നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23
സ്കൂൾ പ്രവേശനോത്സവം
2022-2023 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30 ന് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ചു. സ്കൂൾ പ്രവേശനകവാടം മുതൽ ആഡിറ്റോറിയം വരെ പ്രകൃതി വിഭവങ്ങൾ അണിനിരത്തിയാണ് കുട്ടികളെ സ്വീകരിച്ചത്.ആഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന നാട്ടുപഴങ്ങൾ ഏറെ മാധുര്യത്തോടെ കുട്ടികൾ ആസ്വദിച്ചു. അധ്യാപകർ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന നാട്ടുപഴങ്ങൾ ശേഖരിച്ചാണ് നാട്ടു പഴകൂട് തയ്യാറാക്കിയത്. വിത്തുകൾ അടങ്ങിയ പേനയും കുട്ടികൾക്ക് സമ്മാനിച്ചു. പുതിയ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് നാടൻ പാട്ടരങ്ങ് പുതിയൊരു അനുഭവമായിരുന്നു.
സവാരി ഗിരി ഗിരി
ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ ഏകദേശം അൻപതോളം കുട്ടികൾ പങ്കെടുത്തു.എൻ സി സിയുടെ നേതൃത്വത്തിലാണ് ഇടവഴികളിലൂടെയും പാടവരമ്പിലൂടെ മണിനാദം മുഴക്കി പ്രമാടത്തെ ഉണർത്തിയത്. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ സൈക്കിളിന്റെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഈ പരിപാടി സംഘടിപ്പിച്ചത്.
ഓലി ഗീതം
കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്, ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനചാരണം
പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ വിവിധ ഇനത്തിലുള്ള വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
നേതാജിയിൽ നിന്ന് ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര
ലോക പിക്നിക്ക് ദിനത്തിൽ നേതാജി യിൽ നിന്ന് ഗവിയിലേക്ക് ഒരു പിക്നിക് നടത്തി. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് ലഭിച്ച 30 കുട്ടികളെയും കൊണ്ടാണ് അവരുടെ അധ്യാപകർ യാത്രതിരിച്ചത്. ആർപ്പോ നേതാജി എന്ന് പേരിട്ട ഈ സർപ്രൈസ് പിക്നിക് വനംവകുപ്പിനെ അനുമതിയോടെയാണ് സംഘടിപ്പിച്ചത്. കോവിഡ്കാലം നിഷേധിച്ച സ്കൂൾ വിനോദ യാത്രയുടെ വീണ്ടെടുക്കൽ കൂടിയായിരുന്നു ഈ യാത്ര.കാട്ടിലൂടെയുള്ള യാത്ര കുട്ടികൾ ശരിക്കും ആസ്വദിച്ചു. ഗവിയുടെ മനോഹാരിതയിൽ കുട്ടികൾക്ക് അനുമോദനവും നൽകി.
eനി വായന e-വായന
മാറ്റം അനിവാര്യമാണ്. മാറി വരുന്ന കാലത്തിനനുസരിച്ച് പൊതു വിദ്യാലയങ്ങളിൽ കിട നിൽക്കുന്ന നേതാജി ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ വായനദിനാചരണം ശാസ്ത്ര പുരോഗതിയ്ക്കനുസൃതമായി നടത്തി. 20-6-2022 ന് രാവിലെ 10 മണിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി വകുപ്പുകളും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് നടത്തിയ e-വായന അസംബ്ലി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. e - വായനയുടെ പ്രാധാന്യത്തെപ്പറ്റി 9 F ലെ കുമാരി അനുപമ സംസാരിച്ചു. തുടർന്ന് നടന്ന ഇ-വായന വീഡിയോ പ്രസന്റേഷൻ കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. വായനദിന പ്രതിജ്ഞ കുമാരി എയ്ഞ്ചൽ എൽസ ബിനു കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. PDF പ്രസന്റേഷൻ രൂപത്തിൽ ഉള്ള കവിത 9 C യിലെ കുമാരി ശിവകീർത്തന ആലപിച്ചു. ഇംഗ്ലീഷ് നോവൽ ഭാഗം e -വായന 10F ലെ കുമാരി ഭവ്യ ജി യും ഹിന്ദി കഥാവായന 10 E യിലെ കുമാരി ദേവിക എസ് നായരും നടത്തി. കുട്ടികൾക്ക് പരിചിതമല്ലാത്ത ഗവൺമെന്റ് ഓർഡറുകൾ അടങ്ങുന്ന e-സർക്കുലർ 10 C യിലെ കുമാരി മാളവിക അജിത്ത് പരിചയപ്പെടുത്തി. പ്രഭാതത്തിൽ പത്രക്കാരൻ വരുന്നതും കാത്തു നിൽക്കാതെ ഒരു ക്ലിക്കിലൂടെ അതിരാവിലെ തന്നെ നമ്മുടെ കൈകളിൽ എത്തുന്ന പ്രശസ്തങ്ങളായ 5 e- ദിനപത്രങ്ങളിലെ പ്രധാന വാർത്തകൾ 10 D യിലെ കുമാരി നിത വിനോദ് അവതരിപ്പിച്ചു. മലയാളത്തിലെ പ്രസിദ്ധ നോവലായ ചന്ദുമേനോന്റെ ഇന്ദുലേഖ PDF ലെആദ്യ ഭാഗം ഐശ്വര്യ (8D), ദേവു (8C), മഹേശ്വർ (8B), ഹരി നാരായൺ (9E), നിത വിനോദ് (10D) എന്നിവർ ചേർന്ന് സമൂഹ വായന നടത്തി. തുടർന്ന് കുമാരി അഫ്രിൻ അഷീർ നന്ദി പ്രകാശിപ്പിച്ചു. വ്യത്യസ്ത അവതരണരീതികളിലൂടെ ഡിജിറ്റൽ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഇ-വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു അസംബ്ലി ആയിരുന്നു.
യോഗദിനം
ജൂൺ 21 ന് രാവിലെ 7.15 മുതൽ 8.30 വരെ നടന്ന യോഗ പരിശീലനത്തിൽ സ്കൗട്ട്സ്,ഗൈഡ്സ്, എൻ. സി. സി, ജൂനിയർ റെഡ് ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 150 കുട്ടികൾ പങ്കെടുത്തു.
സക്സസ് മന്ത്ര
ജൂൺ 21 ന് രാവിലെ 10 മുതൽ പൊതുപരീക്ഷയെ അഭിമുഖികരിക്കുന്ന SSLC, പ്ലസ് ടു കുട്ടികൾക്കായി "സക്സസ് മന്ത്ര " എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു.ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം ന്റെ പ്രൊജക്റ്റ് ഓഫീസർ ടിസ്മോൻ ജോസഫ് ക്ലാസുകൾ നയിച്ചു.വിജയവഴിയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതും വ്യക്തിത്വ വികസനവും മൊബൈൽ ഫോണിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതും ശില്പശാലയിലെ ചർച്ചാവിഷയങ്ങൾ ആയിരുന്നു. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ശില്പശാലയുടെ രണ്ടാം ഘട്ടം ജൂലൈ 14ന് നടക്കും.
വിജയികളെ അഭിനന്ദിച്ചു
എസ്എസ്എൽസി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ 247 കുട്ടികളെയും അഭിനന്ദിച്ചു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച 30 കുട്ടികൾ, 9 വിഷയങ്ങൾക്ക് പ്ലസ് കരസ്ഥമാക്കിയ 20 കുട്ടികൾ, എട്ടു വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയ 18 കുട്ടികൾ, എന്നിങ്ങനെ പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഈ മീറ്റിങ്ങിൽ അനുമോദനം നൽകി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ റോബിൻ പീറ്റർ കുട്ടികൾക്ക് മെഡലുകൾ നൽകി. സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള യോഗത്തിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ബി ശ്രീനിവാസൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി, ക്ലാസ് ടീച്ചേഴ്സ് ഫാദർ ജേക്കബ് ഡാനിയേൽ, ബിന്ദു ടി എസ്, അമ്പിളി വി എം, ഹേമലക്ഷ്മി ജി, ലീന വി വി നായർ, അനിതകുമാരി വി എന്നിവർ സംസാരിച്ചു.
ഫോക്കസ് പോയിൻറ് 2022 - കരിയർ ഗൈഡൻസ്
എസ്എസ്എൽസിക്ക് ശേഷം ഇനി എന്ത് എന്ന ആലോചനയിൽ നടക്കുന്ന കുട്ടികൾക്ക് ദിശാബോധം പകർന്നു നൽകുന്നതിനായി നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് & അഡോളസ്സൻ്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹയർസെക്കൻഡറി കോമ്പിനേഷനുകളും ഉപരിപഠന സാധ്യതകളും എന്നീ വിഷയങ്ങളെപ്പറ്റി പരിശീലനം ലഭിച്ച കരിയർ ഗൈഡർമാർ ക്ലാസ് നടത്തി.
വായന വാരാചരണ സമാപനം
മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 22ന് വായന വാരാചരണത്തിന്റെ ജില്ലാതല സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്കൂൾ മാനേജർ ശ്രീ വി രവീന്ദ്രൻപിള്ള അധ്യക്ഷനായ ചടങ്ങ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു.
വിജയശ്രീ 2022-23
ഞങ്ങളുടെ സ്കൂളിൽഏറെക്കാലമായി നടത്തിവരുന്ന ഒരു പ്രോജക്ടാണ് വിജയശ്രീ .പത്താം ക്ലാസിലെ മുഴുവൻ കുട്ടികളും ഇതിൽ ഉൾപ്പെട്ടും. വിവിധ ഡിവിഷനുകളിലുള്ള അഞ്ച് കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവർക്കൊരു മെന്ററെ നൽകുന്നു.വ്യത്യസ്ത പഠന നിലവാരത്തിലുള്ള അഞ്ചു കുട്ടികളെ വീതം ഓരോ ഗ്രൂപ്പുകളാക്കി തിരിക്കുന്നു. മെന്റർ ഈ സ്കൂളിലെ അധ്യാപകർ തന്നെയായിരിക്കും. ഇവർ എല്ലാ ദിവസവും മൂന്നരയ്ക്ക് ശേഷം സ്കൂളിൽ എവിടെയെങ്കിലും ഒത്തുചേരുകയും അവരുടെ സംശയങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചർച്ച ചെയ്യുകയും പ്രയാസമുള്ള വിഷയങ്ങൾ ചോദിച്ച് പഠിക്കുകയും ചെയ്യുന്നു. ആവശ്യമുള്ളേപ്പാഴൊക്കെ മെന്ററിന്റെ സഹായം തേടുകയും ചെയ്യുന്നു. ഈയൊരു പ്രവർത്തനം എല്ലാ ദിവസവും നടക്കാറുണ്ട്. ഇതിന്റെ സഹായത്താൽ ഞങ്ങൾക്ക് കുറെ വർഷങ്ങളായി 100% വിജയം കൈവരിക്കാനും സാധിക്കുന്നു.
എഴുത്തിന്റെ വഴി
പത്തനംതിട്ടയിലെ എഴുത്തുകാർ നേതാജി സ്കൂളിലെ കുട്ടി എഴുത്തുകാരുമായി സംവദിക്കുന്നു 2022 ജൂലൈ 1 വെള്ളിയാഴ്ച നടന്ന സംവാദത്തിലാണ് സാഹിത്യാഭിരുചിയുള്ള നേതാജിയിലെ കുട്ടി എഴുത്തുകാർക്ക് എഴുത്തിന്റെ വഴിയിലേക്ക് കടന്നു ചെല്ലാനുള്ള അവസരം ഒരുങ്ങിയത്. മലയാള വിഭാഗവും ദേശത്തുടി സാംസ്കാരിക സമന്വയവും ഒത്തുചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളം അധ്യാപകനായ ശ്രീ മനോജ് സുനി എം എസ് പരിപാടിക്ക് നേതൃത്വം നൽകി. സാഹിത്യകാരായ ശ്രീ അനിൽ വള്ളിക്കോട്, ശ്രീ കോന്നിയൂർ ബാലചന്ദ്രൻ, ശ്രീ ചന്ദ്രബാബു പനങ്ങാട്, ശ്രീ വിനോദ് ഇ ളകൊള്ളൂർ, ശ്രീമതി കൃപ അമ്പാടി,ശ്രീ സജി ഞവരയ്ക്കൽ എന്നിവർ കുട്ടികളോട് സംവദിക്കുകയും ചെയ്തു. ശ്രീ മനോജ് സുനി എം എസ് സ്വാഗതവും ശ്രീ എബ്രഹാം കെ ജെ നന്ദിയും അർപ്പിച്ചു.
പുരസ്കാരത്തിന്റെ നിറവിൽ
കൈറ്റിന്റെ സ്കൂൾ വിക്കി പുരസ്കാരങ്ങളിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം നേതാജി ഹൈസ്കൂളിന് ലഭിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ തയ്യാറാക്കിയതിനാണ് പുരസ്കാരം. 2022 ജൂലൈ 1ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരവും സമ്മാനത്തുകയും ഏറ്റുവാങ്ങി. അധ്യാപകരായ പ്രവീൺകുമാർ സി, ഫാ ജേക്കബ് ഡാനിയേൽ, ശ്രീമതി ജോളി കെ ജോണി ലിറ്റിൽസ് അംഗങ്ങളായ ദേവിക എസ് നായർ, ദേവനാരായണൻ,നന്ദു ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചാന്ദ്രദിനാചരണം
നേതാജി ഹയർസെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര പരിപാടിയിൽ ഐ എസ് ആർ ഒ മുൻ ബഹിരാകാശ ശാസ്ത്രജ്ഞൻ വി പി ബാലഗംഗാധരൻ ക്ലാസ് എടുത്തു. റാഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി സ്വാഗതം പറഞ്ഞു. ശ്രീ ജിനു ഡി രാജ്, ശ്രീമതി മോനിഷ, വാർഡ് മെമ്പർ ശ്രീ വാഴവിള അച്യുതൻ നായർ എന്നിവർ പ്രസംഗിച്ചു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ സുധീഷ് നന്ദി അർപ്പിച്ചു.
മെറിറ്റ് സ്കോളർഷിപ്പ്
എസ് എസ് എൽ സി പരീക്ഷയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള ആദരവ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി ഏറ്റുവാങ്ങി.
നേട്ടങ്ങൾ
എഴുപത്തിയാറാ മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് നേതാജി ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ജൂനിയർ റെഡ് ക്രോസ് ലീഡർ കുമാരി വിഷ്ണുപ്രിയ, ഗൈഡ്സ് ലീഡർ കുമാരി ആൻ മേരി മാത്യൂസ് എന്നിവർ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശത്തിനു ശേഷം ആരംഭിച്ച റാലിയിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുത്തു. ശ്രീ ബി രവീന്ദ്രൻ പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൂങ്കാവ് ജംഗ്ഷനിൽ സമാപിച്ച റാലിയ്ക്ക് സ്വീകരണവും ഒരുക്കിയിരുന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നവനിത്ത്, കോമഡോർ ശ്രീ പാം എബ്രഹാം,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. മൂവർണ്ണ ബലൂണുകൾ പറത്തി കുട്ടികൾ ആഹ്ലാദം പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ കേരളം
ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 31 തിങ്കളാഴ്ച ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സ് വിളംബര ജാഥ നടത്തി. വിളംബര ജാഥ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത.സി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ കാർഡുകൾ തയ്യാറാക്കി സ്കൂളിനകത്തും സ്കൂൾ പരിസരത്തും ജാഥ നടത്തി. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലായി ലഹരിയുടെ ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതമനസിലാക്കികൊടുക്കാൻ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കാർഡുകൾ പ്രദർശിപ്പിച്ചു.
മീനുകളുടെ കഥ പറഞ്ഞത് മനോജ് മാഷും കുട്ടികളും
കൊല്ലത്തു വച്ചു നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ പ്രമാടം നേതാജി എച്ച് അവതരിപ്പിച്ച N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന നാടകം A ഗ്രേഡ് കരസ്ഥമാക്കി. സ്കൂളിലെ ഭാഷാധ്യാപകനായ ശ്രീ. നാടകക്കാരൻ മനോജ് സുനി അണിയിച്ചൊരുക്കിയ ഈ നാടകത്തിൽ പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അംഗന. പി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ചാന്ദ്രം
നെടുമ്പാറയിൽ ചന്ദ്രഗ്രഹണ ദർശനമൊരുക്കി പ്രമാടം നേതാജി
വി കോട്ടയം നെടുമ്പാറയിൽ കുട്ടികളും നാട്ടുകാരും ഒത്തുകൂടുന്നത് പുതിയ കാര്യമല്ല. പക്ഷെ ഇത്തവണ സംഗമിച്ചത് ചന്ദ്രഗ്രഹണ ദർശനത്തിനാണ്. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി കമ്മറ്റിയും ചേർന്നാണ് ചാന്ദ്രം എന്ന പരിപാടി സംഘടിപ്പിച്ചത്. എൻ.എസ് രാജേന്ദ്ര കുമാർ ചന്ദ്രഗ്രഹണത്തെ പറ്റി അവബോധ ക്ലാസെടുത്തു. വികോട്ടയം ഭാഗത്തുള്ള വിദ്യാർത്ഥികളും നാട്ടുകാരും ചന്ദ്രഗ്രഹണ ദർശനത്തിനെത്തിയിരുന്നു.