എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022 - 23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളോടെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയിൽ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. 2022 ജൂൺ ഒന്ന് 1൦ am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രവേശനോത്സവം നടന്നു. സ്കൂൾ മാനേജർ ബഹു. റവ. മദർ ആനി പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. കെ കെ രാജു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന ചർച്ച് വികാരി. ബഹു. റവ. ഫാ. ജോർജ്ജ് തുമ്പനിരപ്പേൽ അനുഗ്പഹ പ്രഭാഷണം നടത്തി.

മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.

ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ

ഊർജ്ജം ആർജ്ജിച്ച് ,വ്യക്തമായ പ്രവർത്തന പദ്ധകളിലേയ്ക്ക്, അതിനെ വഴി തിരിച്ച്, ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും അദ്ധ്യാപകരും ചേർന്നള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി, വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്നീ മുഖ്യ ലക്ഷ്യങ്ങൾ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പ്, മാനേജ്മെന്റ്, പ്രാദേശിക നേതൃത്വങ്ങൾ എന്നീ ഘടകങ്ങൾ വഴി ലഭിക്കുന്ന എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക-അനദ്ധ്യാപകർക്ക് കൈമാറുവാൻ ബഹു. പ്രിൻസിപ്പലും ഹെഡ്മിസ്ട്രസ്സും ശ്രദ്ധിക്കുന്നു.

ചർച്ചാ വിഷയങ്ങൾ

  • പാഠ്യ-പാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ
  • കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾക്ക് സാധ്യത ഒരുക്കുക.
  • അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക.
  • സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക
  • വിദ്യാർത്ഥിനി-വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം, കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങ് നൽകുകങ്ങുക.
  • മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക
  • കുട്ടികളിൽ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക
  • സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക.
  • വിദ്യാർത്ഥി സൗഹൃദ ചുറ്റുപാടൊരുക്കുക.
  • അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം
  • ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക.

ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്.

പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട്

ജികെ ക്വിസ്

വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഫാത്തിമമാതാ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക്, പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന വിജ്ഞാന ശകലങ്ങൾക്കപ്പുറം ,ഏതൊരു മത്സര പരീക്ഷയെ അഭിമുഖീകരിക്കുവാനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനും "പൊതുവിജ്ഞാനത്തിൽ ഒരങ്കത്തട്ട് "എന്ന രീതിയിൽ ആഴ്ചയിലൊരിക്കൽ ക്വിസ് കോമ്പറ്റീഷൻ നടത്താറുണ്ട്. അതിൽ വിജയികളാകുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. വിജ്ഞാനത്തിന് തനതായ മേഖലയിലേക്ക് പഠിതാക്കളെ ആകർഷിച്ച്, അന്വേഷണത്വര ഉദ്ദീപിപ്പിച്ച് ,അറിവിൻറെ അക്ഷയഖനികൾ സ്വന്തമാക്കി, മത്സരപരീക്ഷകളിൽ നിർഭയം നേരിട്ട് വിജയസോപാനത്തിൽ വിദ്യാർത്ഥികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിന് ഇത് സഹായിക്കുന്നു.

അമേസിങ് ഇംഗ്ലീഷ്..........

ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത്, ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി പ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി. കുട്ടികളുമായുള്ള ഇൻഡ്രക്ഷനിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി, ലിസണിങ്, സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിക്കുന്നു. പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി. "ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി. ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിക്കുന്നത്.

2021-22 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. അത് അവരുടെ വായനയെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണ്.

ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുന്നു. അധ്യാപകർ അത് പരിശോധിച്ച് വേണ്ട കൈത്താങ്ങ് നല്കുകയും ചെയ്യുന്നു.

അക്ഷര പ്രയാണം

ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിന് വാക്യം, വാചകം, പദം, അക്ഷരം, വർണം തുടങ്ങിയ ഘടകങ്ങൾ യഥാക്രമം ഉപയോഗിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ കുഞ്ഞുങ്ങളിൽ ചെറുപ്പം മുതലേ വികസിച്ചു വരിക എന്ന ഉദ്ദേശത്തോടെ ഓരോ ദിവസവും ഓരോ അക്ഷരം പഠിച്ച്, ഒരുദിനം ഒരക്ഷരം എന്ന പദ്ധതി നടന്നുപോരുന്നു. പ്രൈമറി മുതൽ മുതിർന്ന ക്ലാസ്സ് വരെ തുടർന്നു പോകുന്ന ഈ പരിപാടിയിലൂടെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ ഭാഷയിൽ ഒരു ദിനം ഒരക്ഷരം വീതം കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ അക്ഷരങ്ങൾ മനസ്സിൽ പതിയുന്നതിനും ഒരക്ഷരം ഉപയോഗിച്ച് കൂടുതൽ വാക്കുകൾ ഉണ്ടാക്കുന്നതിനും അവ പഠിക്കുവാനും ഒരു ദിനം ഒരക്ഷരം ഏറെ സഹായകരമാണ്.

ഗണിതശാസ്ത്ര ലോകത്തേക്ക്...

സംഖ്യകളും കണക്കും നിത്യജീവിതത്തിന്റെ ഭാഗമാണ് . എന്നാൽ കുട്ടികൾക്ക് ഇതത്ര രസമുള്ള കാര്യമല്ല. ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിനോട് ഭയമാണ് മിക്ക കുട്ടികൾക്കും. അടുത്തകാലത്തായി വിദ്യാർത്ഥികളിൽ ഒരു വലിയ വിഭാഗത്തിന് വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന ഗണിതശാസ്ത്രം ഒരു കീറാമുട്ടിയായി തോന്നുന്നു .എന്നാൽ അങ്ങനെ കരുതി ഒഴിവാക്കി കളയേണ്ട ഒരു വിഷയമല്ല ഗണിതം, എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുവാൻ കണക്കിലെ കളികൾ സഹായിക്കുന്നു .➕✖️➖➗ സങ്കലനവും വ്യവകലനവും സങ്കലനവും വ്യവകലനവും മനകണക്കാക്കി ജീവിതത്തിൻറെ ഭാഗമാക്കുവാൻ ഗണിത കേളികൾ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.കുസൃതിയും അത്ഭുതവും മന്ത്രികതയും നിറഞ്ഞ കണക്കുകൾപഠിക്കുന്നതിനായി കണക്കിലെ കളികൾ എന്ന രീതിയിൽ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകുകയും അവർ അത്യുത്സാഹത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് ഗണിതം കഴിയുന്നത്ര എളുപ്പമാക്കാനും ലളിതം ആക്കുവാനും കണക്കിലെ കളികൾ പ്രയോജനം ചെയ്യാറുണ്ട്.ചെറിയ ക്ലാസ്സുകൾ മുതൽ ഗണിതശാസ്ത്ര താല്പര്യം നിലനിർത്തുന്നതിനായും, കുട്ടികൾക്ക് കണക്കിനോടുള്ള ഭയം അകറ്റുന്നതിനായും ഗണിതം മധുരം, ഗണിത ക്ലബ്ബ്, എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ചില പ്രവർത്തനങ്ങൾ നടന്നുവരുന്നു. നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള കഴിവ് കുട്ടികളിൽ ആർജ്ജിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. ഗണിതശാസ്ത്രത്തിൽ അഭിനിവേശമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് ഇതുവഴി സാധിക്കുന്നു.

റീഡിങ് കോർണർ

പ്രീപ്രൈമറി -പ്രൈമറി ക്ലാസ്സുകളിൽ ഏറെ ഫലപ്രദമായി നടന്നുവരുന്ന അക്കാദമിക് പ്രവർത്തനങ്ങളിലൊന്നാണ് റീഡിങ് കോർണർ. വായന, എഴുത്ത് എന്നീ അടിസ്ഥാന ഭാഷാശേഷികൾക്ക് അനുസൃതം പിന്നാക്കക്കാരെ മുൻനിരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ എസ് ആർ ജി മീറ്റിംഗിലാണ് ഈ ആശയം രൂപപ്പെട്ടത്. വിവിധ വായനാ കാർഡുകൾ തിരഞ്ഞെടുത്ത് കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ക്രമീകരിക്കുവാൻ അധ്യാപകർ നേതൃത്വം നൽകി വരുന്നു. പദകേളി, ചോദ്യോത്തര പരിപാടി, വിട്ടുപോയ പദങ്ങൾ കണ്ടെത്തി എഴുതുക, ചിഹ്നം ചേർത്ത് എഴുതി വായിക്കുക, വാക്കുകൾ കൂട്ടിച്ചേർക്കുക, ഓരോ അക്ഷരവും ചേർന്നുള്ള വാക്കുകൾ എഴുതുക വായിക്കുക തുടങ്ങിയ രീതികൾ ആണ് ഇതിനായി അവലംബിക്കുന്നത്. കഥകളിലൂടെ കുട്ടികളെ ആകർഷിക്കാനും അടിസ്ഥാന ഭാഷ ശേഷിയിൽ വളർത്തി കൊണ്ടു വരുവാനും റീഡിങ് കോർണർ വഴി സാധിക്കുന്നു.മാതാപിതാക്കളുടെ പിന്തുണയോടെ അധ്യാപകർ നടത്തുന്ന ഈ പരിശ്രമം കുട്ടികളെ ഞങ്ങളുടെ ശേഷികൾ കൈവരിക്കുവാൻ സഹായിച്ച വരുന്നു.

സത്യമേേവ ജയതേ

അത്യാധുനിക ലോകത്തിലെ ഈ ഇൻറർനെറ്റ് യുഗത്തിൽ കുട്ടികളുടെ സിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഒരു ബോധവൽക്കരണ പ്രോഗ്രാമാണ് സത്യമേവജയതേ. വർദ്ധിച്ചുവരുന്ന ഈ ഓൺലൈൻ ചൂഷണത്തിനെതിരെ കുട്ടികളെ ബോധവാന്മാരും ബോധവതി കളും ആക്കുന്നതിനു വേണ്ടി 8, 9, 10 ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി പ്രധാനമായും ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം .ഇത് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.

ബെസ്റ്റ് ക്ലാസ്

ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് പാഠപുസ്തക പഠനത്തിന പ്പുറമായി കുട്ടികളുടെ ജീവിത വീക്ഷണത്തെയും, മൂല്യത്തിൽ അധിഷ്ഠിതമായ പ്രവർത്തികളെയും ബോധവൽക്കരിക്കുക എന്ന പദ്ധതിയിൽ അധ്യാപകർ എല്ലാവരും പങ്കു ചേർന്നു. ക്ലാസിൽ കൊടുക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം ഓരോ മൂല്യങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വീഡിയോ ക്ലിപ്പ് വഴിയും, തങ്ങളുടെ തന്നെ ജീവിതാനുഭവങ്ങൾ വഴിയും കുട്ടികളെ ബോധവൽക്കരിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.

കൈകോർത്ത് കുടുംബങ്ങളിലേക്ക്.......

മലയോര മടക്കിലെ പ്രതികൂലതകളെയും തറഞ്ഞ മണ്ണിനെയും കഠിനാധ്വാനം കൊണ്ട് നേരിട്ട് മണ്ണിനെ ഉഴുതുമറിച്ച് കാർഷിക അഭിവൃദ്ധി നടത്തിവരുന്ന ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇന്നും അടിമുടി മാറ്റം സംഭവിച്ചിട്ടില്ല. ഏറിയപങ്കും ജീവസന്ധാരണത്തിനായി അദ്ധ്വാന പൂർണമായ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. ഇടത്തരം കുടുംബങ്ങളിലെ കുട്ടികളാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽ 80 ശതമാനവും. പൊതു വിദ്യാഭ്യാസം മികച്ച രീതിയിൽ ലഭ്യമാകുന്ന ചരിത്രം ഉള്ളതിനാൽ കടന്നുവരുന്ന കുട്ടികൾ അധിവസിക്കുന്ന മേഖല വിശാലമാണ്. ക്ലാസ്സ് മുറിയിൽ കുട്ടികളുമായുള്ള സൗഹൃദ അന്തരീക്ഷത്തിലൂടെ അവരെ മനസ്സിലാക്കുന്നതിലുപരി അവരുടെ കുടുംബപശ്ചാത്തലം അറിയുവാൻ ഭവന സന്ദർശന പരിപാടി വഴി സാധിച്ചു വരുന്നു. പഠനവൈകല്യങ്ങളുടേയും സ്വഭാവ പ്രത്യേകതകളുടേയും പല കാരണങ്ങളും കണ്ടെത്തുവാനും പരിഹാര പ്രവർത്തനങ്ങൾ നടത്തുവാനും ഭവന സന്ദർശനം വഴി സാധിച്ചു. തകർന്ന കുടുംബങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, ദീർഘദൂര യാത്രകൾ, തുടങ്ങി വിവിധ അസൗകര്യങ്ങൾ വെല്ലുവിളികൾ ഉണർത്തുമ്പോൾ സ്നേഹപൂർവ്വം പിന്താങ്ങുവാൻ ഇന്ന് അധ്യാപക സമൂഹത്തിന് കഴിഞ്ഞു വരുന്നു. സ്വന്തം ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്കാവശ്യമായ കൈത്താങ്ങ് നൽകുവാൻ അധ്യാപകർ ഒരു മനസ്സോടെ കൂട്ടമായി പരിശ്രമിക്കുന്നത് സന്തോഷകരമാണ്. മാനേജ്മെന്റിന്റെയും സ്കൂൾ മേലധികാരികളുടെയും സഹായസഹകരണങ്ങൾ ഈ ഉദ്യമത്തിന് ഉത്തമ പ്രേരണയാണ്. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ അധ്യാപ സമൂഹത്തിന് ലഭിച്ച അംഗികാരമായിരുന്നു.

സേവന സന്നദ്ധത യോടെ ജെ ആർ സി

ജീവിതത്തിൽ സഹായിക്കാനും, താങ്ങാനും ആരുമില്ലാതെ അനാഥാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെ സന്ദർശിക്കുവാനും അവരെ സഹായിക്കുവാനും ജെ ആർ സി അംഗങ്ങൾ മറക്കാറില്ല. സഹജീവികളോടു കരുണ കാണിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന ഇത്തരം സംഘടനകൾ ഇനിയും കുട്ടികളുടെ ജീവിത പാതയിൽ വെളിച്ചം വിതറട്ടെ.

ജെ ആർ സി യുടെ കരുതൽ ശേഖരങ്ങൾ

എല്ലാ വെള്ളിയാഴ്ചകളിലും ജൂണിയർ റെഡ് ക്രോസ് കുട്ടികൾ ജീവകാരുണ്യനിധി എല്ലാ ക്ലാസുകളിൽ നിന്നും സമാഹരി ക്കുകയും നമ്മുടെ സ്കുളിലെയും പൊതു സമൂഹത്തിന്റെയും ആവശ്യങ്ങളിൽ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച തന്നെ ഓരോ ക്ലാസിലേയും ജെ.ആർ.സി കുട്ടികൾ ചെറിയൊരു തുക നാളെ കരുതണം എന്ന് ഓർമ്മപ്പെടുത്താറുണ്ട്.

ഫസ്റ്റ് എയിഡ് പരിശീലനങ്ങളും സെമിനാറുകളും

കോവിഡ് പ്രതിസന്ധികൾ പോലെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന മഹാമാരികളെ അതിജീവിക്കാൻ സ്കൂളിലെ ഹെൽത്ത് സ്റ്റാഫിനോടു ചേർന്ന് ജെ.ആർ.സി കുട്ടികളും തങ്ങളാലാവുന്ന സേവനം ചെയ്യുന്നു. പ്രഥമ ശുശ്രൂഷാ പരിശീലനം പി.എച്ച് സി യിലെ നേഴ്സുമാർ തന്നെ ചെയ്തു തന്നു. 6 കുട്ടികളെ പ്രത്യേക പരിശീലനം നൽകി പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കി.

കബിൽ നിന്ന് രാഷ്ട്രപതി അവാർഡിലേക്ക്......

സ്കൗട്ടിംഗ്, ഗൈഡിങ് പ്രവർത്തനത്തിലൂടെ നാടിന് നന്മ പകരുന്ന വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഫാത്തിമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിശ്രമിക്കുന്നു. ദ്വിതീയ സോപാൻ, തൃതിയ സോപാൻ ഘട്ടങ്ങൾ പിന്നിട്ട് രാജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന, അതോടൊപ്പം ഇഷ്ടമായ അറിവുകളും അനുഭവങ്ങളും പകർന്നു നൽകി ധീര ജവാന്മാർ ആക്കിമാറ്റുന്ന ഈ സംഘടന ഈ കലാലയത്തിന് ഒരു ഐശ്വര്യമാണ്. അഭിമാനമാണ്. ഈ കലാലയത്തിന് മാത്രമല്ല, ഈ പ്രദേശത്തിന് മുഴുവൻ അവർ സേവനം ചെയ്യുന്നു. വ്യത്യസ്തമായ മേഖലകളിൽ, ആവശ്യത്തിൽ ഇരിക്കുന്നവരുടെ ജീവിത തുറകളിൽ ഇറങ്ങി ചെല്ലുവാനും അകമഴിഞ്ഞ സേവനങ്ങൾ കാഴ്ച്ചവെക്കുവാനും ഇവർക്ക് സാധിച്ചു. ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു സ്കൗട്ട് യൂണിറ്റും മൂന്ന് ഗൈഡ്സ് യൂണിറ്റും പ്രവർത്തിക്കുന്നു.

ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ

ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹികശാസ്ത്ര, ഗണിത ,പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ് . കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം. പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട്. ഇത്തരത്തിൽ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു.

പ്രകൃതിയിലെ പൂമൊട്ടുകൾ

അമ്മയായ പ്രകൃതിയെ സ്നേഹിക്കണം പ്രകൃതി ദേവി കനിഞ്ഞേകുന്ന വരദനങ്ങളെ നന്ദിയോടെ ഏറ്റുവാങ്ങാനും പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്ന് ജീവിതരഹസ്യങ്ങൾ പഠിച്ചറിഞ്ഞു പ്രകൃതിയോട് ഇണങ്ങി ആ അമ്മയെ സ്നേഹിച്ചു പരിപാലിച്ചു ജീവിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് എക്കോ ക്ലബ്. വശ്യ സുന്ദരമായ മലയോരങ്ങളുടെയും പച്ചപ്പരവതാനി വിരിച്ച പുൽമേടുകളുടെയും ഇടയിൽ മയങ്ങി കിടക്കുന്ന കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രകൃതിയോട് ഇണങ്ങി ചേർന്ന് എക്കോ ക്ലബ് അംഗങ്ങൾ കഴിയുന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്‌ നിർമാണവും ശലഭ പാർക്കും പച്ചക്കറി തോട്ടനിർമ്മാണവും പൂന്തോട്ട നിർമാണവുമെല്ലാം ശ്രദ്ധേയമായ കാര്യങ്ങളാണ്. പച്ചപ്പ്‌ പുതച്ചു കിടക്കുന്ന സ്കൂളിൽ ക്യാമ്പസ്സിലേക്ക് വർണ്ണ നിർഭരാമായ കിളികളെയും പൂഞ്ചിറക് വിരിച്ചു പറക്കുന്ന ശലഭങ്ങളെയും ചെറുതുമ്പികളെയും മാടി വിളിക്കുന്നത്‌ ഇവിടുത്തെ എക്കോ ക്ലബ് അംഗങ്ങളുടെ കഠിന പരിശ്രമമാണ്. വരിയും നിരയും തെറ്റാതെ മുന്നേറുന്ന ഉറുമ്പിൻ കൂട്ടവും ചെറുകിളികളുടെ കളകൂജനവും മന്ദമരുതന്റെ തലോടലും ആകർഷകമാണ്. സസ്യലതാദികളെയും ജന്തു ജാലങ്ങളെയും സംരക്ഷിക്കുന്നതിൽ എക്കോ ക്ലബ് അംഗങ്ങൾ അതീവ ശ്രദ്ധലുക്കളാണ്.

ഒരു ചുവടോടെ... ഒരേ ലക്ഷ്യത്തിലേക്ക് ....

കുട്ടികളുടെ സമഗ്ര വികസനവും വിദ്യാഭ്യാസ പുരോഗതിയും ഒത്തൊരുമിച്ച് കൊണ്ടുപോകാൻഎന്ന ലക്ഷ്യത്തോടുകൂടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് അടിസ്ഥാനത്തിൽ ഈ അധ്യായന വർഷത്തിൽ പല തവണയായി PTA മീറ്റിംഗുകൾ നടത്തപ്പെട്ടു.

വിജ്ഞാന താക്കോലുകൾ - ദിനാചരണങ്ങൾ

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും ശ്രീ. റ്റോമി മാത്യു, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, അടിമാലി ഫോറസ്റ്റ് റെയിഞ്ച് നിർവ്വഹിച്ചു. പരിസ്ഥിതി ദിന സന്ദേശം അടിമാലി ഫോറസ്റ്റ് റെയിഞ്ചിലെ ശ്രീ. രജിൽകുമാർ വി എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിർവ്വഹിച്ചു. സമ്മാനദാനം ശ്രീ. ക്ലമൻറ് വി എം ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിർവ്വഹിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ Eco bricks campaign ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. രണ്ടായിരത്തിൽപരം കുപ്പികളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. ഏകദേശം 1600 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇതിലൂടെ പുനരുപയോഗിക്കാൻ കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ പറഞ്ഞു. ഏറ്റവും കൂടുതൽ ഇക്കോ ബ്രിക്സ് നിർമ്മിച്ച കുട്ടികൾക്ക് യഥാക്രമം ടാബ്, സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച് എന്നിവ സമ്മാനിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായിയെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റെജിമോൾ മാത്യു പറഞ്ഞു. കുട്ടികൾക്കായി ഒരുക്കിയ Eco bricks ചലഞ്ചിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ Eco bricks ഉണ്ടാക്കി ഏഞ്ചലിൻ മേരി ജോബിൻ, അലൻ ജോസഫ് റോബിൻ, ജുബിൻസ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. ദിനാചരണഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരവും ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം. സോഷ്യ‍ൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെൻ്റ് നൽകിയ അഞ്ഞൂറിൽ പരം വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. വിശിഷ്ടാതാഥികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.

വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം

മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്.മുതിർന്ന പൗരന്മാർ നേരിടേണ്ടിവരുന്ന ദുരുപയോഗം തടയുന്നതിന് ഇൻറർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദ പ്രിവൻഷൻ ഓഫ് എൽ ഡെർ അബ്യൂസ് (INPEA) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത്. കുരുന്നു മനസ്സുകളിൽ മുതിർന്നവരോടുള്ള സ്നേഹവും കരുതലും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 15 ലോകവയോജന ദുരുപയോഗ ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് അന്നേദിവസം സ്കൂൾ അസംബ്ലിയിൽ വയോജന ക്ഷേമത്തിനായി പ്രവർത്തിക്കും എന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ലോക വയോജന ചൂഷണ വിരുദ്ധ ദിന സന്ദേശം നൽകി. എല്ലാ ക്ലാസുകളിലും അധ്യാപകർ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.

വായനാവാരം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. വായിച്ച് വളരുക ,ചിന്തിച്ച് വിവേകം നേടുക എന്ന് നമ്മെ പഠിപ്പിച്ച P N പണിക്കരുടെ ഓർമ്മയ്ക്കായിട്ടാണ് വായനാ ദിനം ആചരിക്കുന്നത്. ഒരാഴ്ച വായനാ വാരമായി ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, പുസ്തക വായനാ മത്സരം, വീട്ടുലൈബ്രറി രൂപീകരണം എന്നിവ നടത്തി. വായനവാരത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര നടത്തി. വായനാവാരത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ എടുക്കുകയും വാരാചരണത്തിൻറെ ഭാഗമായി കവിത ചൊല്ലുകയും സ്കൂൾ അസംബ്ലിയിൽ വായനാദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വായന ക്വിസ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗാദിനം

എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിൻറ പ്രധാന ലക്ഷ്യം. 2022 അന്താരാഷ്ട്ര യോഗ ദിനത്തിൻറ തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്. ഈ വർഷത്തെ യോഗദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

ലോക ലഹരി വിരുദ്ധ ദിനം

കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്കൂളിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ്ബും എക്സൈസ് ഡിപ്പാർട്ട്മെൻറും ചേർന്നാണ് ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്. എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീ. രഞ്ജിത്ത് എന്നിവർ വിശിഷ്ടിത്ഥികളായി. ലഹരിക്ക് അടിമപ്പെടാതെ നൻമ നിറഞ്ഞവരായി വളരാൻ എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ കുട്ടികളെ ഉദ് ബോധിപ്പിച്ചു. ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് സി. റെജിമോൾമാത്യു പറഞ്ഞു.

ചാന്ദ്രദിനം.... ചന്ദ്രനിലേയ്ക്ക്....

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, കവിത രചന ,ചാന്ദ്രദിന അനുസ്മരണ വീഡിയോ നിർമ്മാണം, എൻ്റെ ചന്ദ്ര യാത്ര, ലേഖന മൽസരം എന്നിവ നടത്തി വിജയികളെ സമ്മാനം നൽകി അനുമോദിച്ചു

വിക്രംസാരാഭായിയുടെ ജൻമദിനം

ലോക പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവുമായ ഡോ. വിക്രം അംബാലാൽ സാരാഭായിയുടെ ജൻമദിനമായാണ് ആഗസ്റ്റ് 12 ആചരിക്കുന്നത്. അതിനോടനുബന്ധിച്ച് വിക്രം സാരാഭായിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവു ലഭിക്കുന്നതിനുമായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണ മൽസരവും നടത്തി.

ഓസോൺ ദിനം ...

ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു. 1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും കൊളാഷ് നിർമ്മാണ മൽസരവും നടത്തി.

ലൂയി പാസ്ചർ ചരമദിനം

രസതന്ത്രത്തിലും സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള അറിവിലും നിർണായകമായ സംഭാവനകൾ നൽകിയ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായ ലൂയി പാസ്ചറുടെ ചരമദിനമാണ് സെപ്റ്റംബർ 28. പാസ്ചറുടെ ചരമദിനം ആഗോളതലത്തിൽ 2007 മുതൽ പേവിഷബാധ ദിനമായി ആചരിച്ചു വരുന്നു. ഈ ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും പേവിഷ ബാധ കുട്ടികളിലും മൃഗങ്ങളിലുമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ബോധ വൽക്കരണം നൽകുന്നതിനായി സെമിനാറുകൾ കുട്ടികൾക്ക് നൽകി. രാജ്യാതിർത്തികളെ ഭേദിക്കുന്ന ഈ രോഗത്തെ തടയാൻ ആഗോള തലത്തിൽ ഒരുമയോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു.

രാഷ്ട്രീയ ഏകതാ ദിനം

സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു.

ഹിരോഷിമ, നാഗസാക്കി ദിനം

അമ്മിഞ്ഞപ്പാലിനൊപ്പം കുരുന്നു ഹൃദയങ്ങളിൽ ചാലിച്ചു കൊടുക്കേണ്ട ഒന്നാണ് പരസ്പര സ്നേഹവും ബഹുമാനവും..... അപരന്റെ വേദന എന്റെ വേദനയാണെന്ന് അവർ തിരിച്ചറിയണം..... അപരന്റ ജീവൻ അപഹരിക്കുമ്പോൾ അത് എന്റെ വിജയം അല്ല മറിച്ച് പരാജയമാണെന്ന് കുരുന്ന് ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെടണം ഈ ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനം ഈ കലാലയത്തിൽ അനുസ്മരിക്കുകയുംയുദ്ധാനന്തരം ജയിച്ച വരോ തോറ്റ ഉണ്ടാകുന്നില്ല എന്നും ബാധിക്കപ്പെട്ടവരുടെ നിലവിളികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ലോകത്ത് ഒരു യുദ്ധം കൊണ്ടും സമാധാനം ഉണ്ടായിട്ടില്ല എന്നുമുള്ള തിരിച്ചറിവിലേക്ക് വിദ്യാർത്ഥികളെ നയിക്കുവാൻ തക്ക വിധത്തിലുള്ള ക്ലാസുകൾ സംഘടിപ്പിചു. വീഡിയോ ക്ലിപ്പുകളിലൂടെയും ചിത്ര പ്രദർശനത്തിലൂടെയും യുദ്ധം വരുത്തി വയ്ക്കുന്ന കണ്ണിന്റെയും വിലാപത്തിന്റെയും യാതനകൾ വിദ്യാർഥികളുടെ കർണ്ണപുടങ്ങളിൽ പതിക്കവിധത്തിലും ഹൃദയ ഘടകങ്ങളിൽ ഈ നൊമ്പരങ്ങൾ ലയിച്ചു ചേരത്തക്ക തക്കവിധത്തിലുമാണ് ക്ലാസ് അടിസ്ഥാനത്തിൽ സെമിനാറുകൾ നൽകിയത്

സ്വാതന്ത്ര്യ ദിനാചരണം

ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര ദിന സന്ദേശ യാത്ര പ്രയാൺ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടത്തി. അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര ദിനാഘോഷ റാലിയിൽ ഫാത്തിമ മാതയിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെ യും ആ മഹാരഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാകുന്നില്ല. സ്വാതന്ത്രദിനത്തിന്റെ പ്രസക്തിയും പ്രധാന്യവും വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ അടിമാലി ഗ്രാമപ‍ഞ്ചായത്ത് 75 -ാം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. യു .പി വിഭാഗം കുട്ടികൾക്ക് പ്രസംഗം - ഇംഗ്ലീഷ് , പ്രസംഗം - മലയാളം , ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളാണ് നടത്തപ്പെട്ടത്. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഋതുനന്ദ എം . എ രണ്ടാം സ്ഥാനവും മലയാളം പ്രസംഗ മത്സരത്തിൽ ആർവിൻ ജോസഫ് വിൽസൺ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ദേശഭക്തിഗാന മത്സരത്തിനും ഒന്നാം സ്ഥാനം തന്നെ നേടുകയുണ്ടായി .

അദ്ധ്യാപക ദിനാചരണം

വിദ്യാർത്ഥികൾക്ക് വഴിവെളിച്ചമാകുന്ന അധ്യാപകരെ അനുസ്മരിക്കുന്ന സുന്ദര ദിനമാണ് സെപ്റ്റംബർ 5. അത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മധു തൂകുന്ന ദിനമാണ്. അധ്യാപകദിനം സ്കൂൾ സമുചിതമായി അനുസ്മരിച്ചു. ടീച്ചേർസിനെ കുട്ടികൾ ഗ്രീറ്റിംഗ് കാർഡുകളിലൂടെ ആശംസകൾ അറിയിക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.

ഓണാഘോഷം 2022

ഫാത്തിമ മാതാ വിദ്യാലയത്തിൽ ഓണാഘോഷം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ അത്തപ്പൂവിട്ട് ഓണപ്പാട്ട് മത്സരം നടത്തി. ഓണപ്പായസം തയ്യാറാക്കി കുട്ടികൾക്ക് നൽകി.

ഗാന്ധിജയന്തി ദിനാചരണം

തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി.

കേരള പിറവി ദിനാചരണം

1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ കുട്ടികൾക്ക് നൽകി. വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു ആലപിക്കാൻ ആവശ്യപ്പെട്ടു. വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു.

ശിശുദിനം ...ശിശുക്കളോടൊത്ത്...

ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾതന്നെ എല്ലാവരുടെയും മനസ്സിൽ തെളിയുന്നത് നിറഞ്ഞ പുഞ്ചിരി കൊണ്ട് ഹൃദയങ്ങളെ കീഴടക്കിയ നെഹ്റുവിൻറെ മുഖമാണ് തൻറെ നെഞ്ചോടുചേർത്ത പനിനീർപൂവിനെ പോലെ കുഞ്ഞുങ്ങളെ തന്നോട് ചേർത്തുനിർത്താൻ ആഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു അദ്ദേഹത്തിൻറെ ജന്മദിനമാണ് ശിശുദിനം. അതിജീവനത്തിൻ്റെ പാതയിൽ പോലും ഈ ദിനത്തിൻറെ പ്രാധാന്യം ഒട്ടും മങ്ങലേൽക്കാതിരിക്കാൻ അധ്യാപകരോടൊപ്പം തന്നെ രക്ഷിതാക്കളും, കുട്ടികളും താൽപര്യപൂർവം പങ്കെടുത്തു. ഈ ദിനത്തോടനുബന്ധിച്ച് മത്സരങ്ങളിൽ ആൺകുട്ടികൾ ചാച്ചാജിയും പെൺകുട്ടികൾ പുഷ്പ റാണിയുമായി വേഷം ധരിച്ചു. പാട്ട് ,പ്രസംഗം ,ക്വിസ് എന്നീ മത്സരങ്ങളിൽ ധാരാളം കൊച്ചു കൂട്ടുകാർ പങ്കെടുത്തു .ശിശുദിന പതിപ്പ് തയ്യാറാക്കുന്നതിലും കുട്ടികൾ താൽപര്യപൂർവ്വം പങ്കെടുത്തു. സമ്മാനാർരായ കുട്ടികൾക്ക് സമ്മാനങ്ങളും എല്ലാകുഞ്ഞുങ്ങൾക്കും മധുരപലഹാരങ്ങളും നൽകി.

ഫാത്തിമ മാതാ സ്റ്റാർസ്....

സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ L. S. S, U S S സ്കോളർഷിപ്പുകളുടെ വിജയം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഈ വർഷത്തെ വിജയം..... 33- L. S. S വിജയികളും, 7 -U. S. S വിജയികളും, സ്കൂളിന്റെ ചരിത്രത്തിന്റെ മാറ്റൊലി കൂട്ടി .....

അടുക്കളത്തോട്ടം

കൃഷിയോട് താല്പര്യം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളിൽ കൃഷിയോട് താല്പര്യം ജനിപ്പിക്കുകയും, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വീടിന് ഒരു അടുക്കളത്തോട്ടം എന്ന പദ്ധതി നമ്മുടെ സ്കൂളിലും മുൻ വർഷത്തെപ്പോലെ നടന്നുവരുന്നു. ഇതിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. പച്ചക്കറിതോട്ടം നിർമ്മിക്കുന്നതിൻ്റെയും വിളവെടുപ്പിന്റെയും ഫോട്ടോകളും വീഡിയോകളും കുട്ടികൾ അധ്യാപകർക്ക് അയച്ചുനൽകുന്നു. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് ഈ പദ്ധതി ഒരുപാട് പ്രയോജനം ചെയ്തു.

ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട്

സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ച രീതിയിൽ കൂമ്പൻപാറ സ്കൂളിൽ നടന്നു വരുന്നു. കുട്ടി കർഷകർ തങ്ങളുടെ വിളവെടുപ്പുകളുടെ ഫലങ്ങൾ സ്കൂളിൽ എത്തിക്കുകയും പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് വിവിധ തരം പച്ചക്കറികളുടെ ശേഖരണം ഓരോ ദിവസവും നടന്നുവരുന്നു. കുട്ടികൾ തങ്ങളുടെ ഭവനത്തിൽ മാതാപിതാക്കളോടൊപ്പം വിത്തുകൾ നടുകയും പരിപാലിക്കുകയും ചെയ്ത ഫോട്ടോസ് അധ്യാപകർക്ക് നൽകിയിരുന്നു. അതിൽനിന്നും ഓരോ ക്ലാസിലെയും ഏറ്റവും നല്ല കുട്ടി കർഷകരെ കണ്ടെത്തി (1st, 2'nd,3'rd) അവർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്യുകയും ചെയ്തു. ഇത് കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ഉണർത്തുന്നതിനും, കർഷകരെ ബഹുമാനിക്കുന്നതിനും, കർഷക തൽപരരായി വളർന്നു വരുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കാരണമായി. കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ കൃഷിയോടുള്ള അഭിനിവേശം വർദ്ധിക്കുന്നതിനും കാരണമായി. ക്രിയാത്മകത, സൃഷ്ടിപരത, അനുഭവ വിവരണങ്ങൾ, കൃഷിയിലെ ന്യൂജൻ കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ഈ കുട്ടി കർഷകരിൽ കണ്ടുവരുന്നു. മാതാപിതാക്കളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും, മാനേജ്മെന്റ് നൽകുന്ന പിന്തുണയും ഈ പദ്ധതിയെ വളരെ വിജയകരമായി തന്നെ ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നു.

പുഷ്പവസന്തമൊരുക്കി ഫാത്തിമ മാതാ കോമ്പൗണ്ട്

കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്.

ശലഭ പാർക്ക്

പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള ഫാത്തിമ മാതാ ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അരുളി. ചെത്തി, ചെമ്പരത്തി, കോസ്മോസ് . കൊങ്ങിണി, കിലുക്കാം പെട്ടി, സദാപി , മെലസ് ട്രാമ ... തുടങ്ങിയ അനവധി ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്.

ജൈവ വൈവിധ്യ ഉദ്യാനം

ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.

വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.

ക്ലാസ്സ് ലൈബ്രറി

ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.

ഡിജിറ്റൽ ലൈബ്രറി

റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു.

വായനാമൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.

ഡിജിറ്റൽ സുരക്ഷാക്രമീകരണങ്ങൾ

വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ ഉൾപ്പെടുന്ന ചില ചതികളെകുറിച്ചും, പഠനത്തോടൊപ്പം കുട്ടികൾക്ക് നൽകേണ്ട വ്യക്തി സുരക്ഷാ സമ്പ്രദായങ്ങളെ കുറിച്ചും അധ്യാപകർക്കായി വെബിനാർ വഴി സാർ പറഞ്ഞു തന്നു. സൈബർ സെൽ ചുമതലകൾ, സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം വിശദീകരിച്ചു തന്നു. ചർച്ചയിലൂടെ ആണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്. ഓൺലൈൻ സുരക്ഷാ ക്രമീകരണങ്ങളു മായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ.... പരിചയപ്പെടുത്തി തന്നിരുന്നു.

അധ്യാപക നൈപുണികൾ

ഓരോ അധ്യാപകനും ഒരു രാഷ്ട്രത്തെയാണ്.. സൃഷ്ടിക്കുന്നത്.. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി തുടങ്ങുന്നത് അധ്യാപകരിൽ നിന്നാണ്.ചിന്തയിലും പ്രവർത്തിയിലും അധ്യാപകർ നടത്തേണ്ട മാറ്റങ്ങളും, ആർജിച്ച് എടുക്കേണ്ട ശീലങ്ങളുംഈ ക്ലാസ്സ് വഴി അധ്യാപകർക്ക് നേടിയെടുക്കാൻ സാധിച്ചു.പ്രകൃതിയിലേക്ക് ഇറങ്ങിയും ശിശുകേന്ദ്രീകൃതമായും പ്രവർത്തനത്തിൽ അധിഷ്ഠിതമായുംസ്വന്തം ജീവിതാനുഭവങ്ങളിലൂടെയും കുട്ടികളുടെ വ്യക്തി ജീവിതത്തെയും പഠന ജീവിതത്തെയും ഏതെല്ലാം രീതിയിൽ മുന്നോട്ട് നയിക്കണം എന്നുള്ള ബോധവൽക്കരണം നടത്തുവാനും ഈ ക്ലാസ്സ് വഴി സാധിച്ചു. നേതൃത്വഗുണം, റോൾ മോഡൽ, ഗൈഡ് എന്നിങ്ങനെയുള്ള പേരുകളിലൂടെ അധ്യാപകരുടെ ചുമതലകൾ അദ്ദേഹം വിവരിച്ചു തന്നു.

സ്കൂൾ റേഡിയോ

ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ, ഉദാ. കുട്ടികളുടെ കലാപരിപാടികൾ, ദിനാചരണങ്ങൾ, ആദരിക്കൽ, തുടങ്ങിയവ എല്ലാവരെയും അറിയിക്കുക. അത് റേഡിയോ വാർത്തകളിലൂടെ അറിയിക്കുക. ഇതാണ് റേഡിയോ മാറ്റൊലി .

തണൽ

കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധതരത്തിൽ വേദനകൾ, വിഷമതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേകമൊരു പദ്ധതി ഒരുക്കിയതാണ് "തണൽ "മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, എന്നീ കുഞ്ഞുങ്ങൾക്കായി വേണ്ടത്ര സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു മാനേജ്മെന്റും അധ്യാപകരും ഒത്തു ചേർന്നാണ് ഈ പദ്ധതി കൊണ്ടു പോകുന്നത്.

കുട്ടി ഡോക്ടർ

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. ആരോഗ്യരംഗത്തെ കുറിച്ച് വിദ്യാർത്ഥികളുടെ അവബോധം വളർത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ഓരോ ക്ലാസിലെയും 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് ട്രെയിനിംഗ് നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മഴക്കാല രോഗങ്ങളും അവയെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളും അവരെ പഠിപ്പിച്ചു.ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപെടുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും നാം കാണിക്കുന്ന തെറ്റുകൾ തിരുത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം പ്രോഗ്രാമുകൾ ആവശ്യമാണ്.

സാന്ത്വനം

ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.

അഖില കേരള ബാല ചിത്ര രചനാ മത്സരം

ഏഷ്യയിലെ ഏറ്റവും വലിയ ബാലചിത്രരചന മത്സരമായ അഖില കേരള ബാലചിത്ര രചന മത്സരം 2022 നവംബർ 12ശനിയാഴ്ച 10.00 AM രാവിലെ നടത്തപ്പെട്ടു. YMCAയുടെ സഹകരണത്തോടെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടി നടത്തപ്പെട്ട പെയിൻ്റിങ്ങ് മഝരത്തിൽ മുന്നുറോളം കേന്ദ്രങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നായി ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നമ്മുടെ സ്കൂളിലെ നിഹാരിക എം മുല്ലയ്ക്കൽ രണ്ടാം സ്ഥാനം നേടിസ്കൂൂളിന് അഭിമാനമാവുകയും ചെയ്തു.

സ്വദേശി മെഗാ ക്വിസ്

KPSTA യുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വദേശി മെഗാ ക്വിസ് മത്സരത്തിൽ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുകയും അവരുടെ ഇടയിൽ നിന്നും ഫാത്തിമ മാതാ സ്കൂളിലെ ആർദ്ര ബിജു ഒന്നാം സമ്മാനം നേടുകയും ചെയ്തു.

ഹൈക്കിംഗ് ക്യാംപ്

ഇടുക്കി ജില്ലയിലെ തന്നെ മികച്ച സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റായി പ്രവർത്തിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി ഗൈഡ്സ് ടീമിലെ കുട്ടികൾക്കായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൺ ഡേ ഹൈക്കിംഗ് ക്യാംപ് നടത്തി. ഫോറസ്റ്റ് ആൻറ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറിലെ അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. കെ വി രതീഷിൻറെ നിർദ്ദേശ പ്രകാരം വനംവന്യജീവി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുട്ടികൾക്കാവശ്യമായ ബോധവൽക്കരണം നൽകിയാണ് ഹൈക്കിംഗ് ക്യാംപ് മനടത്തിയത്. തറനിരപ്പിൽ നിന്നും മൂവായിരം അടി മേലെയുള്ള പെട്ടിമുടിയാണ് ഹൈക്കിംഗ് ക്യാംപിനായി തെരഞ്ഞെടുത്ത്. ക്യാംപിനുശേഷം സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ സേവന സന്നദ്ധ പ്രവർത്തനങ്ങളോടെ തങ്ങളുടെ മികവുകൾ കാട്ടി. ഇക്കോ ടൂറിസം മേഖലയായ പെട്ടിമുടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുകയും 'എന്റെ വേസ്റ്റ് എന്റെ ഉത്തരവാദിത്വം' പദ്ധതിയിലൂടെ പഞ്ചായത്തിന് കൈമാറുകയും ചെയ്തു.

ശാസ്ത്ര കൗതുകങ്ങളിലേയ്ക്ക്...

ശാസ്ത്ര വിഷയങ്ങൾ ക്ലാസ്സ് മുറികളിൽ പഠന പ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ ശാസ്ത്ര ലാബ് ഒരു പ്രധാന ഘടകം തന്നെയാണ്. ശാസ്ത്ര വസ്തുത തകളെക്കുറിച്ചുള്ള ആശയ രൂപീകരണത്തിന് ഇതിന് ഏറെ പ്രാധാന്യമുണ്ട്. കുട്ടി പഠന പ്രക്രീയയിലൂടെ കടന്ന് പോകുമ്പോഴാണ് ശരിയായ ആശയ സ്വാംശീകരണം നടക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയും തെളിവുകൾ ശേഖരിച്ചും വിശകലനം ചെയ്തുമൊക്കെ സൃഷ്ടിക്കപ്പെടുന്ന ആശയം കുട്ടിക്ക് സ്വന്തമാണ്.ശാസ്ത്ര ലാബ് പ്രയോജന പ്പെടുത്തിക്കൊണ്ട് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് ശാസ്ത്ര പഠനം പൂർണതയിൽ എത്തുന്നത്. ശാസ്ത്ര പഠനത്തിന് എറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ശാസ്ത്ര ലാബ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സൂളിലും ഫലപ്രദമായി സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുന്നതു വഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയുന്നതിൽ ഉസുകരായി മാറുന്നു. ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം, എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ നമ്മുടെ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയുന്നതിൽ മുന്നിട്ടു നിൽക്കുന്നു. പരീക്ഷണത്തിനാവശ്യമായ രാസവസ്തുക്കൾ, മോഡലുകൾ, സ്പെസിമൻസ്, മൈക്രാസ്കോപ്പുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ യഥാക്രമo ക്രമീകരിച്ചിരിക്കുന്നു. സയൻസ് ലാബ് കുട്ടികൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. വിവിധ പരീക്ഷണങ്ങൾ ചെയ്യുകയും പരീക്ഷണ ക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നതിലൂടെ കുട്ടികൾ ഊർജസ്വലരായി മാറുന്നു. ഇത്തരത്തിൽ ശാസ്ത്ര ലാബ് ശാസ്ത്ര ലോകത്തിലേക്ക് കുട്ടികളെ എത്തിക്കുന്നു.

അറിവിന്റെ കൂടാരങ്ങൾ

വിദ്യാലയം തന്നെ ഒരു പാഠപുസ്തകം ആയി സ്വീകരിച്ച് അക്ഷരങ്ങളുടെ ലോകത്ത്ചുവടുറപ്പിച്ച് അറിവിന്റെ ചക്രവാളങ്ങൾ തേടിയുള്ള യാത്രയിലാണ് ആണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ കുരുന്നുകൾ. നല്ല പുസ്തകമാണ് ഏറ്റവും നല്ല ചങ്ങാതിമാർ. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുവാനും അവരുടെ ചിന്തകൾക്ക് ചിറകുകൾ ഏകാനും ഓരോ ക്ലാസ്സ് റൂമും ഒരു വായനശാല ആയി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് എപ്പോഴും കാണാൻ പാകത്തിൽ ക്ലാസ്സിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികളെ ആകർഷിക്കുന്നു. പുസ്തകങ്ങളുടെ ഭംഗിയുള്ള പുറംചട്ട, വരിവരിയായി സഞ്ചരിക്കുന്ന അതിലെ അക്ഷരങ്ങൾ , താളുകളിലെ വർണ്ണ ചിത്രങ്ങളിൽനിന്നും ഉണർന്നെഴുന്നേൽക്കുന്ന കഥാപാത്രങ്ങൾ ഇവ കുട്ടികളെ ആകർഷിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ കയ്യിലെടുക്കും, മറിച്ചു നോക്കും അതിലൂടെ അറിവ് നേടി വിശാല ലോകത്തേയ്ക്ക്...

റീഡിങ് റൂം

ഭാഷാജ്ഞാനം കൈവരിക്കുന്നതിനും ആശയ വിനിമയത്തിനുള്ള ഒരുപാധിയാണ് വായന. കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ, മാസികകൾ വിജ്ഞാനം പകരുന്ന നിരവധി പുസ്തകങ്ങൾ റീഡിംഗ് റൂമിൽ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾ ഇടവേളകളിൽ റീഡിംഗ് റൂമിൽ വന്ന് വായനയിൽ സജീവമാകുന്നു. വിവിധ വിഷയങ്ങളുടെ പുസ്തകങ്ങൾ എടുത്ത് കുട്ടികൾ റെഫറൻസിനായി ഉപയോഗിക്കുന്നു. ക്ലാസിൽ കുട്ടികൾക്കായി പുസ്തകങ്ങൾ നൽകി വായിക്കാനും അറിവ് വധിപ്പിക്കാനും അവസരം നൽകുന്നു. ക്ലാസ്സിലെ ഓരോ കുട്ടിക്കും പുസ്തകം നൽകുകയും പിന്നീട് ഓരോ ആഴ്ചയും പുസ്തകങ്ങൾ കൈമാറാനും അവസരം നൽകുന്നു. കുട്ടികൾക്ക് നൽകുന്ന പുസ്തകം ക്ലാസ്സുകളിൽ ഇരുന്നു വായിക്കുന്നതിനായും സമയം ക്രമീകരിച്ചിട്ടുണ്ട്.

വിസ്മയങ്ങളുടെ പറുദീസ.... ശാസ്ത്ര പാർക്ക് ...

കൗതുകവും ജിജ്ഞാസയുമുണർത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക് പൂമ്പൊടി ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതു പോലെ, കുട്ടികളെ ആകർഷിച്ച് ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു. വെറും പാഠ പുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ്. അറിവിന്റെ ആഴങ്ങളിലേക്കും കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും, വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിന്റെ മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്ര പാർക്ക് കുട്ടികൾക്ക് ഏറെ പ്രചോദനമേകുന്നു.

ശാസ്ത്രരംഗം

ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ് സാമൂഹികശാസ്ത്ര -ഗണിത-പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ്. കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം. പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട് ഇത്തരത്തിൽ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു.

കലോൽസം @ ഫസ്റ്റ്

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും എന്നും മുൻപന്തിയിലാണ്. ഈ വർഷത്തെ ഉപജില്ല കലോത്സവത്തിൽ എൽ പി അറബിക്, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ ഫാത്തിമ മാതാ മതാം ടീം ഓവറോൾ ചാമ്പ്യൻമാരായി.

ചാലകശക്തിയായി - YIP

വളരെ വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്.നാടിന്റെ സുസ്ഥിര വികസനത്തിനു ദൈനംദിന ജീവിതത്തി‍ൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി നൂതനാശയങ്ങൾ നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പുതിയ കണ്ടത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പെടേണ്ടതാണ്. ഇത്തരം പ്രോത്സഹനങ്ങൾ വിവിധ മേഖലകളിൽ നടത്തുന്നതിനായി ഉപകാരപ്പെടുന്ന ഒരു സംവിധാനമാണ് YIP (Young Innovators Programme ). ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 2-ാം തീയതി H.S, H.S.S കുട്ടികൾക്ക് YIP-യുടെ ക്ലാസ്സ് നടത്തി. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ചാലകശക്തിയാകാൻ ശേഷിയുള്ള യുവതലമുറയെ കണ്ടത്തുകയും അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് YIP ലക്ഷമിടുന്നതെന്നും ങ്ങനെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാമെന്നും കുട്ടികൾക്ക് ബോധവൽക്കരണം നല്കി.

ബൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളൽ നിന്നായി 1062 കുട്ടികൾ പങ്കെടുത്തു. ഇൻവെൻഷൻ, ഇന്നോവേഷൻ, ഡിസ്കവറി എന്നിവ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും നാം ഉൾപ്പെടുന്ന സമൂഹം നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുക എന്നത് അതിന്റെ ഭാഗമായ ഓരേരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് കുട്ടികൾക്ക് മനസിലാക്കാൻ ഇത് വളരെ സഹായകരമായി. പുതിയ കണ്ടെത്തലുകളുടെ ശ്രമങ്ങൾക്ക് K-Disc -ന്റെയും , Kite -ന്റെയും സഹായങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചു.

ഇടുക്കിയുടെ മിടുക്കികൾ സംസ്ഥാന മികവിൽ..

തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമമാതാഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി 125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ് , ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു മുന്നോടിയായി നടന്ന സബ് ജില്ല, ജില്ല മത്സരങ്ങളിൽ ഫാത്തിമ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠനത്തോടൊപ്പം കലാ കായിക ശാസ്ത്ര രംഗങ്ങളിലും വേണ്ടത്ര പ്രോത്സാഹനമാണ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ജോസഫ് , ഹൈസ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ റെജിമോൾ മാത്യുക്രിസ്റ്റീന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുന്നത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോവിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായിഅധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്. ഇടുക്കി ജില്ലക്ക് തിലകകുറി ആയി വിരാജിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സംസ്ഥാന ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനു അനുമോദനം അർപ്പിക്കുവാനായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, ദേവികുളം എം എൽ എ അഡ്വ. ശ്രീ. എ രാജ എന്നിവർ സ്കൂളിലെത്തി. പ്രസ്തുത സമ്മേളനത്തിൽ വെച്ച് ഇടുക്കിയുടെ ബഹുമാന്യൻ ആയ എംപി ഡീൻ കുര്യാക്കോസ് സ്കൂളിന് മെമെന്റോ സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമൻ ചെല്ലപ്പൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സബിത സജി, മെമ്പർമാരായ ശ്രീ ബാബു റ്റി.കുര്യാക്കോസ് ,അനസ് ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3

പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന് ഒരു അംഗീകാരമാണ്.