നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 5 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobdaniel (സംവാദം | സംഭാവനകൾ) ('ഇന്നും വഴി കാട്ടുന്നു, നേതാജിക്കാലം തെക്കേ പാടത്തു നിന്ന് കടന്നുവരുന്ന കാറ്റിന്റെ നേർത്ത ശബ്ദം പോലും കേൾക്കാമായിരുന്ന സ്വഛമായ കാലം. ഇടവേളകളിൽ വോളി ബോൾ കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇന്നും വഴി കാട്ടുന്നു, നേതാജിക്കാലം

തെക്കേ പാടത്തു നിന്ന് കടന്നുവരുന്ന കാറ്റിന്റെ നേർത്ത ശബ്ദം പോലും കേൾക്കാമായിരുന്ന സ്വഛമായ കാലം. ഇടവേളകളിൽ വോളി ബോൾ കോർട്ടിലെ ഇടി മുഴക്കങ്ങൾ ; അവ നേടിത്തന്ന ഇന്റർ സ്കൂൾ ട്രോഫികളുടെ അഭിമാനം... ഓരോ കൊല്ലവും റെക്കോർഡ് തിരുത്തി സ്കൂൾ ടോപ്പർമാരാകുന്ന സീനിയേഴ്സ് മുന്നോട്ടുവച്ച മോഹിപ്പിക്കുന്ന മാതൃകകളും പ്രചോദനവും ...ആത്മാർഥതയും പ്രതിബദ്ധതയും കൊണ്ട് വിസ്മയിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർ... എഴുപതുകളിൽ നേതാജിയിലെ വിദ്യാർഥികളായ ഞങ്ങൾ ഇന്നും സ്കൂളിനെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നതിന് ഒന്നും രണ്ടുമൊന്നുമല്ല കാരണങ്ങൾ ! എക്കാലത്തേക്കുമുള്ള മൂല്യങ്ങൾ പകർന്നു തന്ന വിദ്യാലയം. പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെ വാതിലുകൾ തുറന്നിട്ടു തന്ന അധ്യാപകർ ... ജീവിത സാഹചര്യങ്ങളുടെ പരിമിതികൾക്കിടയിലും, തിരിച്ച് എന്തു തരും എന്നു ചോദിക്കാതെ സ്നേഹിക്കാൻ പഠിപ്പിച്ച സഹപാഠികൾ ..... നേതാജി സ്കൂളും നാടും കൈകോർത്തു നിന്ന് റോഡും പാലവും മൃഗാശുപത്രിയുമൊക്കെ യാഥാർഥ്യമാക്കുന്നതിന് സാക്ഷിയായ ഞങ്ങൾ, ഞാൻ എന്നതിനപ്പുറമുള്ള കടമകൾ എന്തെന്ന് കണ്ടു പഠിച്ചു .... വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന 1600 ൽ പരം സഹപാഠികൾ സന്തോഷവും സങ്കടവും ഒരാളിന്റേതു മാത്രമല്ലെന്ന് പഠിപ്പിച്ചു. ലോകത്തിന്റെ പല കോണുകളിലേക്ക് ജീവിതം തേടി പോയി 4 പതിറ്റാണ്ടു കഴിഞ്ഞും ഞങ്ങൾ നേതാജിക്കാരായി കൈകോർത്തു നിൽക്കുന്നു ! ഹയർസെക്കൻഡറി സ്കൂളായി വളർന്ന് വെർച്വൽ റിയാലിറ്റി - അടൽ ടിങ്കറിങ് ലാബുകളും റോബോട്ടിക്സ് പരിശീലനവുമൊക്കെയായി

നേതാജി കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ  വീണ്ടുമൊരു വിദ്യാർഥിയായി സ്കൂളിലേക്ക് എത്താനുള്ള മോഹം അടക്കാനാവുന്നില്ല.... നേതാജി ഹയർസെക്കൻഡറി സ്കൂളിന്റെ  75ാം വാർഷികത്തിനായി കാത്തിരിക്കുന്നു 46 കൊല്ലം മുൻപ്  അവിടെ നിന്ന് പഠിച്ചിറങ്ങിയ  ഞങ്ങളും. 

ടി.ആർ.സുഭാഷ്, 76 ബാച്ച് പൂർവവിദ്യാർഥി ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ)