നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 അദ്ധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്‍കൂൾ തുറന്നു. സ്‍കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്‍തു. മിമിക്രി ആർട്ടിസ്റ്റുകളായ സുധീഷ് കോട്ടൂർ, പ്രബീഷ് വാകയാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടന്നു. നൊച്ചാട് എച്ച് എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെ വ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ. എസ്. എസ് വോളന്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയതാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത്. അധ്യാപകരും ഹൈസ്‍കൂൾ വിഭാഗം വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി കഴിഞ്ഞ അദ്ധ്യയന വർഷാവസാനം 5,15,510 രൂപ സമാഹരിച്ചു നൽകിയിരുന്നു. രണ്ടു വർഷക്കാലത്തോളം അറിവു ഡൗൺലോഡ് ചെയ്തെടുത്ത കുട്ടിയെ അറിവു നിർമ്മിക്കുന്ന കുട്ടിയായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോട്ടു കൂടി സ്‍കൂൾ തുറക്കുന്നതിനു മുമ്പുതന്നെ അക്കാദമിക പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു.

മെയ് മാസത്തിൽ പത്താംതരം വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്സ് നടത്തി. ജൂൺ മാസത്തിൽ തന്നെ മോണിംഗ് ക്ലാസ് ആരംഭിച്ചു. ഓഗസ്റ്റ് 13-ന് പത്താംതരം വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടന്നു. വിദ്യാർത്ഥികളുടെ പഠന വിടവ് നികത്തുന്നതിന് വേണ്ടി എല്ലാ വിഷയങ്ങളുടെയും സബ് ജക്റ്റ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. ഒന്നാം പാദവാർഷിക പരീക്ഷയിൽ ഓരോ വിഷയത്തിലും താഴ്ന്ന ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികളുടെ ക്ലബ്ബുകൾ രൂപീകരിച്ച് ഓരോ സബ് ജക്ട് കൗൺസിലിന്റെ യും നേതൃത്വത്തിൽ മൊഡ്യൂളുകൾ തയ്യാറാക്കി അധിക സമയ പഠനം നടക്കുന്നു. നവംബർ മാസത്തിൽ സെക്കൻഡ് മിഡ് ടേം നടന്നു.

2022 -23വർഷം എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് സമഗ്ര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. രാവിലെ 9.30 മുതൽ ക്ലാസ്സിലെത്തുന്ന വിദ്യാർത്ഥികളെ ക്ലാസ്സിൽ ഇരുത്തി വായിപ്പിക്കാൻ ശീലിപ്പിച്ചു. ഉച്ചക്ക് 1.30 നു ക്ലാസ്സുകളിൽ പിയർ ഗ്രൂപ്പ് ഉണ്ടാക്കി ലീഡർ മാരുടെ നേതൃത്വത്തിൽ പിയർ ടീച്ചിംഗ് നടക്കുന്നു. കോവിഡ് മൂലം ഹിന്ദി അക്ഷരം അറിയാത്ത കുട്ടികളെ ആക്ഷരം പഠിപ്പിച്ചു. പാദവാർഷിക പരീക്ഷക്ക്‌ എല്ലാ വിഷയത്തിലും A grade നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. USS നേടിയ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ സാനിധ്യത്തിൽ  Memento നൽകി അനുമോദിച്ചു. എൻ. എം. എം.എസ് സ്കോളർഷിപ് പരീക്ഷക്കുള്ള പരിശീലനം ചിട്ടയായി നടക്കുന്നു. ഒൻപതാം തരത്തിൽ ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ നേരിടുന്ന പഠന വിടവ് നികത്തുന്നതിനായി എല്ലാ ക്ലാസ്സുകളിലും പിയർ ടീച്ചിംഗ് ആരംഭിച്ചു. ഒമ്പതാം തരത്തിൽ പഠനത്തിൽ വളരെ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് "ശ്രദ്ധ " എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിച് ആഴ്ചയിൽ മൂന്നു ദിവസം രാവിലെ ക്ലാസുകൾ നൽകുന്നു.

അർദ്ധ വാർഷിക പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികളുടെ പഠന വിടവ് നികത്തുന്നതിന് വേണ്ടി വിവിധ സബ്ജക്ട് കൗൺസിലുകളുടെ നേതൃത്വത്തിൽ അധിക പഠന പ്രവർത്തനങ്ങൾ നടക്കുന്നു. രാത്രികാല ക്ലാസുകൾ നടക്കുന്നു. പത്താംതരം വിദ്യാർഥികൾക്ക് സിറിസ് ടെസ്റ്റ് നടത്തുന്നു. വിദ്യാർഥികൾ തന്നെ പേപ്പർ മൂല്യനിർണയം നടത്തുന്നു. കോവിഡിന്റെ യഥാർത്ഥ ഇരകളായ ഈ ബാച്ചിലെ വിദ്യാർത്ഥികളെ ഉയർന്ന ഗ്രേഡിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള തീവ്രശ്രമങ്ങൾ നടക്കുന്നു.