ്ദേഹം തിരികെ മടങ്ങിയത്.