സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/2018-2019 വർഷത്തെ പ്രവർത്തനങ്ങൾ
2018-2019 വർഷത്തെ പ്രവർത്തനങ്ങൾ
എസ് പി സി പരേഡ് എല്ലാ ചൊവ്വാഴ്ചകളിലും 3.45 മുതൽ 5.30 വരെ നടന്നുവരുന്നു. പൂന്തുറ സ്റ്റേഷനിൽ നിന്നും ഡ്രിൽ ഇൻസ്‌ട്രുക്ടർ വന്നു പരേഡ് നടത്തുന്നു.ശനിയാഴ്ചകളിൽ 7.30 മുതൽ 1.15 വരെ ഇൻഡോർ ഔട്ട് ഡോർ ക്‌ളാസ്സുകളും അതോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു. ഇതിനുപുറമെ ഓണം ക്യാമ്പ്, ക്രിസ്തുമസ് ക്യാമ്പ്, സമ്മർ ക്യാമ്പ് എന്നിങ്ങനെ വർഷത്തിൽ മൂന്ന് ക്യാമ്പുകൾ ഉണ്ട്. ക്യാമ്പിൽ ഇൻഡോർ ക്‌ളാസ്സുകളും ഔട്ട് ഡോർ ക്‌ളാസ്സുകളും ഫീൽഡ് ട്രിപ്പും നടത്തുന്നു. എസ് പി സി കേഡറ്റുകൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾടൈമിന് മുൻപും ശേഷവും സ്കൂളിന് മുൻപിൽ ട്രാഫിക് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിർവഹിക്കുന്നു.സ്കൂളിനകത്തു ഡിസിപ്ലിൻ മാനേജ്‌മന്റ് , ഗ്രൗണ്ട് മാനേജ്‌മന്റ് ഇവയിലും എസ് പി സി യുടെ സഹായം ലഭ്യമാണ്.
പ്രവേശനോത്സവം
ഈ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് അറിവിന്റെ മധുരം നുണയാനായി കടന്നുവന്ന കുരുന്നുകളെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. എസ് പി സി യുടെ സജീവ പങ്കാളിത്തത്തോടെ പ്രവേശനോത്സവം നടന്നു. ഒന്നാം ക്‌ളാസ്സുകാർക്കുള്ള പഠനോപകരണ വിതരണത്തിനും വേണ്ട സഹായം ലഭ്യമാക്കി
പരിസ്‌ഥിതി ദിനം
ജൂൺ അഞ്ചിന് എസ് പി സി യുടെ ഏഴു പ്രൊജെക്ടുകളിൽ ഒന്നായ "എന്റെ മരം എന്റെ സ്വപ്നം " എന്ന പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കുട്ടികളും പ്രധാനാധ്യാപികയും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. തുടർന്ന് ട്രീ വാക് നടത്തി.
യോഗാ ദിനം
ശാരീരിക മാനസിക ഉണർവ് എങ്ങനെ നിലനിർത്താമെന്നു നമ്മെ ബോധ്യപ്പടുത്തുന്നതിനായി ജൂൺ 21 യോഗാദിനത്തിൽ സുമൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു യോഗ ഡെമോൺസ്‌ട്രേഷൻ ഉണ്ടായിരുന്നു. ഇതിൽ എസ് പി സി കുട്ടികളും മറ്റു സ്കൂൾ വിദ്യാർഥിനികളും പങ്കെടുക്കുകയുണ്ടായി. എല്ലാ ശനിയാഴ്ചകളിലും എസ് പി സി കേഡറ്റുകൾക്ക് യോഗാ പരിശീലനവും നടന്നുവരുന്നു.
ഫയർ ആൻഡ് റെസ്‌ക്യൂ
ഫയർ ആൻഡ് റെസ്‌ക്യൂവിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സുമുകൾ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. ഇതിലൂടെ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനവും അപകട സാഹചര്യങ്ങൾ തരണം ചെയ്യേണ്ടതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി
ലഹരി വിരുദ്ധ ദിനം
ജൂൺ ഇരുപത്തിയാറു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നിന്നും പൂന്തുറ ജങ്ഷൻ വരെ നടത്തിയ ലഹരിവിരുദ്ധ റാലിയിൽ അധ്യാപകരും, ഓരോ സംഘടനയിലെയും കുട്ടികളും , മറ്റു കുട്ടികളോടുമൊപ്പം എസ് പി സി കുട്ടികളും പങ്കെടുത്തു. പൂന്തുറ ജങ്ഷനിൽ വച്ച് ഒരു തെരുവുനാടകവും കുട്ടികൾ അവതരിപ്പിച്ചു. പൂന്തുറ ഇടവക വികാരി ലഹരി വിരുദ്ധ സന്ദേശം നൽകി, റാലിയിൽ പങ്കെടുത്തവർക്കും ഈ പരിപാടി കണ്ടുനിന്ന എല്ലാവർക്കും പ്രീതടീച്ചർ നന്ദി പറഞ്ഞു.
ഹിരോഷിമ നാഗസാക്കി ദിനാചരണം
ഓഗസ്റ്റ് ആറ് ഒൻപതു തീയതികളിൽ ഹിരോഷിമ നാഗസാക്കി എന്നീ ദിനാചരണങ്ങൾ നടത്തി. അന്നേ ദിവസം സമാധാനത്തിന്റെ പ്രതീകമായി സഡാക്കോ കൊക്കുകൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ദീപശിഖ തെളിയിച്ചു. എസ് പി സി കേഡറ്റുകൾ കത്തിച്ച മെഴുകുതിരി കയ്യിലേന്തി യുദ്ധത്തിൽ മൃതിയടഞ്ഞവർക്കു വേണ്ടി പ്രാർത്ഥിച്ചു. തുടർന്ന് എല്ലാവരും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
സ്വാതന്ത്ര്യ ദിനം
എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചു അവബോധമുളവാക്കുന്ന ഒരു ലഘു ചലച്ചിത്രം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയും അത് എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കുകയും ചെയ്തു, സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു.
സെന്റ് ഫിലോമിനാസ് എസ് പി സി 2018-2019 വർഷത്തെ പ്രവർത്തന ചിത്രങ്ങൾ