സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtcmuvattupuzha (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == സേക്രട്ട്‌ ഹാര്‍ട്ട്‌ എച്ച്‌.എസ്‌. ആയവന == ചിത്രം:SHHS AYAVANA.jpg മൂവ…)

സേക്രട്ട്‌ ഹാര്‍ട്ട്‌ എച്ച്‌.എസ്‌. ആയവന

പ്രമാണം:SHHS AYAVANA.jpg

മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ വില്ലേജിലെ ആയവന പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 564 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന്‌ 1942-ല്‍ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്‍കാന്‍ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്‌തര്‍, ഡോക്‌ടര്‍മാര്‍, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്‌ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക. 2004-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 11-ാം റാങ്ക്‌ നേടിയ ആദര്‍ശ്‌. എം. ഈ സ്‌കൂളിന്റെ യശസ്‌ ഉയര്‍ത്തിയിട്ടുണ്ട്‌. ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക്‌ ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്‌.