നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം.

2022-23 അദ്ധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്‍കൂൾ തുറന്നു. സ്‍കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പി ബാബു ഉദ്ഘാടനം ചെയ്‍തു. മിമിക്രി ആർട്ടിസ്‍റ്റുകളായ സുധീഷ് കോട്ടൂർ, പ്രബീഷ് വാകയാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടന്നു. നൊച്ചാട് എച്ച് എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെ വ്യത്യസ്‍തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ. എസ്. എസ് വോളന്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയതാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത്. അധ്യാപകരും ഹൈസ്‍കൂൾ വിഭാഗം വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി കഴിഞ്ഞ അദ്ധ്യയന വർഷാവസാനം 5,15,510.00 രൂപ സമാഹരിച്ചു നൽകിയിരുന്നു. രണ്ടു വർഷക്കാലത്തോളം അറിവു ഡൗൺലോഡ് ചെയ്‍തെടുത്ത കുട്ടിയെ അറിവു നിർമ്മിക്കുന്ന കുട്ടിയാക്കി മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോട്ടു കൂടി സ്‍കൂൾ തുറക്കുന്നതിനു മുമ്പുതന്നെ അക്കാദമിക പ്രവർത്തനങ്ങളുടെ മാസ്‍റ്റർപ്ലാൻ സ്‍കൂളിൽ തയ്യാറാക്കിയിരുന്നു.

പത്താം തരം.

മെയ് മാസത്തിൽ പത്താംതരം വിദ്യാർത്ഥികൾക്കായി ബ്രിഡ്ജ് കോ‍ഴ്‍സ് നടത്തി. ജൂൺ മാസത്തിൽ തന്നെ മോണിംഗ് ക്ലാസ്‍സ് ആരംഭിച്ചു. ഓഗസ്റ്റ് 13-ന് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്‍സ് നടന്നു. സെപ്തംബറിൽ രക്ഷിതാക്കൾക്കായി മോട്ടിവേഷൻ ക്ലാസ്‍സ് നടന്നു. വിദ്യാർത്ഥികളുടെ പഠന വിടവ് നികത്തുന്നതിന് വേണ്ടി എല്ലാ വിഷയങ്ങളുടെയും സബ്‍ജക്റ്റ് ക്ലിനിക്കുകൾ പ്രവർത്തന സജ്ജമാക്കി. ഒന്നാം പാദവാർഷിക പരീക്ഷയിൽ ഓരോ വിഷയത്തിലും താഴ്‍ന്ന ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികളുടെ ക്ലബ്ബുകൾ രൂപീകരിച്ച് ഓരോ സബ്‍ജക്ട് കൗൺസിലിന്റെയും നേതൃത്വത്തിൽ മൊഡ്യൂളുകൾ തയ്യാറാക്കി അധിക സമയ പഠനം നടത്തി. നവംബർ മാസത്തിൽ സെക്കൻഡ് മിഡ്-ടേം നടന്നു. അർദ്ധ വാർഷിക പരീക്ഷയ്‍ക്ക് ശേഷം വിദ്യാർത്ഥികളുടെ പഠന വിടവ് നികത്തുന്നതിന് വേണ്ടി വിവിധ സബ്‍ജക്റ്റ് കൗൺസിലുകളുടെ നേതൃത്വത്തിൽ അധിക പഠന പ്രവർത്തനങ്ങൾ നടത്തി. രക്ഷിതാക്കളുടെ സഹകരണത്തോടെ രാത്രികാല ക്ലാസ്‍സുകൾ നടത്തി. ഡിസംബർ- ജനുവരി മാസങ്ങളിലായി സീരീസ് ടെസ്‍റ്റ് നടത്തുകയും വിദ്യാർത്ഥികൾ തന്നെ പേപ്പർ മൂല്യനിർണയം നടത്തുകയും വിലയിരുത്തുകയും ചെയ്‍തു. ഇതിന്റെ അടിസ്ഥാനത്തിൽ പരിഹാര ബോധനവും നടത്തി. കോവിഡിന്റെ യഥാർത്ഥ ഇരകളായ ഈ ബാച്ചിലെ വിദ്യാർത്ഥികളെ ഉയർന്ന ഗ്രേഡിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള തീവ്ര ശ്രമങ്ങൾ നടക്കുന്നു.

എട്ടാം തരം.

2022-23 വർഷം എട്ടാം ക്ലാസ്‍സിലെ വിദ്യാർത്ഥികൾക്കായി സമഗ്രമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. രാവിലെ 09.30 മുതൽ ക്ലാസ്‍സിലെത്തുന്ന വിദ്യാർത്ഥികളെ ക്ലാസ്‍സിൽ ഇരുത്തി വായിപ്പിക്കാൻ ശീലിപ്പിച്ചു. ക്ലാസ്‍സുകളിൽ പിയർ ഗ്രൂപ്പ് ഉണ്ടാക്കി ക്ലാസ്സ്ലീഡർമാരുടെ മേൽ നോട്ടത്തിൽ ഉച്ചക്ക് 01.30 നു പിയർ ടീച്ചിംഗ് നടത്തി. ഹിന്ദി ഭാഷാ പഠനത്തിൽ കോവിഡ് മൂലം അക്ഷരം അറിയാത്ത കുട്ടികളെ അക്ഷരം പഠിപ്പിച്ചു. പാദവാർഷിക പരീക്ഷക്ക്‌ എല്ലാ വിഷയത്തിലും 'എ' ഗ്രേ‍ഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. USS നേടിയ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ മെമന്റോ നൽകി അനുമോദിച്ചു. അർദ്ധ വാർഷിക പരീക്ഷയ്‍ക്ക് ശേഷം വിദ്യാർത്ഥികളുടെ പഠന വിടവ് നികത്തുന്നതിന് വേണ്ടി വിവിധ സബ്‍ജക്റ്റ് കൗൺസിലുകളുടെ നേതൃത്വത്തിൽ അധിക പഠന പ്രവർത്തനങ്ങൾ നടത്തി.

ദേശീയ സ്‍കോളർഷിപ്പായ എൻ.എം.എം.എസ് പരീക്ഷക്കുള്ള പരിശീലനം ചിട്ടയായി നടത്തി. പരീക്ഷ എഴുതിയ 113 പേരിൽ നിന്നും, 94 പേർ ക്വാളിഫൈഡ് ആവുകയും, 9 പേർ സ്‍കോളർഷിപ്പിന് അർഹരാവുകയും ചെയ്‍തു.

ഒൻപതാം തരം.

ഒൻപതാം തരത്തിൽ ഓരോ ക്ലാസ്‍സിലെയും വിദ്യാർത്ഥികൾ നേരിടുന്ന പഠന വിടവ് നികത്തുന്നതിനായി എല്ലാ ക്ലാസ്‍സുകളിലും പിയർ ടീച്ചിംഗ് ആരംഭിച്ചു. ഒമ്പതാം തരത്തിൽ പഠനത്തിൽ വളരെ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് "ശ്രദ്ധ" എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിച് ആഴ്‍ചയിൽ മൂന്നു ദിവസം രാവിലെ ക്ലാസ്‍സുകൾ നൽകുന്നു. അർദ്ധ വാർഷിക പരീക്ഷയ്‍ക്ക് ശേഷം വിദ്യാർത്ഥികളുടെ പഠന വിടവ് നികത്തുന്നതിന് വേണ്ടി വിവിധ സബ്‍ജക്റ്റ് കൗൺസിലുകളുടെ നേതൃത്വത്തിൽ അധിക പഠന പ്രവർത്തനങ്ങൾ നടത്തി.